വെങ്ങോല മുതൽ സാൻഫ്രാൻസിസ്ക്കോ വരെ സൂര്യനസ്തമിക്കാതെ വ്യാപിച്ചു കിടക്കുന്ന ഒരു കുടുംബമാണ് തുമ്മാരുകുടി. നാലാം ക്ലാസ് മുതൽ പി. എച്ച്. ഡി. വരെ പഠിച്ചവരും, നഴ്സറിയിൽ എത്താത്തവർ മുതൽ റിട്ടയർ ആയവർ വരെയുള്ള പ്രായക്കാരുമുണ്ട്. സ്വന്തം വ്യക്തിത്വത്തെ കുറിച്ച് എല്ലാവർക്കും കൃത്യമായ ബോധമുള്ളതിനാൽ കുടുംബത്തിലെ വാട്ട്സ്ആപ് ഗ്രൂപ്പിന്റെ പേര് ‘വെങ്ങോല കൂതറകൾ’ എന്നാണ്. വാക്സിനെതിരെ വാട്ട്സ്ആപ് യുദ്ധം നടത്തുന്ന കേശവൻ മാമന്മാരെയും സ്വകാര്യതയിൽ വർഗീയം പറയുന്ന സുമേഷുമാരെയും നിർത്തിപ്പൊരിക്കുന്ന സ്ഥലമായതുകൊണ്ട് പത്താം വർഷത്തിലും അത്യാവശ്യം ഹാപ്പി ബർത്ഡേയും കുറെ നൊസ്റ്റാൾജിയയും കുറച്ചു വിവരങ്ങൾ പങ്കുവെക്കലുമായി പത്താം വർഷവും ഗ്രൂപ്പ് തുടരുന്നു.
ഇത്തരത്തിൽ ഞങ്ങളുടെ അകന്ന ബന്ധുവായ ഒരു ചേച്ചിയുടെ മരണവിവരം പങ്കുവെച്ചതിന്റെ ചുവട്ടിൽ മൂത്ത ചേച്ചി ഒരു കാര്യം പറഞ്ഞു.
“മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലും അന്വേഷിക്കുന്നതിലും നമ്മൾ (കൂതറകൾ) പിന്നിലാണെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ വീട്ടിൽ ഏത് ആവശ്യത്തിനും അവർ തിരുവനന്തപുരത്ത് ആയിരുന്നപ്പോൾ പോലും കുടുംബസമേതം വരുമായിരുന്നു. അച്ഛനൊക്കെ ആശുപത്രിയിൽ കിടക്കുന്പോൾ നമ്മുടെ വീട്ടുകാരെല്ലാം എത്രയോ പ്രാവശ്യം വന്നിരുന്നു. ദിവസവും വന്നിരുന്നവർ പോലുമുണ്ട്. തിരികെ പലയിടത്തും നമ്മൾ പോയിട്ടുണ്ടോ? ഇല്ല, എന്ന് കുറ്റബോധത്തോടെ ഞാൻ ഓർമ്മിക്കുന്നു. കാരണം സൗകര്യക്കുറവല്ല, മടിയാണ്.”
ചേച്ചി പറഞ്ഞതിൽ പകുതി സത്യമുണ്ട്. വീട്ടിൽ എന്താവശ്യത്തിനും ബന്ധുക്കളും സുഹൃത്തുക്കളും, വിളിച്ചാലും വിളിച്ചില്ലെങ്കിലും എത്താറുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് ഓടിയെത്തുന്നതിൽ എന്റെ ചേച്ചി ഒന്നാം സ്ഥാനത്തു തന്നെയുണ്ട്. വാസ്തവത്തിൽ ചേച്ചിയും ചേട്ടനും അനിയനും ഒക്കെ നാട്ടുനടപ്പും പ്രോട്ടോക്കോളും അനുസരിച്ച് എല്ലായിടത്തും ഓടിയെത്തുന്നതുകൊണ്ടാണ് ഞാനൊക്കെ വലിയ ചീത്തപ്പേരില്ലാതെ കഴിഞ്ഞുപോകുന്നത്.
സത്യം പറഞ്ഞാൽ എനിക്ക് അടുപ്പക്കാരെ കാണുന്നതിൽ ഒട്ടും മടിയോ പിശുക്കോ ഉള്ള ആളല്ല. നാട്ടിൽ ഇല്ലാത്തതുകൊണ്ട് എല്ലായിടത്തും ആവശ്യമുള്ള സമയത്ത് എത്തിപ്പറ്റാറില്ല എന്നേയുള്ളു. എന്നാൽ 1986 ൽ കാൺപൂരിൽ പോയ അന്നുമുതൽ ഓരോ തവണ നാട്ടിലെത്തുന്പോഴും ഞാൻ കാണേണ്ടവരുടെ ഒരു ലിസ്റ്റ് ഉണ്ടാകും. സാധിക്കുന്നിടത്തോളം ആളുകളെ കാണും. ഒരിക്കൽ കാണാൻ പറ്റാതിരുന്നാൽ അടുത്ത തവണ വിസിറ്റ് തുടങ്ങുന്നത് അവിടെ നിന്നായിരിക്കും.
