പൊതു വിഭാഗം

കുന്നിടിക്കാന്‍ കൂട്ട് നില്‍ക്കുന്ന നെടുമുടി വേണു

Written by Thummarakudi

എന്‍റെ വീട്ടില്‍ ചെറുപ്പ കാലത്ത് പണിക്കു വന്നു കൊണ്ടിരുന്ന കുഞ്ഞിരാമനെ എല്ലാവരും ഇണ്ട്രാന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഇങ്ങനെ ഒരു വാക്ക് അതിനു മുന്‍പോ ശേഷമോ ഞാന്‍ കേട്ടിട്ടും ഇല്ല. അത് ഇന്ദ്രന്‍ എന്നാണോ അതോ എന്ട്രിന്‍ (പണ്ട് കാലത്തെ എന്‍ഡോസള്‍ഫാന്‍) ആണോ എന്നെല്ലാം ഞാന്‍ വളരെ ആലോചിച്ചിട്ടുണ്ട്. പക്ഷെ അല്ല. ഇണ്ട്രാന്‍ ഇണ്ട്രാന്‍ തന്നെ.

പേര് പോലെ തന്നെ വളരെ വ്യതസ്തമായ വ്യക്തിത്വം ഉള്ള ആളായിരുന്നു ഇണ്ട്രാന്‍. പറഞ്ഞ ദിവസം, പറയുന്ന സമയത്ത് ഇണ്ട്രാന്‍ ജോലിക്ക് വരും. വാച്ച് ഇല്ലെങ്കിലും കൃത്യ സമയത്ത് തന്നെ പണി നിര്‍ത്തി പോവുകയും ചെയ്യും. ഇണ്ട്രാന്‍ പണി നിര്‍ത്തുന്ന നോക്കി വാച്ച് ശരിയാക്കാം എന്ന് അമ്മ പറയും. ചെയ്യുന്ന പണിയാകട്ടേ പെര്‍ഫെക്റ്റ്‌ ആയി മാത്രമേ ചെയ്യുകയുള്ളു.

വ്യക്തി ജീവിതത്തിലും ഇണ്ട്രാന്‍ വ്യത്യസ്തനായിരുന്നു. മറ്റു പണിക്കാരെ പോലെ വൈകുന്നേരം കള്ള് കുടിച്ചു ഉള്ള പണം കളയില്ല. വീട്ടില്‍ വഴക്കില്ല. കുട്ടികളെ നല്ലപോലെ നോക്കി പഠിപ്പിച്ചു. ഇതുകൊണ്ടെല്ലാം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇണ്ട്രാനെ വളരെ ഇഷ്ടം ആയിരുന്നു.

ഒരു പരിധി വരെ എന്‍റെ അമ്മാവനും വളരെ വ്യതസ്തന്‍ ആയ ഒരു കൃഷിക്കാരന്‍ ആയിരുന്നു. ഏത് കാലത്ത് ഏത് കൃഷി ചെയ്യണം, ഏത് വളം ഇടണം എന്നതിനെപ്പറ്റി എല്ലാം അമ്മാവന് കൃത്യമായ ഒരു ധാരണയും കണക്കും ഉണ്ടായിരുന്നു. അതുകൊണ്ട് അകാലത്തില്‍ വാഴ വച്ച് hormone അടിപ്പിച്ചു കുലപ്പിച്ചു ഓണത്തിനുമുന്പേ വെട്ടി രാസവസ്തു ഇട്ടു പുകച്ചു പഴുപ്പിച്ചു പഴം ഉണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം കൃഷി ചെയ്തില്ല. എന്ന് വച്ച് അമ്മാവന്‍ ഒരു പിന്തിരിപ്പന്‍ ഒന്നും അല്ലായിരുന്നു കേട്ടോ. നാട്ടില്‍ ആദ്യമായി റബ്ബര്‍ കൃഷി കൊണ്ട് വന്നതും, വായന ശാല ഉണ്ടാക്കിയതും, സൊസൈറ്റി സ്ഥാപിച്ചതും എല്ലാം അമ്മാവന്‍റെ പ്രയത്നം കൊണ്ടാണ്.

