പൊതു വിഭാഗം

കൊല്ലാൻ അവർ നോക്കും, ചാവാതിരിക്കാൻ നാമും…

ഇന്നൊരു നല്ല ദിവസമാണ്.
 
കഴിഞ്ഞ മാർച്ച് 23 ന് കോവിഡ് നമ്മുടെ ജീവിതത്തെ വീടുകളിലേക്ക് ചുരുക്കിയതിന് ശേഷം അധികം നല്ല വാർത്തകൾ നമ്മൾ കേൾക്കാറില്ലല്ലോ.
 
അതിവേഗതയിൽ ആയിരുന്നു കോവിഡിന്റെ വരവ്. വ്യക്തികളെ മാത്രമല്ല രാജ്യങ്ങളെ പോലും അത് അടി തെറ്റിച്ചു. ആധുനിക ആരോഗ്യ സംവിധാനങ്ങളും ആവശ്യത്തിന് സാന്പത്തിക സൗകര്യങ്ങളും ഉള്ള വികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ പോലും കോവിഡിന് മുന്നിൽ പേടിച്ചു വിറച്ചു.
 
അമേരിക്കയിൽ മാത്രം രണ്ടര ലക്ഷം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചു. ഇരുപത്തി അഞ്ചു രാജ്യങ്ങളിൽ മരണ സംഖ്യ പതിനായിരം കടന്നു. എഴുപത്തി ഏഴു രാജ്യങ്ങളിൽ മരണം ആയിരത്തിന് മുകളിലായി. ലോകത്തെന്പാടുമായി പതിനഞ്ചു ലക്ഷം ആളുകൾ മരിച്ചു. മഹാമാരിയുടെ രൂപവും ഭാവവും അറിഞ്ഞിട്ടില്ലാത്ത ഒരു തലമുറക്ക് ഇതൊരു പാഠമായി, മുന്നറിയിപ്പും.
 
പക്ഷെ പതുക്കെപ്പതുക്കെ ആധുനിക വൈദ്യശാസ്ത്രം രോഗത്തിന് മുകളിൽ മേൽക്കൈ നേടി. രോഗത്തിന് ചികിത്സയോ വാക്‌സിനോ കണ്ടെത്തുന്നതിന് മുൻപ് തന്നെ രോഗവ്യാപനം തടയുന്ന നിർദ്ദേശങ്ങളിലൂടെ (കൈ കഴുകൽ, സാമൂഹിക അകലം, മാസ്ക്, ക്വാറന്റൈൻ, ഐസൊലേഷൻ, റിവേഴ്‌സ് ക്വാറന്റൈൻ) രോഗത്തിന്റെ വളർച്ച നിരക്ക് കുറച്ചു, ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ രോഗികളുടെ എണ്ണം പിടിച്ചു കെട്ടുകയും രോഗത്തെ അറിഞ്ഞ് വേണ്ട വിധത്തിൽ രോഗികളെ കൈകാര്യം ചെയ്യുകയും ചെയ്തപ്പോൾ മരണ നിരക്ക് നന്നായി കുറഞ്ഞു. യൂറോപ്പിൽ രണ്ടാമത്തെ തരംഗം എത്തിയപ്പോഴും മരണനിരക്ക് കുറവായി തന്നെയിരിക്കുന്നു.
 
കോവിഡിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ രോഗം കണ്ടെത്തിയപ്പോൾ തന്നെ തുടങ്ങിയിരുന്നു. ഇപ്പോൾ ശരിയാകും, നാളെ ശരിയാകും, ഇന്നലെ ശരിയായി എന്നുള്ള വാർത്തകൾ നാം അനവധി കേട്ടു. കഴിഞ്ഞ ദിവസം യു കെ യിൽ വാക്സിൻ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അടുത്തയാഴ്ച മുതൽ ലഭ്യമാകും എന്ന വാർത്ത ഇന്നലെ വന്നു. അതാണ് ഇന്നൊരു നല്ല ദിവസം ആണെന്ന് ഞാൻ പറഞ്ഞത്. ഈ കോവിഡ് കാലത്തെ ഏറ്റവും ആശ്വാസകരമായ വാർത്തയാണിത്.
 
