പൊതു വിഭാഗം

കൊച്ചി മെട്രോ ആകുമോ?

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കൊച്ചിമെട്രോ യാഥാർഥ്യമാകുകയാണ്. ആലുവ തൊട്ട് പാലാരിവട്ടം വരെയുള്ള സ്റേഷനുകളുടെ അവസാന മിനുക്കുപണികളും പരീക്ഷണ ഓട്ടങ്ങളും തകൃതിയായി നടക്കുന്നു. ആളുകൾക്കായി മെട്രോസ്റ്റേഷനുകൾ തുറന്നുകൊടുക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടതില്ല. മെട്രോക്ക് വേണ്ടി പ്രവർത്തിക്കുന്നവരടക്കം കേരളത്തിലെ എല്ലാ ആളുകളും മെട്രോയുടെ ഓട്ടത്തിനായി ആകാംഷാഭരിതരായി കാത്തിരിക്കുന്നു.

പല സ്ഥലങ്ങളിലും ആവശ്യത്തിന് പാർക്കിങ് സൗകര്യങ്ങളില്ലാത്തതിനാൽ കാർ യാത്രക്കാരൊക്കെ യാത്ര മെട്രോയിലേക്ക് മാറ്റുമോ, അതോ ആദ്യത്തെ പുതുമോടി കഴിയുമ്പോൾ മെട്രോയിൽ കയറാൻ ആളുകളെ കിട്ടാതിരിക്കുമോ, ഇപ്പോഴുള്ള പൊതുഗതാഗത മാർഗ്ഗമായ ബസുകളുടെയും ഓട്ടോ റിക്ഷകളുടേയുമൊക്കെ ഗതിയെന്താകും, തുടങ്ങി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിരവധിയാണ്.

എന്റെ കാഴ്ചപ്പാടിൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിലേക്ക് കുറച്ചാളുകളെ കൊണ്ടുപോകാനുള്ള ഒരു വാഹനം മാത്രമല്ല, മെട്രോറെയിൽ സംവിധാനം. ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കേരളത്തെ നയിക്കാൻ കഴിവുള്ള ഒരു ബൃഹദ് പദ്ധതിയായാണ് ഞാനിതിനെ കാണുന്നത്. അതുകൊണ്ടുതന്നെ കൊച്ചിമെട്രോയെ കേവലം ഒരു ഗതാഗതസൗകര്യം മാത്രമായി നമ്മൾ ചെറുതാക്കി കാണരുത്. പണത്തിന്റെ വരവും ചെലവും ലാഭവും നഷ്ടവും നോക്കിയല്ല, മെട്രോയുടെ വിജയത്തെ അളക്കേണ്ടത്.

‘കേരളത്തിലൊന്നും നടക്കില്ല’, ‘നാട്ടിൽ ഒന്നും നടക്കില്ല’, എന്നൊക്കെ നാം സ്ഥിരം കേൾക്കുന്ന പല്ലവിയാണ്. അമിതമായ രാഷ്ട്രീയം, ഇടുങ്ങിയ വർഗ്ഗീയ ജാതീയ ചിന്തകൾ, മാധ്യമങ്ങളിൽ നിന്നും കോടതിയിൽ നിന്നും വരെ നേരിടേണ്ടിവന്ന ഇടപെടലുകൾ, അഴിമതിയാരോപണങ്ങൾ എന്നിങ്ങനെ മേട്രോപദ്ധതിയെ ഡീറെയിൽ ചെയ്യാൻ പോന്ന പല ഘടകങ്ങളുമുണ്ടായിരുന്നു കേരളത്തിൽ. പൊതുവെ ശുഭാപ്തിവിശ്വാസികൾ ആയിരുന്നവർ പോലും ‘ശ്രീധരൻ സാർ നാട്ടിൽ വന്നു പേര് കളയണ്ടായിരുന്നു’ എന്ന് എന്നോടു തന്നെ പറഞ്ഞിട്ടുണ്ട്. ഈ ധാരണകളെയൊക്കെ തിരുത്തിക്കൊണ്ടാണ് മെട്രോ റെയിൽ യാഥാർഥ്യമാകുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയക്കാരും സാധാരണക്കാരും മാധ്യമങ്ങളും നീതിന്യായ വകുപ്പടക്കം ഈ പദ്ധതി വിജയമായിക്കാണാൻ ആഗ്രഹിച്ചതിന്റെ ഫലമാണ് കൊച്ചിമെട്രോ. ഈ സംരംഭം ഒരു വിജയമാകുന്നതോടെ ‘ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും’ എന്ന പോസിറ്റീവ് ചിന്താഗതി നമ്മുടെ സമൂഹത്തിലുണ്ടാകും.

