പൊതു വിഭാഗം

ഓക്സ്ഫോർഡ് രക്ഷിച്ച ജൂലി !

കേരളത്തിലെ പല പരിസ്ഥിതിവാദികളും ചിലപ്പോഴെങ്കിലും മതവിശ്വാസികളെപ്പോലെ പെരുമാറാറുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പരിസ്ഥിതി മാത്രമാണ് പ്രധാനം മറ്റൊന്നുമല്ല എന്ന മൗലികവാദം ഒരു വശത്ത്, ശാസ്ത്രത്തെ അവരുടെ വാദഗതികൾക്ക് യോജിക്കുന്ന സമയങ്ങളിൽ മാത്രം എടുത്തുപയോഗിക്കുന്നത് മറ്റൊരു വശത്ത്. ഓർഗാനിക് ഫാമിങ്ങ് മുതൽ മാലിന്യ നിർമ്മാർജ്ജനം വരെയുള്ള വിഷയങ്ങളിൽ ഇത് പ്രകടമാണ്. വിശ്വാസം എന്നത് വിമർശിച്ചോ പഠിപ്പിച്ചോ മാറ്റിയെടുക്കാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് വിശ്വാസികളുമായി സംവദിക്കുന്പോൾ ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് എന്റെ രീതി. ഇത് മതവിശ്വാസം ആണെങ്കിലും രാഷ്ട്രീയ വിശ്വാസം ആണെങ്കിലും കൃഷി വിശ്വാസം ആണെങ്കിലും പരിസ്ഥിതി വിശ്വാസം ആണെങ്കിലും മാറ്റമില്ല. ശാസ്ത്രത്തിന്റെ തലത്തിൽ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂ. കേരളത്തിലെ പരിസ്ഥിതി വിഷയങ്ങളിൽ അഭിപ്രായം പറയാതിരിക്കാനുള്ള കാരണം മറ്റൊന്നല്ല.
 
മരങ്ങളുടെ കാര്യമെടുക്കാം. കേരളത്തിലെ പൊതുവികാരം മരം വെട്ടുന്നതിന് എതിരാണ്, മരം വെക്കുന്നതിന് അനുകൂലവും. ഓരോ പരിസ്ഥിതി ദിനത്തിനും ലക്ഷക്കണക്കിന് മരങ്ങൾ നടുന്നു, അടുത്തതിന് വീണ്ടും നടുന്നു. വീടിന് പാല് കാച്ചുന്പോൾ മുതൽ കല്യാണം കഴിക്കുന്പോൾ വരെ ഇപ്പോൾ ആളുകൾ മരം നടുന്നു.
 
ഒരു മരം നട്ടതിനെ ആരും ഇതുവരെ മോശമായി പറഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ എപ്പോഴും എവിടെയും എടുത്തു പ്രയോഗിക്കാവുന്ന ഒരു പരിപാടിയായി മാറി മരംനടൽ മഹാമഹം. ഒരു മരം, അതെവിടെയാണെങ്കിലും വെട്ടുന്നത് മഹാ പാതകമാണെന്നാണ് പൊതു ബോധം. വനങ്ങൾ വെട്ടി നശിപ്പിച്ചിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നതിനാലും അവസരം കിട്ടിയാൽ ഇനിയും അങ്ങനെ ചെയ്യാൻ ധാരാളം ആളുകൾ തയ്യാറാണെന്നതിനാലും ഈ പൊതുബോധത്തെ പരിസ്ഥിതി രംഗത്തുള്ളവർ പൊതുവെ പിന്തുണക്കുന്നു.
കേരളത്തിലെ ധാരാളം ആളുകൾക്ക്, മരം, പരിസ്ഥിതി, ജൈവ വൈവിധ്യം ഇവയൊക്കെ ഒന്നാണ്. അതുകൊണ്ടാണ് ഏത് മരംവെയ്പ്പ് പരിപാടിയെയും നമ്മൾ പിന്തുണക്കുന്നത്. പക്ഷെ ശാസ്ത്രീയമായി പറഞ്ഞാൽ അത് ശരിയല്ല. എല്ലാ മരങ്ങളും ഒരുപോലെ അല്ല, പരിസ്ഥിതിക്ക് കുഴപ്പമുണ്ടാക്കുന്ന മരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാ മരം നടലും ഒരുപോലെയല്ല. ചിലപ്പോഴെങ്കിലും മരം വെട്ടുന്നതാണ്‌ പ്രകൃതി സൗഹൃദ പരിപാടി.
 