കേരളത്തിലെ കൊറോണ ഒന്നാമത്തെ കുന്നിറങ്ങിയ കാര്യം ഞാൻ പത്തു ദിവസം മുൻപ് പറഞ്ഞിരുന്നു. ഈ മാസത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പും അടുത്ത മാസത്തിൽ സാധ്യതയുള്ള സ്‌കൂൾ തുറക്കലും നന്നായി കൈകാര്യം ചെയ്താൽ രണ്ടാമത് ഒരു കുന്നു കയറാതെ നമുക്ക് ഈ കൊറോണക്കാലം പതുക്കെ അവസാനിപ്പിക്കാം.
 
ഏപ്രിൽ ആവുന്നതോടെ ആരോഗ്യപ്രവർത്തകർക്കും കൂടുതൽ അപകട സാധ്യതയുള്ളവർക്കും വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രമേണ വിമാനങ്ങളും ട്രെയിനുകളും സാധാരണഗതിയാകും, സാന്പത്തിക രംഗം ഉണരും, സ്‌കൂളുകൾ തുറക്കും, അടുത്ത വർഷം ഡിസംബറിൽ മാസ്കില്ലാത്ത സെൽഫികൾ വീണ്ടും വരും.
 
ഈ വാർത്തകൾ നമുക്ക് സന്തോഷം തരുകയും മാനസികമായ പിരിമുറുക്കം കുറക്കുകയും ചെയ്യും. എന്നാൽ പൂർണ്ണമായും ആശ്വസിക്കാനോ നമ്മുടെ മുൻകരുതലുകൾ കുറക്കാനോ സമയമായിട്ടില്ല. ഇപ്പോഴും പ്രതിദിനം അയ്യായിരത്തിന് മുകളിൽ കേസുകളും ഇരുപത്തി അഞ്ചുപേർ മരിക്കുന്നുമുണ്ട്. അമേരിക്കയിൽ പ്രതിദിന മരണം സർവ്വകാല റെക്കോർഡ് ഇട്ടത് കഴിഞ്ഞ ദിവസമാണ് (രണ്ടായിരത്തി എണ്ണൂറിനും മുകളിൽ). ഒരു ചാൻസ് കിട്ടിയാൽ നമ്മെ പിടിക്കാൻ കൊറോണ ഇപ്പോഴും തക്കം പാർത്തു നടക്കുകയാണ്. കൊല്ലാൻ അവർ (അവൾ) ശ്രമിക്കും, ചാവാതിരിക്കാൻ നമ്മളും ശ്രമിക്കണം!
 
പറഞ്ഞുവരുന്നത് ബ്രിട്ടനിൽ വാക്സിൻ വന്നു എന്നതോ, നാട്ടിലെ കേസുകളുടെ എണ്ണം കുറയുന്നു എന്നതോ ഒന്നും നമ്മുടെ പെരുമാറ്റ രീതികൾ മാറ്റാനുള്ള സിഗ്നൽ അല്ല. മറിച്ച് ഇനി കൂടിയാൽ മൂന്നോ നാലോ മാസം കൂടി പിടിച്ചു നിന്നാൽ മതിയല്ലോ എന്ന് ആശ്വസിക്കാനുള്ള സമയമാണ്. മരത്തോണിലെ അവസാനത്തെ കിലോമീറ്റർ ആണ് ഓടുന്നതെന്ന ആശ്വാസത്തിലും വിശ്വാസത്തിലും നമുക്ക് ബാക്കിയുള്ള കാലവും ഓടിത്തീർക്കാം.
 
സുരക്ഷിതരായിരിക്കുക…
 
മുരളി തുമ്മാരുകുടി
 
(കൊറോണയുമായി ബന്ധപ്പെട്ട അനവധി ലേഖനങ്ങളിലെ അവസാനത്തെ ലേഖനം ആണിത്).

Leave a Comment