പൊതു വിഭാഗം

കേരളത്തിലെ സുഹൃത്തുക്കളോട്

നാട്ടിൽ വരുന്നത് കാരണം കുറേ പണികൾ ബാക്കിയുണ്ടായിരുന്നു. ഏറെ തിരക്കുള്ള ദിവസമായിട്ടും നാട്ടിലെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. തെക്കു തൊട്ട് വടക്ക് വരെ എല്ലാ നദികളും കരകവിഞ്ഞൊഴുകുന്നതും അണക്കെട്ടുകൾ തുറക്കുന്നതു കാരണം നദികളിൽ സാധാരണ മഴക്കാലത്തേക്കാൾ കൂടുതൽ വെള്ളം വരുന്നതും ആളുകളെ ആശങ്കയിൽ ആക്കുന്നുണ്ട്. കുറച്ചു പേരുടെ പോസ്റ്റുകൾ കണ്ടപ്പോൾ അല്പം പേടിച്ചതു പോലെ തോന്നി.
 
പക്ഷെ രാവിലെ പറഞ്ഞത് പോലെ ഒരു ദുരന്തം നേരിടാനുള്ള ധാരാളം സംവിധാനങ്ങൾ നമുക്കുണ്ട്. വെള്ളപ്പൊക്കം എന്നാൽ സുനാമി പോലെയോ ഭൂമികുലുക്കം പോലെയോ ആയിരങ്ങളെ കൊന്നൊടുക്കുന്ന ദുരന്തമല്ല. കേരളം വളരെ വീതികുറഞ്ഞ ഒരു പ്രദേശമായതിനാൽ (മലയിൽ നിന്നും കടൽ വരെ മുപ്പത് തൊട്ടു നൂറ്റി ഇരുപത് കിലോമീറ്റർ ദൂരമേ ഉള്ളൂ). മഴ നിന്നാൽ വെള്ളമിറങ്ങാൻ മണിക്കൂറുകൾ മതി. വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിൽ പോലും അങ്ങനെ അല്ല. ഉത്തർപ്രദേശിൽ യമുനയിൽ വെള്ളം പൊങ്ങിയാൽ കടലിലെത്താൻ ആയിരം കിലോമീറ്റർ പോകണം, അപ്പോൾ വെള്ളം ഇറങ്ങാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും.
 
ഇനിയിപ്പോൾ മഴ നിലനിൽക്കുകയോ കൂടുകയോ ചെയ്താലും ആളുകൾ പേടിക്കേണ്ട കാര്യമില്ല. കേരളത്തിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ മാറ്റിതാമസിപ്പിക്കേണ്ടത് മിക്കവാറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിലാണ്, പരമാവധി ഇരുപത് കിലോമീറ്ററിൽ. വടക്കേ ഇന്ത്യയിൽ ഗംഗാ സമതല പ്രദേശത്ത് അഞ്ഞൂറ് കിലോമീറ്റർ പോയാലും വെള്ളം കയറാത്ത സ്ഥലങ്ങൾ ഉണ്ടാകില്ല എന്നോർക്കണം. അങ്ങനെയുള്ള സ്ഥലങ്ങളിൽ ദശ ലക്ഷങ്ങളെ സുരക്ഷിതരാക്കിയ സൈന്യം ഒക്കെ നമുക്ക് വിളിപ്പുറത്ത് ഉണ്ട്. തീർച്ചയായും ആവശ്യമെങ്കിൽ വീട് വിട്ടുമാറി നിൽക്കാൻ തയ്യാറാകണം. അസൗകര്യങ്ങൾ പലതും ഉണ്ടാകും, അതിനപ്പുറമുള്ള പ്രശ്നങ്ങൾ ഒന്നുമില്ല. സ്വയം അനാവശ്യമായി ഓരോന്ന് ചെയ്ത് മരണം വിളിച്ചു വരുത്താതിരുന്നാൽ മതി.
 
ഞാൻ കൂടുതൽ പേടിക്കുന്നത് ഉരുൾ പൊട്ടലിനെ ആണ്. ഓരോ ദിവസവും മഴ പെയ്യുന്തോറും മലയുടെ ഉൾഭാഗം കുതിർന്നു നിറയുകയാണ്. വെള്ളം പൊങ്ങിവരുന്നത് നമുക്ക് കാണാമെങ്കിലും ഉരുൾ പൊട്ടാൻ തുടങ്ങുന്നത് അറിയാൻ കേരളത്തിൽ ഒരു മാർഗ്ഗവും ഇല്ല. ഇനി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാനും സാധ്യമല്ല. അപ്പോൾ കുന്നിന്റെ ചെരിവുകളിൽ താമസിക്കുന്നവർ, പ്രത്യേകിച്ചും ക്വാറികൾ ഉള്ള മലകളിൽ, മലയുടെ ചെരിവ് വെട്ടി നിരപ്പാക്കി വീടുകളും റിസോർട്ടും ഉണ്ടാക്കിയ സ്ഥലങ്ങളിൽ, മണ്ണെടുക്കാനോ റോഡുണ്ടാക്കാനോ വേണ്ടി മലഞ്ചെരുവുകൾ വെട്ടിയ സ്ഥലങ്ങളിൽ ഒക്കെ ഉരുൾ പൊട്ടൽ സാധ്യതയുണ്ട്. എപ്പോഴാണ് എവിടെയാണ് മരണം ഉരുൾപൊട്ടി ഇറങ്ങുന്നത് എന്ന് പറയാൻ പറ്റില്ല. ഞാൻ ഈ പറഞ്ഞ റിസ്ക് ഫാക്ടേഴ്‌സ് ഉള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കൾ പ്രത്യേകം ശ്രദ്ധിക്കുക, സംശയം ഉണ്ടെങ്കിൽ മഴ കുറയുന്നത് വരെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറുക, കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ അധികാരികളോട് പറഞ്ഞു ക്യാംപുകൾ ഉണ്ടാക്കുക.
 