1990 വെങ്ങോലയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. ആ ഇടയ്ക്കാണ് നെടുമ്പാശേരിയിലെ നെല്പാടത് ഒരു വിമാനതാവളം ഉണ്ടാക്കാന്‍ കേരളത്തിന്‍റെ വികസന നായകര്‍ തീരുമാനം എടുക്കുന്നത്. വെങ്ങോലയും നെടുംബാശേരിയും
തമ്മില്‍ എന്ത് ബന്ധം എന്ന് ചോദ്യം വരാം. വിമാന താവളത്തിന്‍റെ വരവ് വെങ്ങോലയുടെ ഭൂമി ശാസ്ത്രത്തെയും സാമ്പത്തിക നിലവാരത്തെയും സാരമായി ബാധിച്ചു. ആദ്യമായി, പാടം നികത്താനുള്ള മണ്ണ് കണ്ടെത്തിയത് വെങ്ങോലയില്‍ ആയിരുന്നു (ഞങ്ങള്‍ കുന്നത്ത് നാട്ടുകാര്‍ ആണല്ലോ). അങ്ങനെ കുന്നു ഇടിയാനും മണ്ണ് ഒരു വ്യവസായം ആയി മാറാനും തുടങ്ങി.

1997 എയര്‍പോര്‍ട്ട് കമ്മീഷന്‍ ചെയ്തതോടെ ചുറ്റും ഉള്ള സ്ഥലങ്ങള്‍ക് ക്രമാതീതം ആയി വില കൂടാന്‍ തുടങ്ങി. എമ്ബ്രാന്‍ അല്പം കട്ട് മുടിച്ചാല്‍ അമ്പല വാസികള്‍ ആകെ മുടിക്കും എന്നാണല്ലോ പ്രമാണം. ഗവേര്‍ന്മേന്‍റെ പാടം നികത്തി എയര്‍പോര്‍ട്ട് വച്ചപ്പോള്‍ നാട്ടുകാര്‍ പാടം നികത്തി കള്ളുഷാപ്പ് മുതല്‍ കോഴിക്കൂട് വരെ നിര്‍മിച്ചു. സെന്റിന് 500 രൂപ ഉള്ള പാടം 1000 രൂപയ്ക്കു മണ്ണിട്ട്‌ നികത്തിയാല്‍ 50000 രൂപയ്ക്കു വില്‍ക്കാം എന്ന് വന്നു. ഇതിനിടയ്ക്ക് ഏതാണ്ട് 5000 രൂപയോളം പല ആളുകള്‍ക് കൈകൂലി കൊടുത്താലും ഇത് ഒരു ലാഭക്കച്ചവടം ആണെന്ന് ഏത് വേങ്ങോലക്കാരനും മനസ്സിലായി. അങ്ങനെ, വെങ്ങോലയിലെ കുന്നായ ഭൂമി കുഴിക്കപ്പെടാനും പാടം ആയ ഭൂമി നികത്തപ്പെടനും തുടങ്ങി.

ഗ്രാമത്തില്‍ കുന്നിന്‍റെ അധിപന്മാര്‍ എല്ലാം അത് പാട്ടത്തിനു കൊടുത്തു പണം ഉണ്ടാക്കാന്‍ തുടങ്ങി. വെറുതെ ഇരുന്നാല്‍ ‍ മതിയല്ലോ. ഓരോ ടിപ്പര്‍ വന്നു പോകുമ്പോഴും പണം പെട്ടിയില്‍ വീഴും. മഴ നോക്കി ഇരിക്കേണ്ട, പണിക്കാരെ അന്വേഷിക്കണ്ട, വളം ഇടണ്ടാ, വിളയും ആയി ചന്തയില്‍ പോകണ്ട, പരമ സുഖം. അതുണ്ടാക്കിയ സാമ്പത്തിക കുഴപ്പത്തെ പറ്റിയോ ഉണ്ടാക്കാന്‍ പോകുന്ന പ്രകൃതി ദുരന്തങ്ങളെ പറ്റിയോ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പിന്നെ.

