പൊതു വിഭാഗം

കരകവിയുന്ന ടൂറിസം, അതിരില്ലാത്ത സാധ്യതകൾ

കോവിഡിന്റെ ആദ്യകാലത്തിൽ ലോക്ക് ഡൗണുകൾ കോവിഡിനെ കൊന്നിട്ടിരുന്ന സാഹചര്യത്തിൽ കേരളത്തിലെ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടി ഒരു വെബ്ബിനാർ നടത്തിയിരുന്നു.

“മുൻപൊന്നും കാണാത്ത രീതിയിൽ ഉള്ള ടൂറിസം ആണ് വരാൻ പോകുന്നത്, അതിന് വേണ്ടി തയ്യാറെടുക്കാനുള്ള അവസരമായി ഈ ലോക്ക് ഡൌൺ കാലത്തെ കാണണം” എന്നാണ് ഞാൻ അന്ന് അവരോട് പറഞ്ഞത്.

ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ അവർക്ക് മാനസികമായ പിന്തുണ കൊടുക്കാൻ ഞാൻ നല്ല രണ്ടു വാക്ക് പറഞ്ഞു എന്നാണ് അവരിൽ മിക്കവരും കരുതിയത്.

“രാജ്യങ്ങൾ അതിർത്തി  അടച്ചത് കൊണ്ട് ഇനി ഒരിക്കലും ടൂറിസം പഴയത് പോലെ ആകില്ല” എന്ന് ഒരു കൂട്ടരും, “എയർ ട്രാവൽ എല്ലാം നിർത്തി വച്ചത് കൊണ്ട് 2024 എങ്കിലും ആകാതെ വിമാനയാത്രകൾ പഴയപടി ആകില്ല” എന്ന് മറ്റൊരു കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്ന കാലമായിരുന്നിട്ടും ടൂറിസം വർദ്ധിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.

വളരെ ചെറുപ്പത്തിൽ തന്നെ യാത്ര ചെയ്തു തുടങ്ങുകയും 120 ൽ കൂടുതൽ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാൻ. എനിക്ക് പോലും “ജോലി എന്ന പറഞ്ഞു ഓഫിസിൽ സമയം ചിലവഴിക്കുന്ന കാലത്ത് കേരളത്തിലും ഇന്ത്യയുടെ മറ്റുഭാഗത്തും  സഞ്ചരിക്കണമായിരുന്നു” എന്ന് മാനസികമായി തോന്നിയ കാലം ആണത്. പണം കൂട്ടിവച്ചത് കൊണ്ട് വലിയ ഗുണം ഒന്നുമില്ലെന്നും എപ്പോൾ വേണമെങ്കിലും ജീവൻ അവസാനിക്കാമെന്നും  തോന്നിയ കാലം. അതുകൊണ്ടാണ് യാത്രകൾ വർദ്ധിക്കുമെന്ന് ഉറപ്പായി പറഞ്ഞത്. ഈ വർഷം അത് സത്യമാവുകയാണ്. യൂറോപ്പിൽ എന്പാടും ടൂറിസ്റ്റുകൾ കരകവിയുകയാണ്.

കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ കോവിഡിന് മുൻപുള്ള ലെവലിലേക്ക് എത്തി തുടങ്ങിയിരുന്നു. ഈ വർഷം അതിലും കൂടും. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്ന വർഷമായി മാറും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഒരു വർഷത്തെ മാത്രം കാര്യമല്ല. ഇനി വരുന്ന ഓരോ വർഷവും ഇത് തന്നെ ആയിരിക്കും സ്ഥിതി.

