പൊതു വിഭാഗം

കൂടുന്ന കൊലപാതകങ്ങൾ…

കേരളത്തിൽ പൊതുവെ അക്രമങ്ങൾ കൂടുന്നു എന്ന് എല്ലാക്കാലത്തും നമ്മൾ പറയാറുണ്ടെങ്കിലും കണക്കുകൾ അനുസരിച്ച് കാര്യങ്ങൾ അങ്ങനെയായിരുന്നില്ല.
 
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച് 2020 ൽ കേരളത്തിൽ കൊലപാതക നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര കൊലപാതകങ്ങൾ) 0.9 ആയിരുന്നു. ഇത് ഇന്ത്യൻ ശരാശരിയുടെ (2.2) പകുതിയിലും താഴെയാണ്.
 
വാസ്തവത്തിൽ കേരളത്തിൽ കൊലപാതകങ്ങളുടെ നിരക്ക് ലോകത്തെ ഏറ്റവും സമാധാനപരമെന്ന് നാം കരുതുന്ന രാജ്യങ്ങളുമായി (സ്വിറ്റ്‌സർലൻഡ്, ന്യൂ സിലാൻഡ്, യു എ ഇ, സിംഗപ്പൂർ) താരതമ്യം ചെയ്യാവുന്നതാണ്. കൊലപാതക നിരക്ക് ഒന്നിൽ താഴെയുള്ള രാജ്യങ്ങളിൽ ഭൂരിപക്ഷത്തിനും കേരള സംസ്ഥാനത്തിന്റെയത്ര ജനസംഖ്യയില്ല എന്ന് മാത്രമല്ല, ആളോഹരി പോലീസുകാരുടെ എണ്ണം കേരളത്തിലേതിലും വളരെ കൂടുതലുമാണെന്ന് കൂടി അറിയുന്പോഴാണ് നമ്മുടെ പോലീസിംഗ് സംവിധാനത്തിന്റെ മികവ് മനസ്സിലാകുന്നത്.
 
ലോകത്ത് ഒരു വർഷത്തിൽ കൊലപാതക നിരക്ക് പത്തിന് മുകളിലുള്ള നാല്പത് രാജ്യങ്ങളുണ്ട്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യത്ത് നിരക്ക് അന്പതിന് മുകളിലാണ്. അതായത് കേരളത്തിലേതിനേക്കാളും അന്പത് മടങ്ങ്.
 
ഇത് മാത്രമല്ല. കേരള സംസ്ഥാനം രൂപീകരിച്ച കാലം മുതൽ നോക്കിക്കഴിഞ്ഞാൽ കൊലപാതകങ്ങളുടെ നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര എന്ന കണക്കിൽ നോക്കിയാൽ), കേരളത്തിൽ കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞു വരികയായിരുന്നു. (1961 ൽ കേരളത്തിൽ 262 കൊലപാതകങ്ങളാണ് നടന്നത്, ജനസംഖ്യ 169 ലക്ഷം, അപ്പോൾ കൊലപാതക നിരക്ക് 1.55).
 
ഇതൊക്കെ നല്ല കാര്യം. പൊതുവെ ആളുകൾക്ക് അറിയാത്തതാണ്, ആളുകൾ അറിയേണ്ടതുമാണ്.
 
പക്ഷെ ഇന്നലത്തെ മാതൃഭൂമി റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം സമീപകാലത്തെ ഏറ്റവും ഉയരത്തിലാണ്, 337. (കേരള പോലീസ് വെബ്‌സൈറ്റിലും ഇതുണ്ട്, മറ്റു പത്രങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കണം വർത്തയാകാതിരുന്നത്).
 
പൊതുവെ ജനജീവിതം മന്ദഗതിയിൽ ആയിരുന്ന 2021 ൽ എന്തുകൊണ്ടാണ് കേരളത്തിൽ കൊലപാതകങ്ങൾ കൂടിയത്?
 
നമ്മുടെ മുൻവിധിയനുസരിച്ച് മയക്കുമരുന്ന്, ക്വോട്ടേഷൻ, മറുനാടൻ തൊഴിലാളികൾ, അക്രമ രാഷ്ട്രീയം എന്നിങ്ങനെ ഒറ്റയടിക്ക് അഭിപ്രായം പറയാൻ എളുപ്പമാണ്. എന്നാൽ ഇത് കണക്കുകൾ അവലംബിച്ചു ചെയ്താൽ മാത്രമേ നമ്മുടെ കൊലപാതക നിരക്ക് കുറക്കാൻ പറ്റൂ.
 
ഏതു തരത്തിലുള്ള കൊലപാതകങ്ങളാണ് കൂടിയത്?
 
കുടുംബത്തിനകത്തുള്ള കൊലപാതകങ്ങൾ?
സാന്പത്തികമായ കൊടുക്കൽ വാങ്ങലുകളുമായി ബന്ധപ്പെട്ടത്?
മയക്കുമരുന്നുമായി ബന്ധപ്പെട്ടത്?
കവർച്ച?
രാഷ്ട്രീയ കൊലപാതകങ്ങൾ?
മറുനാടൻ തൊഴിലാളികളുമായി ബന്ധപ്പെട്ടത്?
ദുരഭിമാനക്കൊലകൾ?
 
എന്തുകൊണ്ടാണ് കേരളത്തിൽ കൊലപാതകങ്ങൾ കൂടുന്നത്, ഏതു തരം കൊലപാതകങ്ങളാണ് കൂടുന്നത് എന്നതൊക്കെ ശരിയായി അപഗ്രഥിച്ചിട്ട് വേണം പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും.
 
പൊതുവെ താഴേക്ക് വന്നതിന് ശേഷം 2019 ൽ ഇതുപോലൊരു ഉയർച്ച ഉണ്ടായി. ഇപ്പോൾ ഇതാ വീണ്ടും. ഇത് നല്ല ലക്ഷണമല്ല.
 
ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം.
 
മുരളി തുമ്മാരുകുടി
 
(കണക്കുകൾ ഇല്ലാതെ “ഇപ്പൊ ശരിയാക്കാൻ” ഒറ്റമൂലികളുമായി വരരുത് പ്ലീസ്)
 
Kerala Police Chief Minister’s Office, Kerala State Police Chief Kerala
May be an image of text that says "2017 മുതൽ കേരളത്തിൽ നടന്ന കൊലപാതകങ്ങൾ 2017 305 2018 292 2019 323 2020 306 2021 337"No photo description available.

Leave a Comment