പൊതു വിഭാഗം

ഓൺലൈൻ കൗൺസലിംഗ് സർവീസ് ആരംഭിക്കുന്നു.

കരിയർ സീരീസ് എഴുതിയതിനു ശേഷം ധാരാളം പേർ വിദ്യാഭ്യാസത്തിന്റെയോ ജോലിയുടെയോ കാര്യത്തിൽ അഭിപ്രായം ചോദിക്കാനായി എഴുതാറുണ്ട്. സാധിക്കുമ്പോൾ മറുപടി പറയാറുണ്ട്.
 
മിക്കവാറും ആളുകൾ ഏതെങ്കിലും പ്രത്യേക വിഷയത്തിന് സ്കോപ്പ് ഉണ്ടോ? ഏതെങ്കിലും രാജ്യത്ത് തൊഴിൽ അവസരങ്ങളുണ്ടോ? എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഒറ്റ വാക്കിൽ ഉത്തരം കിട്ടാനാണ് ശ്രമിക്കുന്നത്. ഇക്കാര്യങ്ങളിൽ അങ്ങനെ എളുപ്പത്തിൽ നൽകാവുന്ന ഉത്തരങ്ങളില്ല. ലോകത്ത് എല്ലാ വിഷയത്തിനും സ്കോപ്പ് ഉണ്ട്, ഏതു രാജ്യത്തും അവസരങ്ങളും. നിങ്ങളുടെ പ്രായം, വിദ്യാഭ്യാസം, ഭാവി താല്പര്യങ്ങൾ, കുടുംബ പശ്ചാത്തലം, സാമ്പത്തിക നില, കുടുംബത്തിന്റെ താല്പര്യങ്ങൾ എന്നിങ്ങനെ അനവധി കാര്യങ്ങളനുസരിച്ചാണ് വിദ്യാഭ്യാസത്തിലും ജോലിയിലും ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത്. അതിന് സഹായിക്കുക മാത്രമാണ് എനിക്ക് ചെയ്യാവുന്നത്.
 
ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കണമെങ്കിൽ ഇനി പറയുന്നതു പോലെ ചെയ്യൂ
 
1. നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് (വിദ്യാഭ്യാസം, കുടുംബം, സാമ്പത്തികം) അത്യാവശ്യം വിസ്തരിച്ച് എഴുതുക.
 
2. ഏത് ചോദ്യത്തിനാണ് നിങ്ങൾ ഉത്തരം തേടുന്നതെന്ന് എഴുതുക. ചോദ്യം സ്പെസിഫിക്ക് ആകാം, ജനറൽ ആകാം, വ്യക്തമായ ഒരു ചോദ്യം ഉണ്ടായിരിക്കണം.
 
3. ഡിഗ്രിക്ക് മൂന്നാം വർഷം പഠിക്കുന്ന ആളാണെങ്കിൽ ഒരു LinkedIn അക്കൗണ്ട് തീർച്ചയായും ഉണ്ടായിരിക്കണം. അതില്ലാത്തവരുടെ ചോദ്യം ഞാൻ സ്വീകരിക്കില്ല.
 
4. പതിനഞ്ചു വയസ്സിനു മുകളിലുള്ളവർ നേരിട്ട് എഴുതണം. ‘എഞ്ചിനീയറിങ്ങിന് പഠിക്കുന്ന എന്റെ മകളുടെ കാര്യം’, ‘വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടുകാരന്റെ കാര്യം’ എന്നൊന്നും പറഞ്ഞ് എഴുതരുത്. പ്രോക്സി ആയി വരുന്ന ചോദ്യങ്ങൾ എടുക്കാറില്ല. ഭിന്ന ശേഷിയുള്ള കുട്ടികളുടെ കാര്യത്തിൽ മാത്രമാണ് ഇതിൽ വിട്ടുവീഴ്ചയുള്ളത്.
 
5. ചോദ്യം ചോദിക്കുന്നതിന് മുൻപ് കരിയർ വിഷയത്തിൽ ഞാൻ എഴുതിയ സീരിസ് ഒരു തവണയെങ്കിലും വായിച്ചു നോക്കണം. ഞാൻ അവിടെ പ്രതിപാദിച്ചിരിക്കുന്ന വിഷയം വായിച്ചു നോക്കാതെ അതേ കാര്യങ്ങൾ സംശയമായി ചോദിക്കുന്നത് ശരിയല്ല. (http://kathakal.muraleethummarukudy.com/)
 
6. ചോദ്യങ്ങൾ mtworklife2020@gmail.com ലേക്ക് അയക്കുക.
 
7. ചോദ്യത്തിന്റെ രീതിയനുസരിച്ച് ഞാൻ മറുപടി പറയും. അല്ലെങ്കിൽ അരമണിക്കൂർ സ്കൈപ്പ് സെഷൻ അറേഞ്ച് ചെയ്യും. അതിനായി ഒരു സ്കൈപ്പ് അക്കൗണ്ട് റെഡിയാക്കി വെക്കണം.
 
8. ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതാം. ഇംഗ്ലീഷ് എഴുതുമ്പോൾ തെറ്റിയാലും കുഴപ്പമൊന്നുമില്ല. പക്ഷെ ‘I wanna help with ma career’ എന്ന തരത്തിലുള്ള ഇംഗ്ലീഷ് എഴുതുന്നവർക്ക് ഒരു കാരണവശാലും മറുപടി ഇല്ല.
 
9. മെയിൽ അയച്ചാൽ ഒരു ദിവസത്തിനകം മറുപടി തരാൻ ശ്രമിക്കും, ഒരാഴ്ചക്കകം സ്കൈപ്പ് സെഷനും. യാത്രയനുസരിച്ച് കുറച്ചു മാറ്റങ്ങൾ വന്നേക്കാം.
 
10. കരിയർ ഉപദേശങ്ങൾ പൂർണ്ണമായും ഫ്രീ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നുവെച്ച് അത് നിസ്സാരമായി കാണരുത്.
 
കാര്യങ്ങൾ ഇത്ര കോമ്പ്ലിക്കേറ്റഡ് ആക്കണോ എന്ന് തോന്നാം. പ്രൊഫഷണലായ കരിയറിൽ താല്പര്യമുള്ളവർ ഈക്കാര്യത്തിൽ അല്പം ബുദ്ധിമുട്ടിയേ പറ്റൂ. Linkedin, Skype ഒക്കെ അതിന്റെ ഭാഗമാണ്.
 
മുരളി തുമ്മാരുകുടി
 

Leave a Comment