എന്റെ പരിചയക്കാരനായ റിച്ചാര്‍ഡ് ബീഹെര്സ് കോടികള്‍ സമ്പാദിച്ചത് ഒരു ബോറന് ഐഡിയ നടപ്പാക്കി ആണ്. കോടതിയില്‍ കൊണ്ട് പോയി ഒരു ക്യാമറ വയ്ക്കുക, അത്ര മാത്രം.
കോടതി അത്ര ബോറന് സ്ഥലമാണോ എന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും സംശയം കാണും. നമ്മള് എത്രയോ സിനിമകളില്‍
ഹരിയുടെയും കൃഷ്ണന്റെയും അടി പൊളി വക്കീല്‍ വേഷങ്ങള്‍ കണ്ടിരിക്കുന്നു. മമ്മൂട്ടി വക്കീല്‍ ആണ്, മോഹന്‍ലാലും കോടതി കയറിയിട്ടുള്ള ആളാണ്, അപ്പോള്‍ കോടതിയുടെ ഭൌതിക സാഹചര്യങ്ങളും വേഗതയും ഒക്കെ അവര്ക് അപരിചിതം ആവാന്‍ ഇടയില്ല.
അടുത്തയിടക്കു ഞാന്‍ മുകേഷിന്റെ വക്കീല്‍ വേഷവും കണ്ടു. ( Adv ലക്ഷ്മണന് ലേഡീസ് ഒണ്‍ലി ). മുകേഷ് കുടുംബ കോടതി കേറിയ ആളാണെന്നാണ് എന്റെ അറിവ്. ചൂടന്‍ വാദങ്ങളും, ഗൌണ്‍ ഇട്ട ജഡ്ജിയും കൊട്ടുവടിയും
ഒക്കെ മുകേഷ് പോയ കുടുംബ കോടതിയില്‍ ഉണ്ടായിരുന്നോ ?.
മലയാള സിനിമയിലെ കോടതി രംഗങ്ങളും കേരളത്തിലെ കോടതികളിലെ യഥാര്‍ത്ഥ രംഗങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല. പക്ഷെ ഈ സിനിമയില്‍ മുകളില്‍ പറഞ്ഞ പോലെ കോടതി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന്റെ കാരണം കേരളത്തിലെ ഭൂരിഭാഗം ആളുകളും കോടതി കണ്ടിട്ടില്ല എന്നത് തന്നെ ആണ്. അങ്ങനെ തന്നെ ഇരിക്കട്ടെ. അതാണ് നല്ലത്.
കോടതിയിലെ ഭൗതിക സാഹചര്യങ്ങള്‍ എന്ത് തന്നെ ആയാലും നമ്മുടെ ഭരണ സംവിധാനത്തിന്റെ അവിഭാജ്യമായ ഒരു ഘടകം ആണല്ലോ കോടതി. അപ്പോള്‍ അതിന്റെ നടത്തിപ്പില്‍ കോടതിയില്‍ പോകാത്ത ആളുകള്‍ക്കും താല്പര്യം ഉണ്ടാകാം. ഉണ്ടാകേണ്ടതും ആണ്. പാര്ലമെന്ടിലെ അംഗങ്ങള്‍ മാത്രമല്ലല്ലോ ലോകസഭാ ടീവിയില്‍ കാണുന്നത്.
ഇന്ത്യയിലെ കോടതികളില്‍ നിന്നും ഇപ്പോള്‍ ടെലിവിഷന്‍ സംപ്രേക്ഷണം ഇല്ല. പക്ഷെ ആര്‍ക്കു വേണമെങ്കിലും ഏതു കോടതിയിലും പോയിരുന്നു കോടതി നടപടികള്‍ വീക്ഷിക്കാനുള്ള സ്വാതന്ത്ര്യം
ഉണ്ട്. ആരും അതിനു മിനക്കെടാറില്ല എന്ന് മാത്രമേ ഉള്ളൂ. അപ്പോള്‍ കോടതി നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നയപരമായ തടസ്സങ്ങള്‍ ഉണ്ടാകാന്‍ വഴിയില്ല. കീഴ്വഴക്കത്തിന്റെയും നിയമത്തിന്റെയും ആകണം കാര്യം.