ഒന്ന് കൂടി ഞാൻ പറയാം. “എൻറെ വീട്ടിൽ മഴക്കാലത്ത് ഒന്നോ രണ്ടോ കുടുംബങ്ങൾക്ക് സ്ഥലം തരാം” എന്നൊക്കെ കുറച്ചു പോസ്റ്റുകൾ നിങ്ങൾ കണ്ടുകാണും. അത് മലയാളികളുടെ പൊതു വികാരം ആണ്. കുറച്ചു പേർ പോസ്റ്റിടുന്നു എന്ന് മാത്രമേ ഉള്ളൂ. പോസ്റ്റ് ഉള്ളതും ഇല്ലാത്തതും ഒന്നും നിങ്ങൾ നോക്കേണ്ട കാര്യമില്ല. കേരളത്തിൽ വെള്ളത്തിൽ മുങ്ങാത്ത ഏതു വീടും, ഉരുൾ പൊട്ടലിൽ നിന്നും സുരക്ഷിതമായ ഏതു വീടും വീട്ടിൽ സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുന്നവരെ സ്വീകരിക്കാൻ തയ്യാറായിരിക്കും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. മഴയില്ലാത്ത കാലത്ത് ജാതിയും, മതവും, രാഷ്ട്രീയവും, മമ്മൂട്ടിയും, മോഹൻലാലും, അർജന്റീനയും, ബ്രസീലും ഒക്കെ പറഞ്ഞു നാം തമ്മിൽ കലഹിക്കുമെങ്കിലും ദുരന്തകാലത്ത് നാം ഒന്നാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബവും ഈ വെള്ളപ്പൊക്കക്കാലത്ത് ഒറ്റക്കാണെന്ന് ചിന്തിക്കേണ്ട കാര്യമില്ല. അടുത്ത വീട്ടിൽ ഭക്ഷണം ഉണ്ടെങ്കിൽ നിങ്ങൾ പട്ടിണി കിടക്കുന്നതിനെ പറ്റി ആലോചിക്കുക പോലും വേണ്ട.നിങ്ങളുടെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കണം എന്ന് മാത്രം. നമ്മൾ ഒന്നാണ്, നാളെ എൻറെ വീട്ടിന് മുകളിൽ മരം വീണാൽ ഞാൻ ഓടി വരാൻ പോകുന്നത് നിങ്ങളുടെ വീട്ടിലേക്കാണ്. അതുകൊണ്ടു തന്നെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയുന്നതോ അറിയാത്തതോ ആയ മറ്റൊരാളുടെ വീട്ടിൽ പോകാൻ ഒട്ടും മടിക്കേണ്ട കാര്യമില്ല. സർക്കാർ സംവിധാനങ്ങൾ ഏറെ വേറെയും ഉണ്ടല്ലോ.
 
മഴ മാറിയാലും വെള്ളമിറങ്ങിയാലും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. തൊണ്ണൂറ്റി ഒന്പതിലേ വെള്ളപ്പൊക്കക്കാലത്ത് കൂടുതൽ ആളുകൾ മരിച്ചത് വെള്ളത്തിൽ പെട്ടല്ല, അതിനു ശേഷം ഉണ്ടായ പനിയിലും പട്ടിണിയിലും ആണ്. അന്നത്തെ കേരളം അല്ല ഇന്നത്തെ കേരളം. അടച്ചുറപ്പുള്ള വീടുകൾ ഉണ്ട്, ആരോഗ്യ സംവിധാനങ്ങൾ ഉണ്ട്, നാട്ടിലും മറുനാട്ടിലും കേരളത്തിന്റെ ദുരിതമകറ്റാൻ വേണ്ടി പണം ചിലവാക്കാൻ കഴിവുള്ള മലയാളികൾ ഉണ്ട്. ഇതിനൊക്കെ ഉപരി നമ്മൾ തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാർ ഉണ്ട്. അതിനെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടപ്പോൾ വിമർശിച്ചു നേരെയാക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ ഉണ്ട്. സഹായം നൽകാൻ കഴിവുള്ള കേന്ദ്ര സർക്കാരും ഒപ്പമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്നെ പേടിപ്പിക്കുന്നില്ല.
 
ജാഗ്രത വേണ്ട എന്നല്ല. ഇന്നലെ പറഞ്ഞതു പോലെ ഓരോ റെസിഡന്റ്റ് അസോസിയേഷനും ദുരന്ത നിവാരണ സംവിധാനങ്ങൾ തുടങ്ങണം. ഒന്നുകിൽ ദുരന്തം നേരിടാനും ദുരന്തം ഉണ്ടായവരെ സഹായിക്കാനും. സർക്കാർ അവരുടെ മുഴുവൻ കഴിവും സംവിധാങ്ങളും ഉപയോഗിച്ചാണ് പ്രശ്നത്തെ നേരിടുന്നത്. നമുക്ക് ആവുന്ന വിധത്തിൽ അതിനെ സഹായിക്കണം.
 
എന്താണ് കേരളം എന്ന് ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ സമൂഹം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളത്തെ നോക്കി പഠിക്കൂ എന്ന് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും ലോകവും പറയാൻ ഇടവരണം. ഇത് നമ്മുടെ സമയമാണ്.
 
#Ourfinesthour
 
മുരളി തുമ്മാരുകുടി

Leave a Comment