പൊതു വിഭാഗം

ഒരു കുട്ടി കൂടി കരയുന്പോൾ…

ജീവിതത്തിൽ നമ്മെ സങ്കടപ്പെടുത്തുന്ന പലതും ഉണ്ടെങ്കിലും കൊച്ചു കുട്ടികളോട് മുതിർന്നവർ ചെയ്യുന്ന ക്രൂരതകളാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങൾ തുടങ്ങി തിരിച്ച് ഒന്നും ചെയ്യാൻ കഴിയാത്ത വിധം നിസ്സഹായരായവരോട് ചെയ്യുന്ന അക്രമങ്ങൾ ഏറ്റവും അധമമാണ്. അത് ചെയ്യുന്നത് പലപ്പോഴും ആ കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ളവർ തന്നെയാണെന്നത് ആ കുറ്റകൃത്യത്തിന്റെ ആക്കം കൂട്ടുന്നു.
 
ഇന്നിപ്പോൾ എന്റെ വീടിനടുത്തുള്ള മൂവാറ്റുപുഴയിൽ നിന്നും ഇത്തരത്തിൽ മനസ്സാക്ഷിയെ നടുക്കുന്ന ഒരു കുറ്റകൃത്യത്തെപ്പറ്റി കേൾക്കുന്നു. നാല് വയസ്സുള്ള അനിയൻ രാത്രി കിടക്കയിൽ മൂത്രമൊഴിച്ചതിന് ഏഴു വയസ്സുകാരനെ അമ്മയുടെ കൂട്ടുകാരൻ എടുത്തിട്ട് ചവിട്ടിയെന്നും, ആ കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടുവെന്നും ജീവൻ തന്നെ അപകടത്തിലായേക്കാം എന്നുമാണ് വായിച്ചത്. ആ കുറ്റകൃത്യം ചെയ്ത നരാധമനെ അറസ്റ്റ് ചെയ്തു എന്നും കുട്ടിയുടെ ചികിത്സയും സംരക്ഷണവും സർക്കാർ ഏറ്റെടുത്തുവെന്നും വാർത്തയുണ്ട്. അത് നന്നായി.
 
കുട്ടികളോടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. ചൈൽഡ് ലൈൻ നിലവിലായതോടെ കുട്ടികളോട് ചെയ്യുന്ന ക്രൂരതകളും ലൈംഗിക പീഡനങ്ങളും മിക്കതും ഇപ്പോൾ പുറത്തു വരുന്നുണ്ട്. നല്ല കാര്യം. എന്നാലും മൂവാറ്റുപുഴയിൽ ഉണ്ടായ പോലുള്ള അക്രമങ്ങൾ നമ്മുടെ ചുറ്റിനും ഇപ്പോഴും ഉണ്ടാകുന്നു.
 
കേരളത്തിൽ ഇത് ആദ്യത്തേതല്ല, അവസാനത്തേതും. മൂവാറ്റുപുഴക്കടുത്ത് കട്ടപ്പനയിലാണ് അഞ്ചു വയസ്സുകാരൻ ഷെഫീക്കിനെ അച്ഛനും രണ്ടാനമ്മയും കൂടി ഉപദ്രവിച്ചു ജീവച്ഛവം ആക്കിയത്. അതിന് മുൻപ് അദിതി എന്നൊരു കുട്ടി നിരന്തരമായ പീഡനങ്ങളാൽ കൊല്ലപ്പെട്ടതും കോഴിക്കോട്ട് സ്വന്തം വീട്ടിലാണ്. റോഡിലും സിനിമാ തീയേറ്ററിലും സദാചാരം അന്വേഷിക്കുന്ന മനുഷ്യരുള്ള കേരളത്തിൽ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ സ്വന്തം വീടുകളിൽ പീഡിപ്പിക്കപ്പെടുന്നത് ആരും ചോദ്യം ചെയ്യാത്തത്?
 
ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ ദത്തെടുത്തും അവരുടെ മാതാപിതാക്കളെ ജയിലിലടച്ചും തീർക്കാവുന്നതോ തീർക്കേണ്ടതോ ആയ വിഷയമല്ലിത്. സമൂഹം എന്ന നിലയിൽ കുട്ടികളെ ഉപദ്രവിക്കുന്നതിനോട് നമുക്ക് ‘സീറോ ടോളറൻസ്’ വേണം. കുട്ടികളോട് – അത് സ്വന്തം കുഞ്ഞിനോടോ അടുത്ത വീട്ടിലെ കുഞ്ഞിനോടോ അറിയാത്ത കുഞ്ഞിനോടോ ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടൻ അധികാരികളെ അറിയിക്കാൻ ആളുകൾക്ക് തോന്നണം. അവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം, നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തിൽ നടപ്പാക്കണം. അക്രമത്തിന്റെ ഒരു സാഹചര്യം ഉണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടൻ തന്നെ ആ കുട്ടികളെ സുരക്ഷിതമാക്കി മാറ്റി പാർപ്പിക്കാൻ നമുക്ക് സംവിധാനമുണ്ടാക്കണം. ഇന്നിപ്പോൾ വായിച്ചത് ആക്രമിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ ബി ടെക്ക് ബിരുദധാരി ആണെന്നാണ്. കുട്ടികളുടെ അവകാശങ്ങളെയും അവരെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളെയും കുറിച്ച് വിദ്യാസന്പന്നർക്ക് പോലും അറിവില്ലെങ്കിൽ പിന്നെ എങ്ങനെയാണ്, എവിടെയാണ് നമ്മുടെ കുട്ടികൾ സുരക്ഷിതരാവുന്നത്?
 
എന്നാണ് നമ്മുടെ കുട്ടികളുടെ കരച്ചിലുകൾ സമൂഹം കാണുന്നത്? എന്നാണ് നമ്മുടെ എല്ലാ കുട്ടികൾക്കും സ്വന്തം വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുന്നത്?
ഇതിനെക്കുറിച്ച് പുതിയതായി ഒന്നും പറയാനില്ല. കാരണം അഞ്ചു വർഷം മുൻപ് ഷെഫീക്കിന്റെ വിഷയത്തിൽ എഴുതിയ അതേ സ്ഥിതിയാണ് ഇപ്പോഴും. വായിച്ചു നോക്കൂ. കുട്ടിയുടെ പേരൊന്നു മാറ്റുക, രണ്ടാനമ്മ എന്നത് അമ്മയുടെ കൂട്ടുകാരൻ എന്നാക്കുക, ബാക്കി എല്ലാം ഒരു പോലെ. അന്നൊരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എന്തായിരുന്നു ആ കമ്മിറ്റിയുടെ റിപ്പോർട്ട്? എന്ത് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് അതിന് ശേഷം കുട്ടികളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്?
*******************
2013 ലെ കുറിപ്പ്..
 
ജനീവയിലിരുന്ന് ഞാനിതെഴുതുന്പോള്, കട്ടപ്പനയിലെ ഗവണ്മെന്റ് ആശുപത്രിയില് അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഷെഫീക്ക് എന്ന കുട്ടി ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂല്പ്പാലത്തിലാണ്. കേരളത്തിലെ മുഴുവന് ജനങ്ങളും അവനുവേണ്ടി പ്രാര്ത്ഥിക്കുന്നു, ഡോക്ടര്മാര് ആകുന്നതെല്ലാം ചെയ്യുന്നു, ആളുകള് സഹായവാഗ്ദാനം നല്കുന്നു, ഗവണ്മെന്റ് എല്ലാ ചെലവുകളും വഹിക്കുന്നു.
 
