കഴിഞ്ഞ ദിവസം എനിക്കൊരാൾ ഒരു ചാറ്റിന്റെ സ്ക്രീൻ ഷോട്ട് അയച്ചിരുന്നു. അയാൾ സുഹൃത്തിനോട്,
“ഞാൻ സത്യം പറഞ്ഞാൽ നീ എന്നെ ബ്ലോക്കരുത്” എന്ന് പറയുന്നു.
“വെറുതെ ബ്ലോക്കാൻ ഞാൻ എന്താ തുമ്മാരുകുടിയോ” എന്നാണ് മറുപടി..
സംഗതി സത്യമാണ്. എന്റെ ബ്ലോക്കോഫീസിൽ ഈ കൊറോണക്കാലം തുടങ്ങിയതിൽ പിന്നെ കേരളത്തിലെ മൊത്തം കൊറോണ രോഗികളെക്കാൾ കൂടുതൽ ആളുകളുണ്ട്.
ഓരോ ദുരന്തകാലത്തും ബ്ലോക്കിൽ പെടുന്നവരുടെ എണ്ണം കൂടും. പിന്നെ ആശാൻ മഹാമനസ്കനായത് കൊണ്ട് ദുരന്തകാലം കഴിയുന്പോൾ ആളുകളെ ഇറക്കി വിടും.
സാധാരണ ഗതിയിൽ ഞാൻ അധികം പേരെ ബ്ലോക്കാറില്ല. എന്നെ ചീത്ത പറഞ്ഞാൽ, ഞാൻ എഴുതുന്നത് മോശമാണെന്ന് പറഞ്ഞാൽ, അതൊന്നും ബ്ലോക്കാനുള്ള കാരണമല്ല. എന്റെ പേജിൽ വന്ന് ആരെങ്കിലും തെറി പറഞ്ഞാൽ അതവരുടെ സംസ്കാരത്തെയാണ് കാണിക്കുന്നത് എന്നതിനാൽ അതിന് കൂടുതൽ വിസിബിലിറ്റി കൊടുക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അവർക്ക് രണ്ടു പിതൃസ്മരണ കിട്ടുന്നത് ഞാൻ ആയിട്ട് എന്തിന് കുറക്കണം? പക്ഷെ എന്റെ പേജിൽ വന്ന് മറ്റുള്ളവരെ തെറിപറഞ്ഞാൽ അവർ അവർ ഉടൻ ബ്ലോക്ക് ഓഫീസിൽ എത്തും.
പിന്നെ ബ്ലോക്കുന്നത് ‘അതി ബുദ്ധി ജീവികളേയും’, ‘അതി പുച്ഛിസ്റ്റുകളെയും’ ആണ്. ഒരു പേജിനുള്ള ബുദ്ധിയൊക്കെ ഇവിടെ ഉണ്ട്, അതിനാൽ പുറമെ നിന്നും അതിബുദ്ധിക്കരെ ഇവിടെ എടുക്കുന്നില്ല. പുച്ഛം സ്വാഭാവിക ഭാവമായി എടുക്കുന്നവരെ കുടുംബക്കാർ പോലും എങ്ങനെ സഹിക്കുമെന്ന് ഞാൻ ചിന്തിക്കാറുണ്ട്, പക്ഷെ എനിക്കവരെ സഹിക്കേണ്ട ഒരാവശ്യവുമില്ലല്ലോ.
ഇതൊക്കെ കൂട്ടിയാലും എന്റെ ബ്ലോക്ക് ബെഞ്ചിൽ കഴിഞ്ഞ രണ്ടു വർഷമായി സ്ഥിരമായി ഇരിക്കുന്നത് മൂന്നു പേരാണ്. ബാക്കിയുള്ളവരൊക്കെ വരും പോകും.
ദുരന്തകാലം പക്ഷെ അങ്ങനെയല്ല. സാധാരണ സമയത്ത് എനിക്ക് സ്വന്തമായി എന്റെർറ്റൈൻ ചെയ്യാനുള്ളതാണ് എന്റെ പേജും എഴുത്തുകളും. ദുരന്തകാലത്ത് എന്റെ അറിവുപയോഗിച്ച് മലയാളി സമൂഹത്തിന് എന്തെങ്കിലും സഹായം ചെയ്യാനുള്ള ശ്രമമാണ്. അത് അറിവുകൾ പകരുന്നതാണെങ്കിലും മുന്നറിയിപ്പ് നല്കുന്നതാണെങ്കിലും അവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണെങ്കിലും. അതെന്റെ ധർമ്മവും കർമ്മവുമായാണ് ഞാൻ കാണുന്നത്.
ഓരോ ലേഖനം എഴുതിക്കഴിഞ്ഞും അതിന് കീഴിൽ വരുന്ന ഓരോ കമന്റും ഞാൻ വായിക്കാറുണ്ട്, പറ്റുന്പോൾ കാര്യമായും തമാശയായും മറുപടി കൊടുക്കാറുമുണ്ട്. അപ്പോൾ അതിനിടയിൽ വന്ന് ചെറുതായിട്ടെങ്കിലും എന്നെ ചൊറിഞ്ഞാൽ എന്റെ ആ ഫ്ലോ അങ്ങ് പോകും. അതിന്റെ നഷ്ടം എല്ലാവർക്കുമാണ്. അതുകൊണ്ടാണ് ദുരന്തകാലത്ത് എന്റെ ചൊറി ത്രെഷോൾഡ് വളരെ താഴെയാണെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയത്. ഒറ്റക്കിരുന്ന് ഒരാൾ എഴുതുന്പോൾ എന്താണ് അയാളെ ചൊറിയുന്നതെന്ന് അയാൾക്ക് പോലും പ്രവചിക്കാൻ പറ്റില്ല. അതുകൊണ്ടാണ് കുറച്ചു പേർക്കെങ്കിലും ഞാൻ വെറുതെ ബ്ലോക്കിയതാണെന്ന് തോന്നുന്നത്.
അപ്പോൾ പറഞ്ഞുവരുന്നത് ഇതാണ്. ഞാൻ എഴുതുന്ന കാര്യങ്ങൾ ഇഷ്ടപ്പെട്ടാൽ ഒന്ന് ലൈക്ക് ചെയ്യുക, രണ്ടു നല്ല വാക്ക് പറയുക, മറ്റുള്ളവരും വായിക്കണം എന്ന് നിങ്ങൾക്ക് തോന്നിയാൽ ഷെയർ ചെയ്യുക. ലേഖനത്തിന് നീളം കൂടുതലാണെന്നൊക്കെ തോന്നുന്നെങ്കിൽ വായിക്കാതെ പോയാൽ മതി. വെറുതെ കേറി ചൊറിയരുത്, പ്ളീസ്. ഈ ബ്ലോക്ക് ഓഫീസിലേക്ക് പോകുന്നവരുടെ കർവ് ഒന്ന് ഫ്ലാറ്റ് ആക്കാൻ വേണ്ടിയാണ്.
മുരളി തുമ്മാരുകുടി
Leave a Comment