പൊതു വിഭാഗം

കൊറോണ കുന്നു കയറുന്പോൾ…

പെരുന്പാവൂരിനടുത്തുള്ള കൊറോണ ഹോട് സ്പോട്ടുകളുടെ മാപ് ആണ് ചിത്രത്തിൽ. കേരളത്തിലെ മറ്റേതൊരു നഗരമോ ഗ്രാമമോ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ഡൽഹിയിൽ നിന്ന് എല്ലാം നമ്മൾ കൊറോണയുടെ കഥകൾ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്. ഇപ്പോൾ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാൻ അധികം ദിവസങ്ങൾ വേണ്ട. മൊത്തം കേസുകളുടെ എണ്ണം പതിനായിരം കടന്നും മുകളിലേക്കാണ്.  അതിനി ഒരു കുന്നു കയറി ഇറങ്ങണം. ആ കുന്നിന്റെ ഉയരം ഒരു ലക്ഷം കേസുകളുടെ താഴെ നിൽക്കുമോ എന്ന  ആശങ്കയുടെ ദിനങ്ങൾ തന്നെയാണ് വരാനിരിക്കുന്നത്.

കൊറോണ തിരുവനന്തപുരത്തു നിന്നും, പൂന്തുറയിൽ നിന്നും, ചെല്ലാനത്തുനിന്നും നമ്മുടെ നഗരത്തിലോ ഗ്രാമത്തിലോ എത്താൻ ഇനി ആഴ്ചകൾ വേണ്ട. ഇതുവരെ നമുക്ക് വെറും അക്കങ്ങൾ മാത്രമായിട്ടാണ് കൊറോണക്കേസുകൾ വന്നിരുന്നതെങ്കിൽ ഇനിയത് നമുക്ക് നേരിട്ടറിയാവുന്നർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഒക്കെ ആകും. സ്വാഭാവികമായും അത് നമ്മിലും എത്താം.

പൊതുവിൽ പത്തിൽ എട്ടു കേസിലും ഒരു പനിയുടെ അത്രയും ബുദ്ധിമുട്ടേ കൊറോണ ഉണ്ടാക്കൂ. പക്ഷെ കുറച്ചു പേർക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ലോകത്തെ കണക്കനുസരിച്ച് നൂറിൽ നാല് പേർ ആണിപ്പോൾ മരിക്കുന്നത് (കേരളത്തിൽ മുന്നൂറിൽ ഒന്ന്). കൂടുതൽ കേസുകൾ ഒരുമിച്ചുണ്ടാവുകയും ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറം ആക്റ്റീവ് ആയ കേസുകളുടെ എണ്ണം ആകുകയും ചെയ്താൽ മരണ നിരക്ക് കൂടും. നമ്മൾ ഇതിൽ കുഴപ്പമില്ലാത്ത കൂട്ടത്തിൽ ആകുമോ, വെന്റിലേറ്ററിൽ പോകുമോ അതോ പരലോകത്ത് പോകുമോ എന്നൊന്നും മുൻകൂട്ടി പറയാൻ പറ്റില്ല. ചെറുപ്പക്കാർക്ക് ഇത് കുഴപ്പമൊന്നും ഉണ്ടാക്കില്ല എന്ന മിഥ്യാധാരണ ഇപ്പോൾ മാറിയിട്ടുണ്ട്, ആർക്കും രോഗം വരാം, ആർക്കും ഗുരുതരമാകാം, ആർക്കുവേണമെങ്കിലും അടിപ്പെടാം. ഏറെ ജാഗ്രത വേണ്ട സമയമാണ്.

ഈ സാഹചര്യത്തിൽ വ്യക്തിപരമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറച്ചു നിർദ്ദേശങ്ങൾ നൽകാം.