ദുഃഖപ്രകടനം കഴിഞ്ഞാല് ആളുകള്ക്ക് പിന്നെ ദേഷ്യമാണ്. കേവലം അഞ്ചു വയസ്സുള്ള കുട്ടിയെ ദേഹമാസകലം ഉപദ്രവിച്ച് കൈയ്യും കാലും അടിച്ചൊടിച്ച പിതാവിനോടും രണ്ടാനമ്മയോടും തീര്ക്കാനാവാത്ത ദേഷ്യം ഇപ്പോള് മലയാളി സമൂഹത്തിനുണ്ട്. അവര്ക്ക് തക്ക ശിക്ഷ ലഭിക്കണമെന്നു നാം ആഗ്രഹിക്കുന്നു. തക്കത്തിന് കൈയ്യില് കിട്ടിയാല് രണ്ടുകൊടുക്കാന് നാം തയ്യാറുമാണ്. സ്വന്തം ബ്ലോഗിലൂടെ മോഹന്ലാലും ഫേസ്ബുക്കിലൂടെ മറ്റനേകം പേരും അത് പരസ്യമായി പറഞ്ഞു കഴിഞ്ഞു.
 
അതിക്രൂരമായ സംഭവങ്ങളോട് മലയാളികള് പ്രതികരിക്കുന്നത് ദൂരെനിന്ന് നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് ഇവിടെ എന്തു സംഭവിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം. ഷെഫീക്ക് ജീവിതത്തിലേക്ക് തിരിച്ചുവന്നാല്, ഗവണ്മെന്റും സന്നദ്ധസംഘടനകളും ചേർന്ന് അവൻ ഇന്നേവരേ അനുഭവിച്ചിട്ടില്ലാത്ത സ്നേഹവും കരുണയും സുരക്ഷയുമുള്ള ഒരു ജീവിതം അവനു നൽകിയേക്കും. ഒരുപക്ഷേ, ഷെഫീക്കിനെ ഉപദ്രവിച്ചവര്ക്ക് തക്ക ശിക്ഷയും. കഴിഞ്ഞൂ കാര്യം. ഷൊര്ണ്ണൂരിലെ സൗമ്യയുടേയും, കോഴിക്കോട്ടെ അദിതിയുടേയും കാര്യത്തിൽ ഇതുതന്നെയാണ് സംഭവിച്ചത്. വികാരത്തിന്റെ ഒരു തള്ളിക്കയറ്റം. ഒന്നോ അതില് കൂടുതലോ ‘കുറ്റവാളികളെ’ കണ്ടുപിടിക്കാനും ശിക്ഷിക്കാനുമുള്ള ജനക്കൂട്ടത്തിന്റെ ആവേശം. അതുകഴിഞ്ഞാല് തീർന്നു. പിന്നെല്ലാം പതിവുപോലെ. പിന്നെയെവിടെയെങ്കിലും നിന്ന് ഇതുപോലൊരു വര്ത്ത വരുന്നതുവരെ നമുക്കാ വിഷയത്തില് താല്പര്യമില്ല.
 
ഇത് വലിയ കഷ്ടമാണ്. ദുഃഖകരമായ ഒരു സംഭവം ഒരു ദുരന്തമാകുന്നത് നാം അതില്നിന്ന് ഒന്നും പഠിക്കാതെ പോകുന്പോഴാണ്. ലോകത്തിലേറ്റവും കൂടുതല് കുട്ടികളുള്ള നാടാണ് ഇപ്പോള് ഇന്ത്യ. അഞ്ചു വയസ്സിനു താഴെയുള്ള ഇന്ത്യക്കാരുടെ എണ്ണം ഇപ്പോള് പത്തുകോടി എങ്കിലുമുണ്ട്. അവരില് ഒരു ശതമാനമെങ്കിലും പീഡനങ്ങള് അനുഭിക്കുന്നുണ്ടെങ്കില്ത്തന്നെ അത് പത്തുലക്ഷം വരും. (കുട്ടികളില് പത്തു ശതമാനമെങ്കിലും ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമം നേരിടുന്നുണ്ടെന്നാണ് ചില സര്വേ ഫലങ്ങള് സൂചിപ്പിക്കുന്നത്). ഇതെല്ലാം ഓരോന്നായി പത്രത്തില് കൊടുത്തും അച്ഛനമ്മമാർക്കിട്ട് രണ്ടടി കൊടുത്തും പരിഹരിക്കാന് പറ്റുന്നതല്ല. അതല്ല ചെയ്യേണ്ടതും. ക്ഷേമവും സംരക്ഷണവുമുള്ള ഒരു ബാല്യം എല്ലാവര്ക്കും ഉറപ്പുനൽകാനുള്ള സംവിധാനം നടപ്പിലാക്കുകയാണ് വേണ്ടത്.
 