അമേരിക്കയില്‍ ഇരുപതു കൊല്ലത്തോളം ആയി എന്ന് തോന്നുന്നു കോടതിയില്‍ ക്യാമറ കേറിയിട്ടു. ഇങ്ങ്ലണ്ടില്‍ ആകട്ടെ പല ജുഡീഷ്യല്‍
കമ്മീഷനും അവരുടെ നടപടികള്‍ കുറച്ചു കാലമായി സംപ്രേക്ഷണം ചെയ്യാറുണ്ട്. എങ്കിലും സാധാരണ കോടതിയിലേക്ക് ടി വി ക്യാമറകളെ അനുവദിച്ചത് കഴിഞ്ഞ മാസം ആണ്.
കോടതിയില്‍ ക്യാമറ വയ്ക്കുമ്പോള്‍ കോടതിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാം എന്നത് മാത്രം അല്ല അതിന്റെ ഗുണം. മറിച്ച് കോടതിയുടെ ചര്‍ച്ചയില്‍ വരുന്ന കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ചക്ക് വരും. അങ്ങനെ പൊതുവേ നമ്മുടെ കണ്ണില്‍ പെടാത്തതും ചുരുങ്ങിയത് മുന്‍ ഗണനയില്‍ വരാത്തതും ആയ കാര്യങ്ങള്‍ നമ്മുടെ സിറ്റിംഗ് റൂമില്‍ എത്തുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കാന്‍ നമുക്ക് അവസരം കിട്ടുന്നു.
ഈ വര്‍ഷം ആദ്യം കേരളത്തിന്റെ മനുഷ്യ മനസ്സക്ഷിയെ നടുക്കിയ, നമ്മെ രോഷം കൊള്ളിച്ച സൌമ്യ കൊലക്കേസിന്റെ വിചാരണ നടക്കുകയായിരുന്നുവല്ലോ.
ഒറ്റക്കയ്യനും നാടോടിയും ആയ ഗോവിന്ദചാമി ആണ് പ്രതി ആയി വിചാരണ നേരിടുന്നത്. വിചാരണ ഏതാണ്ട് തീരാറായി, വിധി ഉടന്‍ ഉണ്ടാകും. കേരളം ഉറ്റു നോക്കിയിരിക്കുന്ന ഒരു കേസ് ആണിത്.
പത്രങ്ങളില്‍ ഇടക്കെല്ലാം വരുന്ന ചില വാര്‍ത്തകള്‍ ഒഴിച്ചാല്‍ ഈ വിചാരണയെപ്പറ്റി നമ്മുക്ക് അധികം ഒന്നും അറിയില്ല. പക്ഷെ നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായ രണ്ടോ മൂന്നോ കാര്യങ്ങളെ പറ്റി ചര്‍ച്ച നടത്താന്‍ പറ്റിയ അവസരം ആയിരുന്നു ഇത്.
1 . കൊലപാതകം പോലുള്ള കേസുകളില്‍ ഒരു ജഡ്ജിയുടെ വിധിയാണോ അതോ ഒരു ജൂറിയുടെ വിധിയാണോ കൂടുതല്‍ നല്ലത് ?
അമേരിക്ക , കാനഡ, ഓസ്ട്രേലിയ, ബ്രസീല്‍ തുടങ്ങി ലോകത്തിലെ രണ്ടു ഡസന്‍ രാജ്യങ്ങളില്‍ കൂടുതല്‍ എങ്കിലും കടുത്ത ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ജൂറി ട്രയല്‍ ആണ് നടത്തുന്നത്.
പൊതു ജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ആറു മുതല്‍ പന്ത്രണ്ടു വരെ ഉള്ള ജുറിമാരുടെ മുന്പില് വിചാരണ നടത്തുന്നു. കോടതിയുടെ
സാങ്കേതികമായ നടത്തിപ്പും വിചാരണയുടെ മേല്‍നോട്ടവും ആണ് ജഡ്ജിയുടെ ജോലി. അവസാനം ജൂറി വിധി പറയുന്നു. പ്രതി കുറ്റക്കാരനാണോ നിരപരാധി ആണോ അതോ കേസ് തെളിയിക്കപ്പെട്ടിട്ടില്ല എന്നോ ഒക്കെ ആകാം വിധി.
ഇന്ത്യയിലും പണ്ട് ജൂറി സിസ്റ്റം ഉണ്ടായിരുന്നു, സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പോലും.
