പൊതു വിഭാഗം

ഒഴിവാക്കാനാകുന്ന മരണങ്ങൾ..!

“വിമാനത്താവളത്തിൽ യാത്ര അയക്കാൻ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂട്ടമായി പോകുന്നതിനെതിരെ മുരളി ഒരു പോസ്റ്റിട്ടിരുന്നില്ലേ, അതൊന്നു കൂടി ഇടാമോ ?”
എൻറെ സുഹൃത്ത്, ദുബായിൽ നിന്ന് എന്നെ വിളിച്ചത് ഇത് പറയാനാണ്.
 
“ഞാൻ ഒരു തവണ അല്ല, എത്രയോ തവണ ഇട്ടു, എന്ത് കാര്യം?! വീണ്ടും വീണ്ടും ആളുകൾ മരിക്കുന്നു. എനിക്ക് മടുത്തു” ഞാൻ പറഞ്ഞു.
 
“മുരളി, പ്ലീസ്.. മടിക്കരുത്. കഴിഞ്ഞാഴ്ച എനിക്കൊരു അനുഭവം ഉണ്ടായി. എൻറെ അടുത്ത സുഹൃത്ത് നാട്ടിൽ നിന്നും വരികയാണ്. അവൻ വിമാനം കയറി അധികം വൈകാതെ എനിക്കൊരു കോൾ വന്നു. കൂട്ടുകാരനെ യാത്രയയക്കാൻ പോയ അവൻറെ കുട്ടികളും ഡ്രൈവറും അപകടത്തിൽ പെട്ടു, മകൻ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അവൻ വരുമ്പോൾ അവനെ എയർപോർട്ടിൽ പോയി കണ്ട് വിവരം അറിയിച്ചു സമാധാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പറഞ്ഞു വിടണം, ഇതാണ് എനിക്ക് കിട്ടിയ ഉത്തരവാദിത്തം. “എൻറെ ജീവിതത്തിൽ ഇത്രയും വിഷമിച്ച സമയം ഉണ്ടായിട്ടില്ല. സ്വന്തം മകൻ മരിച്ച വിവരം ഒരച്ഛനെ അറിയിക്കേണ്ടി വരിക എന്നതിൽ പരം ബുദ്ധിമുട്ടുള്ള കാര്യം വേറെന്താണ്? ” അതാണ് ഞാൻ മുരളിയോട് വീണ്ടും പറഞ്ഞത് എഴുതണം, എഴുതിക്കൊണ്ടേ ഇരിക്കണം. മുരളിയുടെ പോസ്റ്റുകൾ വാസ്തവത്തിൽ ജീവനുകൾ രക്ഷിക്കുന്നുണ്ട്. പക്ഷെ ‘സംഭവിക്കാത്ത അപകടം’ ആകുമ്പോൾ ആരും ഓർക്കുന്നില്ല എന്ന് മാത്രം. ഒരു അപകടം വരുമ്പോൾ ആണ് ‘ഇത് മുരളി എപ്പോഴും പറയാറുള്ളതാണല്ലോ’ എന്ന് ഓർക്കുന്നത്.”
 
സംഗതി സത്യമാണ്. കേൾക്കുമ്പോൾ നിസ്സാരമായ നിർദ്ദേശമാണ്. വിമാനത്താവളത്തിലേക്ക് ഒരാളെ സ്വീകരിക്കാനോ യാത്രയയക്കാനോ ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. പറ്റിയാൽ വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്സിയെടുത്ത് വരുന്നതാണ് ഏറ്റവും സേഫ്. ഇല്ലെങ്കിൽ നാട്ടിൽ നിന്നും എയർപോർട്ടിൽ പോയി പരിചയമുള്ള വിശ്വസിക്കാവുന്ന ഒരു ടാക്സിക്കാരനെ പറഞ്ഞു വിടുക. ഇത് രണ്ടും പറ്റിയില്ലെങ്കിൽ മാത്രം സ്വയം പോയാൽ മതി, അപ്പോഴും ഒന്നിൽ കൂടുതൽ ആളുകൾ പോകരുത്. അപകടം ഉണ്ടാകാനുള്ള സാധ്യത ആളുകളുടെ എണ്ണം അനുസരിച്ചു കൂടുന്നില്ല, പക്ഷെ അപകട മരണങ്ങളുടെ എണ്ണം തീർച്ചയായും കുറക്കാൻ പറ്റും.
 
ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുഞ്ഞിന്റെ മരണ വാർത്ത കേട്ടപ്പോൾ അനവധി പേർ എന്നെ ടാഗ് ചെയ്തിട്ടുണ്ട്. സങ്കടമാണ്. എയർപോർട്ട് യാത്ര പോലെ തന്നെ ഞാൻ പല വട്ടം എഴുതിയിട്ടുള്ള ഒന്നാണ് രാത്രി യാത്രയും. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും റോഡിലൂടെയുള്ള ദൂരയാത്രകൾ ഒഴിവാക്കണം. ഇതിന് പല കാരണങ്ങളും ഉണ്ട്. ഓരോ രാത്രി യാത്രയും ഒഴിവാക്കുമ്പോൾ നിങ്ങൾ അപകട സാധ്യത കുറയ്ക്കുകയാണ്.
പകലും രാത്രിയും കേരളത്തിലെ റോഡുകൾ കൊലക്കളങ്ങൾ ആണ്.
 
