പൊതു വിഭാഗം

കാബൂൾ യൂണിവേഴ്സിറ്റിയിൽ…

ഇന്ന് കാബൂൾ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു.
 
1931 ലാണ് കാബൂൾ ഈ യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനും ആറു വർഷം മുൻപേ. അമേരിക്കയും റഷ്യയും ഫ്രാൻസും ജർമ്മനിയും എല്ലാം വിവിധ കാലങ്ങളിൽ ഈ സ്ഥാപനത്തിന് വലിയ സഹായങ്ങൾ നൽകി. 1960 കൾ ആയപ്പോഴേക്കും വിദേശത്ത് പഠിച്ച അനവധി അധ്യാപകർ പഠിപ്പിക്കുന്ന, വിദേശങ്ങളിൽ നിന്നും ആയിരങ്ങൾ പഠിക്കുന്ന മധ്യേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി ഈ യൂണിവേഴ്സിറ്റി മാറി.
 
1970 കളിൽ അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയം കാന്പസിലും എത്തി, കാന്പസിലെ രാഷ്ട്രീയം പുറത്തും. പിൽക്കാലത്ത് അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയത്തെ നിയന്ത്രിച്ച പലരും, അഹ്മദ് ഷാ മസൂദ് മുതൽ ഗുൽബുദീൻ ഹെക്മക്ത്യാർ വരെ നജീബുള്ള മുതൽ റബ്ബാനി വരെ, കാബൂൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളായിരുന്നു. യൂണിവേഴ്സിറ്റി പഠനകാലത്ത് അവർ ഉണ്ടാക്കിയ സ്നേഹവും ശത്രുതയും പിൽക്കാലത്ത് രാജ്യത്തിൻറെ ചരിത്രത്തിന്റെ ഭാഗമായി. പക്ഷെ ഒരു അക്കാദമിക് സ്ഥാപനം എന്ന നിലയിൽ കാബൂൾ യൂണിവേഴ്സിറ്റി വളരെ പിന്നിലേക്ക് തള്ളപ്പെട്ടു. താലിബാൻ ഭരണകാലം ആയപ്പോഴേക്കും മിക്കവാറും അധ്യാപകരും നാടുവിട്ടു, കുട്ടികളുടെ എണ്ണം നാലിലൊന്നായി, പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു, ഒരു യൂണിവേഴ്സിറ്റി എന്ന നിലയിൽ ഈ സ്ഥാപനം വിസ്മൃതിയിലായി.
 
താലിബാന്റെ പതനത്തിന് ശേഷം പതുക്കെപ്പതുക്കെ ഈ സ്ഥാപനം ഉയർത്തെഴുന്നേൽക്കുകയാണ്. വിദേശത്ത് പഠിച്ച ധാരാളം അഫ്ഘാനികൾ തിരിച്ചെത്തി ഇവിടെ അധ്യാപകരായി, വിവിധ ലോകരാജ്യങ്ങൾ ഇവിടുത്തെ അധ്യാപകരെ സ്‌കോളർഷിപ്പ് കൊടുത്തു പഠിപ്പിച്ച് നിലവാരം ഉയർത്തി, ഭൗതിക സൗകര്യങ്ങൾ വളരെ നന്നായി, പെൺകുട്ടികൾ കാന്പസിൽ തിരിച്ചെത്തി.
ഇപ്പോൾ കാന്പസിൽ ഇരുപത്തി അയ്യായിരം കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ നാല്പത് ശതമാനവും പെൺകുട്ടികളാണ്. ഫൈൻ ആർട്സ്, കന്പ്യൂട്ടർ സയൻസ്, ബാച്ചലേഴ്‌സ്, പി എച്ച് ഡി എന്നിവയുൾപ്പെടെ കാബൂൾ യൂണിവേഴ്സിറ്റി ഇപ്പോൾ പഴയകാല പ്രതാപം പിടിച്ചെടുക്കാനുള്ള യാത്രയിലാണ്.
 
പരിസ്ഥിതി ശാസ്ത്രം പഠിപ്പിക്കുന്ന ഡിപ്പാർട്ട്മെന്റിൽ പുതിയതായി ഒരു എൻവിറോണ്മെന്റൽ ഡാറ്റ സെന്റർ സ്ഥാപിച്ചതിന്റെ ഉത്ഘാടനത്തിനാണ് അവിടെ പോയത്. പൂർണ്ണ ആയുധ ധാരികളായ സുരക്ഷാ ഭടൻമാർ ഓരോ കെട്ടിടത്തിനും ചുറ്റിലും, മുന്നിലും, ഉള്ളിലും ഉണ്ട്. പോലീസിന്റെയും പട്ടാളത്തിന്റെയും കാവലിലാണ് അധ്യയനമെങ്കിലും മിടുക്കരായ വിദ്യാർത്ഥികളും, അർപ്പണ ബോധമുള്ള അധ്യാപകരും പഠനവും ഗവേഷണവുമായി മുന്നോട്ടു പോകുന്നു. മറ്റെവിടെയുമെന്ന പോലെ കാന്പസിൽ കുട്ടികൾ ഒത്തുകൂടി നടക്കുന്നു, മരങ്ങളുടെ ചുവട്ടിലും കോഫിഷോപ്പിലും ഇരുന്നു സംസാരിക്കുന്നു. ഒരു രാജ്യത്തിലെ പുതിയ തലമുറ എല്ലാ വെല്ലുവിളികൾക്കിടയിലും പഠിച്ചു മുന്നേറുന്നത് കാണുന്നത് എത്ര സന്തോഷമുള്ള കാഴ്ചയാണ്. അതിന് സഹായിക്കാൻ ചെറുതായിട്ടെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് വലിയ സംതൃപ്‌തിയാണ് നൽകുന്നത്.
 
പതിവുപോലെ സെൽഫി എടുത്തു മടങ്ങി. അടുത്ത തവണ കുട്ടികളോട് ദുരന്ത ലഘൂകരണത്തെപ്പറ്റി സംസാരിക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. ഒരു വരവ് കൂടി വരേണ്ടി വരും.
 
മുരളി തുമ്മാരുകുടി

Leave a Comment