ഇന്നലെ ലോകത്ത് പലയിടത്തും സന്പൂർണ്ണ സൂര്യഗ്രഹണം ആയിരുന്നു. ഇന്ന് രാവിലെ ടെഹ്റാനിൽ നിന്നും എനിക്കൊരു മനോഹര ചിത്രം കിട്ടി. ഗ്രഹണം ഒക്കെ മാറിയ സുന്ദരമായ ആകാശത്തിന്റെ ചിത്രം. അത് എന്റെ സുഹൃത്ത് നിലുഫർ അയച്ചതാണ്.
നിലൂഫറിനെ നിങ്ങൾ അറിയും. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ എന്റെ സഹപ്രവർത്തകയായിരുന്നു. പിന്നീട് ഇറാനിൽ ഒരു പരിസ്ഥിതി സംഘടനയിൽ ജോലി ചെയ്യുന്പോൾ 2018 ൽ അറസ്റ്റിലായി. പത്തു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.
നിലൂഫറിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും ജയിലിൽ നിന്നും മോചിപ്പിക്കുവാനുമുള്ള ശ്രമം കഴിഞ്ഞ ആറു വർഷമായി ഞങ്ങൾ തുടരുകയായിരുന്നു. അതിന് വേണ്ടി പലപ്പോഴും നിങ്ങളുടെ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. മെസ്സേജ് ഷെയർ ചെയ്തും മറ്റുമായി നിങ്ങളും പലപ്പോഴും സഹായിച്ചിട്ടുണ്ട്. നിലുഫറിന്റെ കാര്യം എന്തായി എന്ന് നിങ്ങളിൽ പലരും പലപ്പോഴും ചോദിച്ചിട്ടുമുണ്ട്.
നല്ല വാർത്തയുണ്ട്. ഗ്രഹണം കഴിഞ്ഞു. ഇന്നലെ രാത്രി നിലൂഫറിനെ ജയിലിൽ നിന്നും മോചിപ്പിച്ചു. ഈദ് പ്രമാണിച്ച് ഈ വർഷം രണ്ടായിരം പേർക്ക് പൊതു മാപ്പ് നൽകിയതിന്റെ ഭാഗമായിട്ടാണ് ഈ മോചനം സാധിച്ചത്. ജയിലിൽ നിന്നും അമ്മയുടെ കൈകളിലേക്ക് ഓടി എത്തുന്ന നിലൂഫറിന്റെ ചിത്രം ഒരേ സമയം സന്തോഷവും സങ്കടവും നൽകുന്നതാണ്.
“ഇന്നലെ രാത്രി ഞാൻ ഉറങ്ങിയില്ല, ഇന്ന് സ്വാതന്ത്ര്യത്തിന്റെ ആകാശം കാണുന്നു”, എന്ന അടിക്കുറിപ്പോടെ നിലുഫർ ഈ ചിത്രം എനിക്ക് അയച്ചു തന്നു.
ഏറെ സന്തോഷം.. അതിലേറെ ആശ്വാസം
ഈ വിഷയത്തിൽ എന്നിലൂടെ നിലൂഫറിന് വേണ്ടി സഹായിച്ച, സഹകരിച്ച എല്ലാവർക്കും ഏറെ നന്ദി.
മുരളി തുമ്മാരുകുടി
Leave a Comment