യാത്ര ചെയ്ത ചിലയിടങ്ങളിലെ വിശേഷങ്ങൾ എഴുതാം എന്ന് പറഞ്ഞിരുന്നുവല്ലോ. ഒന്നാമത്തെ കഥയാണ്. ഇതൊരു യാത്രാവിവരണം ഒന്നുമല്ല. ഒരു ചിത്രം, അതിന് പിന്നിലെ കഥ, ഒരു മിനിറ്റ് വായന, അത്രയേ ഉള്ളൂ.
ആരോഗ്യമാണല്ലോ ഇപ്പോൾ എല്ലാവരുടേയും മനസ്സിൽ. അതുകൊണ്ട് ആദ്യം ഒരു ആശുപത്രി കഥയിൽ നിന്നും തുടങ്ങാം.
ഇനി എന്നാണ് ഈ വൈറസ് കാലം മാറി സാധാരണജീവിതത്തിലേക്ക് നാമെല്ലാം തിരിച്ചുപോകുന്നതെന്ന് ആർക്കുമറിയില്ല. പക്ഷെ ഒരു കാര്യം ഇപ്പഴേ ഉറപ്പിക്കാം ലോകത്തെവിടേയും ആരോഗ്യരംഗത്ത് സർക്കാരുകൾ കൂടുതൽ പണം മുടക്കും. അത് ആശുപത്രിക്കായാലും ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതായാലും ആരോഗ്യരംഗത്തെ ഗവേഷണത്തിനായാലും.
“കേരളത്തിൽ ഇപ്പോൾ തന്നെ ആവശ്യത്തിൽ കൂടുതൽ ആശുപത്രികളുണ്ട്”, “എന്തിനാണ് ഇത്രമാത്രം നേഴ്‌സുമാരെ പരിശീലിപ്പിക്കുന്നത്” എന്നൊക്കെ പറഞ്ഞിരുന്ന നമ്മൾ ആശുപത്രികളുടെ എണ്ണവും ആരോഗ്യ സർവ്വകലാശാലകളും എത്ര വന്നാലും ഇനി പരാതി പറയാതിരിക്കും. അതൊരു നല്ല കാര്യമാണ്.
പക്ഷെ കാലങ്ങൾക്ക് മുൻപ് പണിത ഒരു ആശുപത്രിയെ കുറിച്ചാണ് ഇന്നത്തെ കഥ. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിംഗോയിലാണ് അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ ആശുപത്രിയുടെ അവശിഷ്ടങ്ങൾ ഞാൻ കണ്ടത്. ഇന്ന് അതൊരു UNESCO World Heritage സൈറ്റിന്റെ ഭാഗമാണ്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമാണ് സ്‌പെയിൻ അന്ന് ഹിസ്പാനിയോള എന്ന് പേരുള്ള ദ്വീപിൽ വന്ന് കോളനി സ്ഥാപിക്കുന്നത്. ഇന്ന് ലോക പ്രശസ്തനായ ക്രിസ്റ്റഫർ കൊളംബസിന്റെ ഇളയ സഹോദരനായ ബെർത്തലമി ആയിരുന്നു സാന്റോ ഡോമിംഗോ നഗരം നിർമ്മാണം തുടങ്ങിവെച്ചത്. 1496 ൽ വെറും ഏഴു വർഷത്തിനകം ഒരു ആശുപത്രി അവിടെ പണി കഴിപ്പിച്ചു. തെക്കും വടക്കുമുള്ള അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഒന്നാമത്തെ ആശുപത്രിയായിരുന്നു അത്. അതായത്, ഇന്ന് വൻശക്തിയായ, അമേരിക്കൻ ഐക്യനാടുകളിൽ ആശുപത്രിയുണ്ടാകുന്നതിന് മുൻപേ ഈ ചെറുദ്വീപിൽ ഒരു ആധുനിക ആശുപത്രിയുണ്ടായി, Hospital San Nicolas de Bari.
ആദ്യത്തെ ആശുപത്രിയായിരുന്നുവെങ്കിലും സംഗതി കളറായിരുന്നു. റോമിലെ അക്കാലത്തെ പ്രശസ്തമായ ആശുപ്രത്രിയുടെ മാതൃകയിൽ അന്നത്തെ ആധുനികമായ ആർക്കിടെക്ചർ ശൈലിയിൽ അന്ന് പല യൂറോപ്യൻ നഗരങ്ങളിൽ പോലുമില്ലാതിരുന്ന വലുപ്പത്തിലാണ് ആശുപത്രി ഉയർന്നത്. എഴുപത് കിടക്കകളും രോഗികൾക്ക് പുറത്തിറങ്ങിയിരിക്കാൻ നടുമുറ്റവുമായി ഇന്ന് പോലും നമ്മെ അതിശയിപ്പിക്കുന്ന ഇരുനിലക്കെട്ടിടം. അപ്പോൾ അക്കാലത്ത് അതെന്തായിരുന്നിരിക്കണം?. സാധാരണ ഗതിയിൽ രാജാക്കന്മാർ പണം ചിലവാക്കുന്നത് കൊട്ടാരവും കുതിരലായവും ആരാധനാലയങ്ങളും പണികഴിപ്പിക്കുവാനല്ലേ. അവിടെയാണ് അഞ്ഞൂറ് കൊല്ലം മുൻപ് ന്യായമായ വിഹിതം ആരോഗ്യ സംവിധാനത്തിനും ചിലവാക്കാം എന്ന് തീരുമാനിച്ച അന്നത്തെ ഗവർണ്ണർ നിക്കോളാസ് ഓവൻഡോ കാലത്തിന് മുൻപേ നടന്ന ആളാകുന്നത്. പിൽക്കാലത്തെ നേതാക്കളൊക്കെ കൊട്ടാരവും ആരാധനാലയങ്ങളും ഉണ്ടാക്കാതെ ഇദ്ദേഹത്തെ കണ്ടു പഠിച്ചിരുന്നുവെങ്കിൽ ലോകം അല്പം വ്യത്യസ്തമായേനെ.
സാന്റോ ഡോമിംഗോയിൽ പോയതിന് ശേഷം ഞാൻ ലോക രാജ്യങ്ങൾ സന്ദർശിക്കുന്പോൾ അവിടുത്തെ ടൂറിസ്റ്റ് ആകർഷണമായി പഴയ ആശുപത്രികൾ വല്ലതും ഉണ്ടോ എന്ന് ശ്രദ്ധിക്കാറുണ്ട്. പൊതുവെ കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമാണ് പഴമയുടെ ബാക്കിയായി നിൽക്കുന്നത്. പഴയകാല ആശുപത്രികൾ അപൂർവ്വമായേ കാണാറുള്ളൂ. അന്നും ഇന്നും ആരോഗ്യരംഗം പൊതുവിൽ വേണ്ടത്ര ശ്രദ്ധ കിട്ടാത്ത ഒന്നാണ്.
കൊറോണക്കാലം കഴിയുന്നതോടെ അത് മാറും, ഉറപ്പ്.
കഥ കഴിഞ്ഞു
#യാത്രചെയ്തിരുന്നകാലം 1
മുരളി തുമ്മാരുകുടി
Leave a Comment