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങള്ക്ക് അന്താരാഷ്ട്ര തലത്തിലോ ഇന്ത്യയിലോ കുറവൊന്നുമില്ല.1890 ലെ ‘ഗാർഡിയന്സ് ആന്റ് വാര്ഡ്സ്’ ആക്ട് മുതല് 2005 ലെ കുട്ടികള്ക്കു വേണ്ടിയുള്ള കമ്മീഷന് നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരന്പര തന്നെ നമുക്കുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും, 1989 ലെ ‘കുട്ടികളുടെ അവകാശത്തെ’പ്പറ്റിയുള്ള കണ്വെന്ഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്ച്ചക്കു വേണ്ട നിര്ദ്ദേശങ്ങളും, കുട്ടികളുടെ ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങള് ഒഴിവാക്കാനുള്ള നടപടികളുമെല്ലാം നിയമങ്ങളിലുണ്ട്. കുട്ടികള്ക്കുവേണ്ടി പ്രത്യേകിച്ച് എന്തു നിയമമുണ്ടാക്കുന്നതിനും ഭരണഘടന പിന്തുണ നല്കുന്നുമുണ്ട്. നിയമപ്രകാരം കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മീഷനുകളും മറ്റും നിലവില് വന്നിട്ടുണ്ട്.
 
എന്നിട്ടും, എന്തുകൊണ്ട് ഷെഫീക്കുമാരും അദിതിമാരും ഉണ്ടാകുന്നു, എന്തുകൊണ്ട് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ സ്വന്തം പിതാവുതന്നെ ബലാല്സംഗം ചെയ്യുന്നത് അമ്മമാര് നോക്കിനിൽക്കുന്നു? എന്നിട്ടുമെന്തേ ഓരോ വര്ഷത്തിലും അന്പതിലേറെ കുട്ടികളെ അവരുടെ അച്ഛനോ അമ്മയോ കൊലപ്പെടുത്തുന്നു? (2011-ല് 66 കുട്ടികളാണ് കേരളത്തില് ആത്മഹത്യ ചെയ്തത്. ഇവരില് ഭൂരിഭാഗവും ആത്മഹത്യ ചെയ്തതല്ലെന്ന് വ്യക്തമാണല്ലോ. അഞ്ചുവയസ്സുള്ള കുട്ടി എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്?).
 
ഇവിടെയാണ് ഒരു സമൂഹം എന്ന നിലയില് കുട്ടികളെ നാം എങ്ങനെ സംരക്ഷിക്കാതിരിക്കുന്നു എന്നാലോചിക്കേണ്ടത്, അഥവാ എങ്ങനെ സംരക്ഷിക്കും എന്നു നാം തീരുമാനിക്കേണ്ടത്. ഇതിന് വലിയൊരു ആത്മപരിശോധന ആവശ്യമാണ്. കാരണം കുട്ടികള് പീഡിപ്പിക്കപ്പെടുന്നത് നാം കാണാഞ്ഞിട്ടല്ല. കേരളത്തിലെ ജനസാന്ദ്രത കൊണ്ട് പല ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു ഗുണം, അടുത്ത വീട്ടില് നടക്കുന്ന മിക്കവാറും കാര്യങ്ങള് നമ്മള് അറിയുന്നു എന്നതാണ്. കാര്യങ്ങളറിഞ്ഞാലും അടുത്ത വീട്ടിലെ കുടുംബകാര്യങ്ങളില് ഇടപെടാനുള്ള മടി, കുട്ടികളെ സംരക്ഷിക്കാനുള്ള ഗവണ്മെന്റ് സംവിധാനങ്ങളെപ്പറ്റിയുള്ള അജ്ഞത, അറിവുണ്ടെങ്കില്ത്തന്നെ പൊതുവെ ഗവണ്മെന്റ് വ്യവസ്ഥിതികളിലുള്ള വിശ്വാസക്കുറവ് ഇതെല്ലാം കുട്ടികളുടെ പീഡനകാര്യത്തില് പ്രശ്നം വഷളാവുന്നതിനു മുന്പേ എന്തെങ്കിലും ചെയ്യുന്നതില്നിന്ന് നമ്മെ പിന്തിരിപ്പിക്കുകയാണ്.
 