1959ലെ പ്രമാദമായ നാനാവതി കേസിന് ശേഷം ആണ് ഇന്ത്യയില്‍ ജൂറി സംവിധാനം എടുത്തു കളഞ്ഞത്. പക്ഷെ കൊലപാതകം ഉള്‍പ്പടെ കടുത്ത ക്രിമിനല്‍ കുറ്റങ്ങള്‍ക്ക്, അതും വധശിക്ഷ വരെ വിധിക്കപ്പെടാവുന്ന ഒരു നീതി വ്യവസ്ഥയില്‍ ഒരു ജഡ്ജിയുടെ തീരുമാനത്തെകാള് ന്യായമാവാന്‍ വഴി ഒരു പറ്റം ജൂറിമാരുടെ വിധി ആണ്. പക്ഷെ അമേരികയിലെ ആന്ത്രാക്സിനെ പറ്റി പോലും ചാനല്‍ ചര്‍ച്ചകള്‍ നടക്കുന്ന രാജ്യത്ത് ഇന്ത്യയില്‍ ജൂറി സംവിധാനം വേണോ എന്നൊരു ചര്‍ച്ച ഉണ്ടാവാത്തത് എന്താണ്? കോടതിയില്‍ ഒരു ടി വി വരികയും കോടതി നടപടികള്‍ മനുഷ്യര്‍ കൂടുതല്‍ കണ്ടു തുടങ്ങുകയും ചെയ്താല്‍ ആ ചര്‍ച്ച വീണ്ടും വരും എന്നാണെന്റെ വിശ്വാസം.
2 . ബലാത്സംഗത്തിന് വധ ശിക്ഷ വേണോ?
എല്ലാ ബലാത്സംഗത്തിന് ശേഷവും കേള്കുന്ന ആവശ്യം ആണ് ഇത്. ബലാത്സംഗം അതി ക്രൂരം ആയ ഒരു കുറ്റം ആണെന്നതില്‍ സംശയം ഇല്ല. അപ്പോള്‍ വധശിക്ഷ നിയമ വിധേയമായ ഒരു രാജ്യത്ത് അതി ക്രൂരമായ ഒരു കൃത്യത്തിനു അര്‍ഹിക്കുന്ന ശിക്ഷ എന്ന തരത്തില്‍ വധ ശിക്ഷ കൊടുക്കുന്നത് ശരിയാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. വധ ശിക്ഷ ശരിയാണോ എന്ന തര്‍ക്കം നമുക്ക് തല്കാലം മാറ്റി നിര്‍ത്താം, എന്നിട്ട് ഈ പ്രശ്നം ഒന്ന് നോക്കാം.
ബലാത്സംഗ കേസുകളിലെ ഏറ്റവും നിര്‍ണായകമായ സാക്ഷി മൊഴി അതിനിരയായ ആളുടെതാണ്. അയാള്‍ കൊല്ലപ്പെട്ടാല്‍ പിന്നെ കേസ് തെളിയാനുള്ള സാധ്യത കുറയും.
ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കിയാല്‍ പ്രതികള്‍ക് അവരുടെ ഇരയെ കൊന്നുകളയാന്‍ ഉള്ള പ്രലോഭനം കൂടുകയാണ്. (പ്രത്യേകിച്ച് കൂടുതല്‍ ഒന്നും ശിക്ഷ കിട്ടാനില്ല, പ്രധാന സാക്ഷിയെ ഇല്ലാതാക്കുകയും ചെയ്യാം). ഇങ്ങനെ വരുമ്പോള്‍ ഏതു ആളുകളുടെ സംരക്ഷണത്തിനാണോ നാം കടുത്ത ശിക്ഷ ആവശ്യപ്പെടുന്നത്, അവരുടെ താല്പര്യത്തിനു ഘടകവിരുദ്ധം
ആകും ഈ നിയമത്തിന്റെ ഫലം.
3 . വധശിക്ഷ നിര്‍ത്തല്‍ ആക്കണോ ?