  1. നമ്മൾ ഓരോരുത്തർക്കും കൊറോണ വരാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കുക. നമുക്ക് കൊറോണ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോൾ തന്നെ പ്ലാൻ ചെയ്തു തുടങ്ങുക. അസുഖം എത്തിക്കഴിഞ്ഞ് പ്ലാൻ ചെയ്തിട്ട് കാര്യമില്ല. പൊതുവിൽ പരമാവധി ആരോഗ്യത്തോടെ ഇരിക്കാൻ ശ്രമിക്കുക.
  1. കൊറോണ ആരിൽ നിന്നും പകരാം. അപ്പോൾ  എത്രമാത്രം കൂടുതൽ ആളുകളുമായി നമുക്ക് സന്പർക്കം ഉണ്ടോ അത്രമാത്രം കൊറോണ വരാനുള്ള സാധ്യതയും കൂടും. അതേസമയം കൊറോണയെ പേടിച്ച് വീടിനകത്ത് അടച്ചിരിക്കുക സാന്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാൽ  അത്ര എളുപ്പമല്ല (സർക്കാർ നിർദ്ദേശം ഇല്ലെങ്കിൽ). അപ്പോൾ അത്യാവശ്യത്തിന് മാത്രം ആളുകളുമായി സന്പർക്കം പുലർത്തുക, അത് തന്നെ പരമാവധി ചുരുങ്ങിയ സമയത്തേക്കാക്കുക. ഒരാഴ്ചത്തെ ഷോപ്പിംഗ് സൂപ്പർമാർക്കറ്റുകളിൽ നിന്നും മാറ്റി വീടിനടുത്തുള്ള ചെറിയ കടകളിൽ ഒറ്റ പ്രാവശ്യം ആക്കുക. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കുന്നുവെങ്കിൽ അത് ഇത്തരത്തിൽ നല്ല സുരക്ഷാ ശീലമുള്ളവരുടെ വീടുകളിൽ മാത്രമായി ഒതുക്കുക. ജോലി സ്ഥലങ്ങൾ പരമാവധി സുരക്ഷിതമാക്കാൻ ശ്രമിക്കുക. 
  1. കൈ കഴുകൽ, സാമൂഹിക  അകലം പാലിക്കൽ, മാസ്ക് ഉപയോഗിക്കൽ എല്ലാം തുടർന്നും ശീലമാക്കുക. പുറത്തു പോയി വന്നാലുടൻ കുളിക്കുന്നതാണ് ഏറ്റവും നല്ലത്. അതോടെ ഒരു ദിവസത്തിൽ പല പ്രാവശ്യം പുറത്തുപോകാനുള്ള ആഗ്രഹവും അല്പം കുറയും. തൊഴിൽപരമായ കാരണങ്ങളാൽ ആളുകളുമായി ദിവസേന ബന്ധപ്പെടുന്നവരെ ഈ സമയങ്ങളിൽ സന്ദർശിക്കാതിരിക്കുന്നതാണ് ശരിയായ രീതി. അങ്ങനെയുള്ളവർ നമ്മെ സന്ദർശിക്കാൻ വരുന്നതും സ്നേഹപൂർവ്വം ഒഴിവാക്കാം.
  1. അതിരക്തസമ്മര്‍ദം, ഹൃദയ – ശ്വാസകോശ രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയുളളവർക്ക് റിസ്ക് കൂടുതലാണ്. നിങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഈ അസുഖങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. സർക്കാർ നിർദ്ദേശിച്ചാലും ഇല്ലെങ്കിലും വ്യക്തിപരമായി റിവേഴ്‌സ് ക്വാറന്റൈൻ എടുക്കുന്നത് നല്ലതാണ് (പുറത്ത് പോകുന്നത് ഒഴിവാക്കുക/കുറക്കുക, വീട്ടിൽ തന്നെ മറ്റുള്ളവരോടുള്ള സന്പർക്കം പരമാവധി കുറക്കുക). ഇക്കാര്യത്തിൽ വീട്ടിലെ മറ്റ് അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ അവരും മുൻപ് പറഞ്ഞ പ്രോട്ടോകോൾ പാലിക്കുക. അവരുമായി വീട്ടുകാർ ഉൾപ്പെടെ അടുത്ത് സന്പർക്കം ഉണ്ടാകുന്നത് പരമാവധി കുറക്കുക. ഇത് പ്രായമായവരോടുള്ള സ്നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം.
