പൊതു വിഭാഗം

കൊറോണക്കാലത്തെ ചിത്രങ്ങൾ…

എന്നാൽ ഞാൻ ഇനി ഒരു സത്യം പറയട്ടെ?
 
ഈ മാസ്കും വച്ച് ലോക്ക് ഡൗണിൽ ഇരിക്കുന്ന പണി ഞാൻ ആദ്യമായിട്ടല്ല ചെയ്യുന്നത്.
 
1998 ൽ ദക്ഷിണ പൂർവ്വ ഏഷ്യ മുഴുവൻ പുക കൊണ്ട് നിറഞ്ഞു. ബോർണിയോ എന്ന ദ്വീപിലെ കാടുകൾ കത്തുന്നതിൽ നിന്നാണ് ഇതിന്റെ തുടക്കം. ജക്കാർത്ത മുതൽ സിംഗപ്പൂർ വരെയുള്ള വിമാനത്താവളങ്ങൾ സർവ്വീസ് നിറുത്തിവെച്ചു, ഏറ്റവും തിരക്കുള്ള കപ്പൽ പാതയായ മലക്കാ കടലിടുക്കിൽ കപ്പലുകൾ ഓടാതായി.
ബോർണിയോ ദ്വീപിലെ തന്നെ ചെറിയൊരു രാജ്യമാണ് ബ്രൂണൈ. നൂറു കിലോമീറ്റർ നീളവും അന്പത് കിലോമീറ്റർ വീതിയും മാത്രം. ആ രാജ്യമാകെ പുക കൊണ്ട് നിറഞ്ഞു. ബ്രൂണെയിലെ കാടുകളിലും അഗ്നിബാധ ഉണ്ടായി. വായു മലിനീകരണത്തിന്റെ തോത് വർദ്ധിച്ചു. സാധാരണ ഗതിയിൽ എയർ പൊലൂഷൻ ഇൻഡക്സ് അന്പതിന് താഴെയുള്ള ബ്രൂണെയിൽ അത് അഞ്ഞൂറിന് മുകളിലെത്തി. അഞ്ഞൂറിന് മുകളിൽ വായു മലിനീകരണം എത്തിയാൽ അതൊരു അടിയന്തിരാവസ്ഥയായി കണക്കാക്കണം എന്നാണ് വിദഗ്ദ്ധാഭിപ്രായം.
 
അന്ന് ഞാൻ ബ്രൂണൈ ഷെല്ലിൽ പരിസ്ഥിതി പഠന വിഭാഗം മേധാവിയാണ്. സാധാരണഗതിയിലുള്ള അയ്യായിരം ജോലിക്കാരും പതിനായിരം കോൺട്രാക്ട് ജോലിക്കാരും കൂടാതെ അന്ന് പതിനയ്യായിരം പേർ ഒരു സീസ്മിക് സർവേയ്‌ക്കായി ബ്രൂണെയിൽ ഉണ്ട്. അവരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള അവസരവും ഉത്തരവാദിത്തവും എനിക്ക് കിട്ടി.
ഷെൽ പോലെ ഒരു എണ്ണക്കന്പനിക്ക് വേണ്ടി ജോലി ചെയ്യുന്പോൾ ഒരു ഗുണമുണ്ട്. സാങ്കേതികമായി എന്തെങ്കിലും ഉപദേശം നൽകിയാൽ മുകളിലുള്ളവർ ശ്രദ്ധിക്കും, തൊഴിലാളികളുടെ ജീവന് അവർ വലിയ മൂല്യം നൽകുന്നത് കൊണ്ട് തന്നെ അക്കാലത്ത് എന്ത് കാര്യം പറഞ്ഞാലും, അതിന് എത്ര മില്യൺ ഡോളർ ചിലവുണ്ടെങ്കിലും, തീരുമാനം ഉടനടി ഉണ്ടാകും. മാസ്കുകൾ കൊട്ടക്കണക്കിന് എത്തി, സ്‌കൂളുകൾ നേരെത്തെ തന്നെ അടച്ചിട്ടു, നാട്ടിൽ പോകണം എന്നുള്ളവർക്ക് അതിനുള്ള സൗകര്യം നൽകി, വീടുകൾ ലോക്ക് ഡൌൺ ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകി. ഓരോ ദിവസവും എന്താണ് അന്നത്തെ സംഭവ വികാസങ്ങൾ, കന്പനി എന്താണ് ചെയുന്നത്, കാലാവസ്ഥ എങ്ങനെയാണ് മാറുന്നത്, അടുത്ത ദിവസം മലിനീകരണം എങ്ങനെയായിരിക്കും എന്നൊക്കെ ആളുകളോട് നിരന്തരം സംവദിച്ചു. ഒരു വലിയ ദുരന്തം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഞാൻ ഏറ്റവും കൂടുതൽ പഠിച്ചത് ആ കാലത്താണ്.
 
ആളുകളുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെയാണ് അന്ന് ചെയ്തതെന്ന് പിന്നീടൊരിക്കൽ പറയാം. മൂന്നു കാര്യങ്ങൾ മാത്രം ഇപ്പോൾ പറയാം.
 
1. രാജ്യം മുഴുവൻ പുക മൂടി നിന്ന കാലത്ത് ആളുകൾക്ക് മാസ്ക്കും ധരിച്ച് വീടിനുള്ളിൽ ഇരിക്കാനല്ലാതെ വേറൊരു ചിന്തയും ഇല്ലാത്ത സമയത്തും എന്താണ് ഈ പുകയിൽ ഉള്ള രാസവസ്തുക്കൾ എന്നതിനെ പറ്റി ഒരു ഗവേഷണം നടത്തണമെന്ന് ഞാൻ തീരുമാനിച്ചു. ബ്രൂണെയിലെ യൂണിവേഴ്‌സിറ്റിയും ഓസ്‌ട്രേലിയയിലെ ചില വിദഗ്ദ്ധരുമായി ചേർന്ന് അന്ന് ഞങ്ങൾ നടത്തിയ പഠനം ഇപ്പോൾ ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നവർക്കുള്ള അടിസ്ഥാന രേഖയാണ്. നമ്മൾ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്പോൾ അത് തൽക്കാലികമായി കൈകാര്യം ചെയ്യാനായിരിക്കും നമ്മൾ സമയം മുഴുവൻ ചിലവാക്കുന്നത്. പക്ഷെ അത് പോരാ. വരും തലമുറക്ക് വേണ്ടി നമ്മൾ പാഠങ്ങൾ പഠിക്കണം, എഴുതിവെക്കണം.
 
