പൊതു വിഭാഗം

ഓണം ബുക്കിങ്ങ് തുടങ്ങുന്നു…

“ഇയ്യാൾക്ക് യു എന്നിൽ പണി ഒന്നുമില്ലെന്നു തോന്നുന്നു. അവിടെയുള്ളതിൽ കൂടുതൽ സമയം കേരളത്തിലാണ്.” കഴിഞ്ഞ വർഷത്തെ എൻറെ ട്രാക്ക് റെക്കോർഡ് കണ്ടു ചില ‘സുഹൃത്തുക്കൾ’ പറഞ്ഞതാണ്.
 
സംഗതി സത്യമാണ്. ജനുവരി മുതൽ ഡിസംബർ വരെ ഏഴു പ്രാവശ്യം നാട്ടിൽ വന്നിരുന്നു. വെള്ളപ്പൊക്കവും അതിൻറെ യു എൻ പഠനവും ഒക്കെയായി മൊത്തം രണ്ടുമാസമെങ്കിലും കേരളത്തിലുണ്ടായിരുന്നു. സുഹൃത്തുക്കളുടെ വാക്കുകൾ അറം പറ്റി എന്ന് തോന്നുന്നു. ഈ വർഷം പകുതിയായിട്ടും ഒരാഴ്ച പോലും നാട്ടിൽ നിൽക്കാൻ പറ്റിയിട്ടില്ല.
 
ആഗസ്റ്റ് ഇരുപത് മുതൽ ഓണം വരെ നാട്ടിൽ നിൽക്കാനാണ് പരിപാടി. പരമാവധി പൊതു ദർശനം ഉണ്ടാകും. പാലക്കാട്, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ ചായ് പേ ചർച്ച ഉണ്ടാകും. സംഘടിപ്പിക്കാൻ താല്പര്യമുള്ളവർ പറഞ്ഞാൽ മതി.
 
മഴക്കാലം കഴിഞ്ഞ് Prasanth ബ്രോയുടെ നൗകയിലെ അഡ്വെഞ്ചർ ക്രൂയിസ് കഴിയുന്പോൾ അതിൽ ഒരു ‘കപ്പൽ പേ ചർച്ച’ പ്ലാൻ ഉണ്ട്. അയ്യായിരം രൂപ സേവ് ചെയ്ത് തുടങ്ങിക്കോളൂ.
 
ഒരു പരിപാടി കൂടി നടത്താൻ താല്പര്യമുണ്ട്. കേരളത്തിൽ കരിയർ കൗൺസലർ എന്ന തൊഴിൽ ചെയ്യുന്ന, സ്കൂളുകളിലും കോളേജിലും പോയി കരിയറിനെപ്പറ്റി ക്ലാസ്സ് എടുക്കുന്ന ധാരാളം പേരുണ്ട്. അവരെ ഒന്ന് സംഘടിപ്പിക്കണമെന്നും, അവരിലേക്ക് മാറുന്ന ലോകത്തിന് പറ്റിയ ധാരാളം പുതിയ കാര്യങ്ങൾ എത്തിക്കണമെന്നുമുണ്ട്. ഇങ്ങനെ ഉള്ളവർക്ക് എന്തെങ്കിലും സംഘടന ഉണ്ടോ? ഇല്ലെങ്കിൽ നമുക്ക് അങ്ങനെ ഒന്ന് സഘടിപ്പിക്കാമോ? ഓണത്തിന്റെ സമയത്ത് അവർക്ക് വേണ്ടി നമുക്ക് ഒരു ഫുൾ ഡേ പ്രോഗ്രാം അറേഞ്ച് ചെയ്യാം. താല്പര്യമുള്ളവർ ഉണ്ടെങ്കിൽ പറയണം.
 
ഓണത്തിന് രണ്ടാമനുമായി ഇന്റർവ്യൂ നടത്തണം എന്നുള്ള ചാനലുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യണം. അവസാനം ആളെ കിട്ടിയില്ല എന്ന് പറയരുത്.
 
ഇത്തവണ ഓണത്തിന് തുമ്മാരുകുടിയിൽ ഓപ്പൺ ഹൌസ് ആയിരിക്കും. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം.
 
മുരളി തുമ്മാരുകുടി

Leave a Comment