പല യൂറോപ്യൻ രാജ്യങ്ങളിലും അവരുടെ ജനസംഖ്യയേക്കാൾ കൂടുതൽ വിദേശ ടൂറിസ്റ്റുകളാണ് ഓരോ വർഷവും വരുന്നത്. സാധാരണ ഹോട്ടലുകളും എയർ ബി ആൻഡ് ബി യും  ഉണ്ടായിട്ടും താമസ സൗകര്യത്തിന്റെ കാര്യത്തിൽ ഈ വേനൽക്കാലത്ത് യൂറോപ്പിൽ വലിയ പ്രതിസന്ധിയാണ്. ഹോട്ടൽ നിരക്കുകൾ അന്പത് ശതമാനം കൂടുതൽ ആണ്. ഏറ്റവും താഴെ തട്ടിലുള്ള ബെഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റ് സംവിധാനത്തിൽ പോലും ചിലവ് ഇരട്ടിച്ചു.

ഇത് കേരളത്തിന് വലിയൊരു അവസരമാണ്. കേരളത്തിൽ ഇപ്പോൾ പ്രതിവർഷം ഇരുപത് ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകൾ വരുന്നു എന്നാണ് ശരാശരി കണക്ക്. അതായത് ജനസംഖ്യയുടെ പതിനാറിൽ ഒന്നിൽ താഴെ! കേരളത്തിൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകളെ, ശബരിമലയിൽ വരുന്ന തീർത്ഥാടകരെ ഉൾപ്പടെ, കൂട്ടിയാലും, മൊത്തം വരുന്നത് ഒന്നര കോടിയാണ്.

യൂറോപ്പിൽ എത്തുന്ന ടൂറിസ്റ്റുകളുടെ അനുപാതത്തിലേക്ക് എത്താൻ ഇനിയും ഒന്നര കോടിയിൽ കൂടുതൽ ടൂറിസ്റ്റുകൾ ഒരു വർഷം വരണം. വരും.

നമ്മുടെ ഹോം സ്റ്റേ സംവിധാനം പൊളിച്ചു പണിയണം. ബ്രസീലിൽ നിന്നൊക്കെ അനുഭവങ്ങൾ സ്വീകരിച്ചാൽ മതി. അവിടെ പറന്പിൽ ഹമ്മോക്ക് കെട്ടുന്നതിന് പോലും ടൂറിസ്റ്റുകൾക്ക് സ്ഥലം വാടകക്ക് കൊടുക്കാം. ഒരു ഹോം സ്റ്റേയിൽ എത്ര കണ്ണാടി വേണം എന്നൊക്കെ സർക്കാർ തീരുമാനിക്കുന്നതിൽ നിന്നും മാറ്റി നമ്മുടെ ആതിഥ്യമര്യാദകളെ നമ്മുടെ ഉൽപ്പന്നം ആക്കണം. ഓരോ വില്ലേജിലും ഒരു ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്റർ വേണം. ഒരു ടൂറിസം സഹകരണ സൊസൈറ്റി ഉണ്ടാക്കാം. വിദേശികളെ രെജിസ്റ്റർ ചെയ്യുന്നതും വിദേശ നാണ്യം സ്വീകരിക്കുന്നതും എല്ലാം അവർക്ക് ചെയ്യാം.

ടൂറിസ്റ്റുകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഹോം സ്റ്റേ നടത്തുന്നവർക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ചായക്കടക്കാർക്കും ആരാധനാലയങ്ങളിൽ ഉളളവർക്കും ഓട്ടോറിക്ഷയും ടാക്‌സിയും ഓടിക്കുന്നവർക്കും  പരിശീലനം നൽകണം. ഭാഷ അറിയുന്നതല്ല, കൾച്ചറൽ സെൻസിറ്റിവിറ്റി ആണ് പ്രധാനം.

