പൊതു വിഭാഗം

കേരളത്തിൽ ഓയിൽ സ്പിൽ ഉണ്ടാകുമോ?

ഓരോ അപകടത്തിനു ശേഷവും “ഞാൻ ഇത് പണ്ടേ പറഞ്ഞിരുന്നതാണ്” എന്നും പറഞ്ഞു ഇയാൾ വരും. എന്നാൽ എന്തൊക്കെ അപകടങ്ങളാണ് ഉണ്ടാകാനിടയുള്ളത്, അതിനെതിരെ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ഒന്ന് നേരത്തേ പറഞ്ഞുകൂടേ?

എന്നെപ്പറ്റി തന്നെയാണ്!!

തീർച്ചയായും ന്യായമായ കാര്യമാണ്.

കേരളത്തിൽ ദുരന്തങ്ങൾ സാധാരണമാകുന്നതിന് മുൻപ്, എന്തിന് ദുരന്ത നിവാരണ അതോറിട്ടി പോലും ഉണ്ടാകുന്നതിനും മുൻപേ ഞാൻ കേരളത്തിലെ ദുരന്ത സാധ്യതകളെ പ്രവചിച്ചു തുടങ്ങിയിരുന്നു. 1995 മുതൽ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്യുന്നതിനാൽ കാട്ടുതീ മുതൽ അഗ്നിപർവതം, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, കപ്പലപകടം വരെ എല്ലാത്തരം  ദുരന്തങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

ഓരോ ദുരന്തരംഗത്ത് ചെല്ലുന്പോഴും “ഇത് കേരളത്തിൽ ഉണ്ടാകുമോ, ഉണ്ടായാൽ അതിനെ നേരിടാൻ കേരളം സന്നദ്ധമാണോ” എന്ന് ചിന്തിക്കും. ആ സാധ്യതകൾ വിശദമായി പഠിച്ച്  കൂട്ടുകാരോട് സംസാരിക്കും.

“കേരളത്തിൽ ദുരന്തമോ” എന്ന് ഒരു കൂട്ടർ ചോദിക്കുന്പോൾ “നമ്മൾ എല്ലാത്തിനും റെഡി”  എന്ന് വേറെ ചിലർ പറയും.

രണ്ടാണെങ്കിലും ആ വിഷയത്തിൽ വലിയ താല്പര്യം ആർക്കും ഉണ്ടാകാറില്ല. 2018 ലെ പ്രളയത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഒരു മാറ്റമുണ്ടായത്.

മലയാളത്തിൽ ദുരന്തം എന്നത് പലവിധ അപകടങ്ങളെ  സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. കൂടുതൽ ആളുകൾ മരിക്കുന്ന എന്തും, വിമാനാപകടം തൊട്ട് വിഷമദ്യ മരണം വരെ നമുക്ക് ദുരന്തമാണ്. എന്നാൽ അന്താരാഷ്ട്രമായി ദുരന്തന്തിന് ആളുകളുടെ എണ്ണം കൊണ്ടല്ല നിവ്വചനം ഉള്ളത്.

“സമൂഹത്തിന്റെ സാധാരണ ജീവിതം താറുമാറാക്കുന്ന ആൾനാശമോ, അർത്ഥനാശമോ, സാന്പത്തിക നാശമോ, പരിസ്ഥിതി നാശമോ ഉണ്ടാക്കുന്ന ആ സമൂഹത്തിന് ലഭ്യമായ സംവിധാനങ്ങൾ കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റാത്ത സംഭവങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്.”  (A serious disruption of the functioning of acommunity or a society involving widespreadhuman, material, economic or environmentallosses and impacts, which exceeds the abilityof the affected community or society to copeusing its own resources: UN: International Strategy for Disaster Reduction, 2009). 

