പൊതു വിഭാഗം

കാറ്റുള്ളപ്പോൾ…

ഇന്ന് വൈകുന്നേരത്തെ ചാനൽ ചർച്ചയിൽ പങ്കുചേരാൻ ഇപ്പോൾത്തന്നെ മിക്കവാറും ചാനലുകളിൽ നിന്നും വിളി വന്നു. ഇന്ന് പക്ഷെ നൈറോബിയിൽ ആണ്, മിക്കവാറും സമയം മീറ്റിംഗുകളിലുമാണ്. വിശ്വസിക്കാവുന്ന ഫോണും ഇന്റർനെറ്റ് കണക്ഷനുമില്ലാത്തതുകൊണ്ട് തന്നെ ഇന്ന് വൈകീട്ട് ചർച്ചകൾക്ക് ഞാനുണ്ടാകില്ല. ക്ഷമിക്കുമല്ലോ.

കാറ്റിന്റെയും മഴയുടെയും കണക്കുവെച്ച് നോക്കുമ്പോൾ ഇതൊരു വലിയ കാറ്റൊന്നുമല്ല. പക്ഷെ സ്വന്തക്കാർ നഷ്ടപ്പെട്ടവർക്കും ധനനാശം സംഭവിച്ചവർക്കും അതൊരു ആശ്വാസമല്ലല്ലോ. നാളെ നേരം വെളുക്കുമ്പോഴേക്കും ഈ കാറ്റ് കേരളതീരം കടന്നിരിക്കും. ലക്ഷദ്വീപിൽ എന്ത് നാശമുണ്ടാക്കും എന്നതാണ് ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടത്. നമ്മളും ചില പാഠങ്ങൾ പഠിക്കാനുള്ള അവസരമാക്കി ഇതിനെ കണക്കിലെടുക്കുകയും വേണം.

ഇതാദ്യത്തേതല്ല: കേരളത്തിൽ പൊതുവെ വലിയ കാറ്റുകൾ വരാറില്ല, പക്ഷെ അതിന്റെ അർത്ഥം ഇതിനുമുൻപ് വലിയ കാറ്റുകൾ കേരളത്തിലുണ്ടായിട്ടില്ല എന്നല്ല. കൊല്ലവർഷം 1116-ൽ (ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒൻപത്തിലോ നാല്പത്തിലോ ആകണം) കേരളത്തിൽ വലിയ കാറ്റ് വീശുകയും വലിയ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പതിവുപോലെ ദുരന്തങ്ങളുടെ ചരിത്രം ആരും എഴുതിവെക്കാറില്ല. ഒരു തലമുറ കഴിയുമ്പോൾ അത് മറന്നുപോവുകയും ചെയ്യും. പതിനാറിലെ കാറ്റിനെപ്പറ്റി ഗവേഷണം നടത്തണമെന്ന് ഞാൻ കേരള ദുരന്ത നിവാരണ അതോറിറ്റിയോട് കുറെ നാൾ മുൻപ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെപ്പറ്റി കേട്ടിട്ടുള്ളവരുണ്ടെങ്കിൽ പറയുമല്ലോ.

ഇതവസാനത്തേതും അല്ല: കാലാവസ്ഥ വ്യതിയാനം കാറ്റുകളുടെ എണ്ണവും തീവ്രതയും കൂട്ടുമെന്ന് ഐ പി സി സി യുടെ രണ്ടായിരത്തി പന്ത്രണ്ടിലെ പ്രത്യേക റിപ്പോർട്ടിലുണ്ട്. http://www.ipcc.ch/report/srex/. ഇക്കാര്യം ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിയമസഭാ സാമാജികർക്കായി നടത്തിയ പരിശീലനത്തിലും പറഞ്ഞിരുന്നു. അല്പം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ്.