ആർക്കിയോളജി മുതൽ ഫോറസ്റ്റ് ഡിപ്പാർട്ടമെന്റ് വരെ ഉള്ളവർക്ക് ടൂറിസ്റ്റുകളെ ശത്രുക്കൾ ആയി കാണുന്ന രീതി മാറ്റാനുള്ള ബോധവൽക്കരണം നടത്തണം. നമ്മുടെ പരിസ്ഥിതിയുടെയും പാരന്പര്യത്തിന്റെയും ഒക്കെ വില മറ്റുള്ളവർ കൂടുതൽ അറിയണം. അങ്ങനെയാണ് അവ കൂടുതൽ സംരക്ഷിക്കപ്പെടുന്നത്. മറ്റു ഭാഷകൾ പഠിപ്പിക്കാനും അതിനുള്ള ആപ്പുകൾ ഉപയോഗിക്കാനും സർക്കാർ സൗജന്യമായി പദ്ധതികൾ ഉണ്ടാക്കണം.

കേരളത്തിൽ മറ്റു നാടുകളിൽ നിന്നും വന്നു തൊഴിൽ എടുക്കുന്നവരെ ഈ രംഗത്ത് ഗൈഡുകൾ ആയി പരിശീലിപ്പിക്കണം. അവരുടെ നാടുകളിൽ നിന്നും ആളുകളെ കൊണ്ടുവരാൻ ഇൻസെന്റീവ് കൊടുക്കണം. കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികളെയും നമ്മുടെ ബ്രാൻഡ് പ്രമോട്ടർമാർ ആക്കുക. അവിടെ നിന്നും ആ നാട്ടുകാരെ കേരളത്തിൽ എത്തിക്കുന്നതിന് ഇൻസെന്റീവുകൾ പ്രഖ്യാപിക്കണം. ഒരു രജിസ്ട്രേഷനും പോയിന്റ് സിസ്റ്റവും ഉണ്ടാക്കിയാൽ മതി.

ടൂറിസ്റ്റുകളെ പറ്റിക്കുക, അവരെ ആക്ഷേപിക്കുക, അവരെ കയറിപ്പിടിക്കുക, നഗ്നത പ്രദർശിപ്പിക്കുക എന്നിങ്ങനെ ഉള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഒരു ഹെല്പ് ഡെസ്ക് ഉണ്ടാകുക. ടൂറിസ്റ്റുകളോട് നന്നായി പെരുമാറാൻ പഠിപ്പിച്ചിട്ടുള്ള പോലീസുകാർ ഓരോ പോലീസ് സ്റ്റേഷനിലും ഉണ്ടാവുക, ടൂറിസ്റ്റുകളുടെ പരാതി സമയബന്ധിതമായി തീർക്കുക. ഒരു പരാതി കൊടുത്താൽ “നിങ്ങൾ കോടതിയിൽ പോകേണ്ടി വരും, ഇവിടെ നിൽക്കേണ്ടി വരും” എന്നൊക്കെ പറഞ്ഞു അവരെ പിന്തിരിപ്പിക്കാതിരിക്കുക. തെളിവ് കൊടുക്കൽ ഒക്കെ ഇപ്പോൾ ഓൺലൈൻ ആയും ആകാമല്ലോ.

ബിയർ വാങ്ങാൻ വെയിലത്ത് ക്യൂ നിർത്തിക്കുക, വാങ്ങിയ മദ്യം വാങ്ങി വഴിയിൽ ഒഴിക്കുക, ഹോം സ്റ്റെയിൽ രണ്ടു കുപ്പി മദ്യം കണ്ടാൽ കേസ് എടുക്കുക തുടങ്ങിയ അറുപഴഞ്ചൻ സംവിധാനങ്ങൾ എടുത്ത് കടലിൽ എറിയുക. കേരളത്തിലെ മൊത്തം ഹോം സ്റേകളെ ഒറ്റ ഹോംപേജിലൂടെ ബുക്ക് ചെയ്യാൻ പറ്റുന്ന സംവിധാനം ഉണ്ടാക്കണം. ബുക്കിംഗ്.കോം ഒക്കെയായി ഈ വലിയ സംവിധാനത്തിന് നെഗോഷ്യേറ്റ് ചെയ്യാം.

