സാധാരണഗതിയിൽ തന്നെ ഒരു ദിവസം വാട്സ്ആപ്പിൽ ഇറങ്ങുന്ന അർത്ഥസത്യങ്ങൾക്ക് ഒരു കണക്കുമില്ല. ഒരു ദുരന്തകാലമായാൽ പിന്നെ പറയാനില്ല. കൊറോണക്കാലവും വ്യത്യസ്തമല്ല. ദിവസം പത്തുപേരെങ്കിലും ഏതെങ്കിലും ഫേക്ക് ന്യൂസുമായി എന്റെയടുത്തെത്തും. സത്യത്തിൽ എനിക്ക് ചൊറിഞ്ഞു വരും. ചിലപ്പോൾ ഞാൻ അവരോട്ട് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറോട് പോയി ചോദിയ്ക്കാൻ പറയും.
ഈ ഫേക്ക് ന്യൂസുകളുടെ പ്രത്യേകത, എത്ര എളുപ്പത്തിലാണ് ആളുകൾ അത് വിശ്വസിക്കുന്നത്, എന്തു വേഗത്തിലാണ് അത് പടരുന്നത് എന്നതാണ്. സത്യമായ ഒരു വാർത്ത കേട്ടാൽ, ഉദാഹരണത്തിന് കൊറോണ പ്രതിരോധിക്കാൻ ആളുകൾ വീട്ടിന് പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ, ആളുകൾ അത് വിശ്വസിക്കാൻ മടിക്കും. ആര് പറഞ്ഞു, എപ്പോൾ പറഞ്ഞു, എന്ത് പറഞ്ഞു എന്നൊക്കെ ചോദിക്കും.
ഏതെങ്കിലും ഒരു നഗരത്തിൽ കൊറോണമൂലം ആളുകൾ തെരുവിൽ മരിച്ചു വീഴുകയാണെന്നോ മരിച്ചവരെ ദഹിപ്പിക്കുന്നതിനാൽ ഒരു നഗരത്തിൽ വായുമലിനീകരണം കൂടി എന്നോ വാർത്ത വന്നാൽ, അത് വെള്ളം തൊടാതെ വിഴുങ്ങും. പിന്നെ നിലം തൊടാതെ പറക്കുകയാണ്.
ആരാണ് ഈ ഫേക്ക് ന്യൂസ് ഉണ്ടാക്കുന്നത്? എന്തുകൊണ്ട് അത് ചെയ്യുന്നു എന്നെല്ലാം ഗവേഷണ വിഷയമാക്കേണ്ടതാണ്. ഇന്നത്തെ എന്റെ വിഷയം അതല്ല.
ഈ ഫേക്ക് ന്യൂസുകളെ പ്രതിരോധിക്കുന്ന ഒരു സംഘം ആളുകൾ ഇന്ത്യയിലുണ്ട്. ഓരോ തട്ടിപ്പ് വാർത്തകൾ വരുന്പോഴും അതിന്റെ ആധികാരികത കണ്ടുപിടിച്ച്, ഓരോ ചിത്രത്തിന്റെയും ഒറിജിനൽ സോഴ്സ് മനസ്സിലാക്കി, മഞ്ഞൾ ഉപയോഗിച്ച് കൊറോണയെ തടുക്കാം എന്ന് പറയുന്ന ഡോക്ടർമാരെ വിളിച്ച് അവരുടെ അഭിപ്രായം നേരിട്ട് മനസ്സിലാക്കി ഒക്കെയാണ് അവർ ഈ ഫേക്ക് ന്യൂസുകളെ നിർവീര്യമാക്കുന്നത്. ഇവർ ഉള്ളതുകൊണ്ടാണ് കേശവൻമാമന്മാർ ഇനിയും ലോകത്തെ കീഴടക്കാത്തത്.
ഇക്കാര്യത്തിൽ കേരളത്തിൽ ഏറ്റവും അറിവും പരിചയവുമുള്ളത് എന്റെ സുഹൃത്തായ ശ്രീ സുനിൽ പ്രഭാകറിനാണ്. Sunil Prabhakar .
കേരളത്തിൽ പൊതുവെ അറിയപ്പെടുന്ന ആളല്ല. ലോകത്ത് അനവധി സ്ഥലങ്ങളിൽ അദ്ദേഹം ഈ വിഷയത്തിൽ പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഗൂഗിൾ ഉൾപ്പടെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അദ്ദേഹത്തെ അറിയാം. സാധാരണയായി അദ്ദേഹത്തിന്റെ പരിശീലന പരിപാടികൾ വിദഗ്ദ്ധർക്കും മാധ്യമ പ്രവർത്തകർക്കും മാത്രമേ ലഭ്യമാകാറുള്ളൂ.
അടുത്ത മാസം പതിനൊന്നാം തീയതി ഗൂഗിൾ “COVID19: Dealing with Misinformation During During the Pandemic” എന്ന വിഷയത്തെ പറ്റി ഒരു വെബ്ബിനാർ സീരിസ് സംഘടിപ്പിക്കുന്നു. രാവിലെ പതിനൊന്നു മണിക്കാണ് (ഇന്ത്യൻ സമയം). ഈ വിഷയത്തെ പറ്റി അറിയാനുള്ള അപൂർവ്വമായ അവസരമാണ്. രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഒന്നമത്തെ കമന്റിൽ.
മുരളി തുമ്മാരുകുടി
Leave a Comment