ഇത്തരത്തിലെ ഒരു കുഴപ്പക്കാരനാണ് പ്രോസോപിസ് ജൂലിഫ്‌ളോറ എന്നറിയപ്പെടുന്ന മരം. ഒറിജിനൽ ആയി മെക്സിക്കോയിൽ നിന്നും വന്നതാണ്. പക്ഷെ ഇന്ന് ലോകത്ത് അത്യാവശ്യം വെയിലും ചൂടും ഒക്കെയുള്ള പ്രദേശത്തെല്ലാം ഇത് പടർന്ന് പന്തലിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ പോയിട്ടുള്ളവരൊക്കെ ഇത് കണ്ടിട്ടുണ്ടാകണം. കടുത്ത വേനലിൽ പോലും പച്ചപ്പിന്റെ തുരുത്തായി നിൽക്കുന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ മരങ്ങൾ. പൊതുവെ കുറ്റിച്ചെടികൾ പോലെ ആണ് തോന്നുന്ന ഈവൃക്ഷത്തിന് ഏറ്റവും ദുർഘടമായ സ്ഥലത്ത് പോലും വളരാൻ പറ്റും.
 
ഏതൊരു വേനലിലും പിടിച്ചു നിൽക്കാനുള്ള ഈ കഴിവ് തന്നെയാണ് ലോകത്തിലെ ഏറ്റവും കുഴപ്പക്കാരനായ അധിനിവേശ സസ്യം (invasive plant) ആക്കി ഇതിനെ മാറ്റിയത്. പത്തു മീറ്റർ വരെ മാത്രം ഉയരം വെക്കുന്ന ഈ മരത്തിന്റെ വേരുകൾക്ക് അന്പത് മീറ്റർ ആഴത്തിൽ പോലും പോയി ജലം കണ്ടുപിടിക്കാൻ പറ്റും.
ഏഷ്യയിലും ആഫ്രിക്കയിലുമുള്ള അനവധി രാജ്യങ്ങളിൽ ഈ മരം അധിനിവേശ സസ്യവും അവിടുത്തെ ജൈവ വൈവിധ്യത്തിന് ഭീഷണിയും ആയാണ് കരുതപ്പെടുന്നത്. ആസ്‌ട്രേലിയയിൽ എട്ടു ലക്ഷം ഹെക്ടർ സ്ഥലത്താണ് ഈ മരങ്ങൾ പടർന്നുകയറിയിരിക്കുന്നത്. ലോകത്ത് അനവധി രാജ്യങ്ങളിൽ ഈ ചെടി ഉന്മൂല നാശനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഒരിക്കൽ ഈ മരങ്ങളാലുള്ള നാശങ്ങളിൽ നിന്നും നാടിനെ രക്ഷിക്കേണ്ട ഒരു ചുമതല എനിക്ക് വന്നുപെട്ടു.
 
സാധാരണഗതിയിൽ അതിനെ വെട്ടിക്കളയുന്നതാണ് പ്രകൃതിക്ക് ചേർന്നത്, പക്ഷെ ചില പ്രായോഗിക സാഹചര്യത്തിൽ നമുക്ക് കൂടുതൽ വിശാലമായി ചിന്തിക്കേണ്ടി വരും.
 