കുന്നുകള്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പലരും അത് പാട്ടത്തിനെടുക്കാന്‍ വരികയും ചെയ്തു. പക്ഷെ അമ്മാവന്‍ അത് ചെയ്യാന്‍ സമ്മതിച്ചില്ല. ഇനി അഥവാ അമ്മാവന്‍റെ കാലശേഷം ഞങ്ങള്‍ ആരെങ്കിലും അതിനു മുതിര്‍ന്നാലോ എന്ന് വിചാരിച്ച് ഞങ്ങളുടെ മല മുഴുവന്‍ റബ്ബറോ തേക്കോ വച്ചിട്ട് അമ്മാവന്‍ സ്ഥലം വിട്ടു.

കൃഷിക്കാരെപ്പോലെ കര്‍ഷക തൊഴിലാളികള്‍ക്കും 1990 ഒരു ബുദ്ധിമുട്ടുള്ള കാലം ആയിരുന്നു. കൃഷിസ്ഥലങ്ങള്‍ മണ്ണിടിക്കുന്ന സ്ഥലമോ മണ്ണിടുന്ന സ്ഥലമോ ആയപ്പോള്‍ കൃഷിക്കുള്ള സാദ്ധ്യത കുറഞ്ഞു. ജോലികള്‍ കുന്നിടിക്കുന്നതിന്നും സ്ഥലം നികത്തുന്നതിന്നും ആയി.

വെങ്ങോലയുടെ പരിതസ്ഥിതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഒന്നും ഇണ്ട്രാന്ന് ഇല്ലായിരുന്നു.
എന്നിട്ടും ഇണ്ട്രാന്‍ കൃഷിപ്പണി മാറ്റി കുന്നിടിക്കാന്‍ പോയില്ല. ആയ കാലത്ത് ഉണ്ടാക്കിയ ചുരുങ്ങിയ
സമ്പാദ്യവും മക്കളുടെ സംരക്ഷണവും മൂലം ഇണ്ട്രാന്‍ ഇപ്പോഴും വെങ്ങോലയില്‍ അഭിമാനത്തോടെ കഴിയുന്നു.

ഞാന്‍ ഇതെല്ലം ഓര്‍ക്കാന്‍ കാരണം ഇത്തവണ ശ്രീലങ്കയിലേക്കുള്ള യാത്രയില്‍ ഞാന്‍ വിമാനത്തില്‍ വച്ച് പോക്കിരി രാജ എന്ന സിനിമ കണ്ടു. മമ്മൂട്ടി, പ്രഥ്വിരാജ്, വിജയ രാഘവന്‍, സിദ്ദിക്, നെടുമുടി വേണു എന്നീ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം ഉള്ള ഒരു പടം.

നെടുമുടി വേണു എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമാനടന്‍ ആണ്. അദ്ദേഹത്തിന്‍റെ പല സിനിമകളും എനിക്കിഷ്ടമാണെങ്കിലും മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം
എന്ന പടത്തിലെ മാഷും, പിന്നെ വീണ്ടും ചില വീട്ടുകര്യങ്ങളിലെ അലക്കുകാരനും ആണ് എന്റെ favourite . പോക്കിരി രാജായില്‍ അദ്ദേഹം ഒരു റിട്ടയേര്‍ഡ്‌ സ്കൂള്‍ മാഷിന്‍റെ റോള്‍ ആണ് ചെയ്യുന്നത്. അദ്ദേഹത്തിന് പറ്റിയ വേഷം. പക്ഷെ അതില്‍ കഥയുടെ വിശ്വാസ്യത കുറവും അഭിനത്തിന്‍റെ അതിപ്രസരവും കൊണ്ട് ആ സിനിമ കണ്ടിരുന്ന എനിക്ക് നെടുമുടി വേണുവിന്‍റെ കാര്യം ഓര്‍ത്തു കരച്ചില്‍ വന്നു.