  1. എന്തൊക്കെയാണ് കോവിഡ് രോഗ ലക്ഷണങ്ങൾ എന്ന് ഒരിക്കൽ കൂടി ഓർത്തുവെക്കുക. പനി, ചുമ, ക്ഷീണം, ശരീരവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, അതിസാരം എന്നിവയാണ് ആദ്യം പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കുളിര്, വിറയല്‍, മസില്‍ വേദന, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുക ഇവയും ലിസ്റ്റിൽ ഉണ്ട്. ഏതെങ്കിലും ഒരു ലക്ഷണം ഉണ്ടെങ്കിൽ തന്നെ നിസ്സാരമായി എടുക്കാതെ ശ്രദ്ധിക്കുക, കുടുംബ ഡോക്ടറോട് അഭിപ്രായം തേടുക, വേണമെങ്കിൽ സർക്കാരിന്റെ ദിശ ഹെൽപ് ലൈനുമായി ബന്ധപ്പെടുക. ഫോൺ നന്പർ 1056 ഫോണിൽ സേവ് ചെയ്തുവെക്കുക.
  1. വീട്ടിൽ ഒരാൾക്ക് കോവിഡ് ഉണ്ടായാൽ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് പ്ലാൻ ചെയ്യുക. സാധാരണ ഗതിയിലുള്ള സൗഹൃദവും ബന്ധുത്വവും ഒന്നും കോവിഡ് കാലത്ത് നിലനിന്നില്ല എന്ന് വരും. എറണാകുളത്ത് ഒരു കുടുംബത്തിന് കോവിഡ് ഉണ്ടായപ്പോൾ അവരുടെ കോവിഡ് ഇല്ലാത്ത കൊച്ചു കുട്ടിയെ സ്വന്തം ബന്ധുക്കൾ പോലും സ്വീകരിച്ചില്ല എന്നത് ഓർക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ ഇക്കാര്യത്തിൽ പരസ്പര സഹായത്തിന്  ഒരു ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്.  നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ ഒരു കൊറോണക്കേസ് ഉണ്ടായാൽ അതെങ്ങനെ കൈകാര്യം ചെയ്യുമെന്ന് ചർച്ച ചെയ്യണം, അല്ലെങ്കിൽ ആളുകൾ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കും, കൊറോണ ഇല്ലാത്ത കാലത്ത് ഇത്തരത്തിൽ ബന്ധങ്ങളിൽ ഉണ്ടാക്കിയ മുറിവുകൾ മാറുകയുമില്ല.
  1. കോവിഡിന്റെ ചികിത്സ  തൽക്കാലം സർക്കാർ ചിലവിലാണ്. ഇത് എക്കാലവും നിലനിൽക്കണമെന്നില്ല, പോരാത്തതിന് കൊറോണ ഇല്ലെങ്കിലും മറ്റുള്ള ആരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകാമല്ലോ. ആശുപത്രി ചിലവുകൾ കൂടി വരികയുമാണ്. അതുകൊണ്ട് തന്നെ ഒരു നല്ല ആരോഗ്യ ഇൻഷുറൻസ് എടുത്തുവെക്കാൻ ഇതിലും പറ്റിയ സമയമില്ല. വൈകിക്കരുത്.
  1. കോവിഡ് സമയം നമ്മൾ മുന്നേ ചെയ്യേണ്ടതും എപ്പോഴും മാറ്റിവെച്ചിരുന്നതുമായ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള അവസരമായി എടുക്കണം. ഉദാഹരണത്തിന് നമ്മുടെ വീടെല്ലാം വൃത്തിയാക്കി, പുറത്തു കളയേണ്ട സാധനങ്ങൾ കളയുക, പുസ്തകങ്ങളുടെ കാറ്റലോഗ് ഉണ്ടാക്കുക, വീട്ടിലെ ഫർണിച്ചർ റീ-ഓർഗനൈസ് ചെയ്യുക, വീട് അൽപ്പം മോടി പിടിപ്പിക്കുക, വീടിന് ചുറ്റും സ്ഥലമുണ്ടെങ്കിൽ അവിടെ കൃഷി ചെയ്യുക, വീടിന് മുകളിൽ സ്ഥലമുണ്ടെങ്കിൽ ടേബിൾ ടെന്നിസ് ടേബിൾ വാങ്ങി കളി തുടങ്ങുക, വീടിന്റെയും സ്ഥലത്തിന്റെയും ഡോക്യുമെന്റ് എടുത്തുനോക്കി കരം ശരിയായി അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, ഓൺലൈൻ ആയി എന്തെങ്കിലും പഠിക്കാൻ തുടങ്ങുക.