ശാസ്ത്രത്തിൽ നിന്നും സാധാരണക്കാരിലേക്ക്: ഇന്ത്യക്ക് ഉപഗ്രഹം മുതൽ സൂപ്പർ കമ്പ്യൂട്ടർ വരെ കാലാവസ്ഥ മുന്നറിയിപ്പിനുള്ള വൻ സൗകര്യങ്ങൾ ഇപ്പോൾ ഉണ്ട്. അവർ സ്ഥിരമായി മുന്നറിയിപ്പുകൾ നല്കുന്നുമുണ്ട്. പക്ഷെ പലപ്പോഴും അവരുടെ മുന്നറിയിപ്പുകൾ ആളുകളിൽ എത്തുന്നില്ല. ഇന്ന് രാവിലെയും അവർ വേണ്ടത്ര മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ ഓരോ ദിവസവും നേരം വെളുക്കുമ്പോൾ ആളുകൾ IMD യുടെ വെബ്‌സൈറ്റ് പോയി നോക്കാൻ പോകുന്നില്ല. അഥവാ നോക്കിയാലും മുന്നറിയുപ്പുകളുടെ ഭാഷ സാധാരണക്കാരന് മനസ്സിലാകുന്ന ഒന്നല്ല. അപ്പോൾ ശാസ്ത്രം കണ്ടെത്തുന്ന മുന്നറിയിപ്പുകൾ സാധാരണക്കാരിലേക്കെത്താൻ മാധ്യമങ്ങളുമായി യോജിച്ചുള്ള പ്രവർത്തനം വേണം. കേരളത്തിലെ മാധ്യമങ്ങളെയും ദുരന്ത നിവാരണ അതോറിറ്റിയേയും ഒരുമിച്ചുകൂട്ടി മാധ്യമപ്രവർത്തകർക്ക് വേണ്ടി ഒരു മൂന്നു വർഷം മുൻപ് ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഒട്ടും ആവേശകരമല്ലാത്ത പ്രതികരണമാണ് മാധ്യമങ്ങളിൽ നിന്നും ഉണ്ടായത്. ദുരന്തമുണ്ടാകുമ്പോൾ മാത്രമല്ല അതിന് മുൻപും ഇക്കാര്യത്തിൽ മാധ്യമങ്ങൾ താല്പര്യം കാണിക്കണം.

ശരിയായ വാർത്ത വേഗത്തിൽ നൽകണം: ഒരു പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ അതിനെപ്പറ്റി അഭിപ്രായം പറയാൻ ഔദ്യോഗിക സംവിധാനം ഏറെ സമയമെടുക്കും. ശാസ്ത്രജ്ഞന്മാർക്ക് ‘നൂറു ശതമാനവും’ ഒരു കാര്യത്തിലും ഉറപ്പ് പറയാൻ പറ്റില്ല, അപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ അവർക്ക് മടി. സർക്കാർ സംവിധാനങ്ങളിൽ ഉള്ളവർക്കാകട്ടെ മുകളിൽ നിന്നുള്ള ക്ലിയറൻസ് കിട്ടിയിട്ട് വേണം സംസാരിക്കാൻ. കരക്കമ്പി അടിച്ചു വിടുന്ന അല്പജ്ഞാനികൾക്ക് ഇത്തരമൊരു ബുദ്ധിമുട്ടില്ല. ഏത് മണ്ടത്തരവും നൂറു ശതമാനവും സത്യമായി അവർ പറയും, അവർക്ക് ആരോടും അനുവാദം ചോദിക്കേണ്ട കാര്യവുമില്ലല്ലോ. ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. പക്ഷെ കുഴപ്പം എന്തെന്ന് വച്ചാൽ ഔദ്യോഗിക സംവിധാനങ്ങൾ, ഒന്നും പറയാതിരിക്കുമ്പോൾ മാധ്യമങ്ങളുൾപ്പടെയുള്ളവർ തട്ടിപ്പ് വിദഗ്ദ്ധരോട് അഭിപ്രായം ചോദിക്കും, അവരുടെ അഭിപ്രായം നാട്ടിൽ പരക്കുകയും ചെയ്യും. ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ നമ്മുടെ ശാത്രജ്ഞന്മാരെ മാധ്യമങ്ങളോട് സംസാരിക്കാൻ പഠിപ്പിക്കണം. ഏതവസരത്തിലൊക്കെ മുകളിൽ നിന്നും ക്ലിയറൻസ് ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാം എന്ന് ഔദ്യോഗിക സംവിധാനങ്ങളിലുള്ളവർക്ക് മുൻ‌കൂർ അനുമതി കൊടുക്കുകയും വേണം.

തട്ടിപ്പുകാരെ വെറുതെ വിടരുത്: ഇന്ന് രാവിലെ തന്നെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, പേടിപ്പെടുത്തുന്ന സന്ദേശങ്ങൾ വാട്ട്സ് ആപ്പിൽ പറക്കും. പറഞ്ഞു തീർന്നില്ല, എന്റെ പേജിൽ ഉൾപ്പടെ ഔദ്യോഗികമെന്ന് തോന്നിക്കുന്ന ചിത്രങ്ങളുമായി മെസേജുകാർ വന്നു. എന്തിനാണ് ഇത്തരം കാര്യങ്ങൾ ആളുകൾ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷെ സമയമെടുത്ത് പേടിപ്പെടുത്തുന്ന സന്ദേശങ്ങളുണ്ടാക്കുന്ന അഞ്ച് ആളുകളെ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും ജയിലിലിട്ടില്ലെങ്കിൽ ഈ സ്ഥിതി മാറില്ല.

