പൊതു വിഭാഗം

കൊച്ചി വാട്ടർ മെട്രോ യാത്രാനുഭവം

കൊച്ചി വാട്ടർ മെട്രോ യാത്രാനുഭവം

കൊച്ചി വാട്ടർ മെട്രോയെ പറ്റി കേട്ടുതുടങ്ങിയ അന്ന് മുതൽ യാത്ര ചെയ്യണം എന്ന് കരുതിയതാണ്. പല വട്ടം സുഹൃത്തും വാട്ടർ മെട്രോ സി.ഇ.ഓ.യും ആയ സാജനോട് “ഉടൻ വരും” എന്ന് പറയുകയും ചെയ്തിരുന്നു. പല കാരണങ്ങളാൽ സാധിച്ചില്ല.

ഇത്തവണ നാട്ടിൽ വന്നപ്പോൾ സാജനുമായി വീണ്ടും ബന്ധപ്പെട്ടു. ഏതാണ് തിരക്ക് കുറഞ്ഞ സമയം, പറ്റിയ റൂട്ട് എന്നൊക്കെ അറിയുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹം മറ്റൊരു ഓഫർ മുന്നോട്ട് വച്ചു. 2024 ഏപ്രിൽ 24 ന് കൊച്ചി മെട്രോ ഒരു വർഷം തികക്കുകയാണ്. അതിന്റെ ഭാഗമായി ഒരു സ്‌പെഷ്യൽ യാത്ര സംഘടിപ്പിക്കുന്നുണ്ട്. “പോരുന്നോ എന്റെ കൂടെ” “എന്നദ്ദേഹം. “എപ്പോൾ വന്നു എന്ന് ചോദിച്ചാൽ മതി” എന്നു ഞാൻ.

രാവിലെ പത്തു മണിക്ക് തന്നെ സ്ഥലത്തെത്തി. കൊച്ചി ഹൈക്കോർട്ട് ജങ്ഷനിൽ തന്നെയാണ് വാട്ടർ മെട്രോ ടെർമിനൽ. കൃത്യമായി ബോർഡ് വച്ചിട്ടുണ്ട്. വാഹനങ്ങളിൽ വരുന്നവർക്ക് അതിനോട് തൊട്ടുള്ള ജി.സി.ഡി.എ. പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.

പാർക്കിങ്ങിൽ നിന്നും കായലിനരികിലൂടെ ഒരു വലിയ നടപ്പാത ഉണ്ട്. അവിടെ കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഒരു ടെർമിനൽ ഉണ്ട്. അതിന് തൊട്ടടുത്താണ് കൊച്ചി വാട്ടർ മെട്രോ ടെർമിനൽ.

കൊച്ചി മെട്രോ ടെർമിനൽ പോലെ തന്നെയാണ് കെട്ടും മട്ടും രീതികളും. മെട്രോ കാർഡ് ഇവിടെയും ഉപയോഗിക്കാം എന്നാണ് പറഞ്ഞത്. അല്ലെങ്കിൽ സിംഗിൾ അല്ലെങ്കിൽ റിട്ടേൺ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് എടുത്താൽ വെയിറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഓരോ ബോട്ടുകളും എപ്പോഴാണ് വരുന്നതെന്ന കൃത്യമായ ഡിസ്‌പ്ളേ ഉണ്ട്.

