കൊച്ചിയിലെ കിളികളെ എങ്ങനെ കുട്ടികളെ പിടുത്തക്കാരാക്കാം?
കുറഞ്ഞത് മുപ്പത് വർഷമായിട്ടെങ്കിലും കേരളത്തിൽ നടക്കുന്ന ഒരു കലാപരിപാടിയാണ് പ്രൈവറ്റ് ബസ് തൊഴിലാളികൾ വിദ്യാർത്ഥികളോട് നടത്തുന്ന നീചവും വിവേചന പൂർണ്ണവുമായ പെരുമാറ്റം. സ്റ്റോപ്പിൽ ബസ് നിർത്താതിരിക്കുന്നത് തൊട്ട് സ്റ്റാൻഡിൽ നിന്നും ബസ് വിടുന്നതിന് തൊട്ടു മുൻപ് വരെ കുട്ടികളെ ബസിൽ കയറ്റാൻ അനുവദിക്കാതിരിക്കുന്നതു വരെയുള്ള കാര്യങ്ങൾ. ബസിനകത്ത് കയറിപ്പറ്റിയാൽ തന്നെ ഒഴിഞ്ഞുകിടക്കുന്ന സീറ്റിൽ കുട്ടികളെ ഇരിക്കാൻ അനുവദിക്കാതിരിക്കുക, അവരോട് മോശമായി പെരുമാറുക ഒക്കെ എല്ലായിടത്തും പതിവാണ്. കുട്ടികൾ സ്കൂൾ യാത്രക്ക് പബ്ലിക്ക് ട്രാൻസ്പോർട്ട് ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ഇതിന്റെ അടിസ്ഥാന കാരണം ലളിതമാണ്. വിദ്യാർത്ഥികളോട് ഫുൾ ടിക്കറ്റിന്റെ കാശ് വാങ്ങാൻ പറ്റാത്തതിനാൽ എങ്ങനെയെങ്കിലും അവരെ ബുദ്ധിമുട്ടിച്ച് അടുത്ത ബസിൽ കയറാൻ പ്രേരിപ്പിക്കുക, അല്ലെങ്കിൽ അവർ സ്കൂൾ ബസിലോ ഓട്ടോയിലോ ഒക്കെ പോകുമ്പോൾ അത്രയും കൂടി ഫുൾ ടിക്കറ്റ് നൽകുന്നവരെ ബസിൽ കയറ്റി ലാഭമുണ്ടാക്കുക. ഇതാണ് ഓരോ ബസുകാരുടെയും ചിന്ത.
വിദ്യാർത്ഥികളുടെ യാത്രക്ക് സൗജന്യങ്ങൾ ചെയ്തുകൊടുക്കുന്നത് ലോക വ്യാപകമായ പരിപാടിയാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇവരുടെ യാത്ര പൂർണ്ണമായും സൗജന്യമാണ്. ഇതിന്റെ പ്രധാനകാരണം കുട്ടികൾ ഒരു മൊത്തം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തം ആണെന്ന ചിന്തയാണ്. അവർ വിദ്യ അഭ്യസിച്ച് മിടുക്കരായി വന്നാൽ ഗുണമുണ്ടാകാൻ പോകുന്നത് അവരുടെ അച്ഛനമ്മമാർക്ക് മാത്രമല്ല, മൊത്തം സമൂഹത്തിനാണ്. അതുകൊണ്ടാണ് കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം തൊട്ട് വിമാനക്കൂലിയിൽ ഇളവ് വരെ നൽകുന്നത്. വളരെ ശരിയായ ചിന്താഗതിയാണ്.
എന്നാലിതൊന്നും നമ്മുടെ കിളിയോട് പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്വത്തിന്റെ ഭാരമൊന്നും ചുമക്കേണ്ട ആവശ്യം പുള്ളിക്കില്ല. പകരം ബസിന്റെ ഡെയിലി കളക്ഷൻ കൂട്ടുക, അതാണ് ലക്ഷ്യം. അവിടെയാണ് കിളിയുടെ കളക്ഷൻ ബാറ്റ കൂടുന്നത്.
