പാലക്കാട് യുക്തിവാദികളുടെ സംസ്ഥാന സമ്മേളനത്തിന് പോകുന്ന വഴിയിക്കാണ് ക്ഷേത്രത്തിൽ കയറിയത്. ദൈവവിശ്വാസം ഒക്കെ വിട്ടിട്ട് നാല് പതിറ്റാണ്ടായെലും ചെറിയ ക്ഷേത്രങ്ങളിലും തിരക്കില്ലാത്ത ക്ഷേത്രങ്ങളിലും അവസരം കിട്ടിയാൽ പോകും. അവിടെ വെടിവഴിപാട് ഉണ്ടെങ്കിൽ രണ്ടെണ്ണം വിളിച്ചു പറഞ്ഞു നടത്തുകയും ചെയ്യും, അതിപ്പോ ഓരോരോ ആചാരങ്ങൾ ആകുമ്പോൾ…
നാട്ടിൽ ചെന്നാൽ ഓരോ തവണയും മുടങ്ങാതെ ചെയ്യാൻ ശ്രമിക്കുന്ന രണ്ടു കാര്യങ്ങൾ, അപ്സരയിലെ ബിരിയാണി കഴിക്കും, ചക്കരക്കാട്ടെ കടുംപായസവും. ചെറുപ്പത്തിലേ ശീലിച്ചതാണ്, അതിന്റെ ഓർമ്മയാണ്.
വീട്ടിൽ ഒരിക്കലും ബീഫ് വാങ്ങി പാചകം ചെയ്യാറില്ല, അമ്മ അങ്ങനെ ചെയ്യാറില്ല അതിന്റെ തുടർച്ചയാണ്. അതേ സമയം ജനീവയിൽ പശുവിറച്ചി പച്ചക്ക് ചില സ്പൈസസ് ഒക്കെ ചേർത്ത് കൊത്തിയരിഞ്ഞുണ്ടാക്കുന്ന ടാർട്ടാർ സ്റ്റീക്ക് കഴിക്കാൻ ഉള്ള ഒരവസരവും വെറുതെ വിടാറുമില്ല.
യാതൊരു വാസ്തു കണക്കും നോക്കാത്ത എന്റെ വീടിന്റെ മുന്നിൽ ഒരു തുളസിത്തറയുണ്ട്. വീടിനെപ്പറ്റിയുള്ള എന്റെ സങ്കൽപ്പത്തിൽ അതിന് ചുറ്റും പറമ്പുള്ളതു പോലെതന്നെ ഒരു തുളസിത്തറയും ഉണ്ട്. അതിൽ നിന്ന് ഓക്സിജൻ വരുമെന്നൊന്നും വിശ്വസിച്ചിട്ടല്ല..
ഇന്റർനെറ്റിൽ Ted ഉം TedX ഉം കാണുന്ന പോലെ തന്നെ X വീഡിയോസും XX വീഡിയോസും കാണും..
ഇത്തരം ദ്വന്ദങ്ങൾ ഒന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ‘Complete Works of Vivekananda’ വായിച്ചിരുന്ന കോളേജ് കാലത്താണ് സഖി മാസിക വായിച്ചു കൊണ്ടിരുന്നത്.
നാലര ശതമാനം ആൽക്കഹോൾ ഉള്ള ബിയർ ഒരിക്കലും കുടിക്കാത്ത ഞാൻ 26 % ആൽക്കഹോൾ ഉള്ള ലെമൺ ചെല്ലോ കിട്ടിയാൽ വിട്ടു കളയാറില്ല.
ഞാൻ പറഞ്ഞു വരുന്നത് യുക്തിവാദി എന്നോ, നല്ല കുട്ടി എന്നോ, നല്ല ഹിന്ദു എന്നോ ബുദ്ധി ജീവി എന്നോ ഏതെങ്കിലും തരത്തിലുള്ള ഒരു കളത്തിൽ കയറിയിരിക്കുന്ന ഒരാളല്ല ഞാൻ, അതിന് താല്പര്യവും ഇല്ല.
പക്ഷെ ഫേസ്ബുക്ക് മുഴുവൻ ആളുകളെ അളക്കാൻ ഉള്ള ചട്ടവും ആയി തലങ്ങും വിലങ്ങും നടക്കുന്നവരുടെ തിരക്കാണ്. ആളുകളെ ഏതെങ്കിലും കളത്തിൽ കയറ്റിയാലേ അവർക്ക് സമാധാനം ആകൂ.
ലോകത്ത് എല്ലാത്തരം ആളുകളെയും അത് രാഷ്ട്രീയക്കാരായാലും മത വിശ്വാസികൾ ആയാലും യുക്തിവാദികൾ ആയാലും സദാചാരക്കാർ ആയാലും അടുത്തറിഞ്ഞിട്ടുള്ള ആളാണ് ഞാൻ. ഇവരൊന്നും അവർ തന്നെ മറ്റുളളവരെ അളക്കാനുപയോഗിക്കുന്ന ചട്ടങ്ങൾക്ക് ഉള്ളിൽ ജീവിക്കുന്നവരല്ല. മറ്റുള്ളവർ എന്ത് പറയും എന്ന് പേടിച്ച് സന്ദേശത്തിലെ ശങ്കരാടിയെപ്പോലെ തലയിൽ മുണ്ടിട്ട് ക്ഷേത്ര ദർശനത്തിന് പോകുന്നവരാണ്.
രണ്ടാമന്റെ വായനക്കാരെല്ലാം ആദർശവാദികൾ ആണെന്ന് എനിക്ക് വിശ്വാസമില്ല, അങ്ങനെ ആകണം എന്നുമില്ല. സത്യത്തിൽ അങ്ങനെ ആകാതിരിക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്. നമ്മളെ അളക്കാനോ കളത്തിൽ കയറ്റാനോ ശ്രമിക്കുന്നവരോട് ‘പോടോ താൻ പോയി വേറെ പണി നോക്ക്’ എന്ന് പറയാം….
Leave a Comment