അടുത്തിരിക്കുന്ന കുട്ടിയുടെ ഉത്തരം നോക്കി എഴുതുന്നതും അങ്ങനെ കാണിച്ചു കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും ഒക്കെ ഒന്നാം ക്ളാസ് മുതൽ കണ്ടിട്ടുള്ള കാര്യമാണെങ്കിലും എഞ്ചിനീയറിങ്ങ് കോളേജിൽ എത്തുമ്പോഴാണ് കോപ്പിയടിയുടെ വിവിധ തന്ത്രങ്ങൾ പരിചയപ്പെടുന്നത്.
കോപ്പിയടി രണ്ടു തരമുണ്ട്, കത്തിയും ബ്ലേഡും.
ക്ലാസ് പരീക്ഷക്ക് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ് കത്തി. പരീക്ഷക്ക് പ്രതീക്ഷിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം മുഴുവൻ ആദ്യമേ തന്നെ പേപ്പറിൽ എഴുതി കൈയിൽ വെക്കുക. ടീച്ചർ ചോദ്യം തരുന്പോൾ നമ്മൾ പ്രതീക്ഷിച്ച ചോദ്യമുണ്ടെങ്കിൽ പേപ്പറെടുത്ത് നമ്മുടെ ഉത്തരക്കടലാസിൽ തിരുകുക. അതാണ് കത്തി (അന്നൊന്നും ക്ളാസ് പരീക്ഷക്ക് ഔദ്യോഗിക പേപ്പറോ പ്രത്യേക സീറ്റിങ്ങ് അറേഞ്ച്മെന്റോ ഇല്ല. അതുകൊണ്ടാണീ കത്തി പരിപാടി നടക്കുന്നത്..
ബ്ലേഡ് എന്നാൽ ഒരു ചെറുകിട പ്രയോഗമാണ് ക്ളാസ് പരീക്ഷ മുതൽ ഫൈനൽ പരീക്ഷക്ക് വരെ ഇത് പ്രയോഗിക്കാം. പ്രധാനമായ ഫോർമുലയോ ഡെറിവേഷന്റെ ഒരു സ്റ്റെപ്പോ നേരിട്ടോ കോഡുപയോഗിച്ചോ ഒരു തുണ്ടു പേപ്പറിൽ എഴുതുന്നു. കാൽക്കുലേറ്ററിന്റെ പിന്നിൽ, ബാറ്ററി സെല്ലിനുള്ളിൽ, ഹാൾ ടിക്കറ്റിന്റെ പിന്നിൽ തുടങ്ങി പെൻസിലുപയോഗിച്ച് എവിടെ എഴുതിയതുമാകാം. പരീക്ഷക്ക് ആവശ്യമെങ്കിൽ ഇതിൽ നോക്കി എഴുതാം. മുട്ടുവരെയുള്ള പാവാടയിട്ടിരുന്ന സ്കൂൾ കാലത്ത് തുടയിൽ എഴുതി വച്ച് ബ്ലേഡ് പരിപാടി നടത്തിയിരുന്നതായി എന്റെ പെൺസുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. ആൺകുട്ടികൾ തങ്ങളുടെ വള്ളിച്ചെരുപ്പിന്റെ പുറത്ത് കോപ്പി എഴുതിവെക്കുന്നത് മറ്റൊരു ആചാരമായിരുന്നു. ചിന്തിക്കുന്നവർക്ക് കോപ്പിയടിക്കാൻ എവിടെയും ദൃഷ്ടാന്തമുണ്ട്.
ഒരിക്കൽ കോതമംഗലത്ത് ഒരു ഇന്റേണൽ പരീക്ഷാക്കാലത്ത് ടീച്ചർ ചോദ്യമെഴുതി പോഡിയത്തിനു താഴെയിറങ്ങുന്നതിനു മുൻപ് തന്നെ എന്റെ തൊട്ടുമുന്പിലിരുന്ന ആൾ കത്തിയെടുത്ത് ഉത്തരപ്പേപ്പറിനുള്ളിൽ തിരുകുന്നത് ഞാൻ കണ്ടു. പുതിയൊരു ടീച്ചറാണ് സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നത്. (ടീച്ചറുടെയും കുട്ടിയുടെയും പേര് എനിക്കറിയാം, പറയുന്നില്ല).
