പൊതു വിഭാഗം

ഓർമ്മകൾ മായ്ച്ചു കളയുന്പോൾ…

സർവ്വീസിൽ നിന്നിറങ്ങിയാൽ ഉടൻ ഉപദേശങ്ങളുമായി വരുന്ന ധാരാളം ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. ശ്രീ. പി എച്ച് കുര്യൻ അതിൽ നിന്ന് വ്യത്യസ്തനായ ഒരാളായിട്ടാണ് എൻറെ അനുഭവം.
 
സർവ്വീസിൽ ഉള്ളപ്പോഴും പറയാനുള്ള കാര്യം എവിടെയും പറയും, ആരോടും. കോട്ടയത്ത് ഒരു സെമിനാറിൽ നെൽകൃഷിയെ മുൻനിർത്തി കുട്ടനാടിൻറെ ഭാവി തീരുമാനിക്കുന്നത് ശരിയല്ല എന്ന് ഞാൻ പറഞ്ഞു. കുട്ടനാടിനെ നന്നായി അറിയാവുന്ന അദ്ദേഹം അക്കാര്യം അംഗീകരിച്ചു. എന്തൊക്കെ കുഴപ്പങ്ങളാണ് ഇത്തരം ഹ്രസ്വ വീക്ഷണങ്ങൾക്കുള്ളതെന്നും എന്തൊക്കെ സാധ്യതയാണ് കുട്ടനാടിനുള്ളതെന്നും വിശദമായി സംസാരിച്ചു. സർക്കാരിന്റെ നയത്തിനെതിരായി സംസാരിച്ചു എന്ന് മാധ്യമങ്ങൾ അന്ന് വാർത്തയാക്കി, അദ്ദേഹത്തിനത് തലവേദനയായി.
 
തിരുവനന്തപുരത്തെ പ്രസംഗത്തിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ശരിയാണ്. പുഴയുടെ തീരത്ത് വീട് വെക്കുന്പോൾ പുഴ ചിലപ്പോൾ പടികടന്നു വരും, തണ്ണീർത്തടം നികത്തി വീടുണ്ടാക്കിയാൽ എത്ര വലിയ മതില് പണിതാലും തണ്ണീർ അതിൻറെ തടം തിരിച്ചു പിടിക്കും. പ്രകൃതിയോട് കളിക്കാതിരിക്കുകയാണ് നല്ലത്, പ്രകൃതി കളി പഠിപ്പിച്ചേ വിടൂ.
 
പ്രളയത്തിന്റെ ഓർമ്മകൾ സൂക്ഷിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ നമുക്കതിന് സൗകര്യമില്ല. എൻറെ കൂടി നിർദ്ദേശപ്രകാരം സർക്കാർ ഒരു ഉത്തരവിറക്കി – പ്രളയം എത്ര ഉയരത്തിൽ എത്തി എന്ന് എല്ലാ സർക്കാർ കെട്ടിടങ്ങളുടേയും സർക്കാർ ധനസഹായം ലഭിക്കുന്ന കെട്ടിടങ്ങളുടേയും ഭിത്തിയിൽ മാർക്ക് ചെയ്യണം എന്ന്. സർക്കാരിന്റെ ഈ ഉത്തരവ് സർക്കാർ സ്ഥാപനങ്ങൾ പോലും അനുസരിക്കുന്നില്ല, കാരണം ലളിതമാണ്. ഇത്തരം സത്യങ്ങൾ വരച്ചുവെച്ചാൽ ആ പ്രദേശത്തെ സ്ഥലത്തിൻറെ വില കുറയും !.
 
വേണ്ട, വില കൂടിത്തന്നെ ഇരിക്കട്ടെ. പുഴയുടെ തീരത്ത് ഇനിയും വീടുകൾ ഉണ്ടാകട്ടെ, തണ്ണീർത്തടങ്ങൾ ഇനിയും നികത്തി പോകട്ടെ. അങ്ങനെയുളള ‘വില കുറയാത്ത’ ഭൂമിയും കെട്ടിടങ്ങളും മക്കൾക്ക് നൽകി നമ്മുടെ തലമുറ യാത്രയാകട്ടെ. അടുത്ത പ്രളയം എന്തായാലും വരും. കാലാവസ്ഥ വ്യതിയാനം കാരണം നേരെത്തെ തന്നെ, കൂടുതൽ ശക്തിയിൽ. അന്ന് നിങ്ങളുടെ കെട്ടിടങ്ങളും കുട്ടികളും ബാക്കിയുണ്ടെങ്കിൽ തീർച്ചയായും അവർ പിതൃസ്മരണ നടത്തുക തന്നെ ചെയ്യും.
 
മുരളി തുമ്മാരുകുടി
 
https://www.manoramaonline.com/news/latest-news/2019/06/15/people-will-forget-flood-days-repeat-faults-said-ph-kurian.html

Leave a Comment