ഒമാനിലെ മരുഭൂമിയുടെ ഉള്ളിൽ ഞാൻ ജോലി ചെയ്തിരുന്ന എണ്ണക്കന്പനിക്ക് ഏറെ ക്യാംപുകൾ ഉണ്ട്. കൊടും വരൾച്ചയുള്ള, മണലും ചരലും മാത്രമുള്ള, മണിക്കൂറുകൾ നടന്നാൽ പോലും ജലം കിട്ടാത്ത മരുഭൂമികൾക്ക് നടുക്കാണ് ഈ ക്യാന്പുകൾ. ഭൂനിരപ്പിന് ഇരുന്നൂറ് മീറ്ററിൽ കൂടുതൽ ആഴത്തിലേ ജലമുള്ളൂ. ഞാൻ ജോലിക്കെത്തിയ കാലത്ത് ജി പി എസും മൊബൈലും ഒന്നും ഇത്രയും വ്യാപകമായിട്ടില്ലാത്തതിനാൽ വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ കന്പനിയിലെ ജോലിക്കാർ വാഹനവുമായി വഴിതെറ്റി മരുഭൂമിയിൽ കുടുങ്ങി മരിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
 
ഈ മരുഭൂമിയുടെ നടക്കും കന്പനിയുടെ ക്യാന്പുകൾ മരുപ്പച്ച പോലെ ആണ്. അഞ്ഞൂറ് മുതൽ അയ്യായിരം വരെ ആളുകൾ അവിടെ ജീവിക്കുന്നു. അവിടെ അവർക്കുള്ള താമസ സ്ഥലവും, മെസ്സും, കളിസ്ഥലവും ഒക്കെയുണ്ട്. അഞ്ചു കിലോമീറ്റർ ആഴത്തിൽ നിന്നും എണ്ണ കുഴിച്ചെടുത്ത് ലാഭമുണ്ടാക്കുന്ന കന്പനിക്ക് അഞ്ഞൂറ് മീറ്റർ ആഴത്തിൽ കിടക്കുന്ന ശുദ്ധജലം മുകളിലെത്തിക്കുക എന്നത് ഒരു വെല്ലുവിളിയല്ല. അതുകൊണ്ടാണ് ക്യാന്പിലെ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നത്. ക്യാന്പിൽ നിന്നും പുറത്തു വരുന്ന മലിനജലം ഉപയോഗിച്ച് ക്യാന്പിനുള്ളിലും ചുറ്റിലും അല്പം ചെടി നടാനുള്ള സാഹചര്യമുണ്ട്. ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ തഴച്ചു വളരുന്ന മരമാണ് പ്രോസോപ്പിസ് ജൂലിഫ്‌ളോറ എന്ന് പറഞ്ഞല്ലോ. അത് ആരെങ്കിലും ക്യാന്പിൽ കൊണ്ടുവന്നു ‘വനവൽക്കരണം’ നടത്തിക്കാണണം (ലോകത്ത് അനവധി ഇടങ്ങളിൽ അങ്ങനെയാണ് ജൂലി എത്തിയത്). സംഗതി ഹിറ്റായി, ക്യാന്പിന് ചുറ്റും പച്ചപ്പായി. ഒരു ക്യാന്പിൽ വിജയിച്ചപ്പോൾ മറ്റിടങ്ങളിലും എത്തിക്കാണും. ഇന്നിപ്പോൾ മരുഭൂമിക്ക് അകത്തെല്ലാം ഈ സാധനമുണ്ട്.
അങ്ങനെയിരിക്കുന്പോൾ ആണ് സർക്കാരിൽ നിന്നും ഒരു ഓർഡർ വരുന്നത്, രാജ്യത്തുള്ള പ്രോസോപ്പിസ് ജൂലിഫ്‌ളോറ മുഴുവൻ വെട്ടിക്കളയണം എന്ന്.
 
ഈ ഓർഡർ കന്പനിക്ക് രണ്ടു തരത്തിലാണ് ബുദ്ധിമുട്ടാകുന്നത്. ഒന്നാമത് ഉള്ള ജൂലികളെ മുഴുവൻ വെട്ടിക്കളഞ്ഞാൽ ക്യാന്പിന്റെ ഹരിതാഭയും പച്ചപ്പും പോകും, ആളുകളുടെ മാനസികാരോഗ്യത്തെ അത് ബാധിക്കും.
 