എനിക്ക് ആകെ ദേഷ്യം വന്നു.
“ടീച്ചറെ, ഈ കുട്ടി കത്തി വെച്ചു.” ഞാൻ ടീച്ചറോട് പറഞ്ഞു.
ടീച്ചർ അവന്റെ ഉത്തരക്കടലാസ് എടുത്തുനോക്കി. സംഗതി സത്യമാണ്. രണ്ടു മിനിറ്റുകൊണ്ട് അവൻ ഉത്തരമെഴുതിക്കഴിഞ്ഞു.
“എന്തൊരു സ്പീഡ്”
എന്നൊരു കൊടിയേറ്റം ഗോപി ഡയലോഗും പറഞ്ഞ് ടീച്ചർ അടുത്ത ബെഞ്ചിലേക്ക് പോയി.
അപ്പോൾ ഡിഫറൻഷ്യൽ ഇക്വേഷൻ പഠിച്ച് ഉത്തരമെഴുതാൻ ബുദ്ധിമുട്ടുന്ന ഞാൻ ആരായി!
“ടീച്ചറെ, ഇത് ശരിയല്ല.” ഞാൻ പറഞ്ഞു.
“അത് ഞാൻ നോക്കിക്കൊള്ളാം. തനിക്ക് നഷ്ടമൊന്നുമില്ലല്ലോ.” ടീച്ചറുടെ ദേഷ്യം എന്നോടായി.
പല അധ്യാപകർക്കും കുട്ടികൾക്കും ഇതേ തെറ്റിദ്ധാരണയുണ്ട്. ഒരാൾ കോപ്പിയടിച്ചാൽ മറ്റൊരാൾക്ക് നഷ്ടമൊന്നുമില്ലല്ലോ എന്ന്. പ്രത്യേകിച്ച് കുറച്ചുപേർക്ക് മാത്രം അവസരം ലഭിക്കുന്ന മത്സരപ്പരീക്ഷ ഒന്നുമല്ലാത്തപ്പോൾ. ഒരാൾക്ക് മാർക്ക് കൂടിയാലും നിങ്ങളുടെ മാർക്ക് കുറയുന്നില്ലല്ലോ ?
നഷ്ടമുണ്ട് സാർ,
നമ്മുടെ പഠനസസവിധാനത്തിന് ഒരു രീതിയുണ്ട്. അതിന് ചില നിയമങ്ങളും. ആ നിയമമാണ് എല്ലാവരും പാലിക്കേണ്ടത്. അതിൽ ചിലർ മാത്രം നിയമം പാലിക്കുകയും മറ്റുള്ളവർ അത് പാലിക്കാതിരിക്കുകയും ചെയ്യുന്നത് സംവിധാനത്തെയാകെ തകർക്കും. നിയമം പാലിക്കുന്നവർക്ക് നഷ്ടം സംഭവിക്കും. നിയമങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. ഒരു തവണ നിയമം പാലിച്ചവർ അടുത്ത തവണ നിയമം ലംഘിക്കാനും മതി. മൊത്തം സമൂഹത്തിനാണ് നഷ്ടം പറ്റുന്നത്.
ഇത് പരീക്ഷയിൽ കോപ്പിയടിക്കുന്നത് പോലുള്ള കാര്യത്തിൽ മാത്രമല്ല, നമ്മുടെ സമൂഹത്തിലാകെയുണ്ട്. ഭൂമിയുടെ വില കുറച്ചു കാണിച്ച് ടാക്സ് വെട്ടിക്കുന്നവർ, സ്വർണ്ണം കള്ളക്കടത്ത് നടത്തുന്നവർ, ഇൻകം ടാക്സ് അടക്കാതെ കള്ളപ്പണമുണ്ടാക്കുന്നവർ, കള്ളവാറ്റ് നടത്തി വിൽക്കുന്നവർ എല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവരൊന്നും പ്രത്യക്ഷത്തിൽ മറ്റുള്ളവർക്ക് നഷ്ടമൊന്നുമുണ്ടാക്കുന്നില്ല എന്നു തോന്നുമെങ്കിലും സത്യത്തിൽ നിയമവാഴ്ചയുള്ള ഒരു സമൂഹത്തിനെ അകത്തുനിന്നും കാർന്നുതിന്നുകയാണ് ചെയ്യുന്നത്.
