പൊതു വിഭാഗം

കൊറോണ; വരാനിരിക്കുന്ന ദിവസങ്ങൾ.

കൊറോണ വ്യാധി അതിവേഗതയിൽ ലോകത്ത് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണല്ലോ. ലോകത്തെ രാജ്യങ്ങൾ എന്ന് നാം കേട്ടിട്ടുള്ളവയിൽ എല്ലാം ഇപ്പോൾ ഈ മഹാമാരി എത്തി. ഇപ്പോൾ അതിന്റെ വ്യാപനം തുടരുന്നത് ഓരോ രാജ്യത്തിനും ഉള്ളിലാണ്. യു എസ്, സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, എന്നീ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിൽ കവിഞ്ഞു. യു എസ്സിൽ തന്നെ മൂന്നു ലക്ഷത്തിന് മുകളിലായി. ദിവസം ശരാശരി ഒരു ലക്ഷത്തിന് മുകളിൽ കേസുകളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഡിസംബർ അവസാനം തുടങ്ങിയ ഈ മഹാമാരിയിൽ ആദ്യത്തെ ഒരു ലക്ഷം കടന്നത് മാർച്ച് ഏഴിനാണ്, അതായത്, വെറും ഒരു മാസം മുന്പാണെന്ന് ഇന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. അത്ര വേഗത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
 
ഒരു സുനാമി വരുന്നത് പോലെയാണ് ദൂരെ നിന്നും നോക്കുന്പോൾ ഇത് കാണുന്നത്. ആദ്യം ചെറുതായി അടിക്കുന്ന അലകൾ അതിവേഗത്തിൽ ഉയർന്ന് വികസിത ആരോഗ്യ സംവിധാനങ്ങളെ മുട്ടുകുത്തിക്കുന്നു. ഇപ്പോൾ ഒരു ലക്ഷത്തിന് മുകളിലായിട്ടുള്ള രാജ്യങ്ങളെല്ലാം വികസിത രാജ്യങ്ങളാണ്. ഇനി ഈ സുനാമി അത്രപോലും ഭൗതിക സൗകര്യങ്ങൾ ഇല്ലാത്ത മറ്റു രാജ്യങ്ങളിൽ എത്തുന്പോൾ എന്താകും സ്ഥിതി? ചിന്തിച്ചാൽ പോലും തലപെരുക്കും.
 
ആശങ്കയുടെ ഈ ദിനങ്ങളിലും ആശ്വസിക്കാൻ വകയുള്ള വാർത്തകളും വരുന്നുണ്ട്.
 
1. പതിനൊന്നാഴ്ചകൾ അടച്ചിട്ടതിനു ശേഷം ചൈനയിലെ വുഹാൻ ഇന്ന് വീണ്ടും തുറന്നു. വിമാനങ്ങളും ട്രെയിനും വീണ്ടും വുഹാനിലെത്തും, കാറുകൾ പുറത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യും. പക്ഷെ അനുമതി ആരോഗ്യവാന്മാർ ആണെന്നുള്ള ഗ്രീൻ ടാഗ് ഉള്ളവർക്കേ ഉള്ളൂ. അവരും മാസ്കും, ഗ്ലൗസും ഉൾപ്പടെയുള്ള മുൻകരുതലുകൾ എടുത്തിട്ടാണ് പുറത്തിറങ്ങുന്നത്.
 
2. ഒന്നര മാസത്തോളം ലോക്ക് ഡൗണിൽ ഉള്ള ഇറ്റലിയിൽ പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി കുറഞ്ഞുവരികയാണ്.
 
3. ഒരു ലക്ഷത്തിന് മുകളിൽ കേസുകൾ ഉള്ള ജർമ്മനിയിൽ മരണം ഇപ്പോഴും രണ്ടായിരത്തിനടുത്താണ്. ഒരുലക്ഷത്തിനു മുകളിൽ പോയ മറ്റു രാജ്യങ്ങളിൽ എല്ലാം മരണ സംഖ്യ പതിനായിരത്തിന്റെ മുകളിലാണ്. അപ്പോൾ രോഗം ബാധിക്കുന്പോഴും മരണ നിരക്ക് കുറക്കുക എന്നത് പ്രയോഗികമാണ്.
 