  1. കോവിഡ് കാലം ബുദ്ധിമുട്ടുകളുടേയും സമ്മർദ്ദങ്ങളുടേയും കൂടി കാലമാണ്. ആരോഗ്യത്തെ കുറിച്ചോർത്ത് പേടിക്കുന്ന അപ്പൂപ്പൻ മുതൽ വിദ്യാഭ്യാസത്തെ പറ്റി പേടിച്ചിരിക്കുന്ന ഒന്നാം ക്‌ളാസ്സുകാരി വരെ എല്ലാവരും വിഷമിച്ചിരിക്കുന്നു. തൊഴിലിന് വേണ്ടി പുറത്തു പോകേണ്ടി വരുന്നവരും തൊഴിൽ നഷ്ടപ്പെട്ട് വീട്ടിൽ ഇരിക്കുന്നവരും വ്യത്യസ്ത രീതിയിൽ മാനസിക സംഘർഷത്തിലാണ്. വീട്ടമ്മമാരും വീട്ടിൽ ഇരുന്നു തൊഴിലെടുക്കേണ്ടി വരുന്ന സ്ത്രീകളും വ്യത്യസ്ത രീതികളിൽ അസ്വസ്ഥരാണ്. പതിവ് സുഹൃത്തുക്കളെ കാണാനോ വിഷമങ്ങൾ പങ്കുവെക്കാനോ അവർക്ക് കഴിയുന്നില്ല. സാധാരണനിലയിൽ വീടിന് പുറത്ത് പോകാൻ സാധ്യതയുള്ളവർ കൂടി വീട്ടിലിരിക്കേണ്ടി വരുന്നു, സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിൽ വരുന്നില്ല, സിനിമക്കോ ക്ഷേത്രത്തിലോ ഹോട്ടലിലോ പോകാൻ പറ്റുന്നില്ല. ഇങ്ങനെ ഓരോരുത്തരുടേയും സമ്മർദ്ദം വർദ്ധിക്കുന്നു. മറ്റുള്ളവരുടെ വിഷമം കേൾക്കാനുള്ള മാനസിക അവസ്ഥയിൽ അല്ല ആരും തന്നെ. ഇത് എല്ലാ കുടുംബങ്ങളെയും പ്രഷർ കുക്കറിൽ ആക്കിയിരിക്കയാണ്. ഇക്കാര്യങ്ങൾ സ്വയം അറിഞ്ഞു പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ അടിപിടി മുതൽ ആത്മഹത്യ വരെ എത്തും. വീട്ടിലെ മുതിർന്നവരെങ്കിലും ഇത്തരത്തിൽ എല്ലാവരും മാനസിക സംഘർഷത്തിലാണ് എന്നറിഞ്ഞു പെരുമാറുക, കുട്ടികളോടും പ്രായമായവരോടും കൂടുതൽ സംസാരിക്കുക, ഒരുമിച്ച് വീട്ടിലിരുന്ന് സിനിമ കാണുക, പഴയ നല്ല ദിവസങ്ങളെ പറ്റി സംസാരിക്കുക, കൊറോണക്കാലം കഴിഞ്ഞാൽ എന്ത് ചെയ്യുമെന്ന് പ്ലാൻ ചെയ്യുക. വീട്ടിൽ ആർക്കെങ്കിലും കൂടുതൽ സമ്മർദമോ വിഷാദമോ ഉള്ളതായി തോന്നുന്നുണ്ടെങ്കിൽ പ്രൊഫഷണൽ സഹായം സ്വീകരിക്കാൻ മടിക്കേണ്ട. ഇത്തരം സഹായം നൽകാൻ ആയിരത്തിലധികം കൗൺസലർമാർ ഉണ്ട്, മാർച്ച് മുതൽ ഇത് വരെ അവർ രോഗികളോടും ബന്ധുക്കളോടും ക്വാറന്റൈനിൽ ഉള്ളവരോടുമായായി ആറു ലക്ഷത്തിലധികം  ആളുകളെ വിളിച്ചു സംസാരിക്കുകയും ചെയ്തു. പക്ഷെ ഇതിൽ അഞ്ചു ശതമാനത്തിലും താഴെയാണ് അവരെ നേരിട്ട് വിളിച്ചവരുടെ എണ്ണം. മാനസിക വിഷമങ്ങൾക്ക് പ്രൊഫഷണൽ സഹായം തേടാനുള്ള വിമുഖത ഇപ്പോഴും സമൂഹത്തിലുണ്ട്. കൊറോണ നമ്മുടെ ഒപ്പം കുറച്ചു നാൾ കൂടി കാണും, സാന്പത്തികവും മാനസികവും ആയി നമ്മുടെ കരുത്ത് കുറയുകയാണ്, വിഷമവും മാനസിക സമ്മർദ്ദവും ഉണ്ടാകും, അത് അംഗീകരിക്കുന്നതും സഹായം സ്വീകരിക്കുന്നതും മോശം കാര്യമല്ല.
  1. എറിക് സീഗളിന്റെ പ്രശസ്‌തമായ ലവ് സ്റ്റോറി എന്ന പുസ്തകത്തിൽ ആണെന്ന് തോന്നുന്നു  നായികക്ക് കാൻസർ വരുന്നു, ഭർത്താവ് ആകെ വിഷമത്തിലാണ്, എന്താണ് സംസാരിക്കേണ്ടത് എന്നയാൾക്ക് അറിയില്ല. അപ്പോൾ നായിക പറയുന്ന പ്രശസ്തമായ ഒരു വാചകം എപ്പോളും ഞാൻ ഓർക്കാറുണ്ട്.  “Let us talk about my funeral arrangements, then everything else will be an improvement” (ആദ്യം നമുക്ക് എൻറെ ശവമടക്കിന്റെ രീതികളെ പറ്റി സംസാരിക്കാം, അപ്പോൾ അതിന് ശേഷം വരുന്ന ഏത് വിഷയവും അതിലും നന്നായി തോന്നും !). ഈ കൊറോണക്കാലത്ത് ഞാൻ ആദ്യമേ ചെയ്തത് എൻറെ വിൽപത്രം അപ്ഡേറ്റ് ചെയ്തുവെക്കുക ആണ്. അപ്പോൾ പിന്നെ ബാക്കി എന്ത് പ്ലാൻ ചെയ്യുന്നതിനും ഒരു പോസിറ്റിവിറ്റി തോന്നും. 