രണ്ടാമത്, നൂറു വർഷമായി ലോകത്ത് ഈ ജൂലിഫ്‌ളോറക്കെതിരെയുള്ള യുദ്ധം തുടങ്ങിയിട്ട്. ശതകോടികൾ ചിലവാക്കി കഴിഞ്ഞിട്ടും ജൂലി അവിടെത്തന്നെയുണ്ട്. കാരണം, വെട്ടി നശിപ്പിച്ച പ്രദേശത്ത് ഏറ്റവും വേഗത്തിൽ വളരാനുള്ള കഴിവ് ജൂലിക്ക് തന്നെയാണ്. വിത്തുകൾ പത്തുവർഷം പോലും മണ്ണിൽ കിടന്ന് ചാൻസ് കിട്ടിയാൽ വീണ്ടും മുളക്കും. ജൂലിയും ആയുള്ള യുദ്ധത്തിൽ എന്നും വിജയം ജൂലിക്ക് തന്നെ. യുദ്ധം വർഷങ്ങളോളം തുടരേണ്ടി വരും, കാശു പോകുന്നത് മിച്ചം.
 
ഞാൻ ഇതൊക്കെ പരിസ്ഥിതി മന്ത്രാലയത്തോട് പറഞ്ഞു നോക്കി. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥന് കാര്യം മനസ്സിലായി, പക്ഷെ അദ്ദേഹം അടുക്കുന്നില്ല. അവസാനം പുള്ളി സ്വകാര്യമായി ഒരു കാര്യം പറഞ്ഞു.
“മുരളി, ഇത് ഞങ്ങൾ ഉണ്ടാക്കിയ ഓർഡർ അല്ല, സുൽത്താന്റെ നേരിട്ടുള്ള നിർദ്ദേശമാണ്. അത് പാലിച്ചേ പറ്റൂ.”
എന്താണ് സുൽത്താന് ഈ വിഷയത്തിൽ ഇത്ര താല്പര്യം എന്നായി അടുത്ത ചോദ്യം.
അതൊരു കഥയാണ്. ഒമാനിലെ സുൽത്താൻ ഖാബൂസ് (ഈ വർഷം ആദ്യം മരിച്ചു). ചെറുപ്പകാലത്ത് വളർന്നത് സലാല എന്ന നഗരത്തിലാണ്. അദ്ദേഹത്തിന്റെ കൊട്ടാരത്തിന് ചുറ്റുമുള്ള കടൽതീരത്തെല്ലാം കുതിരയെ ഓടിച്ചു നടന്ന ഓർമ്മ അദ്ദേഹത്തിനുണ്ട്. പിന്നീട് അദ്ദേഹം മസ്കറ്റിന് പോയി, സുൽത്താനായി, അതിനു ശേഷം അധികം സലാലക്ക് വരാറില്ല.
 
ഒരിക്കൽ സലാല കൊട്ടാരത്തിലെത്തിയ അദ്ദേഹം ബീച്ചിനരികിലൂടെ വാഹനം ഓടിക്കുന്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ അതിശയപ്പെടുത്തി. പണ്ട് കളിച്ചു നടന്നിരുന്നിടത്തെല്ലാം വലിയ കാടുകൾ.
“ഇതെന്താണ് ?”
അതൊരു തരം അധിനിവേശ സസ്യം ആണെന്ന് ആരെങ്കിലും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാകണം.
“രാജ്യത്തു നിന്നും ഈ അധിനിവേശക്കാരനെ ഉന്മൂലനം ചെയ്യാൻ” രാജ കല്പനയായി.
സലാലയിൽ പട്ടാളമിറങ്ങി. ഒരു മാസം മുഴുവൻ ബുൾഡോസറുകൾ ജൂലിയെ ചവിട്ടി മെതിച്ചു, പിഴുതെറിഞ്ഞു, ബീച്ച് പഴയത് പോലെയായി.
 