4. കൊറിയയിൽ ഇപ്പോൾ മൊത്തം കേസുകളുടെ എണ്ണം പതിനായിരം കവിഞ്ഞെങ്കിലും അതിൽ ആറായിരം പേരും രോഗം മാറി തിരിച്ചു പോയി. ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ ഈ യുദ്ധം മാസങ്ങളായി ചെയ്യാൻ അവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മൊത്തം മരണസംഖ്യ വെറും ഇരുന്നൂറിൽ നിർത്താൻ അവർക്ക് സാധിച്ചു.
 
ഇറ്റലിയും അമേരിക്കയും ഈ വെല്ലുവിളിയെ നേരിട്ടതിലും കുറച്ചുകൂടി അറിവുകളുമായിട്ടാണ് ഇന്ത്യ ഈ വെല്ലുവിളിയെ നേരിടാൻ പോകുന്നത്. കുറച്ചേറെ നീണ്ടു നിൽക്കുന്ന ലോക്ക് ഡൌൺ, നിരന്തരമായ കൈ കഴുകലും സോഷ്യൽ ഡിസ്റ്റൻസിങ്ങും, സാധിക്കുന്നത്രയും ടെസ്റ്റുകൾ, എങ്ങനെയും മൊത്തം കേസുകളുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ പിടിച്ചു കെട്ടുക, ഇതൊക്കെ ചെയ്താൽ നമുക്ക് വലിയ പരിക്കില്ലാതെ ഈ മഹാമാരിയുടെ സുനാമിയിൽ നിന്നും പുറത്തു വരാം.
 
പക്ഷെ ഇതത്ര എളുപ്പമല്ല. നീണ്ടു നിൽക്കുന്ന ലോക്ക് ഡൌൺ ആളുകളെ സാന്പത്തികമായി തളർത്തും, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുണ്ടാകും. ആരോഗ്യ സംവിധാനങ്ങളുടെയും വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെയും പരിമിതി പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്നതല്ല. ചെറിയ വീടുകളിൽ കൂടുതൽ ആളുകൾ കഴിയുന്ന സാഹചര്യമുള്ളപ്പോൾ, മറ്റു രാജ്യങ്ങളിലെ പോലെ ആശുപത്രി സംവിധാനങ്ങളിലെ പ്രഷർ കുറക്കാൻ രോഗം മൂർച്ഛിക്കാത്തവരെ ഹോം ഐസൊലേഷൻ ചെയ്യുക എന്നത് അത്ര പ്രവർത്തികമല്ല. വിവിധ സംസ്ഥാനങ്ങൾ വിവിധ സമയത്താണ് ഇന്ത്യയിൽ ഈ സുനാമിയുടെ മൂർദ്ധന്യം നേരിടാൻ പോകുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളും പേടിച്ചിരിക്കുന്നതിനാൽ അവരുടെ ആരോഗ്യസംവിധാനത്തിലെ വിഭവങ്ങൾ പരസ്പരം പങ്കുവെക്കുക എന്നത് അത്ര എളുപ്പമല്ല.
 
ഈ സാഹചര്യത്തിലാണ് കേരളത്തിൽ നേരിടാൻ പോകുന്ന വെല്ലുവിളിയെ നാം കാണേണ്ടത്. ഇനി വരുന്ന ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ എന്താണെന്നുള്ളതിനെ പറ്റി എന്റെ അഭിപ്രായം പറയാം.
 
1. കേരളത്തിൽ രണ്ടാം വരവിലും കൊറോണയുടെ വ്യാപനത്തെ ഒരു വിധം തടഞ്ഞു നിർത്താൻ എല്ലാ വിധ പരിമിതികൾക്കുള്ളിലും നിന്ന് കൊണ്ട് നമുക്ക് സാധിച്ചിട്ടുണ്ട്.
 
2. വിദേശത്തുനിന്നുള്ള വിമാനങ്ങളും ആഭ്യന്തര യാത്രക്കാരുടെ വരവും നിലച്ചതോടെ പുതിയ കേസുകൾ നമ്മുടെ ഉള്ളിൽ നിന്നുതന്നെ വികസിച്ചു വരുന്നതാണ്. കൂടുതൽ ക്വാറന്റൈൻ, ഐസൊലേഷൻ, ടെസ്റ്റിംഗ് ഇവയിലൂടെ നമുക്ക് വീണ്ടും ഈ ഭൂതത്തെ കുപ്പിയിലാക്കാൻ സാധിക്കും.
 