ദുരന്തങ്ങളെ  പൊതുവെ മൂന്നു തലത്തിൽ പെടുത്താം;

L1- ഒരു സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങൾ കൊണ്ട് മാത്രം കൈകാര്യം ചെയ്യാൻ പറ്റുന്നവ

L2 – സംസ്ഥാനത്തിന് പുറത്തുനിന്നും, രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും ദുരന്തം കൈകാര്യം ചെയ്യാൻ വിദഗ്ദ്ധരെയോ ഉപകരണങ്ങളോ കൊണ്ടു വരേണ്ടവ

L3 – രാജ്യത്തിന് പുറത്തുനിന്നും ദുരന്തം കൈകാര്യം ചെയ്യാൻ വിദഗ്ദ്ധരെയോ ഉപകരണങ്ങളോ കൊണ്ടുവരേണ്ടവ

(ലോകത്ത് ഓരോ സ്ഥലത്തും എന്താണ് L1, L2, L3 എന്നതിന് വ്യത്യസ്ത നിർവ്വചനങ്ങളാണ് ഉള്ളത്)

ഈ നിർവ്വചനത്തിന്റെ പശ്ചാത്തലത്തിൽ താഴെ പറയുന്ന L2 ദുരന്ത സാധ്യതകൾ കേരളത്തിലുണ്ട്.

 1. കേരളത്തിലെ പല ജില്ലകളെ ഒരേ സമയം ബാധിക്കുന്ന പ്രളയം 
 2. ഒരു വലിയ ഇൻഡസ്ട്രിയൽ എക്സ്പ്ലോഷൻ (ഇപ്പോൾ ബെയ്‌റൂട്ടിൽ നടന്നത് പോലെ. രാസവസ്തുവോ, വെടിക്കോപ്പുകളോ, എണ്ണ/ഗ്യാസ് സംഭരണികളോ ആകാം).
 3. കടലിൽ ഓയിൽ സ്പിൽ ഉണ്ടാകുന്നത്.
 4. ഏതെങ്കിലും ഡാം പൊട്ടി ജലം താഴേക്ക് വരുന്നത്.
 5. കേരളത്തിന്റെ തീരത്ത് സുനാമി എത്തുന്നത്
 6. വലിയ ഉരുൾപൊട്ടൽ
 7. വിമാനാപകടം
 8. ട്രെയിൻ അപകടം, പ്രത്യേകിച്ചും രാസവസ്തുക്കൾ ഉൾപ്പെട്ടത് (പെട്രോളിയം ഉൾപ്പടെ).
 9. ടാങ്കർ അപകടം, രാസവസ്തുക്കൾ ഉൾപ്പെട്ടത് (പെട്രോളിയം ഉൾപ്പടെ).
 10. പല നിലകളുള്ള കെട്ടിടത്തിന് തീപിടിക്കുന്നത്.

ഇതിൽ ചിലതെങ്കിലും L3 ആവാനും മതി.

കേരളത്തിൽ വർഷാവർഷം നാല്പതിനായിരത്തോളം റോഡപകടങ്ങൾ ഉണ്ടാകുന്നതിൽ നാലായിരത്തിലധികം ആളുകൾ മരിക്കുന്നുണ്ട്. മൊത്തമായി നോക്കിയാൽ ഇത് മറ്റെല്ലാ ദുരന്തങ്ങളെക്കാളും എത്രയോ ഇരട്ടി ആളുകളെ കൊല്ലുന്നു, പക്ഷെ ഓരോ അപകടങ്ങളും പ്രാദേശികമായി കൈകാര്യം ചെയ്യാവുന്നത് കൊണ്ട് റോഡപകടം മുൻപ് പറഞ്ഞ നിർവ്വചനത്തിൽ  ദുരന്തമായി പരിഗണിക്കപ്പെടുന്നില്ല.

മുങ്ങിമരണത്തിന്റ കഥയും ഇത് തന്നെയാണ്. ഒരു വർഷം ആയിരത്തിലേറെ ആളുകളാണ് കേരളത്തിൽ മുങ്ങി മരിക്കുന്നത്. 2019 ലെ മഹാപ്രളയകാലത്ത് കേരളത്തിൽ അഞ്ഞൂറിൽ താഴെ ആളുകളാണ് മരിച്ചത്. ഓരോ മുങ്ങിമരണവും പ്രാദേശികമായി കൈകാര്യം ചെയ്യാവുന്നതുകൊണ്ട് അതും മുൻപ് പറഞ്ഞ നിർവ്വചനത്തിൽ ദുരന്തമായി പരിഗണിക്കപ്പെടുന്നില്ല.

ഇവിടെയാണ് ഓയിൽ സ്പിൽ L3 ദുരന്തമാകാനുള്ള സാധ്യതയുള്ളത്.