ഓരോ വർഷവും പതിനായിരത്തോളം ആളുകൾ അപകടങ്ങളിൽ മരിക്കുന്ന കേരളത്തിൽ ആളുകൾ പൊതുവെ വിൽപത്രം എഴുതാൻ മടിക്കുന്നുവെന്നത് എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്. ബഹു ഭൂരിപക്ഷം കുടുംബങ്ങളിലും അച്ഛനമ്മമാരുടെ ആസ്തി ബാധ്യതകൾ പരസ്പരം അറിയില്ല, മക്കൾക്ക് ഒരു പിടിയുമില്ല.  ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് ഒരാൾ മരിച്ചു കഴിഞ്ഞാൽ അവരുടെ സന്പത്തിന്റെ അവകാശി ആരാണെന്ന് പോലും ഭൂരിപക്ഷം ആളുകൾക്കും അറിയില്ല. ഇന്ത്യയിൽ നിങ്ങൾ ആണോ പെണ്ണോ, നിങ്ങളുടെ മതം ഏത്, നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും മരണാന്തരം നിങ്ങളുടെ സ്വത്തിലുള്ള അവകാശങ്ങൾ. നിങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് ഒരു പണികൊടുക്കണമെങ്കിൽ  വിൽ എഴുതിവെക്കാതിരിക്കുന്നതിലും നല്ലൊരു വഴിയില്ല!.  കേരളത്തിൽ ആസ്തി ബാധ്യതകളുള്ള എല്ലാവരും വിൽപത്രം എഴുതിവെക്കണമെന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്, ഈ കൊറോണക്കാലത്ത് അത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

 

 

Leave a Comment