പാശ്ചാത്യരാജ്യങ്ങളില് കുട്ടികളോടുള്ള ക്രൂരത, (അത് ശാരീരികമോ മാനസികമോ ലൈംഗികമോ ആകാം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം കൊടുക്കാതിരിക്കുക, ആരോഗ്യകാര്യത്തില് ശ്രദ്ധിക്കാതിരിക്കുക, സ്കൂളില് വിടാതിരിക്കുക) ഇതെല്ലാം സമൂഹം ഏറെ ഗുരുതരമായിട്ടാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യത്തും തന്നെ ‘ചൈല്ഡ് പ്രൊട്ടക്ഷന് സര്വീസ്’ എന്ന ഗവണ്മെന്റ് ഏജന്സിക്ക് വിപുലമായ അവകാശങ്ങളും വിഭവങ്ങളുമുണ്ട്. കുട്ടികള് ക്രൂരതക്കോ ഉപേക്ഷക്കോ ഇരയാവുന്നു എന്ന് സംശയം തോന്നുന്ന കുടുംബങ്ങളില് കടന്നു ചെല്ലാനും, കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാല് കുട്ടിയെ കുടുംബത്തില്നിന്നും മാറ്റി മറ്റുവിധത്തിലുള്ള സംരക്ഷണത്തിലാക്കാനും വരെ അവര്ക്ക് അധികാരമുണ്ട്.
 
ഇവരുടെ സേവനത്തെപ്പറ്റി എല്ലാ കുട്ടികള്ക്കും, അറിവുവെക്കുന്ന ചെറുപ്രായത്തിലേ മനസ്സിലാക്കിക്കൊടുക്കുന്നു. (സത്യം പറഞ്ഞാല് വിദേശത്തു താമസിക്കുന്ന പല മലയാളികുടുംബത്തിനും ഇതൊരു പേടിസ്വപ്നം കൂടിയാണ്. നമ്മുടെ നാട്ടുനടപ്പനുസരിച്ച് കുട്ടിയെ ഒന്നു തല്ലിയാല് അവര് ഈ നന്പറില് ഒന്നു വിളിച്ചു പറഞ്ഞാൽ അച്ഛനുമമ്മയും ജയിലിലാകും. കുട്ടികള് എന്തെങ്കിലും കുരുത്തക്കേട്‌ കാണിച്ചാല് “നാട്ടില് ചെല്ലട്ടെ നിനക്ക് ഞാന് രണ്ടു തരും” എന്ന് മറുനാടൻ മലയാളികളുടെ ഇടയില് ഒരു പ്രയോഗം തന്നെയുണ്ട്). കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവു ലഭിക്കുന്ന ആയമാര്, അദ്ധ്യാപകര്, ഡോക്ടര്മാര് എന്നിവര് അതുടന് തന്നെ ഈ സംവിധാനത്തെ അറിയിക്കുവാന് നിയമപരമായി ബാധ്യസ്ഥരാണ്. പൊതുജനങ്ങളെയാകട്ടെ ഏതെങ്കിലും കുട്ടിയെ ഉപദ്രവിക്കുന്നതായിട്ടോ ഉപേക്ഷ വിചാരിക്കുന്നതായിട്ടോ സംശയമെങ്കിലും തോന്നിയാല് ചൈല്ഡ് പ്രൊട്ടക്ഷന് സര്വ്വീസിനെ വിളിച്ചറിയിക്കാനാണ് പഠിപ്പിക്കുന്നത്. വിളിച്ചറിയിക്കുന്നവരുടെ വിവരങ്ങള് വേണമെങ്കില് രഹസ്യമാക്കി വെക്കുകയും ചെയ്യും.
 