സ്വാഭാവികമായും സുരക്ഷയുടെ കാര്യമാണ് ആദ്യമേ നോക്കിയത്. സാധാരണ ഗതിയിൽ കേരളത്തിൽ ബോട്ടപകടങ്ങൾ ഉണ്ടായപ്പോൾ എല്ലാം ആദ്യത്തെ കാരണം അനുവദിച്ചതിൽ കൂടുതൽ ആളുകൾ കയറിയതായിരുന്നു. ഇവിടെ അത് പൂർണ്ണമായും ഒഴിവാക്കാനുള്ള സംവിധാനം ഉണ്ട്. ബോട്ടിലേക്ക് കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും കണക്ക് കൃത്യമായി എടുക്കാനുള്ള സംവിധാനം ഉള്ളതിനാൽ അനുവദിച്ചതിൽ കൂടുതൽ ആളുകൾക്ക് ബോട്ടിൽ പ്രവേശനം സാധിക്കില്ല. ബോട്ടിലേക്ക് കയറുന്നത് ഒരു ഫ്ലോട്ടിങ്ങ് ജെട്ടിയിൽ നിന്നുമാണ്, അതും നല്ല വീതിയുള്ള ഒരു റാംപിലൂടെ. കുട്ടികൾക്ക് പോലും സുരക്ഷിതമായി കയറാം. ബോട്ടിൽ എത്തിയാൽ ആദ്യം ലഭിക്കുന്നത് സേഫ്റ്റി ബ്രീഫിങ്ങ് ആണ്. സാധാരണ കപ്പലുകളിൽ കാണുന്ന തരത്തിലുള്ള ഉപകരണങ്ങൾ ബോട്ടിന്റെ വീൽ ഹൗസിൽ ഉണ്ട്. പോരാത്തതിന് “catamaran” ഹൾ ഡിസൈൻ ആണ്.  സുരക്ഷയുടെ കാര്യത്തിൽ എ പ്ലസ് തന്നെയാണ് കാര്യങ്ങൾ. ഭിന്നശേഷി സൗഹൃദമാണ് മെട്രോ സ്റ്റേഷനും ബോട്ടിലേക്ക് കയറയുന്ന റാന്പും ബോട്ടും എല്ലാം. ഇവിടെയും കൊച്ചി മെട്രോ മാതൃകയാണ്. അടുത്ത എ പ്ലസ്.

കടലിൽ നിന്നും നോക്കുന്ന കൊച്ചി പണ്ടേ എ പ്ലസ് ആണ്. കൊച്ചിയിൽ താമസിക്കുന്ന എല്ലാവരും പോലും ഇത് കണ്ടിട്ടില്ല. കരയിലെ ചൂടും, തിരക്കും, ട്രാഫിക്കും, കൊതുകും  കാരണം കൊച്ചി കായലിന്റെ സൗന്ദര്യം പലപ്പോഴും ആളുകൾക്ക് ആസ്വദിക്കാൻ തോന്നാറുമില്ല. മെട്രോ ആയാലും ബോട്ട് ആയാലും കായലിലൂടെ ഉളള യാത്ര, കായലിൽ നിന്നും കാണുന്ന കൊച്ചി നഗരം, അടുത്തുള്ള ദ്വീപുകൾ, കപ്പലുകൾ, ഹാർബർ, ബോട്ടുകൾ  എല്ലാം പകലും രാത്രിയും ഒരുപോലെ മനോഹരമായ കാഴ്ചയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ ഞാൻ ആദ്യമായി സ്‌കൂളിൽ നിന്നും ഉല്ലാസ യാത്ര നടത്തിയത് കൊച്ചിയിലേക്കാണ്. അന്ന് കൊച്ചി ഹാർബറിൽ ഒരു കപ്പൽ കണ്ട കാഴ്ച ഇന്നും ഓർക്കുന്നു. കൊച്ചിക്ക് ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കൊച്ചി കായലിലൂടെ യാത്ര ചെയ്യുന്പോൾ, ബോൾഗാട്ടി പാലസും ആസ്പിൻവാൾ ഹൗസും കാണുന്പോൾ കൊച്ചി ഇപ്പോഴും പഴയ കൊച്ചിയാണെന്ന് തോന്നും !

എയർ കണ്ടീഷൻ ചെയ്ത കാബിൻ, സുഖപ്രദമായ സീറ്റുകൾ, വളരെ സ്റ്റേബിൾ ആയ യാത്ര, പുറത്തെ കാഴ്ചകൾ കാണാൻ പറ്റുന്ന വിശാലമായ ജനാലകൾ. ഇതൊക്കെ ഒരു ടൂറിസ്റ്റ് ആയി ആദ്യം കാണുകയാണെങ്കിലും സ്ഥിരം യാത്ര ചെയ്യുന്ന ആളാണെങ്കിലും നമ്മളെ പിടിച്ചിരുത്താൻ പോന്നതാണ്.