3. പക്ഷെ വൈറസ് ബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ കാണിക്കാത്തവരും രോഗലക്ഷണങ്ങൾ ഉണ്ടായാലും വേണ്ട വേഗത്തിൽ ആശുപത്രിയിൽ എത്താത്തവരും ക്വാറന്റൈൻ ലംഘിക്കുന്ന പരിപാടി തുടർന്നാൽ ലോകത്തെവിടെയും പോലെ കേരളത്തിലും കളി കൈവിട്ടു പോകും. ഒരു രോഗി ശരാശരി രണ്ടു പേർക്ക് രോഗം കൈമാറിയാൽ പോലും മുന്നൂറു മൂവായിരവും, മൂവായിരം മുപ്പത്തിനായിരവും ആകും. ഓരോ രോഗിയിൽ നിന്നും ശരാശരി ഒരാളിൽ കൂടുതൽ പേരിലേക്ക് രോഗം പകരാത്ത നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുവരിക, അവിടെ നിർത്തുക എന്നതാണ് കേരളം നേരിടാൻ പോകുന്ന വെല്ലുവിളി.
 
4. ലോകത്ത് മറ്റു പല സ്ഥലങ്ങളിലുമുള്ള മലയാളികൾക്ക് ഈ സാഹചര്യത്തിൽ എങ്ങനെയും നാട്ടിലെത്തണം എന്നാണ് ആഗ്രഹം. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം, എല്ലാം തന്നെ ന്യായവുമാണ്. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അവർക്ക് നാട്ടിൽ എത്തണം എന്ന് തോന്നുന്ന സമയത്ത് നാട്ടിൽ വരാനുള്ള അവകാശവും സാധാരണഗതിയിലുണ്ട്. പക്ഷെ അത്യപൂർവ്വമായ ഒരു സാഹചര്യമാണ് ഇപ്പോൾ ലോകത്ത് ഉള്ളത്, അതുകൊണ്ട് തൽക്കാലമെങ്കിലും മലയാളികൾ നിന്നിടത്ത് നിന്ന് സ്ഥിതിഗതികളെ കൈകാര്യം ചെയ്യേണ്ടി വരും. ജീവിക്കുന്ന പ്രദേശത്തെ ഭരണകൂടം, ഇന്ത്യൻ എംബസി, ഇവ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക, പാലിക്കുക. ഓരോ പ്രദേശത്തും ഉള്ളവർ കൂട്ടുകാരുമായും അവർ അംഗങ്ങളായുള്ള വിവിധ അസ്സോസിയേഷനുകളുമായും ബന്ധപ്പെട്ട് വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക, പരസ്പരം സഹായിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുക. ശരിയായ വാർത്ത കൈമാറ്റം ചെയ്യാനും തെറ്റായ വാർത്തകൾ കൈമാറ്റം ചെയ്യാതിരിക്കാനും സംവിധാനങ്ങൾ ഉണ്ടാകേണ്ടത് പ്രധാനമാണ്.
 
5. ഇന്ത്യക്ക് പുറത്ത്, അമേരിക്കയിൽ ഉൾപ്പടെ, കൊറോണ രോഗം ബാധിച്ച മലയാളികളുടെ മരണം ഉണ്ടായിക്കഴിഞ്ഞു. നിർഭാഗ്യവശാൽ ഇനിയുള്ള ദിവസങ്ങളിൽ ഈ എണ്ണം കൂടും. ഇത് അവരുടെ നാട്ടിലുള്ള കുടുംബങ്ങൾക്കും മലയാളി സമൂഹത്തിനും മാത്രമല്ല, മറ്റിടങ്ങളിൽ രോഗമില്ലാതിരിക്കുന്നവർക്കും വലിയ മാനസിക സംഘർഷം ഉണ്ടാക്കും. കേരളസർക്കാറിന് ഒട്ടും തന്നെ നിയന്ത്രണമില്ലാത്ത സ്ഥലങ്ങളിലെ കാര്യങ്ങളാകാം, അടുത്ത ഒരു മാസത്തിൽ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
 
6. ലോക്ക് ഡൌൺ ഒറ്റയടിക്ക് എടുത്തുകളയരുതെന്നും ഓരോ ജില്ലകളിലേയും കേസുകൾ നിയന്ത്രണത്തിലാവുന്നതും പുതിയതായി കേസുകൾ ഇല്ലാതാവുന്നതും അനുസരിച്ച് ജില്ല തിരിച്ച് പടിപടിയായി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നുമാണ് കേരള സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് കേന്ദ്രത്തിലേക്ക് പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടാകും. ഏപ്രിൽ പതിനാലിന് ഇപ്പോഴത്തെ 21 ദിവസം കഴിയുന്പോൾ ഏതൊക്കെ തീരുമാനങ്ങളാണ് ഉണ്ടാവുക എന്ന് പറയാനാകില്ല.
 
7. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ, പ്രത്യേകിച്ചും യാത്രാ നിയന്ത്രണങ്ങൾ, മാറ്റിയാൽ കേരളത്തിലേക്ക് മറുനാട്ടിൽ നിന്നുള്ള മലയാളികളുടെ ഒഴുക്കുണ്ടാകും എന്നതിൽ സംശയമില്ല. (നമ്മുടെ നാട്ടിലുള്ള മറുനാട്ടുകാരും തീർച്ചയായും അവരുടെ നാട്ടിലേക്ക് പോകും. ദുരന്തകാലത്ത് സ്വന്തം നാട്ടിലെത്താനും വീട്ടുകാരുടെ കൂടെ ഇരിക്കാനുമുള്ള ആഗ്രഹം സാർവത്രികമാണ്).
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ കേരളത്തിലേക്ക് വരുന്നവരെ എങ്ങനെയാണ് പരിശോധിക്കേണ്ടത്, ക്വറിന്റൈൻ ചെയ്യേണ്ടത്, പുതിയതായി രോഗത്തിന്റെ കുതിച്ചു ചാട്ടം ഇല്ലാതെ നോക്കുന്നത് എങ്ങനെയാണ് എന്നതെല്ലാമാണ് അടുത്ത വെല്ലുവിളി. നാട്ടിലേക്ക് ഇപ്പോൾ വരാൻ ആഗ്രഹിച്ചിരിക്കുന്നവർ ഏതു നിയന്ത്രണങ്ങളും – വീട്ടിലേക്ക് പോകാതെ പ്രത്യേകം ക്വാറന്റൈനിൽ ഇരിക്കുന്നത് ഉൾപ്പെടെ അംഗീകരിക്കാൻ തയ്യാറാവുമെങ്കിലും നാട്ടിലെത്തിയാൽ മലയാളി തനിസ്വഭാവം കാണിക്കും. എനിക്ക് അസുഖമൊന്നുമില്ല എന്ന വിശ്വാസത്തിൽ ലോക്ക് ഡൌൺ ലംഘിക്കും, എല്ലാവർക്കും പണിയുണ്ടാക്കുകയും ചെയ്യും. (വിമാനം എമർജൻസി ലാൻഡ് ചെയ്തപ്പോൾ അച്ചാറുകുപ്പി തപ്പാൻ പോയ പാരന്പര്യം നമ്മൾ ഓർക്കണമല്ലോ). അപ്പോൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുന്പോൾ അതിന് അവസരമുണ്ടാക്കുകയും, അതേസമയം അത് പുതിയൊരു വട്ടം രോഗവ്യാപനത്തിന് കരണമാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ വെല്ലുവിളി.
 
8. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ വിവിധ സമയത്താണ് ഈ രോഗം എത്തിയത്. അവിടങ്ങളിൽ എല്ലായിടത്തും വിവിധ സമയത്താണ് വൈറസ് ബാധിതരുടെ എണ്ണം വേഗത്തിൽ കൂടാൻ പോകുന്നതും. വിവിധ സംസ്ഥാനങ്ങൾക്ക് പരസ്പരം സഹായിക്കാനുള്ള ഒരവസരം ഇതുണ്ടാക്കും, അതേ സമയം ആഭ്യന്തര നിയന്ത്രണങ്ങൾ മാസങ്ങളോളം നിലനിർത്തേണ്ടിയും വരും.
 
