പൊതു വിഭാഗം

ഗാസയിൽ നിന്നും കുറച്ചു പരിസ്ഥിതി പാഠങ്ങൾ…

എൻറെ വായനക്കാർക്ക് ഒരു പരാതിയുണ്ട്. കുട്ടികൾ യൂറോപ്പിൽ നിന്ന് പഠിക്കണം, ജപ്പാനിൽ പോയി പഠിക്കണം എന്നൊക്കെ മാത്രമേ ഞാൻ പറയാറുള്ളൂവെന്ന്. ചേട്ടൻ പറയുന്നതു കേട്ടാൽ തോന്നും നമ്മുടെ നാട്ടിൽ ഒന്നും നല്ലതല്ല, എല്ലാം മറ്റുള്ളവരെ കണ്ടു പഠിക്കണം എന്നൊക്കെ.
അത് സത്യമല്ല. ലോകത്തിന് മാതൃകയായ പലതും കേരളത്തിലുണ്ട്. നമ്മുടെ സഹകരണ പ്രസ്ഥാനം, കുടുംബശ്രീ, പൊതുമേഖലയും സ്വകാര്യമേഖലയും ഒരുമിച്ച് ഉയർത്തിക്കൊണ്ട് വരുന്ന നമ്മുടെ പൊതുഗതാഗതം, സ്‌കൂൾ, ആശുപത്രി സംവിധാനങ്ങൾ ഇതൊക്കെ ഞാൻ ലോകത്ത് മറ്റു പലയിടങ്ങളിലും പറയാറുള്ള കാര്യമാണ്. പക്ഷെ അതൊന്നും എൻറെ വായനക്കാർ കേൾക്കാറില്ലല്ലോ.
 
വികസിത രാജ്യങ്ങളിൽ നിന്നും മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നും ലോകത്തിന് ഏറെ പഠിക്കാനുണ്ട്. ക്യൂബയിലെ ആരോഗ്യ സംവിധാനവും ദുരന്ത ലഘൂകരണ സംവിധാനവും വൻ ശക്തികളെ പോലും അതിശയിപ്പിക്കുന്ന ലോക മാതൃകകളാണ്. വിയറ്റ്നാമിലെ സ്‌കൂൾ വിദ്യാഭ്യാസം അമേരിക്കയെയും ബ്രിട്ടനേയും പിൻതള്ളി സ്‌കൂൾ റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കുകയാണ്. അപ്പോൾ പഠിക്കാൻ നാം പടിഞ്ഞാറോട്ട് മാത്രം നോക്കി ഇരിക്കരുത്.\
 
കഴിഞ്ഞയാഴ്ച ഗാസയിലെ സന്ദർശനത്തിലും ഇത്തരത്തിൽ കേരളത്തിന് പഠിക്കാവുന്ന ചില കാര്യങ്ങൾ കണ്ടു. ര2009-ൽ ഒരു യുദ്ധത്തിന് ശേഷമാണ് ഞാൻ ഗാസയിൽ ആദ്യമായെത്തുന്നത്. അന്നവിടെ ഖരമാലിന്യ സംസ്കരണം, മലിന ജല സംസ്കരണം എന്നിവക്കൊന്നും ഒരു സംവിധാനവുമില്ല. മലിന ജലം വലിയ കുഴി കുഴിച്ച് അതിൽ ശേഖരിക്കുന്നു, അല്ലെങ്കിൽ ചെറിയ അരുവിയിലൂടെ മധ്യധരണ്യാഴിയിലേക്ക് ഒഴുക്കുന്നു. ഖരമാലിന്യങ്ങൾ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്നു. മലിനജലം ഇറങ്ങി ഭൂഗർഭജലം അശുദ്ധമാകുന്നു. കുടിവെള്ളം കിട്ടാതെ ആളുകൾ വലയുന്നു. വരുമാനത്തിന്റെ നല്ല പങ്കും വെള്ളം മേടിക്കാൻ ചെലവാക്കേണ്ടി വരുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം അന്നത്തെ ഞങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2020 ആകുന്പോഴേക്കും ഗാസയിൽ മനുഷ്യവാസം സാധ്യമാകുമോ എന്ന് 2012-ൽ ഒരു യു എൻ റിപ്പോർട്ട് ആശങ്കപ്പെട്ടു.
 
