പൊതു വിഭാഗം

ഒരു വെങ്ങോലക്കാരനെ പറ്റി…

വെങ്ങോലയിൽ ശാലേം സ്‌കൂളിലാണ് ഹൈസ്‌കൂളിൽ പഠിച്ചത്. സ്‌കൂളുണ്ടായിട്ട് ഇപ്പോൾ എൺപത് വർഷങ്ങളോളം ആയി എന്ന് തോന്നുന്നു. ശ്രീ. ബെന്നി ബെഹനാൻ എം എൽ എയുടെ പിതാവും വെങ്ങോലയിൽ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. ഓ. തോമസ് സാറിന്റെ ശ്രമഫലമായിട്ടാണ് അക്കാലത്ത് സമീപഗ്രാമങ്ങളിൽ ഇല്ലാതിരുന്ന ഹൈസ്‌കൂൾ വെങ്ങോലയിൽ എത്തിയത്. ദൂരെയുള്ള ഞങ്ങളുടെ ബന്ധുക്കൾ വെങ്ങോലയിൽ വന്നു പഠിക്കുന്നത് 1980 കളിൽ പോലും സാധാരണമായിരുന്നു.
 
അഞ്ചാം ക്ലാസ് മുതലാണ് ശാലേം സ്‌കൂളിൽ ഉള്ളത്. ഞാൻ പ്രൈമറിക്ക് പഠിച്ച ഓണംകുളം സ്‌കൂളിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നതിനാൽ ആറാം ക്ലാസിലാണ് ഞാൻ ശാലേം സ്‌കൂളിൽ എത്തുന്നത്. പക്ഷെ അതിന് മുൻപ് ഞാൻ ഒരിക്കൽ അവിടെ പോയിട്ടുണ്ട്.
 
അന്നവിടുത്തെ സ്‌കൂൾ ആനിവേഴ്സറിയാണ്. എന്റെ ചേച്ചി അതിൽ പങ്കെടുക്കുന്നുണ്ട് (ഡാൻസിന് ആണെന്നാണ് ഓർമ്മ). രാവിലെ പോയപ്പോൾ ചേച്ചി എന്നെയും കൂടെ കൂട്ടി, അതൊരു വലിയ സന്തോഷമാണ്. ഞാൻ മുൻനിരയിൽ തന്നെ ഇരുന്നു, ചേച്ചി സ്റ്റേജിന് പുറകിലേക്ക് പോയി.
 
പ്രോഗ്രാമിലെ അനൗൺസ്‌മെന്റ് തൊട്ട് മൈക്ക് സെറ്റ് കൈകാര്യം ചെയ്യുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നോക്കി നടത്തുന്ന വളരെ സ്മാർട്ട് ആയ ഒരു പയ്യൻസിനെ ഞാൻ ശ്രദ്ധിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അധ്യാപകരും അയാളെയാണ് വിളിക്കുന്നത്. പ്രസംഗമത്സരം വന്നപ്പോൾ അയാൾ പങ്കെടുത്തുവെന്നും നന്നായി സംസാരിച്ചുവെന്നുമാണ് എന്റെ ഓർമ്മ.
 
പാടവരന്പിലൂടെ തിരിച്ചു പോരുന്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു,
“ചേച്ചി, ആ സ്മാർട്ട് പയ്യൻ ആരാണ്, എല്ലായിടത്തും മുന്നിൽ ഉണ്ടായിരുന്നല്ലോ?
“അത് എന്റെ ക്‌ളാസ്സ്‌മേറ്റ് അബ്ദുൽ റഹിം.”
ചേച്ചി അഭിമാനത്തോടെ പറഞ്ഞു.
 
പിന്നീട് ഞാൻ അദ്ദേഹത്തെ പറ്റി കേൾക്കുന്നത് ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ്. ഒരു ദിവസം ചേച്ചിയെ വിളിച്ചപ്പോൾ ചേച്ചി പറഞ്ഞു,
“എടാ, എന്റെ ക്ലാസ്‌മേറ്റ് അബ്ദുൽ റഹിം ഹൈക്കോടതി ജഡ്ജി ആയി. ഞാൻ ഫോൺ നന്പർ സംഘടിപ്പിച്ച് ഒന്ന് വിളിച്ചു. ഒറ്റ വാക്കിൽ തന്നെ എന്നെ മനസ്സിലായി, ‘പ്രസന്നയെ ഞാൻ നന്നായി ഓർക്കുന്നുണ്ട്’ എന്ന് പറഞ്ഞു. അരമണിക്കൂർ സംസാരിച്ചു. എനിക്ക് കരച്ചിൽ വന്നു.”
സന്തോഷം വന്നാലും സങ്കടം വന്നാലും വേഗം കരയുന്ന ആളാണ് എന്റെ ഈ ചേച്ചി.
 