ഇനി ഞങ്ങളുടെ ഊഴമാണ്. ജൂലി പോയേ പറ്റൂ.
പണ്ട് പറഞ്ഞ കഥയിലെ മസ്കറ്റിക്ക് ഒമാനിലെ പരിസ്ഥിതി മന്ത്രാലയത്തിൽ ബന്ധങ്ങൾ ഉണ്ടെന്ന് ഞങ്ങളുടെ ക്യാംപിലെ മാനേജർമാർക്ക് അറിയാം. അവർ ഞങ്ങളെ എപ്പോഴും സഹായിക്കുന്നതുമാണ്. അവർ ഒരു റിക്വസ്റ്റ് വച്ചു.
ജൂലിയെ രക്ഷിക്കണം.
മസ്കറ്റി കാര്യം എന്നോട് പറഞ്ഞു. ഞാൻ സുൽത്താന്റെ കാര്യം മസ്ക്കറ്റിയോടും.
“ഒരു മാർഗ്ഗവുമില്ലേ ബോസ് ?”
“ഒരു പണിയുണ്ട്, അല്പം ചിലവ് കൂടുതൽ വരും”
“ചിലവൊരു പ്രശ്നമല്ല, അതൊക്കെ ക്യാംപിലെ മാനേജർമാരെക്കൊണ്ട് ഞാൻ ചെയ്യിക്കാം”
 
അങ്ങനെയാണ് ഞാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ എന്റെ സുഹൃത്തിനെ അന്വേഷിക്കുന്നത്. തൽക്കാലം നമുക്കദ്ദേഹത്തെ ഡേവിഡ് സ്മിത്ത് എന്ന് വിളിക്കാം ലോകത്തിലെ ഏറ്റവും നല്ല ട്രോപ്പിക്കൽ ബൊട്ടാണിസ്റ്റ് ആയ ഒരാളാണ്. ബ്രൂണൈയിൽ വെച്ച് ആയിരക്കണക്കിന് ചെടികൾ നട്ടുപിടിപ്പിക്കാൻ ഞങ്ങളെ സഹായിച്ചിട്ടുള്ള ആളാണ്. കാര്യങ്ങളെ മൗലികവാദത്തോടെ അല്ലാതെ പ്രായോഗികമായി കാണുന്ന ആളാണ്.
“ഡേവിഡ്, ഐ ഹാവ് എ പ്രോബ്ലം”
“എന്ത് പറ്റി?”
കാര്യം അറിഞ്ഞപ്പോൾ “ഇത്രയേ ഉള്ളോ, ഞാൻ എത്തി”
ഡേവിഡ് ഒമാനിലെത്തി, സലാല മുതൽ മാർമുൽ വരെ, ഫഹൂദ് തൊട്ട് സൊഹാർ വരെ ഞങ്ങൾ ഒമാൻ മൊത്തം ജൂലിയെ തിരഞ്ഞു നടന്നു. സർക്കാർ ഉദ്യോഗസ്ഥരും യൂണിവേഴ്സിറ്റി പ്രൊഫസർമാരുമായി ചർച്ചകൾ നടത്തി.
 
അവസാനം ഡേവിഡിന്റെ റിപ്പോർട്ട് വന്നു.
 
1. ഒമാനിലെ ജൂലിഫ്‌ളോറ ഒരു അധിനിവേശ സസ്യം തന്നെയാണ്.
 
2. ലോകത്തെ ഏറ്റവും വ്യാപകമായിട്ടുള്ള, ഏറ്റവും കുഴപ്പക്കാരിൽ ഒന്നായ അധിനിവേശ സസ്യവും ആണിത്.
 
3. പക്ഷെ ഇതിനെ യുദ്ധം ചെയ്തു തോൽപ്പിക്കുക സാധ്യമല്ല, ഒരു സ്ഥലത്തും വിജയിച്ചിട്ടുമില്ല.
 
