പൊതു വിഭാഗം

കൊറോണ: കേരളവും ഇന്ത്യയും

ഇതിന് മുൻപിട്ട കൊറോണ പോസ്റ്റിൽ ലോക രാജ്യങ്ങളുമായുള്ള താരതമ്യം കേരളത്തോട് ചെയ്തത് എന്താണ്, എന്തുകൊണ്ടാണ് ഇന്ത്യയുമായി ചെയ്യാതിരുന്നത് എന്നൊരു ചോദ്യം പലരും ചോദിക്കുന്നു. ന്യായമാണ്. എന്റെ കാരണങ്ങൾ പറയാം.
 
1. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഈ കൊറോണ വന്നത് പ്രധാനമായും വിദേശത്തു നിന്നും പാരലൽ ആയിട്ടാണ്. അവിടെ ഒന്നോ ഒന്നിൽ കൂടുതലോ ആളുകളിൽ നിന്നാണ് അവ കൂടി വരുന്നത്.
 
2. പ്രധാനമന്ത്രി തക്ക സമയത്ത് ജനതാ കർഫ്യൂവും അതിന് ശേഷം ലോക്ക് ഡൗണും പ്രഖ്യാപിച്ചതിനാൽ പൊതുവെ എല്ലായിടത്തും അത് സമാന്തരമായിട്ടാണ് ഇനി വളരാൻ പോകുന്നത്.
 
3. ഓരോ സംസ്ഥാനത്തിലും വൈറസ് എത്തിയ ദിവസം വ്യത്യസ്തമായതുകൊണ്ടു തന്നെ ഇവിടങ്ങളിൽ ഓരോ സ്ഥലത്തും ഓരോ വ്യത്യസ്തമായ ട്രാജക്ടറിയാണ് ഉണ്ടാകാൻ പോകുന്നത്.
 
4. ചൈനയിൽ ഉൾപ്പടെ വലിയ രാജ്യങ്ങളിൽ ഇത് തന്നെയാണ് സംഭവിക്കുന്നത്. അമേരിക്കയിൽ ന്യൂ യോർക്കിൽ അതിവേഗതയിൽ കേസുകൾ കൂടുന്പോൾ മറ്റൊരു സംസ്ഥാനത്തിൽ അത്ര വേഗത്തിൽ അത് കൂടില്ല. ഇനി ഒരു പക്ഷെ ന്യൂ യോർക്കിൽ പീക്ക് കഴിയുന്പോൾ ആയിരിക്കും അടുത്ത സംസ്ഥാനത്ത് പീക്ക് വരാൻ പോകുന്നത്.
 
5. ഈ സാഹചര്യത്തിലാണ് ‘നിൽക്കുന്നിടത്ത് തന്നെ നിൽക്കുക’ എന്ന പ്രധാനമന്ത്രിയുടെ ആഹ്വനം പ്രധാനമാകുന്നത്. വിദേശത്തുനിന്നുള്ള ഫ്ലൈറ്റുകൾ കാൻസൽ ചെയ്യുകയും ആഭ്യന്തരമായി യാത്ര അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യയിലെ കേസുകളും പൊതുവെ പരസ്പരം ബന്ധിതമാകുമായിരുന്നു. അപ്പോൾ ഇനി വരുന്ന കാലത്ത് ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തെ സഹായിക്കാൻ കഴിയാതെ വരും.
 
ഞാൻ ഇതിന് മുൻപും പറഞ്ഞ കാര്യമാണ്. ഈ കൊറോണയെ പ്രതിരോധിക്കുന്നത് ഒരു മത്സരമല്ല. ഇവിടെ ഞാൻ കേരളത്തെ പറ്റി എഴുതുന്നത് കേരളത്തിലെ കാര്യങ്ങൾ ഞാൻ സസൂക്ഷ്‌മം വിലയിരുത്തുന്നത് കൊണ്ടാണ്. കൊറോണക്കെതിരായുള്ള യുദ്ധം ലോകം ഒന്നടങ്കം ഒരുമിച്ചു ചെയ്യേണ്ടതാണ്. ഇന്ത്യയിൽ പ്രധാനമന്ത്രിയും, സംസ്ഥാന മുഖ്യമന്ത്രിമാരും, കാബിനറ്റ് സെക്രട്ടറിയും സ്റ്റേറ്റ് ചീഫ് സെക്രട്ടറിയും ദൈനം ദിനം സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തുന്നു, മുൻകരുതലുകൾ എടുക്കുന്നു, വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ഏകോപിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും ഒത്തൊരുമിച്ചു ശ്രമിച്ചാൽ മാത്രമേ ഇന്ത്യയിൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാൻ ഒരു സാധ്യതയെങ്കിലും ഉള്ളൂ. കൊറോണയുമായിട്ടുള്ള ആദ്യവട്ട പോരാട്ടത്തിൽ നിന്നും ചൈന ഏറെക്കുറെ വിമുക്തമായതിനാൽ ലോകത്തിന് മൊത്തം മാസ്ക്കുണ്ടാക്കാൻ അവർക്ക് ഇപ്പോൾ കഴിയുന്നു. ഇതുപോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ വിവിധ സമയത്തായിരിക്കും ഈ മഹാമാരിയുടെ ഏറ്റവും രൂക്ഷമായ സമയം നേരിടാൻ പോകുന്നത്. അന്ന് നമുക്കൊക്കെ പരസ്പരം സഹായിക്കേണ്ടി വരും.
 
സുരക്ഷിതരായിരിക്കുക
 
മുരളി തുമ്മാരുകുടി

Leave a Comment