1981 ൽ വെങ്ങോലയിൽ നിന്നും പോയതിന് ശേഷം ഞാൻ വെങ്ങോലയിലോ, എന്തിന് കേരളത്തിൽ തന്നെ അധികം സമയം ചിലവഴിച്ചിട്ടില്ല. എന്നാൽ എഴുത്തും സുരക്ഷയുമായി വന്ന രണ്ടാമത്തെ വരവിൽ ജസ്റ്റീസ് അബ്ദുൽ റഹീമിനെ വീണ്ടും വീണ്ടും കാണാനും അടുത്ത് പരിചയപ്പെടാനും അവസരമുണ്ടായി.
മാധ്യമശ്രദ്ധക്കോ വിവാദങ്ങൾക്കോ പുറകെ പോകുന്ന ഒരാളല്ല ജസ്റ്റീസ് അബ്ദുൽ റഹിം. കോടതിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിന്റെ പേര് പത്രത്തിൽ വന്നതായി ഓർക്കുന്നു പോലുമില്ല. അദ്ദേഹത്തോട് ഇടപെടുന്നവരൊക്കെ പറയുന്നത് പെർഫെക്റ്റ് ജെന്റിൽമാൻ ആണ് എന്നാണ്. കോടതിയിലുളള എല്ലാവരോടും, കക്ഷികൾ, സ്റ്റാഫ്, വക്കീലന്മാർ, മാധ്യമങ്ങൾ തുടങ്ങി എല്ലാവരോടും നന്നായി പെരുമാറും. നല്ല ഭാഷയാണ്, വിധികളിൽ ന്യായമുണ്ട്. കെ എസ് ആർ ടി സി യിൽ നിന്ന് റിട്ടയർ ചെയ്തവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് നിയമത്തിനും അപ്പുറം നിൽക്കുന്ന മാനുഷിക പരിഗണനകളോടെയാണ്.
 
കോടതിക്ക് പുറത്തും ജസ്റ്റീസ് അബ്ദുൽ റഹിം ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ അതിന്റെ പ്രവർത്തനം വ്യാപകമാക്കാനും സാധാരണ ആളുകൾ കടന്നുചെല്ലാത്ത ആദിവാസി മേഖലകളിൽ പോയി സേവനം നൽകാനും മുൻകൈ എടുത്തത് ശ്രീ. അബ്ദുൽ റഹിം ആണ്. 2018 ലെ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ സഹായം ചെയ്തു. ഈ കൊറോണക്കാലത്തും അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു, കാര്യങ്ങൾ മനസ്സിലാക്കാനും ഏതൊക്കെ രീതിയിലാണ് അതിൽ ഇടപെടാൻ കഴിയുന്നതെന്ന് അറിയാനും.
 
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പല പ്രാവശ്യം, പല വേദികളിൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇരുന്നിട്ടുണ്ട്. എനിക്ക് സന്തോഷവും വിഷമവും ഒരുമിച്ച് ഉണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ പ്രസംഗം വളരെ മനോഹരമാണ്. നല്ല മലയാളം, തട്ടും തടവുമില്ലാതെ അങ്ങനെ ഒഴുകും. വെങ്ങോലയിൽ ഏതൊരു ചെറിയ പ്രോഗ്രാമിന് വിളിച്ചാലും അദ്ദേഹം വരും, അതും കൃത്യ സമയത്ത്. മറ്റുളളവർ വൈകിയാലും (വൈകുമല്ലോ, അതല്ലേ നമ്മുടെ രീതി !), ഒരു പ്രോട്ടോക്കോൾ വിഷയവും ഉണ്ടാക്കാതെ കാത്തു നിൽക്കും. ദീർഘമായി പ്രസംഗിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം പ്രസംഗിക്കാൻ ശ്രമിക്കുന്നത് തന്നെ എനിക്ക് മുട്ടിടിപ്പ് ഉണ്ടാക്കും.
 
ഹൈക്കോടതിയിലെ ജഡ്ജിമാർക്ക് മലയാളത്തിൽ പ്രസംഗിക്കാൻ അധികം അവസരം കിട്ടാറില്ലല്ലോ, പിന്നെങ്ങനെയാണ് ജസ്റ്റീസ് അബ്ദുൽ റഹീം ഇത്ര നന്നായി പ്രസംഗിക്കുന്നതെന്ന് ഞാനൊരിക്കൽ എന്റെ ബന്ധുവായ കേരളൻ ചേട്ടനോട് ചോദിച്ചു.
“മുരളി, ജഡ്ജിയാകുന്നതിന് മുൻപ് അദ്ദേഹം ട്രേഡ് യുണിയൻ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തിൽ അംഗമായിരുന്നിട്ടുണ്ട്, അന്നും ഇന്നും ഏതൊരാവശ്യത്തിനും എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്ന ഒരാളാണ്.”
അപ്പോൾ അതാണ് കാര്യം, ഒരു ഗ്രാമത്തിൽ വളർന്ന്, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് വളർന്ന ആളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരെയും ബഹുമാനിച്ചുകൊണ്ടുള്ളതും പ്രസംഗങ്ങൾ ആർക്കും മനസ്സിലാക്കുന്നതും ആകർഷകമാകുന്നതും അതിശയമല്ല.
 