ഈ നിയമങ്ങളെല്ലാം മണ്ടൻ നിയമങ്ങളായതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വേണമെങ്കിൽ നമുക്ക് പറയാം. ഉദാഹരണത്തിന് പഴം വാറ്റി വീഞ്ഞുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണെന്നാണ് എന്റെ വാദം. ഭൂമിവിൽപ്പനയുടെ കരം കുറയ്ക്കണമെന്നും കള്ളക്കടത്ത് നടത്താൻ ഒരാവശ്യവുമില്ലാത്ത വിധത്തിൽ സ്വർണ്ണത്തിന്റെ തീരുവ കുറക്കണമെന്നുമാണ് എന്റെ അഭിപ്രായം. എന്നാൽ ആ നിയമങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അല്ലാതെ മറ്റുളളവർ അനുസരിക്കുന്ന നിയമം ലംഘിച്ചതിന് ശേഷം പിടിക്കപ്പെടുമ്പോൾ നിയമത്തിന്റെ അർത്ഥശൂന്യതയെ പറ്റി പറയുന്നതിൽ കാര്യമൊന്നുമില്ല.
കോപ്പിയടിയുടെ കാര്യവും വ്യത്യസ്തമല്ല. പൊതുവിൽ നമ്മുടെ പരീക്ഷകളുടെ രീതി പഴഞ്ചൻ ആണെന്നും മണ്ടത്തരമാണെന്നും എനിക്ക് നല്ല ബോധ്യമുണ്ട്. കാണാതെ പഠിച്ചാൽ ഒന്നാം ക്ലാസ് മുതൽ പി എച്ച് ഡി വരെയുള്ള എന്തും പാസാകാമെന്ന് എനിക്കറിയാം. അറിവ് അളക്കാനുള്ള ഒരു നല്ല രീതിയല്ല പരീക്ഷ എന്നും. പക്ഷെ, അതിന്റെ അർത്ഥം എല്ലാവരും അംഗീകരിച്ച നിയമങ്ങൾ എനിക്ക് സൗകര്യമുള്ളപ്പോൾ മാറ്റാം എന്നല്ല. മാറ്റങ്ങൾ വരട്ടെ, അതിന്റെ ഗുണഫലം എല്ലാവർക്കും ലഭിക്കട്ടെ.
ഐ ഐ ടി യിലെ കോപ്പിയടി:
ഈ കോപ്പിയടി കേരള സ്പെഷ്യൽ ഒന്നുമല്ല കേട്ടോ. ഐ ഐ ടിയിലെ കോപ്പിയടിയുടെ കഥ പറയാം.
ഐ ഐ ടി യിൽ ഇന്റേണൽ, എക്സ്റ്റേണൽ എന്നിങ്ങനെ രണ്ടു പരീക്ഷകളില്ല. പ്രത്യേകം പരീക്ഷാ പേപ്പറുകളുമില്ല. സീനിയർ പ്രൊഫസർമാർ ഇൻവിജിലേഷനുവേണ്ടി ക്ളാസിലിരിക്കാറില്ല. ചോദ്യം നൽകിയാലുടൻ അവർ സ്ഥലം വിടും. എം ടെക്കിന് പഠിക്കുന്ന കുട്ടികളാണ് പേപ്പറുകൾ തിരിച്ചു വാങ്ങുന്നത്. പല പരീക്ഷകളും ഓപ്പൺ ബുക്ക് ആണെങ്കിലും ചിലരെല്ലാം നാട്ടിലേതു പോലെ സാധാരണ പരീക്ഷകൾ നടത്തും.
ഞാൻ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഇത്തരം ഒരു പരീക്ഷ കഴിഞ്ഞു പിറ്റേന്ന് അധ്യാപകർ ക്ലാസിൽ വന്നു.