പുറത്തേക്ക് പ്രവഹിക്കുന്ന ഊർജ്ജം; നൂറു വർഷമായി കേരളത്തിൽ ട്രെയിൻ എത്തിയിട്ട്. ബസുകൾ ഓടിത്തുടങ്ങിയിട്ടായി എൺപതു വർഷങ്ങൾ. അങ്ങനെ പല ദശകങ്ങൾക്കുള്ളിൽ സംഭവിക്കുന്ന വിപ്ലവകരമായ ഒരു മാറ്റമാണ് പൊതു ഗതാഗത സംവിധാനത്തിൽ വരുന്നത്. ഡൽഹിയിലെ ഉദാഹരണം വെച്ചു നോക്കിയാൽ ഇത് കൊച്ചിക്കാരുടെ ജീവിതവീക്ഷണം തന്നെ മാറ്റാൻ പോന്ന ഒരു പുരോഗതിയാണ്. വൃത്തിയും വെടിപ്പുമുള്ള സ്റ്റേഷനുകളും സമയനിഷ്ഠയുള്ള ട്രെയിനുകളും അന്താരാഷ്ട്ര നിലവാരമുള്ള കോച്ചുകളും അതിന്റെ കാര്യക്ഷമമായ മേൽനോട്ടവും ഒക്കെയാകുമ്പോൾ, പൊതുസ്ഥലത്തെ പെരുമാറ്റത്തിന്റെയും വൃത്തിയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തിൽ പുതിയൊരു മാതൃക നമുക്കു മുന്നിൽ യാഥാർഥ്യമാകുകയാണ്. അങ്ങനെയാ കാഴ്ചപ്പാട് മെട്രോയിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നു പുറത്തേക്കും മറ്റു നഗരങ്ങളിലേക്കും വ്യാപിക്കും.

അതുകൊണ്ടാണ് ലാഭനഷ്ടങ്ങൾ നോക്കേണ്ടത് കണക്കിലെ വരവിലും ചെലവിലും മാത്രമല്ല എന്നു പറഞ്ഞത്. ലോകത്തെവിടെയും പൊതുഗതാഗതം എന്നത് ലാഭം മാത്രം പ്രതീക്ഷിച്ചു നടത്തുന്നതോ നടത്തേണ്ടതോ ആയ ഒരു പദ്ധതിയല്ല. മറിച്ച് ജനങ്ങൾക്ക് സർക്കാർ നൽകുന്ന ഒരു സേവനമായി വേണം അതിനെ കാണാൻ. ലക്ഷക്കണക്കിന് ആളുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് ഒഴിവാക്കുന്നതിലൂടെ, വായൂമലിനീകരണം ഒഴിവാക്കുന്നതിലൂടെ, ഓരോ വ്യക്തികളുടെയും കാർബൺ ഫുട് പ്രിന്റ് കുറക്കുന്നതിലൂടെ പല തരത്തിൽ മെട്രോ സമൂഹത്തിന് മൂല്യം തിരിച്ചു നൽകുകയാണ്. അതിനെ പണം കൊണ്ടളക്കുന്നത് വലിയ മണ്ടത്തരമാണ്.

സുരക്ഷയുടെ പാഠങ്ങൾ; കൊച്ചിമെട്രോയുടെ നിർമ്മാണം ആധുനികമായ സുരക്ഷാ സംവിധാനങ്ങൾ പലതും മായാളികൾക്ക് പരിചയപ്പെടുത്തിയതിനെപ്പറ്റി ഞാനൊരിക്കൽ എഴുതിയിരുന്നു. മെട്രോ നിലവിലാകുന്നതോടെ റോഡിലുള്ള ആളുകളുടെയും വാഹനങ്ങളുടെയും എണ്ണം കുറയും. അങ്ങനെ അപകടങ്ങളും. റോഡിൽ നഷ്ടപ്പെടേണ്ട നൂറുകണക്കിന് ജീവനുകളാണ് മെട്രോയുടെ വരവോടെ രക്ഷിക്കപ്പെടുന്നത്. ആ ജീവൻ നമ്മുടെയോ നമുക്ക് പ്രിയപ്പെട്ടവരുടേതോ ആകാം. എന്നാൽ ആ ജീവനുകൾ രക്ഷിച്ചത് മെട്രോയാണെന്ന് നിങ്ങളൊരിക്കലും അറിയാൻ പോകുന്നില്ല എന്നുമാത്രം.

തിരിച്ചുകിട്ടുന്ന രാത്രി; കേരളത്തിലെ രാത്രികളിൽ പ്രത്യേകിച്ച് പൊതുഗതാഗതത്തിൽ സ്ത്രീകളുടെ സാമീപ്യം തീരെയുണ്ടാകാറില്ല. മെട്രോയുടെ വരവോടെ ഈ സ്ഥിതിവിശേഷം മാറി സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. രാത്രി പത്തുമണി വരെ സ്ത്രീകൾ കൂളായി മെട്രോ ഉപയോഗിക്കുകയും ചെയ്യും.

Leave a Comment