പൊതു വിഭാഗം

ഒരു ബെൽറ്റും ഒരു റോഡും.

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കേൾക്കുന്നതാണ്, ചൈനയെപ്പറ്റി. ഇന്ത്യയിൽ വന്ന ചൈനീസ് സഞ്ചാരിയായ ഹുയാങ് സാങ്, ചൈനയുടെ ദുഃഖമായ മഞ്ഞ നദി, ചൈനയിലെ വന്മതിൽ, ഇന്ത്യ-ചൈനാ യുദ്ധം ഇതൊക്കെ ചരിത്രപുസ്തകത്തിലും പഠിച്ചു.

പിന്നീട് ചൈനയെപ്പറ്റി കൂടുതൽ പഠിക്കുന്നത് 1993 മുതൽ 1995 വരെ ഇന്ദിരാഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ ജോലി ചെയ്യുന്ന കാലത്താണ്. ചൈനയുടെ അതിവേഗത്തിലുള്ള സാമ്പത്തികവളർച്ച, അതിൽ നിന്നും ഇന്ത്യക്ക് എന്തുപഠിക്കാം എന്നൊക്കെയാണ് വിഷയം. ഇന്ത്യയിൽ അന്ന് നരസിംഹറാവു സർക്കാരിന്റെ ലിബറലൈസേഷൻ നയങ്ങളൊക്കെ മൻമോഹൻ സിങ് നടപ്പിലാക്കാൻ തുടങ്ങുന്നതേയുള്ളൂ.

ഇന്ത്യയും ചൈനയും തമ്മിൽ പല കാര്യങ്ങളിലും സാദൃശ്യങ്ങളുണ്ട്. വലിയ ഭൂപ്രകൃതി, അതിൽത്തന്നെ വളരെ വ്യത്യസ്തമായ ഭൂമിശാസ്ത്രമുള്ളവ, നൂറുകോടിയിൽ കവിഞ്ഞ ജനസംഖ്യ, ആയിരക്കണക്കിന് വർഷത്തെ സാംസ്കാരികപാരമ്പര്യം എന്നിങ്ങനെ.

ജനാധിപത്യരാജ്യമായ, ഏറെ വൈജാത്യങ്ങളുള്ള ഇന്ത്യ. കേന്ദ്രവും സംസ്ഥാനവുമൊക്കെ ഒരേ കക്ഷി ഭരിക്കുന്ന കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന, എന്നിങ്ങനെ വ്യത്യാസങ്ങളുമുണ്ട്.

ഇന്ത്യയുടേയും ചൈനയുടെയും വികസനപാതകളെപ്പറ്റി അന്ന് ഞങ്ങൾ ഏറെ ചർച്ച ചെയ്തിട്ടുണ്ട്. ഞങ്ങൾ മാത്രമല്ല ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണത്, ചർച്ച ഇപ്പോഴും തുടരുന്നു. കേരളത്തിൽ തന്നെ മിക്കവർക്കും ഇതിനെപ്പറ്റി വ്യക്തമായ, ഭിന്നമായ അഭിപ്രായങ്ങളുമുണ്ട്. എന്നാൽ ചൈനയിൽ നേരിട്ടുപോയിട്ടുള്ള മലയാളികൾ അധികമില്ലാത്തതിനാൽ ഈ ചർച്ചകളൊക്കെ കേട്ടുകേൾവിയുടെയും സ്വന്തം തത്വശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാണ്.
ഞാൻ ആദ്യമായി ചൈനയിൽ പോകുന്നത് 2008-ലെ ഭൂകമ്പ സമയത്താണ്. ലോകത്തെ മറ്റിടങ്ങളിൽ ഭൂകമ്പം കഴിഞ്ഞുള്ള പുനരുദ്ധാരണപ്രവർത്തനങ്ങൾ എങ്ങനെ നടക്കുന്നു എന്നതിനെപ്പറ്റി ഒരു ശില്പശാല നടത്താൻ ചെന്നതാണ്. ഒളിംപിക്സിന് തൊട്ടുമുൻപ് പുതിയ വിമാനത്താവളം തുറന്നിട്ട് അധികം നാളായില്ല. സ്റ്റേഡിയങ്ങൾ ഉൾപ്പടെ ബീജിംഗ് തിളങ്ങി നിൽക്കുന്ന കാലം. പിന്നെ ഇന്ന് വരെ എത്രയോ വട്ടം ചൈനയിൽ പോയി. ബീജിങ്ങിൽ മാത്രമല്ല, രാജ്യതലസ്ഥാനത്തു നിന്നും പ്രവിശ്യാ തലസ്ഥാനത്തും ചെറിയ നഗരങ്ങളിലും ഗ്രാമത്തിലും ഒക്കെ പോയി. അതിൽപ്പിന്നെ ഞാൻ ‘ഇന്ത്യയും ചൈനയും തമ്മിലുള്ള വികസനമാതൃകകളുടെ താരതമ്യം’ നടത്താറില്ല. ഒരിക്കൽ ചൈനയിൽ പോയാലേ അതിന്റെ കാരണം മനസ്സിലാകൂ, അത് കൊണ്ട് ചോദിക്കരുത്, പ്ലീസ്.