കേരളതീരത്ത് ഒരു ഓയില്‍ സ്പില്‍ ഉണ്ടാകാനുള്ള സാധ്യത ഞാന്‍ ആദ്യം ചിന്തിക്കുന്നത് 1995-ല്‍ സിംഗപ്പൂരിലെ ഓയില്‍ സ്പില്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നും കടലിലെ എണ്ണച്ചോര്‍ച്ചയെ കടലിലും കരയിലും എങ്ങനെ നേരിടാം എന്നു പരിശീലനം ലഭിച്ച അന്നു മുതലാണ്. ഈ ജൂലൈ മാസത്തിൽ മൗറീഷ്യസിലെ ഒരു ഓയിൽ സ്പിൽ കൈകാര്യം ചെയ്യേണ്ടി വന്നപ്പോൾ ഈ വിഷയം വീണ്ടും മനസ്സിൽ വന്നു.

കേരളത്തിന്റെ തീരത്ത് ആയിരം ബാരലിലും കൂടുതലുള്ള ഒരു ഓയിൽ സ്പിൽ ഉണ്ടാകാൻ പല സാധ്യതകളുണ്ട്.

 1. ഓരോ വർഷവും കൊച്ചിയിലും മംഗലാപുരത്തും എണ്ണക്കപ്പലുകൾ വരുന്നു. ഇതിൽ ഏതെങ്കിലും ടാങ്കറിന് അപകടമുണ്ടായാൽ അതിൽ നിന്നും കാറ്റിന്റെയും കടലൊഴുക്കിന്റെയും ദിശ അനുസരിച്ച്  കേരളതീരത്തെവിടേയും എണ്ണ  എത്താം. 2007 ൽ കൊറിയയിലുണ്ടായ ഓയിൽ സ്പിൽ (MT Hebei Spirit) നമുക്ക് ചിന്തിക്കാവുന്ന ഉദാഹരണമാണ്.
 2. കേരളത്തിനടുത്തുകൂടെ ആയിരക്കണക്കിന് എണ്ണ ടാങ്കറുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും സിംഗപ്പൂരിലേക്കും ജപ്പാനിലേക്കും പോകുന്നു. അവയിൽ ഒന്ന് കടലിൽ വെച്ചാണെങ്കിൽ പോലും അപകടത്തിൽ പെട്ടാൽ കാറ്റിന്റെയും കടലൊഴുക്കിന്റെയും ദിശ അനുസരിച്ച് എണ്ണ കേരളത്തിന്റെ തീരത്തെവിടേയും എത്താം.
 3. ഓയിൽ സ്പിൽ ഉണ്ടാകാൻ എണ്ണ ടാങ്കറുകൾ തന്നെ അപകടത്തിൽ പെടണമെന്നില്ല. നമ്മുടെ തുറമുഖങ്ങളിൽ ചരക്കുമായി വരുന്ന ഓരോ കപ്പലിലും പലപ്പോഴും ആയിരക്കണക്കിന് ടൺ എണ്ണ ഇന്ധനമായി തന്നെ ഉണ്ട്. മൗറീഷ്യസിൽ ഉണ്ടായ ഓയിൽ സ്പിൽ അത്തരത്തിലുള്ള കപ്പലിൽ നിന്നാണ് (MV Wakashio).

കേരളതീരത്തിനടുത്ത് എവിടെയെങ്കിലും ഒരു വലിയ കപ്പല്‍ഛേദം ഉണ്ടായാല്‍ കേരളത്തിന്റെ 700 കിലോമീറ്റര്‍ കടല്‍തീരത്തും കടലിനോടു ചേര്‍ന്നു കിടുക്കുന്ന കായലുകളിലും ഓരു കേറുന്ന പുഴകളിലും മലിനമായ എണ്ണ എത്തിച്ചേരാന്‍ ഒരാഴ്ച മതി. ഇത് നമ്മുടെ തീരദേശ ജീവിത്തെ മാസങ്ങളോളം ബാധിക്കും. ആദ്യം കടലില്‍ പോകാന്‍ പറ്റാതാകും, പിന്നീട് അവിടെ മത്സ്യമില്ലാത്ത അവസ്ഥ വരും. അവസാനം മത്സ്യം വന്നാല്‍ തന്നെ അത് ആഭ്യന്തരവും പ്രത്യേകിച്ച് വിദേശ വിപണികളും സ്വീകരിക്കാതാകുകയും ചെയ്യും. ബീച്ച്, കായല്‍ ടൂറിസത്തെ പൂര്‍ണമായും ഇത് തകര്‍ത്ത് കളയും. വഞ്ചിയും ബോട്ടും വലയും ഉള്‍പ്പെടെ അനവധി ജീവിതോപാധികളെ ഇത് മോശമായി ബാധിക്കും. കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടെയുള്ള പരിസരപ്രാധാന്യമുള്ള ആവാസവ്യവസ്ഥയുടെ പൂര്‍ണമോ ഭാഗികമോ ആയ നാശം വേറെയും. ലോകത്ത് ഇപ്പോള്‍ ലഭ്യമായ എല്ലാ സംവിധാനവും സമയോജിതമായി ഉപയോഗിച്ചാല്‍ തന്നെ വര്‍ഷങ്ങളോളം കഴിഞ്ഞേ സ്ഥിതി ഭാഗികമായെങ്കിലും പഴയതുപോലെ ആകു.

