പൊതു വിഭാഗം

ഓണം, മഴ, വഴിയോര കച്ചവടം!

ഇന്നലെ വിളിച്ചപ്പോൾ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ അമ്മ പറഞ്ഞു, “ഓണക്കാലമാണ്, പക്ഷെ ഇപ്പോഴും മഴ വിട്ടു മാറിയിട്ടില്ല. ഈ ഓണക്കാലത്ത് വഴിയോരത്തുള്ള കച്ചവടക്കാരുടെ കാര്യമാണ് കഷ്ടം!”
 
ശരിയാണ്. കേരളത്തിൽ കാറു കച്ചവടക്കാർക്കും വഴിയോര കച്ചവടക്കാർക്കും ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ് ഓണക്കാലം. സാന്പത്തിക മാന്ദ്യം കാർ കന്പനികൾ മുതൽ അടിവസ്ത്ര വ്യാപാരത്തെ വരെ ബാധിച്ചിരിക്കുന്നു എന്ന വാർത്തക്കു പുറമെയാണ് കേരളത്തിലെ പ്രധാന ബിസിനസ്സ് സീസൺ മഴയിൽ ഒഴുകിപ്പോകുന്നത്.
 
പ്രളയ ദുരന്തത്താൽ മലയാളികൾ കഴിഞ്ഞവർഷം ഓണം ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു, അതിൻറെ പ്രതിഫലനം ഓണക്കാല ഷോപ്പിങ്ങിലും ഉണ്ടായി. ഇത്തവണ ഭാഗ്യത്തിന് സർക്കാർ ഓണം ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, നല്ല കാര്യം.
 
പത്ര – ടിവി പരസ്യങ്ങളും, വലിയ അക്ഷരത്തിൽ എഴുതിവെച്ച ഡിസ്കൗണ്ടുകളും ഉള്ളതുകൊണ്ട് നഗരത്തിലേക്കും മാളുകളിലേക്കും കൂടുതൽ കച്ചവടം ഒഴുകുകയാണ്. ഓണക്കാലത്ത് ഒരു ‘ഔട്ടിങ്ങ്’ ആയും ആളുകൾ മാളിലേക്ക് പോകുന്നതോടെ ഗ്രാമത്തിലും നഗരത്തിലുമുള്ള ചെറു കച്ചവടക്കാരും വഴിയോര കച്ചവടക്കാരും സാന്പത്തികമാന്ദ്യത്തിന്റെ കടുത്ത ഇരകളാകുന്നു. ഇത് നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാറില്ല.
 
ഈ ഓണക്കാലത്ത് എൻറെ വായനക്കാർ ഷോപ്പിങ്ങിന് പോകുന്പോൾ പത്തു ശതമാനമെങ്കിലും വഴിയോര കച്ചവടക്കാരിൽ നിന്നും നിങ്ങളുടെ വീടിനടുത്തുള്ള കടകളിൽ നിന്നും വാങ്ങണമെന്നാണ് എൻറെ ഒരു നിർദ്ദേശം. ദുരന്ത പ്രദേശങ്ങളുടെ അടുത്താണ് നിങ്ങളുടെ വീടുകളെങ്കിൽ പരമാവധി കച്ചവടം ആ നാടുകളിൽത്തന്നെ നടത്താനും ശ്രമിക്കണം.
 
മുരളി തുമ്മാരുകുടി
 

Leave a Comment