“ഇന്നലത്തെ പരീക്ഷയിൽ ഒരാൾ കോപ്പിയടിച്ചിട്ടുണ്ടെന്നും അതിന് മറ്റാരോ സഹായിച്ചിട്ടുണ്ടെന്നും മനസിലായിട്ടുണ്ട്. കാരണം രണ്ടു പേരുടെയും ഉത്തരക്കടലാസുകൾ ഒരുപോലെയാണ്. ഇത് തെറ്റാണ്. ചെയ്തത് ആരാണെങ്കിലും അവർ രണ്ടുപേരും എന്റെ അടുത്തുവന്ന് കുറ്റം ഏറ്റുപറഞ്ഞാൽ കോപ്പിയടിച്ച ആളെ ഞങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്താക്കും. സഹായിച്ച ആളെ ഈ കോഴ്സിൽ തോൽപ്പിക്കും. ആ ആൾക്ക് അടുത്ത വർഷം വീണ്ടും പഠിക്കാം. ആരും ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിൽ രണ്ടുപേരെയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്താക്കും.”
എന്ന് പറഞ്ഞു.
അന്ന് വൈകിട്ട് തന്നെ പ്രതികൾ കീഴടങ്ങി. പറഞ്ഞതുപോലെ തന്നെ ഒരാൾ ക്ലാസിന് പുറത്തായി, ഒരാൾ സ്ഥാപനത്തിനും. അങ്ങനെയാണ് അവിടെ പരീക്ഷകളുടെ വിശ്വാസ്യതയും നിലവാരവും നിലനിർത്തുന്നത്.
ലണ്ടൻ സ്കൂളിലെ കോപ്പിയടി;
കോപ്പിയടി ഇന്ത്യയിലെ മാത്രം പണിയൊന്നുമില്ല. ലോകത്തെവിടെയുമുണ്ട്. ക്ലാസിൽ അസൈൻമെന്റ് കൊടുക്കുന്പോൾ ലണ്ടൻ സ്കൂളിലെ പ്രശസ്തനായ ഒരു അദ്ധ്യാപകൻ പറയുമത്രെ,
“നിങ്ങൾ ദയവുചെയ്ത് കോപ്പിയടിക്കരുത്. എനിക്കത് കണ്ടുപിടിക്കാനുള്ള സമയമില്ല. കോപ്പിയടിയിൽ ഉൾപ്പെട്ട രണ്ടുപേർക്കും ഒരേ ഉത്തരമാണെങ്കിലും ഞാൻ വ്യത്യസ്തമായ മാർക്കിടും. എന്നെപ്പറ്റി നിങ്ങൾക്ക് മോശം അഭിപ്രായം ഉണ്ടാകും. പ്ലീസ്, എന്നെ ബുദ്ധിമുട്ടിക്കാതിരിക്കൂ …”
ഡിജിറ്റൽ ലോകത്തെ കോപ്പിയടി:
ഡിജിറ്റൽ ഉപകരണങ്ങളുടെ വരവോടെ കോപ്പിയടി കൂടുതൽ എളുപ്പമായി എന്ന് നമ്മുടെ പബ്ലിക് സർവിസ് കമ്മീഷൻ ഒക്കെ തെളിയിച്ചതാണല്ലോ. കോപ്പിയടിക്കുന്നത് മാത്രമല്ല, കോപ്പിയടി പിടിക്കുന്നതും ഡിജിറ്റൽ കാലത്ത് വളരെ എളുപ്പമാണ്. പണ്ടൊക്കെ കോപ്പിയടിച്ച് പിടിക്കപ്പെടാതെ ക്ലാസ്റൂമിൽ നിന്നും പോയാൽ പിന്നെ ആളുകൾ സേഫ് ആയിരുന്നു. ഇപ്പോൾ കോപ്പിയടി പിടിക്കുന്ന സോഫ്റ്റ്വെയർ പോലും വന്നതോടെ പി എച്ച് ഡി എടുത്ത് വർഷങ്ങൾ കഴിഞ്ഞതിനുശേഷവും കോപ്പിയടി പിടിക്കപ്പെട്ട് മാനവും ജോലിയും പോയ ആളുകളുണ്ട്. നമ്മുടെ പി എസ്സി യിലെ കോപ്പിയടി ഒക്കെ പിടിച്ചത് എത്രയോ നാൾ കഴിഞ്ഞിട്ടാണ്. അതിനാൽ ഡിജിറ്റൽ ലോകത്ത് കോപ്പിയടിക്കാതിരിക്കുന്നതാണ് ബുദ്ധി.