എന്നാൽ ഒരു കാര്യമുണ്ട്. ഞാൻ ആരെ കാണുന്നു, ആരെ കാണുന്നില്ല എന്ന് തീരുമാനിക്കുന്നത് ഫാമിലി ട്രീയിൽ എന്റെ എത്ര അടുത്ത ബന്ധമാണ് എന്ന് നോക്കിയല്ല, ചെറുപ്പത്തിൽ, ഞാൻ ഒന്നുമല്ലാതിരുന്ന കാലത്ത്, ഒന്നും ആകുമെന്ന് ഞാനോ അവരോ ചിന്തിക്കാതിരുന്ന കാലത്ത്, എന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്നവരാണ് ലിസ്റ്റിൽ മുന്നിലുള്ളത്.
അതുകൊണ്ടുതന്നെ ചെറുപ്പകാലത്ത് എന്റെ വയറ്റിൽ നീര് വന്ന രാത്രി എന്നെയും എടുത്തുകൊണ്ട് ഓടി ആശുപത്രിയിൽ പോയ പാലമൂപ്പനെ കാണാൻ ഒരിക്കലും ഞാൻ മറക്കാറില്ല.
കുഞ്ഞുന്നാളിൽ എന്നൊക്കെ എന്നെ വെങ്ങോലക്കവലയിൽ കണ്ടിട്ടുണ്ടോ അന്നെല്ലാം അഞ്ചു പൈസക്ക് പല്ലിമുട്ടായി വാങ്ങിത്തന്നിരുന്ന ഒരാളുണ്ടായിരുന്നു, അമ്മാവന്റെ സുഹൃത്തും നാട്ടുകാരനായ പാപ്പി മാപ്പിള. പിന്നീട് ഞാൻ ബ്രൂണെയിലൊക്കെ പോയതിനു ശേഷം അദ്ദേഹത്തെ കാണാൻ പോയി. വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു, “എന്റെ പിള്ളേ, വിദേശത്തൊക്കെ നല്ല മദ്യം കിട്ടുകില്ലേ. വരുന്പോൾ ഈ വയസ്സന്മാർക്ക് അതൊരെണ്ണം കൊണ്ടുവന്നുകൂടെ?”
ജീവിതത്തിൽ ആർക്കും അച്ഛൻ ഉൾപ്പെടെ പുകയിലയോ മദ്യമോ വാങ്ങിക്കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്ന ആളാണ് ഞാൻ. പക്ഷെ, അടുത്ത തവണ സിംഗപ്പൂർ വിമാനത്താവളത്തിൽ നിന്നും ബ്ളാക്ക് ലേബൽ പാപ്പിമാപ്പിളയുടെ വീട്ടിലെത്തി.
ബ്ളാക്ക് ലേബൽ മാത്രമല്ല, എനിക്കൊരു “ബ്ളാക്ക് ലിസ്റ്റും” കൈയിലുണ്ട്. അത് ചെറുപ്പത്തിൽ എന്നോട് വിവേചനബുദ്ധിയോടെ പെരുമാറിയവരുടെ ആണ്. പതിറ്റാണ്ടുകൾ പലത് കഴിഞ്ഞതിനാൽ അവരോടെല്ലാം ഞാൻ പൊറുത്തുകഴിഞ്ഞു. എന്നാലും ഒന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. ഇവരൊക്കെ എത്ര അടുത്ത ബന്ധുക്കൾ ആണെങ്കിലും അവരെക്കാണാൻ പ്രത്യേകിച്ച് ശ്രമിക്കാറില്ല.
ഇത്രയുമൊക്കെ ഞാൻ കൂതറകൾക്ക് എഴുതി. അതോടെ ബ്ളാക്ക് ലിസ്റ്റിനെപ്പറ്റി ചർച്ചയായി. എനിക്ക് മാത്രമല്ല എല്ലാ കൂതറകൾക്കും ഒരോ ബ്ലാക്ക് ലിസ്റ്റ് ഉണ്ട്. എന്തിന് വായിക്കുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും കാണും ഓരോ ബ്ളാക്ക് ലിസ്റ്റ്. കാലവും ദേശവും കാരണങ്ങളും മാറിയേക്കാം എന്നേയുള്ളു.
ഇതെല്ലാം ഇന്ന് ഞാൻ ഓർക്കാൻ ഒരു കാരണമുണ്ട്. കൂതറയിൽ ഇന്നൊരു ഫോട്ടോ വന്നു. ഈ പോസ്റ്റിന്റെ കൂടെയുണ്ട്. ഇത് എന്റെ വീട്ടിൽ ജോലിക്കു വന്നിരുന്ന കൊച്ചുമാലയുടേതാണ്.