ഇന്നത്തെ വിഷയം ഇന്ത്യയും ചൈനയുമല്ല, ചൈനയും ലോകവുമാണ്.

കഴിഞ്ഞ നാല് വർഷമായി ചൈന ലോകത്തിനു മുന്നിൽ അത്ഭുതാവഹമായ ഒരു വികസനപദ്ധതിയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ‘ഒരു ബെൽറ്റും ഒരു റോഡും’ (One Belt and One Road, OBOR) എന്നതാണ് ഈ പദ്ധതിയുടെ പേര്. ചൈനയുടെ കിഴക്കൻ തീരത്തുള്ള നഗരങ്ങൾ മുതൽ സെൻട്രൽ ഏഷ്യയും തുർക്കിയും റഷ്യയും വഴി പടിഞ്ഞാറൻ യൂറോപ്പിലെ പടിഞ്ഞാറേ തീരത്തെ തുറമുഖങ്ങൾ വരെയെത്തുന്ന റോഡും റെയിൽവേയും വികസിപ്പിച്ച് ചരക്കുഗതാഗതം വേഗത്തിലും എളുപ്പത്തിലുമാക്കുക, മധ്യധരണ്യാഴിയിലെയും, ഗൾഫിലെയും ഇന്ത്യാമഹാസമുദ്രത്തിലെയും, ദക്ഷിണ ചൈനാസമുദ്രത്തിലെയും ഒക്കെ തുറമുഖങ്ങൾ വികസിപ്പിച്ച് കടൽ വഴിയുള്ള ചരക്കുനീക്കം കൂടുതൽ എളുപ്പമാക്കുക എന്നതാണ് പദ്ധതി. ഇതിനെയൊക്കെ തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴികളുമുണ്ട്.

ലോകത്ത് ഇന്നുവരെ ആരും ഇതുപോലെ ഒരു പദ്ധതി ചിന്തിച്ചിട്ടില്ല. കൽക്കട്ട മുതൽ കാബൂൾ വരെ ഉള്ള റോഡ് വെടിപ്പാക്കിയ ഷേർ ഷാ, വന്മതിൽ പണിഞ്ഞ ചൈന, ഒക്കെയാണ് ഏതാണ്ട് അടുത്ത വരുന്നത്. പക്ഷെ ഇതിന്റെ വ്യാപ്തി അതിലൊക്കെ പതിന്മടങ്ങാന്. ഇതിന് എത്ര നാളെടുക്കുമെന്നോ എത്ര പണം ചെലവാകുമെന്നോ ആരുംഇതുവരെ കണക്കുകൂട്ടിയിട്ടില്ല. ഒരു ശരാശരി രാജ്യത്തിന്റെയും എൻജിനീയറുടേയും ചിന്തകൾക്കപ്പുറത്താണ് ചൈനീസ് പ്രസിഡന്റായ ഷി ജിൻപിങ്ങിന്റെ പദ്ധതിയുടെ വ്യാപ്തി. മൂന്നു ട്രില്യൻ ഡോളർ (മൂവായിരം ബില്യൺ) എന്നൊക്കെ ഒരേകദേശ കണക്കാണ്. ഒരു ബില്യൺ ഡോളർ എന്നാൽ ആറായിരം കോടി രൂപ. അപ്പോൾ മൂന്നു ട്രില്യൺ എന്നുപറഞ്ഞാൽ, 18൦,൦൦൦,൦൦൦,൦൦൦ കോടി രൂപ ആണെന്ന് തോന്നുന്നു. പൂജ്യം ഒന്ന് രണ്ടു കൂടുതലോ കുറവോ ആകാം, എന്താണെങ്കിലും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമുള്ള ഒരു സംഖ്യയാണ്.

പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപ് ശത്രുക്കളെ അകറ്റിനിർത്താൻ എണ്ണായിരം, കിലോമീറ്ററിൽ കൂടുതൽ നീളത്തിൽ ദുർഗ്ഗമമായ പ്രദേശത്തു കൂടി വന്മതിൽ പണിത ചൈനയാണ് പറയുന്നത്, ശ്രദ്ധിച്ചു കേൾക്കണം. ഏതാണ്ട് കുളപ്പുള്ളി അപ്പൻറെ സ്വഭാവമാണ്. പറയുന്നത് നടത്തും, നടത്തുന്നതേ പറയൂ.
അനവധി സാമ്പത്തികഗുണങ്ങളാണ് ഈ പദ്ധതി കൊണ്ടുള്ളത് എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അമേരിക്ക ഒഴിച്ചുള്ള ലോകത്തെ സമ്പദ് വ്യവസ്ഥകളെയും ബെൽറ്റും റോഡും കൂട്ടിക്കെട്ടും. സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം വർധിക്കുന്നതോടെ രാഷ്ട്രീയസ്ഥിരതയുണ്ടാകും. രാഷ്ട്രീയ സമവാക്യങ്ങൾ മാറും, ലോകത്ത് ഇപ്പോൾ കാണുന്ന രാഷ്ട്രീയവ്യവസ്ഥയായിരിക്കില്ല ഉണ്ടാകാൻ പോകുന്നത്.