1995 മുതല്‍ ഞാന്‍ ഈ രംഗത്ത് ജോലി ചെയ്യുകയാണെങ്കിലും ഇന്ത്യയിലെ ഒരു സംവിധാനവും ആയി ബന്ധപ്പെടാനോ ഇന്ത്യയിലെ സംവിധാനങ്ങളെപറ്റി അറിയാനോ ഉള്ള അവസരം ആദ്യമായി ഉണ്ടായത് 2013 ൽ ഗോവയിൽ ”ഓയില്‍ സ്പില്‍ ഇന്ത്യ” കോണ്‍ഫറന്‍സില്‍ കീ നോട്ട് സ്പീച്ചിന് അവസരം കിട്ടിയപ്പോൾ ആണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കോണ്‍ഫറന്‍സ് നടക്കുന്നത്. ഒ.എന്‍.ജി.സിയും റിലയന്‍സും പോലുള്ള എണ്ണപര്യവേഷണ കന്പനികള്‍, അനവധി റിഫൈനറികള്‍, കോസ്റ്റ്ഗാര്‍ഡ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിദഗ്ദ്ധന്മാരും എല്ലാം അവിടെ ഉണ്ടായിരുന്നു. വിദേശത്ത് നിന്ന് അനവധി വിദഗ്ദ്ധര്‍ വേറെയും. എന്നെക്കൂടാതെ കോസ്റ്റ്ഗാര്‍ഡില്‍ നിന്നും റിഫൈനറികളില്‍ നിന്നും എണ്ണ കന്പനികളില്‍ നിന്നും വന്ന പല മലയാളികളും അവിടെ ഉണ്ടായിരുന്നു.

ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള എല്ലാ വിദഗ്ദ്ധരും സമ്മതിച്ച ഒന്നാമത്തെ കാര്യം എക്സോണ്‍ വാല്‍ഡേസ് പോലെയോ ബി.പിയിലെ പോലെയോ ഉള്ള വലിയ ഒരു എണ്ണച്ചോര്‍ച്ച ഇന്ത്യന്‍ തീരത്തുണ്ടാകാത്തത് ഭാഗ്യം കൊണ്ട് മാത്രമാണെന്നതാണ്. വലിയ അപകടങ്ങള്‍ എപ്പോഴും എവിടെയും ഉണ്ടാകാം. അതിനു നാം തയ്യാറായിരിക്കുകയും വേണം. അത് മുന്‍പ് ഉണ്ടായിട്ടില്ല എന്നത് ഇനി ഉണ്ടാകില്ല എന്നതിന് ഗാരന്റി അല്ല.

സര്‍വ്വ സമ്മതമായിരുന്ന രണ്ടാമത്തെ കാര്യം അങ്ങനെ വളരെ വലിയ ഒരു എണ്ണച്ചോര്‍ച്ചക്ക് ഇന്ത്യ പൂര്‍ണ്ണമായും തയ്യാറല്ല എന്നതാണ്. അന്താരാഷ്ട്രമായ മാനദണ്ഡം അനുസരിച്ച് 10000 ടണ്ണിനു മുകളിലുള്ള എണ്ണച്ചോര്‍ച്ചയാണ് ടിയര്‍ -3 അഥവാ വളരെ വലുത് എന്നറിയപ്പെടുന്നത്. ഇതിനെ നേരിടാന്‍ പ്രത്യേക ഉപകരണങ്ങള്‍, അവ ഉപയോഗിക്കാനുള്ള കപ്പലുകള്‍, വിമാനങ്ങള്‍, ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിവുള്ള ആളുകള്‍ എല്ലാം വേണം. ഇപ്പോള്‍ നമുക്ക് അതിനുള്ള സംവിധാനമില്ല. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ സിംഗപ്പൂര് നിന്നോ ലണ്ടനില്‍ നിന്നോ ഉപകരണങ്ങളും വിദഗ്ദ്ധരേയും കൊണ്ടുവരേണ്ടിവരും.

ഉപകരണങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ദുരന്തം നേരിടുന്നതില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനം, ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് ആണ് കടലിലെ എണ്ണച്ചോര്‍ച്ചയെ നേരിടുന്നതിന് ഉത്തരവാദിത്തമുള്ള ഏജന്‍സി. അതിന് അവര്‍ക്ക് സംവിധാനങ്ങളും പരിശീലനവും ഉണ്ട്. എന്നാല്‍ തീരത്ത് എത്തുന്ന എണ്ണ ആരു വൃത്തിയാക്കുമെന്നോ കടലില്‍ നിന്നും കരയില്‍ നിന്നും കോരിയെടുക്കുന്ന എണ്ണയും മണ്ണും മാലിന്യങ്ങളും എന്തു ചെയ്യുമെന്നോ ഇപ്പോഴും കൃത്യതയില്ല. 2010-ല്‍ മഹാരാഷ്ട്രയില്‍ കടലില്‍ എണ്ണച്ചോര്‍ച്ചയുണ്ടായപ്പോള്‍ കരയില്‍ എത്തിയ എണ്ണ ആര് വൃത്തിയാക്കണം എന്നതിനെ ചൊല്ലി ജില്ലാ ഭരണകൂടവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമായിരുന്നു. അവസാനം അത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ വിട്ടു. എന്നാൽ അവര്‍ക്കതിന് വിഭവങ്ങളോ, പരിശീലനമോ ഉണ്ടായിരുന്നില്ല.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് എണ്ണച്ചോര്‍ച്ച മൂലം കടലില്‍ പോകാന്‍ പറ്റാത്ത മീന്‍പിടുത്തക്കാര്‍ക്ക് ആര് നഷ്ടപരിഹാരം കൊടുക്കും എന്നതാണ്. ഇതിന് അന്താരാഷ്ട്രമായി പല നിയമങ്ങളും മാനദണ്ഡങ്ങും ഉണ്ടെങ്കിലും ഓരോ രാജ്യവും നിയമപരമായി വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തില്ലെങ്കില്‍ അതിന്റെ പൂര്‍ണഫലം കിട്ടുകയില്ല. കഴിഞ്ഞ പത്തുവർഷത്തിനകം  ഇന്ത്യന്‍തീരത്തുണ്ടായ രണ്ട് കപ്പല്‍ അപകടങ്ങളുടേയും അവയില്‍ നിന്നു നാശനഷ്ടം സംഭവിച്ച മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും മീന്‍പിടുത്തക്കാരുടേയും കാര്യം ഗോവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

കപ്പലപകടമുണ്ടായാല്‍ കോസ്റ്റ് ഗാര്‍ഡ് പോലുള്ള എജന്‍സികള്‍ സ്വന്തം പണം മുടക്കി കപ്പലിനെ രക്ഷിക്കാന്‍ ശ്രമിക്കണമെന്നും എണ്ണചോര്‍ച്ചയുണ്ടായാൽ അതു തടയണമെന്നുമാണ് അന്താരാഷ്ട്ര നിയമം. അതിനു ചിലവാകുന്ന ഏത് ന്യായമായ തുകയും കപ്പലിന്റെ ഇന്‍ഷൂറന്‍സ് കന്പനിയില്‍ നിന്നും പിന്നീട് സമാധാനമായി ഈടാക്കാം. എന്നാല്‍  ഗുജറാത്തിലുണ്ടായ കപ്പലപകടത്തിന്റെ ഇന്‍ഷൂറന്‍സ് രേഖപോലും വ്യാജമായിരുന്നു എന്നാണ് ഗോവന്‍ കോണ്‍ഫറന്‍സില്‍ വിശദീകരിച്ചത്.

