ഓട്ടിസമോ മറ്റു പഠന ബുദ്ധിമുട്ടുകളോ ഉള്ളവർക്ക് വേണ്ടിയുള്ള ആഗോള തല മത്സരമാണ് ‘ആർട്ട് വർക്സ് ടുഗതർ (ArtWorks Together)’. ഈ വർഷം പുതിയതായി തുടങ്ങുന്ന മത്സരം സംഘടിപ്പിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നാണ്.
പതിനാറു വയസ്സിന് മുകളിലുള്ള, ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. പൊതുവെ ഇത്തരം മത്സര സാഹചര്യങ്ങളിൽ സിദ്ധാർഥിനോട് പങ്കെടുക്കാൻ ഞങ്ങൾ പറയാറില്ല. വരക്കാൻ കഴിവുള്ളതുകൊണ്ടും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിനുമായാണ് സിദ്ധാർത്ഥ് വരയ്‌ക്കുന്നത്. എന്തിനാണ് മത്സരിച്ച് വെറുതെ മനോവിഷമം ഉണ്ടാക്കുന്നത്.
എന്നാൽ 2020 ൽ സിദ്ധാർത്ഥ് പൊതുവെ കുറച്ചു വിഷമത്തിലായിരുന്നു. മെയ് മാസത്തിൽ തിരുവനന്തപുരത്ത് പ്ലാൻ ചെയ്തിരുന്ന എക്സിബിഷൻ കൊറോണ കൊണ്ടുപോയി. ഇടക്കൊക്കെ അവൻ ചോദിക്കും, “അച്ഛാ, എപ്പോഴാണ് എക്സിബിഷൻ?”
“മോനെ ഇപ്പോൾ എക്സിബിഷൻ നടത്തിയാൽ അധികം ആളുകൾക്ക് വരാനോ, ഒരുമിച്ച് ഫോട്ടോ എടുക്കാനോ, കൈ കൊടുക്കാനോ പറ്റില്ല. കൊറോണ ഒക്കെ ഒന്ന് പോകട്ടെ.” എന്നുപറഞ്ഞ് കൊറോണ പോകാൻ കാത്തിരിക്കുന്പോളാണ് ഈ മത്സരത്തിന്റെ അറിയിപ്പ് കിട്ടുന്നത്. അങ്ങനെ ഒരു ചിത്രം അയക്കാമെന്ന് തീരുമാനിച്ചു.
സിദ്ധാർത്ഥിന്റെ ആദ്യത്തെ അന്താരാഷ്ട്ര എക്സിബിഷൻ അബുദാബിയിൽ നടത്തണമെന്നായിരുന്നു ആഗ്രഹം. ലൂവ്ര് വന്നതോടെ അറബ് രാജ്യങ്ങളിലെ ആർട്ട് കാപ്പിറ്റൽ ആണ് അബുദാബി. അവിടെ അനവധി അടുത്ത സുഹൃത്തുക്കളുള്ളതിനാൽ നടത്തിപ്പ് എളുപ്പമാകും. മലയാളികൾ ധാരാളമുള്ളതുകൊണ്ട് സന്ദർശകർക്കും കുറവുണ്ടാവില്ല. ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ആർട്സ് ഡിപ്പാർട്ട്മെന്റ് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ എംബസിയും എല്ലാ പിന്തുണയും അറിയിച്ചിരുന്നതിനാൽ പ്രദർശനത്തിനായി ഗാലറിയും കണ്ടുവെച്ചിരുന്നു.
അബുദാബിയിൽ പ്രദർശിപ്പിക്കാൻ ആ രാജ്യത്തിൻറെ കുറച്ച് ചിത്രങ്ങൾ വരയ്‌ക്കാനായി കൊറോണക്ക് മുൻപ് അവിടെ പോയിരുന്നു. കടലും, ബോട്ടും, കെട്ടിടങ്ങളും, മോസ്‌കും ഒക്കെ വരച്ചെങ്കിലും അതിൽ ഏറ്റവും മനോഹരമായത് ഞങ്ങൾ പോയ ഡെസർട്ട് സഫാരിയുടെ ചിത്രമാണ്.
ആ ചിത്രമാണ് ഇംഗ്ലണ്ടിലെ മത്സരത്തിന് അയച്ചത്.
ഇന്നലെ ആ ചിത്രം തിരഞ്ഞെടുത്തു എന്ന അറിയിപ്പ് വന്നു. ലോകത്തെ പലയിടങ്ങളിൽ നിന്നായി ആയിരത്തിലധികം എൻട്രികൾ ഉണ്ടായിരുന്നു. പതിനാല് രാജ്യങ്ങളിൽ നിന്നുള്ള 34 ചിത്രങ്ങളാണ് ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇപ്പോൾ ഓൺലൈൻ ആയി ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. മെയ് 29 മുതൽ അവിടുത്തെ പ്രശസ്തമായ Wentworth Woodhouse ലെ ഗാലറിയിൽ പ്രദർശിപ്പിക്കും. കൊറോണയുടെ നിയന്ത്രണങ്ങൾ മാറിയാൽ എല്ലാവരും കൂടി പോകണമെന്നുണ്ട്.
ചിത്രം താഴെ കൊടുക്കുന്നു. മരുഭൂമിയിൽ പലപ്പോഴും പോയിട്ടുണ്ടെങ്കിലും അവിടുത്തെ സാൻഡ് ഡ്യൂണുകളിൽ എങ്ങനെയൊക്കെയാണ് പാറ്റേൺ ഉള്ളതെന്ന് നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ ചിത്രകാരന്മാരുടെ മനസ്സിൽ ഒറ്റയടിക്ക് ഇത്തരം കാര്യങ്ങൾ പതിയും. വർഷങ്ങൾ കഴിഞ്ഞു വരച്ചാലും കൃത്യമാവുകയും ചെയ്യും.
നിരൂപണം വായിച്ച ശേഷം ചിത്രം സൂക്ഷിച്ചു നോക്കിയാൽ കൂടുതൽ വ്യക്തമാകും.
“This drawing is composed of only two colours. black of a microfibre ink pen and ivory shade of the paper.
It depicts the scene of Dubai desert safari with three four wheel drive cars guiding the viewer on the road which begins on the bottom right side corner of the paper and travels towards the middle of the landscape on the left. At this point the road disappears into the sand dunes only to come out again in the distance. It is now directed towards the right and carrying a camel caravan who are migrating out of the picture near the top corner.
The depiction of sand dunes catches the energy of the wind swirling them over. The amount of sand is built up of dynamic contours which vary in direction, pattern and carries heaviness of the applied pen. In contrast the sky is completely still. About 15 %of the page at the top is left in block ivory offering a moment of peace against the business of the desert.”
ഓൺലൈൻ പ്രദർശനത്തിന്റെ ലിങ്ക്- https://bit.ly/3rqIDJz
ഇന്ത്യയിൽ നിന്നുള്ള ഏക എൻട്രിയാണ്. സമയം ഉണ്ടെങ്കിൽ പ്രദർശനം കാണുക. സിദ്ധാർത്ഥിനെ പറ്റി ഒരു കമന്റും കൂടി ഇട്ടാൽ കൂടുതൽ ശ്രദ്ധ കിട്ടാൻ അത് സഹായകമാകും. സിദ്ധാർഥിനും സന്തോഷമാകും.
മുരളി തുമ്മാരുകുടി
കൂടെയുള്ള ഫോട്ടോ Wentworth Woodhouse ആണ്. PC: Woodhead Construction
Leave a Comment