വില്ലേജുകളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടുകൾ വരണം. അതിനെ നമ്മുടെ ചരിത്രവും സംസ്കാരവും ആയി ബന്ധിപ്പിക്കണം. ഉദാഹരണത്തിന് നമുക്ക് പാരന്പര്യമായി ബന്ധമുള്ള ചൈന, അറബ് രാജ്യങ്ങൾ, ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് ഇവർക്കൊക്കെ വേണ്ടി ആ ചരിത്രവും ആയി ബന്ധപ്പെട്ട ഓരോ സർക്യൂട്ട് ഉണ്ടാക്കാം. ഭക്ഷണത്തിന് വേണ്ടി ഒരു ട്രെയിൽ, ആയുർവ്വേദം അറിയാൻ വരുന്നവർക്ക് അഷ്ടവൈദ്യന്മാരുടെ നാടുകൾ ഉൾപ്പെടുത്തി ഒരു സർക്ക്യൂട്ട് എന്നിങ്ങനെ. വേനലും, മഴയും, പള്ളിപ്പെരുന്നാളും, വള്ളം കളിയും, ഉത്സവക്കാലവും  ഇതുപോലെ പാക്കേജ് ആക്കാവുന്നതാണ്.

കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് നൂറു ഡോളർ നൽകിയാൽ കേരളത്തിൽ എവിടെയും ബസിലും മെട്രോയിലും ബോട്ടിലും ഒരു മാസത്തേക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രാവൽ കാർഡ് ഉണ്ടാക്കണം.

ഇങ്ങനെ  ചെയ്താൽ ടൂറിസ്റ്റുകൾ ശറ പറേന്ന് വരും. അവർ പോകാൻ ഇടമില്ലാതെ ബുദ്ധിമുട്ടിലാണ്. ഇന്ത്യയിലേക്കാണെങ്കിൽ ഇപ്പോൾ പല നാട്ടുകാർക്കും ടൂറിസം വിസക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. നമുക്ക് വിമാനത്താവളങ്ങൾ പലതുണ്ട്. എമിരേറ്റ്സ് ഒക്കെ നാട്ടിലേക്ക് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ തെയ്യാറായി ഇരിക്കുന്നു. മലയാളി വിദ്യാർഥികൾ യൂറോപ്പിൽ പെരുകുന്നതോടെ യൂറോപ്പിൽ നിന്നും നേരിട്ട് വിമാനങ്ങൾ വരാൻ ഇനി അധികം കാലതാമസമില്ല.

ഒന്നരക്കോടി ടൂറിസ്റ്റുകൾ കേരളത്തിൽ ഒരാഴ്ച ചിലവിട്ടാൽ, ഒരാൾ ദിവസം ശരാശരി നൂറു ഡോളർ കേരളത്തിൽ ചിലവാക്കിയാൽ, വരുമാനം പത്തു ബില്യൺ ഡോളർ കവിയും. എൺപതിനായിരം കോടി രൂപ. നമ്മുടെ ഇപ്പോഴത്തെ മൊത്തം ബജറ്റിന്റെ അടുത്ത് വരുമെന്ന് തോന്നുന്നു. സാധ്യമാണ്. നാം തയ്യാറാണോ?

മുരളി തുമ്മാരുകുടി

May be an image of map and text that says "NUMBER OF INTERNATIONAL TOURIST ARRIVALS IN 2016 IN MILLIONS Data by the World Bank 2.8 6.0 24.6 35.8 9.4 35.6 17.5 82.6 13.3 28.1 2.0 5.3 313.8 0.8 10.2 75.3 .3 8.3 more maps jakubmarian.com at 30.3"May be an image of map and text that says "INTERNATIONAL' TOURIST ARRIVALS PER CAPITA IN 2016 Data by the World Bank 0.5 1.1 0.9 0.2 0.5 0.8 1.0 0.4 0.5 0.9 1.2 0.3 0.5 0.03 0.5 1.6 0.2 0.2 more maps at com 0.4"

Leave a Comment