വാസ്തവത്തിൽ ഇതേ കിളികൾ തന്നെ കുട്ടികളെ വിളിച്ചു സ്വന്തം വാഹനത്തിലേക്ക് കയറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ഒരു എളുപ്പ വഴിയുണ്ട്. അവരുടെ ഇൻസെന്റീവ് രീതി ഒന്ന് മാറ്റിയാൽ മതി. കൊച്ചിയിൽ മെട്രോ വരുന്നതിന്റെ കൂട്ടത്തിൽ കേരളത്തിൽ എറണാകുളം ജില്ലയിൽ ആദ്യം ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.
ചെയ്യേണ്ടത് ഇതാണ്. കൊച്ചിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു സ്മാർട്ട് കാർഡ് നൽകുക. നമ്മുടെ പൊതുഗതാഗതം, അത് സർക്കാർ വക ആയാലും, പ്രൈവറ്റ്റ് ആയാലും, മെട്രോ ആയാലും, ബസ് ആയാലും ബോട്ട് ആയാലും അതിലെല്ലാം ഇത് ഉപയോഗിക്കാനുള്ള സംവിധാനവും ഉണ്ടാക്കുക. ഒരു വിദ്യാർത്ഥി ഒരു പ്രാവശ്യം ഒരു വാഹനത്തിൽ കയറിയാൽ ഫുൾ ടിക്കറ്റിന്റെ കാശിൽ കുട്ടികൾ ഇപ്പോൾ കൊടുക്കുന്ന പണം കുറച്ച് ബാക്കിയുള്ള തുക മാസാവസാനം സർക്കാർ ആ വാഹനത്തിന്റെ ഉടമക്ക് (ബസ് മുതലാളി, കൊച്ചി മെട്രോ, കെ എസ് ആർ ടി സി) കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കുക. ഇതൊക്കെ സാങ്കേതികമായി വളരെ നിസ്സാരമായ കാര്യമാണ്.
ഇതിനുള്ള പണം സർക്കാരിന് എവിടെ നിന്ന് കിട്ടും എന്നതായിരിക്കും നിങ്ങളുടെ ചോദ്യം. സ്വകാര്യ വാഹനങ്ങളുടെ (കാറും ബൈക്കും ഒക്കെ) റോഡ് ടാക്സിനും വേണമെങ്കിൽ പെട്രോളിന് തന്നെ ഒരു സ്റ്റുഡന്റ് സർചാർജ്ജ് വക്കുക. ഓരോ മാസവും കേരളത്തിൽ ഏറ്റവും കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്ന ജില്ലയാണ് എറണാകുളം. കൊച്ചി മെട്രോ ഒക്കെ വിജയമാകണമെങ്കിൽ ഈ സ്വകാര്യവാഹനങ്ങൾ ‘സ്റ്റാറ്റസ് സിംബൽ’ ആകുന്നത് മാറിയേ പറ്റൂ. ഇപ്പോൾ വാഹനങ്ങളുള്ളവർ തന്നെ അത്തിന്റെ ഉപയോഗം കുറച്ച് ശീലിക്കട്ടെ.
ഇങ്ങനെ ഒരു സംവിധാനം നടപ്പിലായിക്കഴിഞ്ഞാൽ പരമാവധി കുട്ടികളെ സ്വന്തം ബസിൽ കയറ്റാൻ ബസുകാർ തമ്മിൽ മത്സരിക്കും. ട്രാൻസ്പോർട്ട് ബസ് ഇനി ന്യൂ ജെൻ പെയിന്റ് ഒക്കെയടിച്ച് കുട്ടപ്പനാകും. പ്രൈവറ്റിലെ കിളികൾ കുട്ടികളുടെ പുറകേ നടന്ന് ‘മോനെ ഈ ബസിൽ പോകാം, പ്ളീസ്’ എന്ന് കെഞ്ചുന്ന കാലം വരും.
എനിക്കതു കണ്ടിട്ട് ജീവിച്ചാലും മതി…
Leave a Comment