പൊതു വിഭാഗം

കൃത്യതയോടെ സംസാരിക്കുന്ന ഒരാൾ

ടെലിവിഷൻ ചർച്ചകൾ പൊതുവെ ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. അത് കേരളത്തിലെ ചാനലുകൾ ആണെങ്കിലും ബി ബി സി ആണെങ്കിലും.
പക്ഷെ ഇതിന് ചില അപവാദങ്ങളുണ്ട്. ചില ആളുകൾ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ആ ചർച്ചയുടെ നിലവാരം ഉയരും. ഒരു പുസ്തക വായന പോലെ അത് നമുക്ക് വിദ്യാഭ്യാസം നൽകും. കേരളത്തിൽ ഇത്തരത്തിൽ ഞാൻ ശ്രദ്ധിക്കുന്നതും സാധിക്കുന്പോഴെല്ലാം കാണുന്നതുമായ ഒരാളുണ്ട്, ശ്രീ. എം. സ്വരാജ്.
ചർച്ചയുടെ വിഷയം എന്താണെങ്കിലും അദ്ദേഹം ആവശ്യത്തിന് ഗൃഹപാഠം ചെയ്തിട്ടേ വരൂ. മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കും, ഇടക്ക് കയറി പറയില്ല. ഒച്ചയും ബഹളവും ഉണ്ടാക്കില്ല. സ്വന്തം ഊഴം വരുന്പോൾ വിഷയത്തിൽ ഊന്നി സംസാരിക്കും. അതിൽ കൃത്യമായ കണക്കുകൾ ഉണ്ടാകും, പുതിയ ആശയങ്ങൾ ഉണ്ടാകും, പഴയ സംഭവങ്ങൾ ഉണ്ടാകും, രാഷ്ട്രീയം കാണും, ആരെങ്കിലും ചൊറിയാൻ വന്നിട്ടുണ്ടെങ്കിൽ അതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ടാകും. പലപ്പോഴും അദ്ദേഹത്തെ ആശയപരമായോ വ്യക്തിപരമായോ അധിക്ഷേപിച്ചവരെ ഭിത്തിയിലോട്ടിച്ചേ പോകാറുള്ളൂ. സ്വരാജിനെ കേട്ടിരിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസം മാത്രമല്ല നമുക്ക് തരുന്നത്, എങ്ങനെയാണ് ചർച്ചകളിൽ പങ്കെടുക്കേണ്ടത് എന്നതിനുള്ള പരിശീലനക്കളരി കൂടിയാണ്.
കൃത്യമായ കണക്കുകളും വസ്തുതകളും ഉപയോഗിച്ചുള്ള അദ്ദേഹത്തിൻറെ സംസാരം ചാനൽ ചർച്ചകളിൽ മാത്രമല്ല, കഴിഞ്ഞ അഞ്ചു വർഷമായി നിയമ സഭയിലും കേൾക്കുന്നുണ്ട്. സാധിക്കുന്പോൾ അദ്ദേഹത്തിൻറെ നിയമസഭാ പ്രസംഗങ്ങൾ ശ്രദ്ധിക്കാറുണ്ട്. നിയമസഭയിൽ സംസാര സമയത്തിന് പരിധി ഉണ്ടെന്നതാണ് പ്രധാന ബുദ്ധിമുട്ട്. ഓരോ പ്രസംഗം കഴിയുന്പോഴും കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നും.
ശ്രീ. സ്വരാജ് ഞാനുമായി അടുത്ത സൗഹൃദമുള്ള ആളല്ല. അദ്ദേഹത്തോടൊപ്പമുള്ള ഒരു സെൽഫി പോലും എൻറെ കയ്യിലില്ല. ആദ്യമായി അദ്ദേഹത്തിൻറെ നല്ല പ്രസംഗം കേട്ടപ്പോൾ ഫോൺ നന്പർ കണ്ടെത്തി അങ്ങോട്ട് സന്ദേശം അയച്ചു. പിന്നീടങ്ങോട്ട് സ്ഥിരമായി ഫോളോ ചെയ്യാറുണ്ട്. ഇപ്പോഴും നല്ല പ്രസംഗങ്ങൾ കേൾക്കുന്പോൾ അദ്ദേഹത്തിന് ആശംസാ സന്ദേശം അയക്കാറുണ്ട്. കഴിഞ്ഞ തവണ പോലീസ് ആസ്ഥാനത്ത് ചെന്നപ്പോൾ യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടിരുന്നു. എന്നെ കണ്ടപ്പോൾ പരിചയമുള്ളതു പോലെ ചിരിച്ചു സംസാരിച്ചു. വാസ്തവത്തിൽ എന്നെ അദ്ദേഹത്തിന് നന്നായി അറിയാമെന്നുള്ളത് എനിക്ക് അല്പം അതിശയമായിരുന്നു.
കേരള രാഷ്ട്രീയത്തിൽ ഏറെ മുന്നോട്ട് പോകാനിരിക്കുന്ന ഒരു നേതാവാണ് ശ്രീ. സ്വരാജ്.
എപ്പോഴെങ്കിലും സമയം കിട്ടുന്പോൾ കൂടുതൽ സംസാരിക്കണമെന്ന ആഗ്രഹം ഞാൻ പറഞ്ഞിട്ടുണ്ട്.
ഒരു വരവ് കൂടി വരേണ്ടി വരും…
വീണ്ടും ജനവിധി തേടുന്ന സ്വരാജിന് ആശംസകൾ!
മുരളി തുമ്മാരുകുടി
(ചിത്രം: വിക്കിപ്പീഡിയ)

Leave a Comment