കഴിഞ്ഞ വർഷം ഇതേ സമയത്തൊക്കെ കോവിഡ് മരണങ്ങളുടെ കണക്ക് വലിയൊരു ചർച്ചാ വിഷയമായിരുന്നു. കേരളത്തിൽ കോവിഡ് മരണങ്ങൾ റെക്കോർഡ് ചെയ്യുന്നതിൽ പോരായ്മകൾ ഉണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു.
കോവിഡ് പോലെ ഏറെക്കാലം നീണ്ടു നിൽക്കുന്ന ഒരു പ്രതിസന്ധി ഉണ്ടാകുന്പോൾ കോവിഡ് മരണക്കണക്കുകളേക്കാളോ അതിലധികമോ പ്രധാനമാണ് കോവിഡ് കാലത്ത് മൊത്തം ഉണ്ടാകുന്ന മരണങ്ങൾ എന്ന് ഞാൻ 2020 നവംബറിൽ എഴുതിയിരുന്നു. കോവിഡ് കാലത്ത് കോവിഡ് ഉൾപ്പടെ പല കാരണങ്ങളാൽ സാധാരണ വർഷത്തിൽ ഉള്ളതിനേക്കാൾ അധികം മരണങ്ങൾ ഉണ്ടാകാം, ഉദാഹരണത്തിന് ആരോഗ്യ സംവിധാനം മൊത്തം കോവിഡിന് പുറകേ പോകുന്പോൾ മറ്റുള്ള രോഗങ്ങളുടെ ഫോളോ അപ്പ് വേണ്ടത്ര ഉണ്ടായില്ലെന്ന് വരാം. അതേ സമയം ചില മരണങ്ങൾ കുറയുകയും ചെയ്യും, ഉദാഹരണത്തിന് റോഡപകടങ്ങളിൽ നിന്നുള്ളത്. ഇത്തരത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചുണ്ടാകുന്ന മരണക്കണക്കുകൾ അപഗ്രഥിച്ചാണ് ഒരു ദുരന്ത കാലത്തെ “excess death” കണ്ടു പിടിക്കുന്നത്.
ഇത്തരത്തിൽ സമഗ്രമായ ഒരു ആഗോള പഠനം ഇന്നലെ പ്രശസ്തമായ Lancet ജേർണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള മരണങ്ങൾ അതിന് മുൻപുള്ള കാലത്തെ മരണങ്ങളുമായി താരതമ്യപ്പെടുത്തിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്.
ഇതിൽ കേരളത്തിലെ കണക്കുകൾ ഇങ്ങനെയാണ്
58,500 കോവിഡ് മരണങ്ങളാണ് ഇക്കാലത്ത് റിപ്പോർട്ട് ചെയ്തത്, അതേ സമയം മുൻകാലങ്ങളുമായി താരതമ്യം ചെയ്യുന്പോൾ 114,000 ത്തോളം അധിക മരണങ്ങൾ കേരളത്തിൽ ആ കാലത്ത് നടന്നിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ അധിക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം കേരളത്തിൽ ശരാശരി 1.86 ആണ്.
ഇതേ കാലത്ത് ലോകത്താകെ ഉണ്ടായ അധിക മരണങ്ങളുടെ കണക്ക് 18 ദശ ലക്ഷമാണ്, 2021 ഡിസംബർ 31 വരെ ലോകത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണമായി കണക്കാക്കപ്പെടുന്നത് 5.9 ദശ ലക്ഷമാണ്.
കോവിഡ് കാലഘട്ടത്തിൽ ലോകത്ത് ഉണ്ടായ അധിക മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം ശരാശരി 3.05 ആണ്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോക ശരാശരിയുടെ അത്രയും അധിക മരണങ്ങൾ കോവിഡ് കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഈ കാലഘട്ടത്തിൽ 65,000 കൂടുതൽ ആളുകൾ മരിച്ചേനേ. ഒരിക്കൽ ഞാൻ പറഞ്ഞത് പോലെ, ഒഴിവാക്കപ്പെട്ട ഈ മരണങ്ങളാണ് കോവിഡ് കാലത്തെ കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ വലിയ സംഭാവന. ഈ ഒഴിവാക്കപ്പെട്ട മരണങ്ങൾ നമ്മുടെയോ നമ്മുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആകാം.
ഇക്കാര്യത്തിൽ ഇന്ത്യയിലെ മൊത്തം കണക്കുകൾ എടുത്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാകും. 2022 ഡിസംബർ 31 വരെ ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണമായി കണക്കാക്കപ്പെടുന്നത് 489,000 ആണ്. കണക്ക് കൂട്ടപ്പെട്ട അധിക മരണങ്ങൾ നാലു ദശലക്ഷമാണ്. കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയിലുണ്ടായ അധിക മരണങ്ങളും, റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളും തമ്മിലുള്ള അനുപാതം ശരാശരി 8.3 ആണ്. ഇന്ത്യയിലെ ശരാശരി അധിക മരണ നിരക്ക് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ മൂന്നു ലക്ഷം കൂടുതൽ അധിക മരണങ്ങൾ കേരളത്തിൽ ഉണ്ടാകുമായിരുന്നു.
കോവിഡ് മരണങ്ങളും കോവിഡ് കാല അധിക മരണങ്ങളും തമ്മിലുള്ള അനുപാതം ഇന്ത്യയിൽ ഏറ്റവും കുറവ് ഗോവയിലാണ്, 0.9. പിന്നീട് കേരളം (1.86). തൊട്ട് പുറകിൽ സിക്കിം (2.42), ഡൽഹി (2.44) എന്നിങ്ങനെ.
ഈ അനുപാതം ഏറ്റവും കൂടുതൽ ബീഹാറിലാണ് (26.68), പിന്നീട് ഉത്തർ പ്രാദേശ് (22.58), അതിനടുത്ത് മധ്യ പ്രദേശ് (21.2). കോവിഡ് കാലത്ത് വെറും പന്തീരായിരം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ബീഹാറിൽ ഇക്കാലത്ത് സംഭവിച്ച അധിക മരണങ്ങൾ മൂന്നു ലക്ഷത്തി ഇരുപതിനായിരം വരെ ഉണ്ടായിരുന്നിരിക്കാം എന്നാണ് ലാൻസെറ്റ് പഠനം സൂചിപ്പിക്കുന്നത്.
മുഴുവൻ പഠനത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. എങ്ങനെയാണ് വിവിധ ലോക രാജ്യങ്ങൾ ഈ വിഷയം കൈകാര്യം ചെയ്തത് എന്നതിന്റെ ഇതുവരെയുള്ള ഏറ്റവും സമഗ്രമായ പഠനമാണ്.
മുരളി തുമ്മാരുകുടി
https://www.thelancet.com/…/PIIS0140-6736(21…/fulltext
Leave a Comment