‘എങ്ങനെയാണ് കേരളത്തിലെ റോഡുകളെ അതിജീവിക്കുന്നത്?’ എന്നൊരു ലേഖനം എഴുതിയാണ് ഞാൻ മാതൃഭൂമി ഓൺലൈനിൽ എഴുത്തു തുടങ്ങിയത് (How to survive the roads in Kerala). പത്തു വർഷം മുൻപ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഒരു വർഷം നാലായിരത്തിന് മുകളിൽ ആളുകളാണ് കേരളത്തിലെ റോഡുകളിൽ ചത്തൊടുങ്ങുന്നത്. ഒരു വർഷം മുന്നൂറു മലയാളികളാണ് കേരളത്തിൽ കൊല ചെയ്യപ്പെടുന്നത് എന്നോർക്കണം. എന്നിട്ടും നമ്മുടെ പോലീസ് സംവിധാനത്തിന്റെ ഒരു ചെറിയ അംശമേ റോഡ് സുരക്ഷക്കായി നിയോഗിക്കപ്പെടുന്നുള്ളൂ. മനുഷ്യന്റെ ജീവന് അല്പം കൂടി വില കൊടുക്കുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേതെങ്കിൽ യു കെ യിലെ ‘ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ്’ പോലെ പോലീസിനേക്കാൾ ശക്തമായ – കൂടുതൽ അധികാരങ്ങളുള്ള ഒരു സ്ഥാപനം സുരക്ഷക്കായി നമുക്ക് ഉണ്ടാകുമായിരുന്നു. എങ്കിൽ ഒരു വർഷം പതിനായിരത്തോളം മലയാളികൾ തീർത്തും ഒഴിവാക്കാവുന്ന അപകടങ്ങളിൽ മരിക്കില്ലായിരുന്നു.
തൽക്കാലം ഇതൊക്കെ ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ എന്ന് ചിന്തിക്കാനേ പറ്റൂ. അങ്ങനെ ഔദ്യോഗിക സംവിധാനങ്ങൾ ഒക്കെ ഉണ്ടായി നമ്മുടെ റോഡും, ജലാശയങ്ങളും, വൈദ്യുതി വകുപ്പും, നിർമ്മാണ രീതികളും എല്ലാം സുരക്ഷിതമാകുന്നത് വരെ നിങ്ങൾ തന്നെ നിങ്ങളുടെയും കുടുംബത്തിന്റെയും ജീവൻ കാത്തു രക്ഷിക്കുക എന്നതേ നിർവാഹമുള്ളൂ.
 
എൻറെ വായനക്കാർ രണ്ടു കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തു തുടങ്ങണം.
 
1. വിമാനത്താവളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
 
2. രാത്രിയിലെ ദൂര യാത്രകൾ ഒഴിവാക്കണം. അങ്ങനെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കണം, നിരുത്സാഹപ്പെടുത്തണം.
 
ഇതിലൂടെ നിങ്ങൾ നിങ്ങളുടെയും നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കും, ഉറപ്പാണ്. അതിന് നിങ്ങൾക്കോ എനിക്കോ ഒരു ക്രെഡിറ്റും കിട്ടി എന്ന് വരില്ല. റോഡപകടം ആയാലും പ്രളയം ആയാലും വന്നു കഴിയുമ്പോൾ ‘മുരളിച്ചേട്ടൻ എപ്പോഴും പറയാറുണ്ട്’ എന്ന് കേൾക്കുന്നതിൽ എനിക്ക് ഒരു സന്തോഷവും ഇല്ല. ദുരന്ത ലഘൂകരണ വിദഗ്ദ്ധൻ എന്ന അർത്ഥത്തിൽ എൻറെ പരാജയം ആണത്. ദുരന്തങ്ങളും അപകടങ്ങളും ഇല്ലാത്ത, ആരും എന്നെ ഓർക്കാത്ത ഒരു ലോകമാണ് എനിക്കിഷ്ടം.
 
ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ. അവരുടെ പെരുമാറ്റത്തെ കുറ്റപ്പെടുത്തിയുള്ള കമന്റുകൾ ദയവായി ഒഴിവാക്കണം.
ഈ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം. ആളുകൾക്ക് ബോറടിക്കും, എന്നാലും ഒരാളുടയെങ്കിലും ചിന്ത മാറിയാൽ അത്രയും ആയില്ലേ.
 
മുരളി തുമ്മാരുകുടി
 

1 Comment

 • Please write about wearing seat belts and helmets. Most of the people dying because of not wearing the seat belts or helmet. Also kids are not supposed to travel on front seats. There are 2 issues:
  1. They distracts the driver and can cause the accidents.
  2. The kids can get seriously injured even there is an airbag.
  The car seats and booster seats for kids are available now in India at reasonable prices (Rs. 1000 to 4000). We need to educate the people about it.
  People usually laugh at it. But, take today’s incident. The kid mostly thrown out from the hand when the car hit. I think, you need to write little more about these immediately so that people take it seriously.

  Regards
  Ajith S.

Leave a Comment