ചൈനക്ക് ഒരു പ്രത്യേകതയുണ്ട്. അവർ ഒരുകാര്യം തീരുമാനിച്ചുകഴിഞ്ഞാൽ ചൈനയിലെ എല്ലാ സംവിധാനങ്ങളും; വിദ്യാഭ്യാസസ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ആഭ്യന്തരമന്ത്രാലയം, വിദേശമന്ത്രാലയം സർക്കാർസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എല്ലാം ആ കാര്യത്തിൽ താല്പര്യമെടുക്കും. എല്ലാവരും ഒരേ ലക്ഷ്യത്തോടെ മുന്നോട്ട് മാത്രം വലിക്കുമ്പോൾ എത്ര വലിയ മലയും പോരും. ഇപ്പോൾ ചൈനയിലെ പത്രങ്ങളിലൊക്കെ എന്നും തന്നെ one belt and one road നെപ്പറ്റിയുള്ള വാർത്തകളാണ്. ലോകത്ത് പലയിടത്തും ചൈനീസ് സർക്കാർ തന്നെ മുൻകൈ എടുത്ത് ഈ വിഷയത്തെ പറ്റി മീറ്റിംഗുകൾ നടത്തുന്നു. അവിടുത്തെ സ്‌കൂൾ കുട്ടികൾ തൊട്ടു കോളേജ് പ്രൊഫസർമാർ വരെ സർക്കാർ ഉദ്യോഗസ്ഥർ തൊട്ടു കച്ചവടക്കാർ വരെ എല്ലാവരും റോഡിനെ പറ്റിയും ബെൽറ്റിനെ പറ്റിയും സംസാരിക്കുന്നു. OBOR വരുമ്പോൾ എങ്ങനെ ചൈനയും ലോകവും മാറും എന്നതിനെ പറ്റി അവർ പറയുന്നു, ആവേശഭരിതരാകുന്നു.
കേരളത്തിൽ എത്രപേർ ഇതിനെപ്പറ്റി കേട്ടിട്ടുണ്ട് എന്നെനിക്കറിയില്ല, പക്ഷെ ഇത് നമ്മൾ അറിയേണ്ടത് അത്യാവശ്യം ആണ്. ഇന്ത്യയിൽ ഇതിനെ പറ്റി ചില ലേഖനങ്ങൾ ഒക്കെ വന്നെങ്കിലും അതെല്ലാം ഈ പ്രോജക്ടിനെ ഒരു “ഇൻഡ്യാ-ചൈന” വീക്ഷണകോണിൽ ആണ് കാണാൻ ശ്രമിച്ചത്. ലോകത്ത് ഇന്ത്യയുടെ സ്ഥാനത്തെ പറ്റി നമുക്കുള്ള ധാരണയിൽ നിന്നാണ് ഇത്തരം വീക്ഷണങ്ങൾ ഉണ്ടാകുന്നത്, അത് തീരെ ശെരിയായ നിരീക്ഷണം അല്ല. OBOR ലോകത്തെ മാറ്റി മറിക്കാൻ പോകുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു പദ്ധതിയാണ്. ഒരു പക്ഷെ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ട്. ഇതിന് സ്വാഭാവികമായും നമ്മുടെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ഏറെ സ്വാധീനിക്കാൻ കഴിയും. അത് നമുക്ക് ഗുണകരമാണോ എന്നത് ഈ വിഷയത്തെ നമ്മൾ എങ്ങനെ മുൻകൂട്ടി കണ്ട് കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കേരളത്തിലെ ഏതെങ്കിലുമൊരു പത്രപ്രവർത്തകൻ OBOR -നെപ്പറ്റി നല്ലൊരു ഫീച്ചർ എഴുതുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി.

(OBOR എന്ന് ടൈപ്പ് ചെയ്‌താൽ അനവധി മാപ്പുകൾ കിട്ടും, ഇത് എക്കോണമിസ്റ്റിൽ നിന്നുള്ള മാപ്പാണ്, ഔദ്യോഗികം ആകണം എന്നില്ല, പക്ഷെ ഒരു ഏകദേശ ധാരണ കിട്ടും. ഇന്ത്യ ഈ പദ്ധതിയിൽ ഉണ്ടോ എന്നെനിക്ക് അറിയില്ല)

Leave a Comment