ഏറ്റവും പുരാതനമായ ശിക്ഷകളില്‍ ഒന്നാണ് വധ ശിക്ഷ. ലോകത്ത് അനവധി രാജ്യങ്ങളില്‍ ഇപ്പോഴും സ്ഥിരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ആണ്. പണ്ടൊക്കെ ചെറിയ കുറ്റങ്ങള്‍ വരെ, അതായതു കരം അടക്കാത്തതും കടം മേടിച്ചാല്‍ തിരിച്ചു കൊടുക്കാത്തതും എല്ലാം വധ ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. എങ്കിലും ലോകത്തെ പല രാജ്യങ്ങളില്‍ കൊലപാതകം അല്ലാത്ത മറ്റു കുറ്റങ്ങള്‍ക്കും ഇപ്പോഴും വധ ശിക്ഷ ഉണ്ട്. ഉദാഹരണം ചൈനയില്‍ അഴിമതിക്കും, സിംഗപൂരില്‍ മയക്കു മരുന്ന് കടത്തിനും ബ്രുണെയില്‍ തോക്ക് കൈവശം
വയ്ക്കുന്നതിനും ഒക്കെ വധ ശിക്ഷ കിട്ടാം. ചൈന, ഇറാന്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷക്ക് വിധിക്കുന്നതും വിധേയര്‍ ആക്കുന്നതും.
ഇന്ത്യയില്‍ അടുത്ത കാലത്തായി വധശിക്ഷക്ക് വിധിക്കല്‍ ആണ് കൂടുതല്‍, നടപ്പിലാക്കല്‍ കുറവും ആണ്. രാജീവ് വധക്കേസിലെയും പാര്‍ലിമെന്റ് അക്രമണ കേസിലെയും പ്രതികള്‍ ഉള്‍പ്പടെ അനവധി പേര് വധ ശിക്ഷ വിധിച്ച് ജയിലില്‍ ഉണ്ട്. എന്നാല്‍ 2004 നു ശേഷം ഇന്ത്യയില്‍ ആരെയും തൂക്കിലേറ്റിയിട്ടില്ല. എല്ലാ കൊല്ലവും എന്നാല്‍ ഇന്ത്യയിലെ പല കോടതികളില്‍ നിന്നും വധശിക്ഷ വിധികള്‍ വരാറുണ്ട്.
വാസ്തവത്തില്‍ ഇത് ഗഹനമായ ഒരു ചര്‍ച്ച നടക്കേണ്ട വിഷയം ആണ്. ഇന്ത്യയിലെ പൊതുജന അഭിപ്രായം പൊതുവേ വധശിക്ഷക്ക് അനുകൂലം ആണ് എന്ന് തോന്നുന്നു. ഇതിന്റെ ഒരു കാരണം തെറ്റോ കുറ്റമോ ചെയ്യുന്നവര്‍ക്ക് ഉടന്‍ തന്നെ രണ്ടു കൊടുക്കുന്ന “retributive” നീതിക്ക് ഇപ്പോഴും ഇന്ത്യയില്‍ നല്ല പ്രചാരം ആണ്. അതുകൊണ്ടാണ് ഒരു ട്രാഫിക് അപകടത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ നാട്ടുകാര്‍ ഡ്രൈവറെ അടിച്ചു ശരിപ്പെടുത്തുന്നത്.
അതെ സമയം നമ്മുടെ ഉന്നത ഭരണ നേതൃത്വം ഇക്കാര്യത്തില്‍
മറ്റു വികസിത രാജ്യങ്ങളെപ്പോലെ വധശിക്ഷ വേണ്ട എന്ന പൊതു ചിന്താഗതിയിലും ആണെന്ന് തോന്നുന്നു. അത് കൊണ്ടാണ് നിയമപരമായി വധശിക്ഷ നിരോധിക്കാത്തതും
എന്നാല്‍ പ്രായോഗികമായി നടപ്പിലാക്കാത്തതും. അവസാനം ഒരു രക്ഷയും ഇല്ലാതാകുമ്പോള്‍ അതിനു സമ്മതിക്കുന്നതും.
ഗോവിന്ദചാമിയുടെ വിധി എന്ത് തന്നെ ആയാലും അത് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ഈ അവസരത്തില്‍ കോടതിയില്‍ ഒരു ക്യാമറ വച്ച് ഇക്കാര്യങ്ങള്‍ കേരള സമൂഹത്തില്‍ ഇപ്പോഴെ ചര്‍ച്ചക്ക് വിധേയം ആക്കുന്നതാണ് നല്ലത് എന്നെനിക്കു തോന്നുന്നു.
Leave a Comment