കുട്ടികള് ദൈവത്തിന്റെ വരദാനമാണെന്നും, ഭാവിയുടെ വാഗ്ദാനമാണെന്നുമൊക്കെ ആലങ്കാരികമായി നാം എപ്പോഴും പറയുമെങ്കിലും, കുട്ടികളെ ശാരീരികമായും ലൈംഗികമായും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാര്ത്തകളാണ് നാം ഓരോ ദിവസവും കേള്ക്കുന്നത്. മാനസിക പീഡനവും ഉപേക്ഷയുമൊക്കെ തെറ്റാണെന്നു നാം മനസ്സിലാക്കാന് തുടങ്ങുന്നേയുള്ളൂ. എന്നാൽ ഇതെല്ലാം സംഭവിക്കുന്നത് ഭാവിയുടെ വാഗ്ദാനങ്ങളെ സംരക്ഷിക്കുന്നതില് സമൂഹം എന്ന നിലക്ക് നാം പരാജയപ്പെടുന്നതു കൊണ്ടാണ്. ഷെഫീക്കിന്റേയും അദിതിയുടേയും മാതാപിതാക്കളാണ് കുറ്റക്കാരെങ്കിലും തെറ്റ് നമ്മുടേതും കൂടിയാണ്.
 
ഇനി ഒരു കുട്ടിക്കും ഷെഫീക്കിന്റേയും അദിതിയുടേയും ഗതിയുണ്ടാകാതിരിക്കാന് നമുക്കീ അവസരം ഉപയോഗിക്കണം. ആയിരക്കണക്കിന് കുടുംബങ്ങളില് ആയിരക്കണക്കിന് അദിതിമാരും ഷെഫീക്കുമാരുമാണ് പീഡനങ്ങള് അനുഭവിച്ച് ആരോടും പറയാനാവാതെ കരഞ്ഞുറങ്ങുന്നത്. അവരെ നമുക്ക് രക്ഷിക്കേണ്ടേ? കുട്ടികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ഗവണ്മെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. നല്ല കാര്യമാണ്. എന്നാല് ഭരണഘടന തൊട്ട് സംസ്ഥാനനിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും, എന്തുകൊണ്ട് അദിതിമാരും ഷെഫീക്കുമാരും ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഒരു സമഗ്രമായ വിശകലനത്തില് നിന്ന് വേണം പുതിയ സംവിധാനങ്ങള് ഉണ്ടാക്കിത്തുടങ്ങാന്.
 
പെണ്കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങള്ക്ക് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരില് തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല എന്ന കുട്ടിയുടെ പേരിൽ ഐക്യരാഷ്ട്രസഭ ‘മലാല ഡേ’ പ്രഖ്യാപിച്ചു. ലോകത്ത് എവിടെയുമുള്ള ആണും പെണ്ണുമായ കുട്ടികളുടെ വിദ്യാഭാസത്തിന്റെ അവകാശ ദിനമായി മലാലയുടെ പിറന്നാള് ആയ ജൂലൈ പന്ത്രണ്ട് കൊണ്ടാടുകയാണ്.
 
അതുപോലെ കുട്ടികളോടുള്ള അനീതിയിലേക്ക് ശ്രദ്ധ തിരിക്കാന് കേരളത്തിന് അദിതിയുടെ പിറന്നാള് ദിവസമോ ചരമദിനമോ ‘അദിതി ദിവസം’ ആയി പ്രഖ്യാപിച്ചു കൂടേ? അന്ന് കേരളത്തിലെ എല്ലാ സ്കൂളുകളിലും മീഡിയയിലും ഈ വിഷയത്തെപ്പറ്റി ചര്ച്ചയും സംവാദങ്ങളും പ്രഭാഷണങ്ങളും നടത്താമല്ലോ. ഇനിയൊരു അദിതി കൂടി ഉണ്ടാവാന് നാം അനുവദിക്കില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യാം.
 
മുരളി തുമ്മാരുകുടി.
 

Leave a Comment