4. ഒമാനിലും ഈ യുദ്ധം വിജയിക്കില്ല. നമുക്ക് ഉപയോഗിക്കേണ്ട പ്രദേശങ്ങളിൽ (ഉദാഹരണത്തിന് ബീച്ചിൽ, നഗരത്തിൽ, പാർക്കിൽ) തൽക്കാലം അവരെ വെട്ടിനിരത്താം എന്നേയുള്ളൂ.
 
5. മരുഭൂമിയുടെ നടുക്ക് ക്യാംപുകളിൽ നിൽക്കുന്ന ജൂലി അപകടകാരിയല്ല. എണ്ണ തീരുന്ന കാലത്ത് ക്യാംപുകൾ അൾത്താമസം ഇല്ലാത്തതാകും, അവിടെ വെള്ളം ഉണ്ടാകില്ല. ഭൂഗർഭജലം നൂറു മീറ്ററിനും ആഴത്തിലായതിനാൽ ജൂലിയുൾപ്പടെ ഒരു മരങ്ങളും പിന്നെയവിടെ നിലനിൽക്കില്ല.
 
6. അതുകൊണ്ട് തൽക്കാലം ക്യാംപുകളിൽ ജൂലിയെ വെട്ടിമാറ്റേണ്ട കാര്യമില്ല.
 
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലോകപ്രശസ്ത ശാസ്ത്രജ്ഞന്റെ റിപ്പോർട്ടുമായി ഞാൻ വീണ്ടും പരിസ്ഥിതി മന്ത്രാലയത്തിലെത്തി.
ഒമാനിലെ മന്ത്രാലയങ്ങൾക്കുള്ള ഒരു ഗുണം അവിടുത്തെ ഉദ്യോഗസ്ഥർക്ക് “ഞങ്ങൾക്ക് ലോകത്തെ എല്ലാക്കാര്യങ്ങളിലും അറിവുണ്ട്” എന്നൊരു ഭാവമില്ല. അറിവുള്ളവർ പറഞ്ഞാൽ ശ്രദ്ധിക്കും, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പറഞ്ഞാൽ പ്രത്യേകിച്ചും.
റിപ്പോർട്ട് മുകളിലേക്ക് പോയി, കൊട്ടാരത്തിൽ നിന്നും തിരിച്ചുവന്നപ്പോൾ തീരദേശ നഗരങ്ങളിൽ ഒഴിച്ചുള്ള ജൂലികളെയെല്ലാം വധശിക്ഷയിൽ നിന്നും മോചിതരാക്കിയിരുന്നു.
സുൽത്താന്റെ കല്പനയെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ള ആളാണ് ഞാൻ എന്ന് മസ്കറ്റിക്ക് തോന്നി. ഒരത്യാവശ്യം പറഞ്ഞാൽ നടത്തിത്തരുന്ന ആളാണ് മസ്ക്കറ്റിയെന്ന് ക്യാംപ് മാനേജര്മാർക്കും തോന്നി. പിന്നെയും ഞങ്ങൾ ക്യാംപിൽ സുൽത്താന്മാരെപ്പോലെ സന്തോഷത്തോടെ നടന്നു.
 
ക്യാന്പുകളിലെ ഹരിതാഭ ഇപ്പോഴും അവിടെയുണ്ട്, ഉപഗ്രഹ ചിത്രത്തിൽ പോലും കാണാം.
 
എന്റെ ഊഹം ശരിയാണെങ്കിൽ സലാലക്കടപ്പുറത്ത് ഇപ്പോഴും ജൂലിയുടെ തോട്ടം ഉണ്ടായിരിക്കണം. കാരണം മനുഷ്യൻ തോൽക്കും, ജൂലി ജയിക്കും അതാണ് പ്രകൃതി നിയമം.
 
#യാത്രചെയ്തിരുന്നകാലം
 
മുരളി തുമ്മാരുകുടി

Leave a Comment