കോപ്പിയടിയും അധ്യാപകരും
കോപ്പിയടിക്കുന്നത് പിടിക്കുന്നത് അധ്യാപകർക്ക് ഇക്കാലത്ത് ഒരു ഹൈ റിസ്ക് ആക്ടിവിറ്റിയാണ്. കോപ്പിയടി പിടിച്ച അധ്യാപകരെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും ആയ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ വരെ മറ്റിടങ്ങളിൽ നിന്നും. കോപ്പിയടി കണ്ടുപിടിച്ച അധ്യാപകരെ പറ്റി ഒരു നല്ല വാക്ക് ഇന്ന് വരെ ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. അപ്പോൾ എന്തിനാണ് വെറുതെ തലവേദന ഉണ്ടാക്കുന്നത് എന്നാണ് കൂടുതൽ അധ്യാപകരും കരുതുക.
ഇത് മുൻപ് പറഞ്ഞത് പോലെ നമുക്കെല്ലാവർക്കും നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. നമ്മുടെ പരീക്ഷ സംവിധാനത്തിന്റെ പോരായ്മകൾ ഏതൊക്കെയാണെങ്കിലും ഇന്ന് നിലനിൽക്കുന്ന നിയമം എല്ലവർക്കും ഒരുപോലെ ആയിരിക്കണം. അതുകൊണ്ട് തന്നെ ഒരു വിദ്യാർത്ഥി കോപ്പിയടിക്കുന്നതായി കണ്ടാൽ പരീക്ഷാഹാളിലുള്ള അധ്യാപകരോ ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകരോ അത് തീർച്ചയായും റിപ്പോർട്ട് ചെയ്യണം, വിഷയം അന്വേഷിക്കണം. തെളിവുകൾ ഉണ്ടെങ്കിൽ കോപ്പിയടിച്ച വിദ്യാർത്ഥിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുകയും വേണം. നമ്മുടെ പരീക്ഷാ സംവിധാനത്തിന്റെയും നിയമവാഴ്ച എന്ന സംവിധാനത്തിന്റെയും അടിസ്ഥാനമാണ് ശരിയായി നടത്തപ്പെടുന്ന പരീക്ഷകൾ. അതിന് തുരങ്കം വെക്കാരുത്. കോപ്പിയടിക്കുന്നവരെ പിടിക്കുന്ന അധ്യാപകരെ ഭീഷണിപ്പെടുത്തുകയോ മറ്റു തരത്തിൽ മാനസിക സംഘർഷത്തിലാക്കുകയോ ചെയ്യുന്ന കാര്യങ്ങൾ സമൂഹം ചെയ്താൽ തീർച്ചയായും അടുത്ത തവണ അവർ ഇക്കാര്യത്തിൽ താല്പര്യമെടുക്കില്ല. ഇക്കാര്യത്തിൽ അവർക്ക് വ്യക്തിപരമായി യാതൊരു ലാഭവുമില്ല.
കോപ്പിയടിച്ച് പിടിക്കപ്പെട്ടാൽ;
കോപ്പിയടിച്ച് ഒരാളെ പിടിച്ചാൽ അയാളെ പൊതുമധ്യത്തിൽ ദേഷ്യപ്പെടുക, കുറ്റപ്പെടുത്തുക, ലജ്ജിപ്പിക്കുക, ഇതൊന്നും അധ്യാപകരുടെ ജോലിയല്ല. ശരീയായ രീതി ചീഫ് ഇൻ വിജിലേറ്ററുടെ സാന്നിധ്യത്തിൽ കുട്ടിയോട് ഇനി ഔദ്യോഗികമായി എന്താ സംഭവിക്കാൻ പോകുന്നതെന്ന് പറയുക എന്നതാണ്. കുട്ടിക്ക് അപ്പീൽ ചെയ്യുന്നതിന് ഉൾപ്പെടെ എന്തൊക്കെ അവകാശങ്ങളാണ് ഉള്ളതെന്നും മനസിലാക്കി കൊടുക്കുക. വലിയ മാനസിക സംഘർഷം കാണിക്കുകയാണെങ്കിൽ കൗൺസിലിംഗ് നൽകുക.