ഈ പോക്കിരി രാജാ ഫ്ലോപ്പ് ആയിരുന്നോ, സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഒരു വെങ്ങോലക്കാരന്‍റെ അഭിപ്രായത്തില്‍ ഇതൊരു പൊട്ട പടം ആണ്. ചാത്തന്‍ പടം എന്നാണ് വിഷ്ണു ഇത്തരം പടങ്ങളെ വിശേഷിപ്പിക്കാറ്. പക്ഷെ എന്‍റെ മനസ്സില്‍ ഉള്ള ചാത്തന്‍ പാടത്ത് പണിയെടുക്കുന്ന അഭിമാനി ആയ ഒരാള്‍ ആണ്. അതുകൊണ്ട് ഒരു കൂറ പടത്തിന് ആ പേര് വിളിക്കാന്‍ എനിക്ക് താല്പര്യമോ ഉദ്ദേശമോ ഇല്ല. ആ പ്രയോഗം തന്നെ ശരിയല്ല എന്നാണ് എന്‍റെ അഭിപ്രായം.

എന്തുകൊണ്ടാണ് കേരളത്തിലെ പുലി നായകര്‍ ഇങ്ങനെ പൊട്ട പടങ്ങളില്‍ അഭിനയിക്കുന്നത് ? അഭിനയം ഒരു തൊഴില്‍ ആണെന്നും സിനിമ എന്താണെന്നോ കഥ എങ്ങനെ ആണെന്നോ തീരുമാനിക്കേണ്ടത് ഡയറക്ടര്‍ ആണെന്നോ ഒക്കെ വേണമെങ്കില്‍ നമുക്ക് അഭിപ്രായം പറയാം. പക്ഷെ നെടുമുടി വേണുവിനെപ്പോലെ ഉള്ള ഒരാള്‍, മലയാള സിനിമയെ കട്ട ബൊമ്മന്‍ സ്റ്റൈല്‍ അഭിനയങ്ങളില്‍ നിന്നും ചായം തേച്ച നിത്യഹരിത നായക സങ്കല്പങ്ങളില്‍ നിന്നും മോചിപ്പിച്ച ഒരാള്‍, ഇത്ര തരം താഴുമ്പോള്‍ മലയാള സിനിമയില്‍ ഉള്ള താല്പര്യം ആണ് എനിക്ക് നഷ്ടം ആകുന്നത്.

എന്‍റെ ചെറുപ്പകാലത്ത് നാട്ടില്‍ TV ഇല്ലായിരുന്നു. അക്കാലത്താണ് കേരളം സന്തോഷ്‌ ട്രോഫി ആദ്യം ആയി നേടുന്നത്. അക്കാലത്ത് ആ സന്തോഷ്‌ ട്രോഫി ടീമിനെ നയിച്ച മണിയും കോച്ച് ചെയ്ത സൈമണ്‍ സുന്ദര്‍ രാജും എല്ലാം ഞങ്ങളുടെ ഹീറോ ആയിരുന്നു. പക്ഷെ നാട്ടില്‍ എല്ലാം കേബിള്‍ ടീവി വന്നതോടെ നമ്മള്‍ നല്ല ഫുട്ബോള്‍ കാണാന്‍ തുടങ്ങി. യൂറോപ്യന്‍ ഫുട്ബോളിലെ ഹൈ സ്കൂള്‍ സ്റ്റാന്‍ഡേര്‍ഡ് പോലും ഇല്ലാതെ, വേഗതയോ ടെകനികോ ഇല്ലാതെ ഉള്ള ബോറന്‍ കളി. വര്‍ഷത്തിലോരിക്കില്‍ വന്നുപോകുന്ന ഏതോ തമാശ പോലെ ആണിപ്പോള്‍ സന്തോഷ്‌ ട്രോഫി. സന്തോഷ്‌ ട്രോഫിയില്‍ കേരളത്തെ ഇപ്പോള്‍ ആര് നയിക്കുന്നു ? ആ… ആര് പരിശീലിപ്പിക്കുന്നു ? ആ… പത്രങ്ങളില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് അതില്‍ കൂടുതല്‍ കവറേജ് ഉണ്ടല്ലോ. സന്തോഷ്‌ ട്രോഫി തന്നെ നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് വായിച്ചു. നല്ല കാര്യം.