9. ലോക്ക് ഡൌൺ കാലം താൽക്കാലമെങ്കിലും മലയാളികൾ പിടിച്ചു നിൽക്കുന്നുണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആദ്യ ദിവസനങ്ങളിലെ പലായനത്തിന്റെ റിപ്പോർട്ട് അല്ലാതെ ആശങ്കയുളവാക്കുന്ന റിപ്പോർട്ടുകൾ കാണുന്നില്ല. പക്ഷെ ഇനിയും നിയന്ത്രണം നീട്ടിയാൽ അത് ആളുകൾക്ക് സാന്പത്തികമായും മാനസികമായും ഉൾക്കൊള്ളാൻ കഴിയുമോ എന്നുള്ള പ്രശ്നം ഉണ്ട്. രോഗത്തിന്റെ എണ്ണം പതിനായിരം കഴിഞ്ഞ് പ്രതിദിനം ആയിരം വെച്ചു കൂടുന്ന കാലം ഒരു വശത്തും തൊഴിൽ ചെയ്യാൻ പറ്റാത്തതിന്റെ സാന്പത്തിക ബുദ്ധിമുട്ടുകൾ മറ്റുവശത്തും വന്നാൽ ഉണ്ടാകുന്ന ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം ചിന്തിച്ചാൽ കാണുന്നത് ശുഭകരമായ കാര്യങ്ങളല്ല.
 
10. വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം ലോകത്തെല്ലായിടത്തും ആരോഗ്യ പ്രവർത്തകരെയും സാധാരണക്കാരെയും ഒരുപോലെ അലട്ടുകയാണ്. ബ്രായുടെ കപ്പ് മുതൽ ചിരട്ട വരെ ഉപയോഗിച്ച് ആളുകൾ മാസ്ക്ക് ഉണ്ടാക്കുന്നു. ഉപയോഗിച്ച വ്യക്തി സുരക്ഷാ ഉപകരണങ്ങൾ എങ്ങനെയാണ് അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കേണ്ടതെന്ന് ഇറ്റലിയും സ്വിറ്റ്സർലാൻഡും ഗവേഷണം നടത്തുന്നു. ലോകത്തെല്ലാവരും തന്നെ ഈ വസ്തുക്കളുടെ പുറകെ ആയതിനാൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാനുള്ള സാദ്ധ്യതകൾ കുറവാണ്. ആഭ്യന്തരമായും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചും എങ്ങനെയാണ് വ്യക്തി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കേണ്ടതെന്ന് നമ്മളെല്ലാം പഠിച്ചിരിക്കുന്നത് നല്ലതാണ്.
 
11. ഈ പ്രശ്നങ്ങൾ മാറി എന്നിനി ജീവിതം സാധാരണഗതിയിൽ ആകും എന്ന അനിശ്ചിതത്വം ആണ് ഇനി വരുന്ന ദിവസങ്ങളിൽ നമ്മളെല്ലാവരും കൈകാര്യം ചെയ്യേണ്ടി വരുന്നത്. ഓരോ ആളുകളുടെ ജീവിതത്തിലും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും, അതനുസരിച്ച് ഓരോരുത്തരും പ്ലാനുകൾ ഉണ്ടാക്കിയിട്ടുമുണ്ടാകും. പലതും മാറ്റിവെക്കാൻ പറ്റാത്തതുമാകും (ഉദാഹരണത്തിന് പ്രസവ സമയത്ത് നാട്ടിൽ വരണം എന്ന് പ്ലാൻ ചെയ്തിരുന്ന മലയാളി പെൺകുട്ടികൾ ഉണ്ട്, അവരുടെ കുടുംബം ചിലപ്പോൾ നാട്ടിലായിരിക്കാം, ഒരു മാസം കഴിഞ്ഞാൽ വിമാനങ്ങൾ ഉണ്ടെങ്കിൽ പോലും അവർക്ക് സഞ്ചരിക്കാൻ സാധിക്കില്ല). ഓരോരുത്തർക്കും അവരുടെ പ്രശ്നങ്ങളാണ് ഏറ്റവും വലുതായി തോന്നുന്നതും. ഈ മഹാമാരി ഇനി ഒരു മാസം കൂടി നിൽക്കും എന്നൊരു ഉറപ്പുണ്ടെങ്കിൽ ആളുകൾ പിന്നെയും പിടിച്ചു നിൽക്കും. പക്ഷെ അത് പോലും ഉറപ്പില്ലാത്ത സമയത്ത് ആളുകളുടെ മാനസിക നിലക്ക് വലിയ പ്രശ്നം ഉണ്ടാകും. ഇത് കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കും, ഈ വിഷയം നമ്മൾ ഓരോരുത്തരും ഓരോ ദിവസവും ഓർത്തിരിക്കണം.
മൂന്നാഴ്ച കഴിഞ്ഞാൽ ലോക്ക് ഡൌൺ മാറ്റി ജീവിതം സാധാരണ നിലയിലാക്കുക എന്നത് ഒരു വഴി, മൂന്നാഴ്ച കൂടി നീട്ടി കാര്യങ്ങൾ കുഴപ്പത്തിലാക്കുക എന്ന മറ്റൊരു വഴി എന്നിങ്ങനെ എളുപ്പത്തിലുള്ള രണ്ടു ചോയ്‌സ് അല്ല സർക്കാരിന് മുന്നിലുള്ളത്. ലോക്ക് ഡൌൺ തൽക്കാലം എടുത്തു മാറ്റിയാൽ രോഗം കുതിച്ചു ചാടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഒരു വശത്ത്, ലോക്ക് ഡൌൺ കൂടുതൽ നീട്ടിയാൽ ഉണ്ടാകാവുന്ന സാന്പത്തികവും അല്ലാതെയും ഉള്ള വെല്ലുവിളി മറുവശത്ത്. ഒട്ടും സുഖകരമല്ലാത്ത ഈ രണ്ടു ഓപ്‌ഷനുകളുടെ ഇടയിലാണ് നേതൃത്വം. അത് നമ്മൾ മനസ്സിലാക്കണം, താൽക്കാലമെങ്കിലും അസുഖബാധിതരുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ പിടിച്ചു നിർത്തുന്ന പദ്ധതി മാത്രമേ നമ്മുടെ മുന്നിലുള്ളൂ. അതിന് കുറച്ചു നാൾ കൂടി നാം പിടിച്ചു നിന്നേ പറ്റൂ. തയ്യാറെടുക്കുക.
 