എണ്ണചോര്‍ച്ചയെ നേരിടുക എന്നത് ലോകത്ത് എല്ലായിടത്തും ഒരു വെല്ലുവിളി ആണെങ്കിലും ഇന്ത്യയിലെ ചില പ്രത്യേകതകളും ഗോവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഒന്നാമത് എണ്ണച്ചോര്‍ച്ച തടയാന്‍ വിദേശത്തു നിന്നും താലക്കാലികമായി കൊണ്ടുവരുന്ന വസ്തുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കണം എന്ന ഡിപ്പാര്‍ട്ട്‌മെന്റിന്റെ വ്യവസ്ഥയാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഡ്യൂട്ടി ഇളവുചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കിലും ആ തീരുമാനങ്ങള്‍ സമയബന്ധിതമായി എടുക്കാത്തതിനാല്‍ അപകടത്തിന്റെ ആദ്യവും നിര്‍ണ്ണായകവുമായ ദിവസങ്ങളില്‍ അത് ശുദ്ധീകരണ പ്രവൃത്തികളെ ബാധിക്കും. രാജ്യത്തിന് നൂറിരട്ടി നഷ്ടം ഉണ്ടാവുകയും ചെയ്യും.

ഓയിൽ സ്പിൽ ശുദ്ധീകരണത്തിന്റെ ഭാഗമായി കടലില്‍ നിന്നും കോരിയെടുക്കുന്ന കടല്‍വെള്ളവും മറ്റു മാലിന്യങ്ങളും ചേര്‍ന്ന എണ്ണ ”ഇറക്കുമതി” ആയി കണക്കാക്കി ഡ്യൂട്ടി അടക്കണം എന്ന നിര്‍ബന്ധം കാരണം ഇത്തരത്തിലുള്ള മാലിന്യം ഇന്ത്യയിലെ ചില തുറമുഖങ്ങളില്‍ ടാങ്കുകളില്‍ കെട്ടിക്കിടക്കുകയാണത്രെ. ഇതിന്റെ ഫലമായി ഇത് ശുദ്ധീകരിക്കോനോ ഇനി ഒരു ചോര്‍ച്ച ഉണ്ടായാല്‍ ഉണ്ടാകാവുന്ന മലിനമായ എണ്ണ ശേഖരിക്കാനോ പറ്റാത്ത ഒരു ത്രിശങ്കു സിറ്റുവേഷന്‍ ഉണ്ടത്രേ.  

ഒരു ലിറ്റർ എണ്ണ കടലിൽ വീണാൽത്തന്നെ രണ്ടു ചതുരശ്ര കിലോമീറ്റർ അത് വ്യാപിക്കും. ആയിരം ടൺ എണ്ണ കടലിൽ വീണാൽ എത്രമാത്രം അത് പടരുമെന്ന് ചിന്തിക്കാമല്ലോ. ആയിരം ടൺ എണ്ണ കടലിൽ വീണാൽ അതിൽ ഭൂരിഭാഗവും വാതകമായി അന്തരീക്ഷത്തിലേക്ക് പോകും, ബാക്കി  കടൽ വെള്ളവുമായി ചേർന്ന് ചേറുപോലെ ആകും (ഇമൽഷൻ). ഒരു ലിറ്റർ എണ്ണ പത്തുലിറ്റർ എണ്ണ കലർന്ന മാലിന്യം ഉണ്ടാക്കും. ഇത് കടലിൽ നിന്നും കോരിയെടുക്കാൻ വലിയ സംവിധാനങ്ങൾ ഒക്കെയുണ്ടെങ്കിലും കടലിൽ നിന്നും കോരിയെടുത്തുകൊണ്ടു വരുന്ന എണ്ണ ശുദ്ധീകരിക്കാനുള്ള സംവിധാനം വേണം. ഇത് പലയിടത്തും ഇല്ല. ഇതൊക്കെ പല രാജ്യങ്ങളിലും കണ്ടിട്ടുള്ള പ്രശ്നമാണ്.

അപ്പോൾ പറഞ്ഞുവന്നത് കേരളത്തിൽ ഉണ്ടാകാനുള്ള വലിയ ദുരന്തങ്ങളുടെ സാധ്യതയിലേക്ക് ഓയിൽ സ്‌പില്ലും ഞാൻ പറഞ്ഞുവെച്ചിട്ടുണ്ട്. ഇനി നാളെ ഒരിക്കൽ ഇത് സംഭവിക്കുന്പോൾ “ലോകത്തെ മറ്റെല്ലാ ദുരന്തവും പ്രവചിച്ചിട്ടും ഇയാൾ ഓയിൽ സ്പിൽ എന്തുകൊണ്ട് മുന്നിൽ കണ്ടില്ല” എന്ന് ചോദിക്കരുത്.

മുരളി തുമ്മാരുകുടി

(Image, from BBC)

 

Leave a Comment