2. ഇപ്പോഴത്തെ ലോക്ക് ഡൗണിൽ വീട്ടിലിരുന്നാൽ പിന്നെ നമ്മുടെ അടുത്തേക്ക് വേറെ കുഴപ്പങ്ങൾ ഒന്നും വരില്ലല്ലോ. പക്ഷെ വായു മലിനീകരണം അങ്ങനെയല്ല. നമ്മുടെ വീട്ടിനുള്ളിൽ പോലും പുക എത്തും, അത് ശ്വസിക്കാതിരിക്കാൻ കഴിയില്ല. അതിനകത്ത് കുഴപ്പക്കാരായ വസ്തുക്കൾ – പിൽക്കാലത്ത് കാൻസർ ഉണ്ടാക്കുന്നവ ഉൾപ്പടെ ഉണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് കന്പനിയിലുള്ള എല്ലാ ജോലിക്കാരുടെ വീട്ടിലേക്കും ഓരോ എയർ പ്യൂരിഫയർ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. നെതർലാൻഡ്‌സിൽ നിന്നും ഒരു കാർഗോ വിമാനം ചാർട്ടർ ചെയ്താണ് അത് എത്തിച്ചത്. വീട്ടിലേക്കുള്ള വായുവിന്റെ പ്രവേശനം പരമാവധി തടഞ്ഞിട്ട് ഇത് വീടിനുള്ളിൽ ഉപയോഗിച്ചാൽ ഒരു പരിധിവരെ ആളുകളെ രക്ഷിക്കാം. കോടിക്കണക്കിന് രൂപ അന്ന് ചിലവായെങ്കിലും അതിൽ കുറച്ചുപേർക്കെങ്കിലും പിൽക്കാലത്ത് രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്നും തടയാൻ അത് ഉപകരിച്ചിരിക്കും. പക്ഷെ രോഗം ഉണ്ടാകാത്തിടത്തോളം കാലം ആരും അത് അറിയില്ലല്ലോ (ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്പോൾ അതിന് അനുമോദനങ്ങൾ പ്രതീക്ഷിക്കരുത് എന്ന രണ്ടാമത്തെ പാഠം ഇവിടെയാണ് പഠിച്ചത്). (കൂട്ടത്തിൽ എനിക്കും ഒരു എയർ ഫിൽറ്റർ കിട്ടിയിരുന്നു. എന്റെ സുഹൃത്തിന്റെ ഭാര്യ അന്ന് പൂർണ്ണ ഗർഭിണിയാണ്. ഈ പുകയിലേക്ക് ജനിച്ചു വീഴുന്ന കുട്ടികളുടെ ശ്വാസകോശത്തോട് അത് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ഊഹിക്കാം. അതുകൊണ്ടു തന്നെ ആ എയർ ഫിൽറ്റർ ഞാൻ ആ കുടുംബത്തിന് കൊടുത്തു. ആ കുട്ടിയിപ്പോൾ ആരോഗ്യത്തോടെ ഡിഗ്രി ഒക്കെ കഴിഞ്ഞു ജീവിക്കുന്നുണ്ടാകണം !).
മൂന്നാമത് ചെയ്ത കാര്യമാണ് ഇപ്പോൾ പ്രസക്തമായത്.
പുകയെല്ലാം മാറിക്കഴിഞ്ഞപ്പോൾ ഞാൻ ആ രാജ്യത്തെ ഒരു സ്‌കൂളുമായി ചേർന്ന് കുട്ടികൾക്കായി ഒരു പെയിന്റിംഗ് കോംപറ്റീഷൻ നടത്തി. ‘When Haze Came’ എന്നതായിരുന്നു അതിന്റെ തീം. വ്യാപകമായ പങ്കാളിത്തമായിരുന്നു. കേരളത്തിൽ നിന്നും അന്ന് ബ്രൂണെയിൽ ജോലി ചെയ്തിരുന്ന Somasekharan B Pillai സാർ ഈ വിഷയത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്. ഈ കുട്ടികളുടെ പെയിന്റിങ് എല്ലാം വെച്ച് ഞങ്ങൾ ഒരു എക്ഷിബിഷൻ നടത്തുകയും ചെയ്തു.
 
അപ്പോൾ പറഞ്ഞുവന്നത്, ഈ ലോക്ക് ഡൌൺ ഒന്നും ലോകത്ത് ആദ്യമായിട്ടല്ല. ഈ കാലവും കടന്നു പോകും. നമ്മൾ എല്ലാവരും ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ വേണ്ടതു പോലെ ചെയ്താൽ മതി.
ബ്രൂണൈയിലെ അനുഭവത്തെ കൂട്ടുപിടിച്ച് ലോക്ക് ഡൗണിൽ ഇരിക്കുന്ന കുട്ടികൾക്കായിട്ട് ഞാൻ ഒരു പെയിന്റിങ്ങ് ഉത്സവം പ്ലാൻ ചെയ്തിട്ടുണ്ട്.
 
‘ലോക്ക് ഡൌൺ കാലം’ എന്നതാണ് വിഷയം. പതിനേഴ് വയസ്സിന് താഴെയുള്ള ഏതു കുട്ടികൾക്കും അയക്കാം, ഏതു മാധ്യമവും ആകാം, വലുപ്പത്തിനും നിബന്ധനകൾ ഇല്ല. മെയ് മാസം ഒന്നാം തീയതിക്ക് മുൻപ് പറ്റിയാൽ കളർ സ്കാൻ ചെയ്ത്, അല്ലെങ്കിൽ നല്ല ഫോട്ടോ എടുത്ത് Sindhukb@hotmail.com എന്ന അഡ്ഡ്രസ്സിൽ അയക്കണം. കുട്ടിയുടെ പേരും പ്രായവും ഈമെയിലിൽ ഉണ്ടായിരിക്കണം.
 
മുരളി തുമ്മാരുകുടി .

Leave a Comment