12. ഈ കൊറോണക്കാലം ലോകത്തെല്ലായിടത്തുനിന്നും ഉപയോഗപ്രദമായ എത്രയോ അറിവുകളാണ് ഇന്റർനെറ്റും മാധ്യമങ്ങളും വഴി നമുക്ക് ലഭിക്കുന്നത്. പുതിയ സ്കില്ലുകൾ, പുതിയ കളികൾ, പുതിയ ചിന്തകൾ എന്നിങ്ങനെ. തൽക്കാലമെങ്കിലും വാർത്തകൾക്കും ഇന്റെനെറ്റിനും ഒന്നും ലോകത്ത് നിയന്ത്രണങ്ങൾ ഇല്ല. സാധാരണ പണം കൊടുക്കേണ്ട സേവനങ്ങളും വസ്തുക്കളും ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് സൗജന്യമാക്കുന്നു. ബാൻഡ് വിഡ്ത്തും അത്യാവശ്യം ഉണ്ട്. ഇതൊക്കെ നിലനിൽക്കുന്നത്രയും സമയം ചിന്തകൾ പോസിറ്റീവ് ടെറിട്ടറിയിൽ സൂക്ഷിക്കാനും, പുതിയതായി എന്തെങ്കിലും പഠിക്കുവാനും, ബന്ധങ്ങൾ ദൃഢമാക്കുവാനും ഉപയോഗിക്കുക. ഇതൊരു നൂറു മീറ്റർ ഓട്ടമല്ലെന്നും മരത്തോണിന് ആണ് നാം തയ്യാറെടുക്കേണ്ടതെന്നും ഈ മഹാമാരിയുടെ ആദ്യകാലത്ത് ഞാൻ പറഞ്ഞത് ഓർക്കുക.
 
കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്ക് പുറത്ത് കേസുകളുടെ എണ്ണം പോകാനുള്ള സാഹചര്യത്തിനും തീർച്ചയായും നമ്മൾ തയ്യാറെടുക്കണം. പക്ഷെ താൽക്കാലമെങ്കിലും നമ്മൾ അവിടെ എത്തിയിട്ടില്ല. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ നമ്മൾ അവിടെ എത്തുകയുമില്ല. പക്ഷെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്ന് തോന്നിയാൽ പുതിയ നിർദ്ദേശങ്ങളുമായി തീർച്ചയായും എത്തും.
 
സുരക്ഷിതരായിരിക്കുക
 
മുരളി തുമ്മാരുകുടി
 
 

Leave a Comment