അച്ഛനെ വിളിപ്പിക്കണോ ?:
കോളേജിൽ വെച്ച് കോപ്പിയടിക്കുകയോ എന്തെങ്കിലും നിയമനിഷേധം കാണിക്കുകയോ ചെയ്താൽ ‘അച്ഛനെ വിളിച്ചുകൊണ്ടുവരിക’ എന്നൊരു കലാരൂപം ഇപ്പോഴും കേരളത്തിൽ നിലവിലുണ്ട്. അല്പം പ്രശസ്തരായ സിനിമാതാരങ്ങൾ മുതൽ രാഷ്ട്രീയക്കാർ വരെയുള്ളവർ ഇത്തരം സാഹചര്യത്തിൽ വാടകക്ക് അച്ഛനെ വിളിച്ചുതുകൊണ്ടുവന്ന നുണക്കഥകൾ പറയുകയും ചെയ്യും. ശരിക്കുള്ള അച്ഛനാണെങ്കിലും വാടകക്കാരനാണെങ്കിലും പതിനെട്ട് വയസ് കഴിഞ്ഞ കുട്ടികൾ കോളേജിലോ പുറത്തോ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ തന്നെ ഉത്തരവാദികളാകുന്നതാണ് ഭംഗി (കുട്ടികൾ ഭിന്നശേഷിക്കാർ ഒന്നുമല്ലെങ്കിൽ). നമ്മുടെ ഭരണഘടനയെ തന്നെ നിലനിർത്തുന്ന പാർലമെൻറ്റ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയികളെ നിർണയിക്കാനുള്ള പ്രായപൂർത്തിയും ഉത്തരവാദിത്തവും ആയവർക്ക് കോളേജിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദികളാകാൻ പറ്റില്ലെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല.
കോളേജ് ആരംഭത്തിൽ നടക്കുന്ന ഓറിയെന്റേഷന്റെ സമയത്ത് റാഗിംഗിന്റെ കാര്യത്തിലായാലും കോപ്പിയടിയുടെ പ്രശ്നത്തിലായാലും കോളേജിലെയും നാട്ടിലെയും നിയമങ്ങൾ എന്താണെന്നും അത് ലംഘിച്ചാലുള്ള പ്രത്യാഘാതമെന്താണെന്നും ആദ്യംതന്നെ വിദ്യാർത്ഥികളെ പറഞ്ഞുമനസിലാക്കുക. പിന്നീട് അവർ ചെയ്യുന്ന കാര്യങ്ങൾക്ക് മാതാപിതാക്കൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ല എന്നതും പറയണം. പിടിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷ വിദ്യാർഥികൾ അനുഭവിക്കുകയും വേണം. അക്കാര്യത്തിൽ കർശന നിലപാടുകൾ എടുക്കുന്ന അധ്യാപകരേയും സ്ഥാപനങ്ങളേയും നമ്മൾ പിന്തുണക്കുകയും വേണം. അവരാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന് അല്പമെങ്കിലും വിശ്വാസ്യത നില നിർത്തുന്നത്. ആളുകൾ മൊത്തമായി കോപ്പിയടിക്കുന്ന സ്ഥലങ്ങളിൽ, അധ്യാപകർ അത് കണ്ടു മിണ്ടാതിരിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവർ കോപ്പിയടിച്ചില്ലെങ്കിലും എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക ?
മുരളി തുമ്മാരുകുടി
(കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഒരു വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നതെങ്കിലും ഈ ലേഖനം ആ സംഭവത്തെ കുറിച്ചുള്ള വിശകലനം അല്ല.)
Leave a Comment