“കേരളത്തിലെ പെൺകുട്ടികളില് ഗാമാഫോബിയ? 2018നു ശേഷം ‘പെണ്ണുകിട്ടാതെ’ പുരുഷന്മാർ!” ഇന്നത്തെ വാർത്തയാണ്. ഇത് കേരളത്തിലെ മാട്രിമോണി സൈറ്റിലും വിവാഹദല്ലാൾമാരുടെ അടുത്തുമായി ഒരു കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ലേഖനമാണ്.
കേരളത്തിൽ ഇത്തരത്തിൽ വാർത്തകൾ വരുന്പോൾ രണ്ടു കാര്യങ്ങളാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്.
ഒന്ന് – ഏറ്റവും കൂടുതൽ റീച്ച് കിട്ടാൻ വേണ്ടിയുള്ള ക്ലിക്ക് ബൈറ്റ് ആയിരിക്കും കാപ്ഷൻ (സ്വാഭാവികം).
രണ്ട് – ഒറിജിനൽ പഠനത്തിലേക്ക് ഒരു ലിങ്ക് പോലും കൊടുത്തിട്ടുണ്ടാകില്ല.
ഇവിടേയും തെറ്റിയില്ല. ഒറിജിനൽ റിപ്പോർട്ടിന്റെ കോപ്പി ഇല്ല, ലിങ്കും ഇല്ല.
റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യം എടുക്കാം.
“ഒരു” മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല്പത് വയസ്സിൽ താഴെയുള്ള പതിനാറു ലക്ഷം മലയാളികളിൽ നാൽപ്പതിൽ ഒന്ന് മാത്രമാണ് സ്ത്രീ എന്നാണ് ഒരു കണക്ക്. കേട്ടാൽ ആണുങ്ങൾ ഞെട്ടും. ചാൻസ് നാല്പതിൽ ഒന്നാണ്! ഏത് സൈറ്റ് എന്നൊന്നും ലേഖനത്തിൽ ഇല്ല.
അത് പോട്ടേ. പെൺകുട്ടികളുടെ വിവാഹപ്രായം വൈകുന്നതിനെ പറ്റി മനഃശാസ്ത്രഞ്ജന്റെ അഭിപ്രായം കേട്ട് ഞാൻ അന്തം വിട്ടു.
“പെൺകുട്ടികളുടെ വിവാഹ പ്രായം വൈകുന്നതു നിമിത്തം കുടുംബത്തിലും സമൂഹത്തിനും ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ഇവയാണ്.
ജീവിതം ആസ്വദിക്കാനുള്ളതാണ്. വൈകിയുള്ള വിവാഹം ദന്പതികൾക്ക് പരസ്പരം ഇഷ്ടപ്പെടാനുള്ള താൽപര്യം വർഷങ്ങള് കഴിയുന്തോറും കുറഞ്ഞു വരുന്നതായി കാണാം. ഇതു ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ നഷ്ടപ്പെടുത്തുന്നു.”
വിവാഹം കഴിച്ചാൽ മാത്രമേ പരസ്പരം ഇഷ്ടപ്പെടാൻ കഴിയൂ എന്നും വിവാഹം കഴിച്ചില്ലെങ്കിൽ ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ നഷ്ടപ്പെടുന്നു എന്നും ചിന്തിക്കുന്ന മനഃശാസ്ത്രജ്ഞർ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്?
വിവാഹം കഴിച്ചാൽ ജീവിതത്തിലെ മനോഹരമായ വർഷങ്ങൾ “കട്ടപ്പൊക” എന്നു ചിന്തിക്കുന്നവരും ഉണ്ടാകില്ലേ?
കേരളത്തിൽ പൊതുവെ അഭ്യസ്തവിദ്യരും തൊഴിൽ ഉള്ളവരുമായ സ്ത്രീകളിൽ വിവാഹത്തിനോടുള്ള താല്പര്യം കുറഞ്ഞു വരുന്നു എന്നത് സത്യമാണ്. ഇതിപ്പോൾ കേരളത്തിലെ മാത്രം കാര്യമല്ല.
1990 കളിൽ ഞാൻ ബ്രൂണൈയിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടുത്തെ ഒരു വലിയ സാമൂഹ്യ പ്രശ്നം ആയിരുന്നു ഇത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടെങ്കിലും ആയി ജപ്പാനിൽ ഇതൊരു വിഷയമായിട്ട്. ലോകത്ത് മറ്റനവധി നാടുകളിൽ ഈ വിഷയം നിലവിലുണ്ട്.
നമ്മുടെ പെൺകുട്ടികളും കൂടുതൽ വിദ്യാഭ്യാസം ആർജ്ജിച്ച് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുന്പോൾ അവരും ലോകത്തെ മറ്റെവിടേയും പോലെ വിവാഹത്തോട് വിമുഖത കാണിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. അതൊരു പേടിയൊന്നുമല്ല.
വിവാഹം എന്നത് പൊതുവെ സ്ത്രീകൾക്ക് കൂടുതൽ നഷ്ടപ്പെടാനുള്ള ഒരു പ്രസ്ഥാനമാണ്. അവരുടെ സാമൂഹ്യ ജീവിതം, സ്വാതന്ത്ര്യം, സാന്പത്തികം, ആരോഗ്യം, സമയം എന്നിങ്ങനെ.
ഒരിക്കൽ വിവാഹം കഴിച്ചാൽ വിവാഹജീവിതത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ വിവാഹത്തിൽ നിന്നും പുറത്തു ചാടാൻ സാമൂഹ്യപരവും നിയമപരവുമായ ബുദ്ധിമുട്ടുകൾ വളരെ കൂടുതലാണ്. ഇതൊക്കെ മനസ്സിലാക്കുന്നവരിൽ, സാന്പത്തിക സാമൂഹ്യ സാഹചര്യമുള്ള ആളുകൾ അതിൽ നിന്നും ഒഴിവായി നിൽക്കുന്നു. അത്രേ ഉള്ളൂ കാര്യം. ഗാമയും ഡെൽറ്റായും ഒന്നുമല്ല.
ഇനിയും അങ്ങനെ വിട്ടു നിൽക്കുന്നവരുടെ എണ്ണം കൂടും. ആരെങ്കിലും പേടിക്കണമെങ്കിൽ അത് സമൂഹമാണ്, സ്ത്രീകൾ അല്ല. കാരണം മാറേണ്ടത് സമൂഹമാണ്.
മുരളി തുമ്മാരുകുടി
Leave a Comment