ഞാൻ എറണാകുളം ജില്ലയിൽ വെച്ച് എപ്പോഴൊക്കെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കും. എനിക്കിപ്പോൾ അത് കുടുംബത്തിൽ ഒരാളെ വിളിക്കുന്നത് പോലെയാണ്. അദ്ദേഹം ഉണ്ടെങ്കിൽ പിന്നെ വേറൊരാളെപ്പറ്റി ചിന്തിക്കാറ് തന്നെയില്ല. അദ്ദേഹം കൃത്യസമയത്ത് തന്നെ വരും, പുസ്തകം അപ്പോഴേക്കും വായിച്ചിരിക്കും. നല്ല വാക്കുകൾ പറയും, നാട്ടുകാരോടും വീട്ടുകാരോടും ഒരു വെങ്ങോലക്കാരനെ പോലെ തന്നെ കുശലം പറയും. എല്ലാവരും ഹാപ്പി.
 
ഒരിക്കൽ അദ്ദേഹം എന്നോട് ഒരു ആവശ്യം പറഞ്ഞു. “മുരളി ഞാൻ വെങ്ങോലയിൽ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്, ഒരിക്കൽ അവിടെ വരണം.” തിരിച്ചൊരു അവസരം കിട്ടിയപ്പോൾ ഞാൻ സന്തോഷത്തോടെ പോയി.
 
Aspire Residential Public School എന്നാണ് സ്‌കൂളിന്റെ പേര്. അവിടെ ലോക നിലവാരത്തിലുള്ള സൗകര്യങ്ങളും കരിക്കുലവും ഉണ്ടാകണം എന്നാണ് അദ്ദേഹത്തിന്റെ വിഷൻ. അവിടുത്തെ സൗകര്യങ്ങളും അധ്യാപകരേയും കണ്ട എനിക്ക് അതിശയവും അഭിമാനവും ഉണ്ടായി. ഒരു പത്തു വർഷം കഴിയുന്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്‌കൂളായി ഇത് മാറും എന്നതിൽ സംശയമില്ല.
 
ജസ്റ്റീസ് അബ്ദുൽ റഹീം കേരള ഹൈക്കോടതിയിൽ നിന്നും ഇന്ന് വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ വിരമിക്കൽ ചടങ്ങ് ഹൈക്കോടതിയുടെ യു ടുബ് ചാനലിൽ രാവിലെ പതിനൊന്നു മണിമുതൽ ലൈവ് ആയിട്ടുണ്ട്. ലിങ്ക് ഒന്നാമത്തെ കമന്റിൽ ഉണ്ട്, സാധിക്കുമെങ്കിൽ ഞാൻ എന്റെ ഫേസ്ബുക്ക് പേജിൽ ആ സമയത്ത് ഷെയർ ചെയ്യുകയും ചെയ്യാം. കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമാകാം ഇതുപോലൊരു ചടങ്ങ് യുട്യൂബിൽ ലൈവ് ആയി വരുന്നത്. കൊറോണക്കാലം പുതിയ രീതികൾ പരിശീലിക്കുന്നതിന്റെയും കാലമാണ്.
 
റിട്ടയർമെന്റ് ചടങ്ങ് മാത്രമല്ല കോടതി നടപടികളും ലൈവ് ആയി വരുന്ന കാലത്തിന് മുന്നോടിയാകാൻ ഈ ചടങ്ങ് കാരണമാകട്ടെ.
ഹൈക്കോടതിയിൽ നിന്നും വിരമിച്ചാലും കേരളത്തിലെ പൊതുരംഗത്ത് ശ്രീ അബ്ദുൾ റഹിം ഉണ്ടാകും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മനുഷ്യരെ അറിയുന്ന, മനുഷ്യസ്നേഹികളായ ആളുകൾ ഔദ്യോഗികപദവികളിൽ ആണെങ്കിലും പൊതുരംഗത്താണെങ്കിലും കൂടുതൽ ഉണ്ടാകട്ടെ. ഹൈക്കോടതിക്ക് ശേഷം ഏത് കർമ്മ മണ്ഡലമാണോ അദ്ദേഹം തിരഞ്ഞെടുക്കുന്നത് അവിടെയൊക്കെ ശോഭിക്കാനും വിജയിക്കാനും അദ്ദേഹത്തിന് കഴിയും എന്നെനിക്ക് ഉറപ്പുണ്ട്, എല്ലാ ആശംസകളും.
 
മുരളി തുമ്മാരുകുടി

Leave a Comment