ജലഗതാഗതത്തിന് പ്രശസ്തമായ ആംസ്റ്റർഡാമും വെനീസും ഉൾപ്പടെ അനവധി സ്ഥലങ്ങളിൽ ബോട്ട് യാത്ര ചെയ്തിട്ടുണ്ട്. കൊച്ചി മെട്രോ അതിനോട് കിട പിടിക്കും എന്നതല്ല, “അതുക്കും മേലെ” ആണെന്നത് ഞാൻ മേനി പറയുന്നതല്ല. സുരക്ഷ, വൃത്തി, നാവിഗേഷൻ, സീറ്റിങ്ങ്, വിൻഡോസ്, പുറത്തേക്കുള്ള കാഴ്ചകൾ എന്നിങ്ങനെ ഏതൊരു മാനദണ്ഡം എടുത്താലും കൊച്ചി വാട്ടർ മെട്രോ നന്പർ 1 തന്നെയാണ്. കഴിഞ്ഞ തവണ (2023 ഒക്ടോബർ)  ഞാൻ ആംസ്റ്റർഡാമിൽ പോയപ്പോൾ ഒരു മണിക്കൂർ ടിക്കറ്റിന് പതിനെട്ട് യൂറോ ആയിരുന്നു ചാർജ്ജ്. കൊച്ചി മെട്രോയിൽ ഒരു മണിക്കൂർ യാത്ര ചെയ്യാൻ അതിന്റെ പത്തു ശതമാനം പോലുമില്ല !, ലോകത്തിൽ ഇത്ര ആധുനികവും സുരക്ഷിതവും ആയ ഒരു വാട്ടർ മെട്രോ യാത്ര ഇത്രയും റേറ്റ് കുറഞ്ഞുണ്ടാകില്ല എന്നുറപ്പാണ്.

ഇപ്പറഞ്ഞത്  കൂടാതെ ഇലക്ട്രിക് ബോട്ടുകൾ ആണ് ഉപയോഗിക്കുന്നത്, അത് സോളാർ ചാർജിങ്ങിൽ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. അപ്പോൾ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പൊതുഗതാഗതത്തിൽ എത്തിക്കുന്നത് കൂടാതെ പൊതു ഗതാഗതം തന്നെ റിന്യൂവബിൾ എനർജി ആക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിലും പരിസ്ഥിതി സൗഹൃദം ആക്കുന്നതിലും കൊച്ചി മെട്രോ അവരുടെ പങ്കു വഹിക്കുന്നു.

നിങ്ങൾ ഇത് വരെ കൊച്ചി മെട്രോ ഉപയോഗിച്ചിട്ടില്ലെങ്കിൽ ഈ അവധിക്കാലത്ത് തന്നെ തീർച്ചയായും ഒരു ട്രിപ്പ് പോകണം. കുട്ടികൾ ഉണ്ടെങ്കിൽ വരെ സുരക്ഷിതമായി കൊണ്ടുപോകാൻ പറ്റുന്ന ഒന്നാണ്, അവർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്യും. കൊച്ചി വാട്ടർ മെട്രോയുടെ മുഴുവൻ ടെർമിനലുകളും ബോട്ടുകളും സജ്ജമാകുന്നതോടെ കൊച്ചിയിലും ചുറ്റിലുമുള്ള യാത്രയുടെ രീതിയും ടൂറിസത്തിന്റെ ഭാവിയും മാറി മറിയും. സംശയമില്ല.

കൊച്ചി മെട്രോയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

വീണ്ടും വരും

മുരളി തുമ്മാരുകുടി

May be an image of 4 people, people smiling, hospital and text that says "WATERMETRO WATER METRO METRO ٧۸ കൊച്ച ച്ചി വാട്ടർ മെട്രോ ഹൈക്കോടതി ക്കൊടതി ജംഗഷൻ Kochi HIGHCOURT ochiWater AA HIGH Water COURT Metro SUNCTION"May be an image of 3 people and the Panama CanalMay be an image of 2 people and text that says "Think Blue. Blue. Go ThinkBlue.GoGren Gr Grean 料 nEHR"

Leave a Comment