അതുപോലെ അറ്രക്കപ്പടിയിലെ ജവഹര്‍ തിയേറ്ററില്‍ എന്ത് പടം വന്നാലും ആള് വരുന്ന കാലം മാറാന്‍ പോവുകയാണ്. സിനിമ ഡിജിറ്റല്‍ ആവുകയും, നാടെങ്ങും multiplex വരികയും ചെയ്യുമ്പോള്‍, ലോകത്തിലെ ഏത് ഭാഷയില്‍ നിന്നുള്ള പടവും നമുക്ക് വേഗത്തിലും നമ്മുടെ ഭാഷയില്‍ തന്നെയും കാണാമെന്നു വരുമ്പോള്‍ 60 വയസ്സ് കഴിഞ്ഞ നമ്മുടെ കിളവന്‍ നായകന്‍ 20 വയസ്സുള്ള നായികയെയും കൂട്ടി പാട്ടുപാടുന്ന ഫോര്‍മുല വച്ചുള്ള പടം കാണാന്‍ ആളുകളെ ശുക്രനില്‍ നിന്നും ഇമ്പോര്‍ട്ട് ചെയ്യേണ്ടി വരും.

പൊട്ട സിനിമകള്‍ എത്ര വന്നാലും പിടിച്ചു നില്‍കാന്‍ പറ്റിയ ഉയരം ഉള്ള മഹാമേരു ഒന്നും അല്ല മലയാള സിനിമ. വെങ്ങോലയിലെ കുന്നു പോലെ കൃഷിക്കാരും തൊഴിലാളികളും ഒന്ന് ചെര്‍ന്നിടിച്ചാല്‍ തീര്‍ന്നു പോകാവുന്നതെ ഉള്ളൂ. അതുകൊണ്ട് ജീവിക്കാന്‍ മറ്റു ചുറ്റുപാടുകള്‍ ഉള്ള നെടുമുടി വേണു എങ്കിലും കുന്നിടിക്കാന്‍ കൂട്ട് നില്‍ക്കരുത്. മുപ്പതു വര്‍ഷം കൂലിപ്പണി എടുത്ത ഇണ്ട്രാന് സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാവുന്ന നാടല്ലെ ഇത് ? മുപ്പതു വര്‍ഷം താരമായിരുന്ന വേണു ചേട്ടന് വീട്ടില്‍ ഇരുന്നു കൂടെ ?

3 Comments

  • ഇപ്പൊ വായിച്ച് വായിച്ച് വെങ്ങോല ഞങ്ങൾക്ക് സ്വന്തമായി… മല മാന്തി, പാടം നികത്തി എന്നൊക്കെ വായിക്കുമ്പോൾ സങ്കടം തോന്നി… 2012 കഴിഞ്ഞ് വന്ന മലയാളം സിനിമകളിലേ നെടുമുടി വേണുവിന്റെ performance വരും എഴുത്തുകളിൽ പ്രതിബാധിക്കും എന്ന പ്രതീക്ഷയോടെ, ഇവിടെ ബ്ലോക്കില്ല എന്ന ഉറപ്പോടെ കമന്റുന്നു.

Leave a Comment