പൊട്ടന്മാർ ആകരുത്, പൊട്ടികളും: ഏത് വാട്ട്സ് ആപ്പ് മെസ്സേജ് കണ്ടാലും വിശ്വസിക്കാൻ റെഡിയായി ഇരിക്കുകയാണ് ഏറെ പേർ. ചുഴലിക്കാറ്റിനെ തുടർന്ന് സുനാമി ഉണ്ടാകാൻ പോകുന്നു എന്ന് വരെ സന്ദേശങ്ങൾ പരത്തുന്ന ആളുകൾ കേരളത്തിലുണ്ട്. ഇവരെയൊന്നും നമുക്ക് പ്രോസിക്ക്യൂട്ട് ചെയ്യാൻ പറ്റില്ല (ഇത്രയും മണ്ടന്മാരെയും മണ്ടികളെയും പാർപ്പിക്കാൻ കേരളത്തിലെ ജയിലുകൾ മതിയാവില്ല). പക്ഷെ നിങ്ങൾക്ക് ഒരു കാര്യം ചെയ്യാം. ഇത്തരം സന്ദേശം അയക്കുന്നവരെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും മാറ്റാം, അങ്ങനെ നിങ്ങളുടെ സുഹൃത് വലയത്തിന്റെ ശരാശരി ഐ ക്യൂ കൂട്ടാം.
ആധികാരികമായ വാർത്തകൾ എവിടെ കിട്ടുമെന്ന് അറിയുക: ഓരോ തരം ദുരന്തത്തിനും ആധികാരികമായ വാർത്തകൾ കിട്ടുന്നത് ഓരോ സ്ഥലത്തു നിന്നുമാണ്. ചുരുങ്ങിയത് മാധ്യമ പ്രവത്തകരെങ്കിലും ഇത് അറിഞ്ഞിരിക്കണം
കേരളത്തിലും മലയാളികൾ കൂടുതലുള്ള പ്രദേശങ്ങളിലും ഓരോ ദുരന്തവും, മുന്നറിയിപ്പും തട്ടിപ്പും ശ്രദ്ധയിൽ വരുമ്പോളെല്ലാം ഞാൻ അതിനെപ്പറ്റി എഴുതാറുണ്ട്. ഇനി അങ്ങനെ സംശയങ്ങളുണ്ടെങ്കിൽ ഉടൻ ഫേസ്ബുക്കിൽ വന്ന് ചോദിക്കാനും മടിക്കേണ്ട.

ഇന്നത്തെ പോസ്റ്റിന് വലിയ തോതിലുള്ള ഷെയറാണ് കിട്ടിയത്, പല പത്രങ്ങളും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ട് പോലും ഞാൻ പറഞ്ഞ രണ്ട് മുന്നറിയിപ്പുകൾ പാലിക്കാൻ പറ്റാതിരുന്നവരാണ് മരിച്ചതെന്നത് എന്നെ വേദനിപ്പിക്കുന്നു, കാരണം ആ സന്ദേശം അവരിൽ എത്തിക്കാണില്ല. അതുകൊണ്ടു തന്നെ ഞാൻ എപ്പോഴെങ്കിലും ദുരന്തത്തെപ്പറ്റി എഴുതുമ്പോൾ അത് ആധികാരികമെന്ന് നിങ്ങൾക്ക് തോന്നിയാൽ ഷെയർ ചെയ്യാൻ മടിക്കരുത്, മറക്കുകയും അരുത്. ഒരു ജീവൻ എങ്കിലും അതുകൊണ്ട് രക്ഷപെട്ടാൽ അത്രയും ആയില്ലേ.

വലിയ കാറ്റൊക്കെ ഏതാണ്ട് കഴിഞ്ഞു കാണണം. പക്ഷെ മഴയും, മരം വീഴലും വൈദ്യുതിക്കമ്പി പൊട്ടലും ഒക്കെ ഇന്ന് രാത്രിയും പ്രശ്നങ്ങളാകാം. അതുകൊണ്ട്‌ സുരക്ഷിതരായിരിക്കുക. ലക്ഷദ്വീപിലെ ആരെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ ഒന്ന് ബന്ധപ്പെടുക. കാറ്റും കടൽ ക്ഷോഭവും ഒക്കെയായി ഇനി ശ്രദ്ധ വേണ്ടത് അവിടെയാണ്.
മുരളി തുമ്മാരുകുടി

Leave a Comment