ഇക്കാരണം കൊണ്ട് തന്നെ ഗാസയിൽ കാര്യങ്ങൾ എന്തായിക്കാണും എന്നൊരു പേടി എനിക്കും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ യാത്രയിൽ കണ്ട ചില കാര്യങ്ങൾ ഏറെ സന്തോഷിപ്പിച്ചു. മാലിന്യ സംസ്കരണത്തിനായി ആയിരം കോടി രൂപയിൽ അധികമുള്ള പ്രോജക്ടുകൾ നടക്കുന്നു. ചിലതൊക്കെ കമ്മീഷൻ ചെയ്തു കഴിഞ്ഞു. കടൽ വെള്ളത്തിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കാനുള്ള പ്രോജക്ടുകൾ പലതുണ്ട്, ഒരെണ്ണം കമ്മീഷനിങ്ങ് കഴിഞ്ഞു. മലിന ജലം ഒഴുക്കിക്കൊണ്ടിരുന്ന ഗാസ നദിയിൽ ഇപ്പോൾ മലിന ജലം ഒഴുകുന്നില്ല. ആളുകൾ അത് ശുദ്ധീകരിക്കുന്നു, ആ പ്രദേശം ഗാസയിലെ ആദ്യത്തെ നേച്ചർ റിസർവ് ആയി പ്രഖ്യാപിച്ച് കുട്ടികൾക്ക് പഠിക്കാനും മുതിർന്നവർക്ക് ഉപയോഗിക്കാനും ഉള്ള സ്ഥലമാക്കി മാറ്റാൻ പോകുന്നു. വടക്കൻ ഗാസയിലെ ലക്ഷക്കണക്കിന് ആളുകളുടെ വീട്ടിൽ നിന്നും വരുന്ന സീവേജ് ലോകോത്തരമായ ഒരു മലിനജല ശുദ്ധീകരണ പദ്ധതിയിൽ കൂടി ശുദ്ധീകരിക്കുന്നു. ഇങ്ങനെ ശുദ്ധീകരിക്കുന്ന വെള്ളം ഉപയോഗിച്ച് നൂറുകണക്കിന് ഹെക്ടർ സ്ഥലം ജലസേചനം നടത്താനുള്ള പദ്ധതി പുരോഗമിക്കുന്നു. ഖരമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും ഉള്ള സംവിധാനം തെക്കൻ ഗാസയിൽ ഈ സമ്മറിൽ ഉൽഘാടനത്തിന് തയ്യാറാകുന്നു.
 
നമ്മുടെ നാട്ടിൽ മാലിന്യ സംസ്കരണത്തിന് ശ്രമിക്കുന്പോഴെല്ലാം പറയുന്ന കാര്യങ്ങളാണ് വലിയ ജന സാന്ദ്രത, സ്ഥലം ഇല്ലായ്മ ഒക്കെ. മുപ്പത് കിലോമീറ്റർ നീളവും ശരാശരി പന്ത്രണ്ട് കിലോമീറ്റർ വീതിയുമാണ് ഗാസക്ക്‌ ഉള്ളത്. അതിൽ ഇരുപത് ലക്ഷത്തിലധികം ആളുകൾ ജീവിക്കുന്നു. അതായത് ജന സാന്ദ്രത ഒരു സ്‌ക്വയർ കിലോമീറ്ററിന് അയ്യായിരത്തിന് മുകളിൽ. കേരളത്തിലെ ജന സാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ ആയിരത്തിൽ താഴെയാണ്. അങ്ങനെ നോക്കുന്പോൾ വേണമെങ്കിൽ എവിടെയും സ്ഥലമുണ്ട്.
 
ഗാസ യാത്രയിൽ എന്നെ സന്തോഷിപ്പിച്ച മറ്റൊരു കാര്യം കൂടിയുണ്ട്. ലോകോത്തരമായ ജലമാലിന്യ സംസ്കരണ പ്ലാന്റിലെ കൺട്രോൾ റൂമിൽ ഇരിക്കുന്നത് ചെറുപ്പക്കാരായ മൂന്ന് പാലസ്റ്റീൻ വനിത എൻജിനീയർമാരാണ്. അവരെല്ലാം ഗാസയിൽ തന്നെ പരിസ്ഥിതി എൻജിനീയറിങ്ങിൽ ബിരുദം നേടിയവരും. പ്ലാന്റിൽ വരുന്നവർക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നത് അവരാണ്. ഈ വനിതാ ദിനത്തിൽ എൻറെ പോസ്റ്റ് അവരെപ്പറ്റിയുള്ള അഭിമാനം കൂടിയാണ്.
 
മുരളി തുമ്മാരുകുടി
 

Leave a Comment