കൊച്ചുമാല വീട്ടിൽ ജോലിക്കു വന്നിരുന്നു എന്നത് പേരിന് പറഞ്ഞതാണ്. ജോലിചെയ്യാൻ പ്രായമാകുന്നതിനു മുൻപ് തന്നെ കൊച്ചുമാല എന്റെ വീട്ടിലെത്തിയിരുന്നു. കൊച്ചുമാലയുടെ അമ്മ പുത്തൻ കായി തുമ്മാരുകുടിയിൽ പുറംജോലിക്ക് എത്തുന്പോൾ കൊച്ചുമാലയ്ക്ക് അഞ്ചു വയസ്സാണ്. പണിചെയ്യാൻ പറ്റുന്ന പ്രായമായതു മുതൽ കൊച്ചുമാല വീട്ടിൽ തന്നെയാണ് ജോലി ചെയ്തത്. അത് മരിക്കുന്നതിന് തൊട്ടുമുൻപ് വരെ തുടർന്നു.
എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ രാവിലെ ആദ്യം കാണുന്നത് കൊച്ചുമാലയെയാണ്. ഏറെ നാളായുള്ള അടുപ്പം കാരണം കൊച്ചുമാലക്ക് തുമ്മാരുകുടിയിൽ “സ്വയംഭരണ” അവകാശമുണ്ടായിരുന്നു. രാവിലെ വീട്ടിൽ വരുന്നു. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്യണമെന്ന് കൊച്ചുമാല സ്വയം തീരുമാനിക്കും. കൃഷിപ്പണിയുടെ രീതിയും സീസണും ഒക്കെ കൊച്ചുമാലക്ക് കാണാപ്പാഠമാണ്. ചവറ് വെട്ടുന്നതും, കട്ട തല്ലുന്നതും, ഞാറു നടുന്നതും, കൂടുതൽ ജോലിക്കാരെ വേണമെങ്കിൽ കൊണ്ടുവരുന്നതും, തോന്പും പതന്പും തമ്മിലുള്ള അനുപാതം മാറ്റുന്നതിനായി ജോലിക്കാർക്ക് വേണ്ടി അമ്മാവനോട് വാദിക്കുന്നതും എല്ലാം കൊച്ചുമാലയാണ്. അമ്മ പുറത്തായിരിക്കുന്ന ദിവസങ്ങളിൽ വീട്ടിൽ രത്നമ്മച്ചേച്ചി ഇല്ലെങ്കിൽ സ്കൂൾ വിട്ടുവരുന്പോൾ ആഞ്ഞിലിക്കുരു വറുത്ത് തരുന്നതും അരി വറുത്ത് ശർക്കരയും തേങ്ങയും ചേർത്ത് ഉണ്ടയുണ്ടാക്കി തരുന്നതുമെല്ലാം കൊച്ചുമാലയാണ്. (തുമ്മാരുകുടിയിൽ ഈ പലഹാരത്തെ ഞങ്ങൾ ഭൈരവൻ എന്നാണ് വിളിക്കുന്നത്).
ഇത്തരത്തിൽ എന്റെ ബാല്യകാല ഓർമകളിലെല്ലാം കൊച്ചുമാലയുമുണ്ട്. അതുകൊണ്ടുതന്നെ കാൺപൂരിൽ പോയി ഓരോ തവണയും നാട്ടിലേക്ക് കത്തെഴുതുന്പോഴും പിൽക്കാലത്ത് ഫോൺ വിളിക്കുന്പോഴും എല്ലാം കൊച്ചുമാലയുടെ വിശേഷവും അന്വേഷിക്കും. വീട്ടിലെത്തിയാൽ കൊച്ചുമാലയെ ആദ്യമേ കാണാൻ ശ്രമിക്കും. കാണാൻ പറ്റിയില്ലെങ്കിൽ പങ്കിമലയിൽ വീട്ടിൽ പോയി കാണും.
ഇതാണ് ഹൃദയത്തിലേക്കുള്ള ദൂരം. ഇത് കുടുംബബന്ധം വെച്ച് അളക്കുന്നതല്ല. അന്നും ഇന്നും കൊച്ചുമാല എനിക്ക് സന്തോഷമുള്ള ഒരോർമ്മയാണ്. സ്വർഗ്ഗത്തിലും നരകത്തിലും എനിക്ക് വിശ്വാസമില്ലെങ്കിലും മരിച്ചുപോയവരിൽ ചിലരെ ഇനിയും കാണാനുള്ള ആഗ്രഹം കൊണ്ട് സ്വർഗമുണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. അവിടെ ഞാൻ കാണാനാഗ്രഹിക്കുന്നവരിൽ അച്ഛനും അമ്മാവനും തൊട്ടടുത്ത് കൊച്ചുമാലയുമുണ്ട്. അവരെല്ലാം സ്വർഗ്ഗത്തിലായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
(“അതിന് താങ്കൾ നരകത്തിലേക്കല്ലേ പോകുന്നത്” എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.)
മുരളി തുമ്മാരുകുടി
Leave a Comment