ജനീവയിൽ ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്ത് ചെറിയൊരു കൃഷിസ്ഥലം ഉണ്ട്. നാട്ടിൽ നിന്നും വരുന്നവരെയെല്ലാം ഞാൻ അത് കൊണ്ടുപോയി കാണിക്കാറുണ്ട്.
മൊത്തം മൂന്നേക്കറോളം വരും ഇത്. ആ സ്ഥലം ഇരുന്നൂറു പേർക്കായി വീതിച്ചിട്ടിരിക്കയാണ്. ഓരോരുത്തർക്കും ഒന്നര സെന്റ്. ഓരോ പ്ലോട്ടിലും ചെറിയ ‘കുട്ടിപ്പുര’ പോലെ ഒരു ഷെഡ് ഉണ്ട്, അതിൽ കൃഷി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നു. സീസൺ അനുസരിച്ച് തക്കാളിയോ ഉരുളക്കിഴങ്ങോ പുഷ്പ്പങ്ങളോ അവിടെ കാണും. ആഴ്ചാവസാനം അവിടെ ചെന്നാൽ, പ്രത്യേകിച്ചും സ്പ്രിങ്ങ് കഴിഞ്ഞാൽ അച്ഛനമ്മമാരും കൊച്ചു കുട്ടികളും കൂടി ഓരോ സ്ഥലത്തും എന്തെങ്കിലും കൃഷി ചെയ്യുന്നതായി കാണും.
ആദ്യമെനിക്ക് എന്താണിതെന്ന് മനസ്സിലായില്ല. കൃഷി വ്യാവസായികാടിസ്ഥാനത്തിൽ ശാസ്ത്രീയമായി നടത്തുന്ന രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. അവിടെ എന്തിനാണ് ആളുകൾ ഈ ഒന്നര സെന്റ് കൃഷി ചെയ്യുന്നത്?
അങ്ങനെയാണ് ഞാൻ Allotment Garden എന്ന വാക്ക് കേൾക്കുന്നത്. യുദ്ധകാലങ്ങളിൽ മറ്റെല്ലാ രാജ്യങ്ങളെയും പോലെ സ്വിറ്റ്സർലണ്ടിലും ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടായി, ആളുകൾക്ക് റേഷൻ ഏർപ്പെടുത്തേണ്ടി വന്നു. ഈ സാഹചര്യത്തിൽ നഗരങ്ങളിൽ വെറുതെ കിടന്നിരുന്ന സ്ഥലങ്ങൾ ചെറിയ പ്ലോട്ടുകളായി തിരിച്ച് ഓരോ ഫാമിലിക്കും ഒന്നര സെന്റ് വീതം നൽകി. ഓരോരുത്തർക്കും കിട്ടുന്ന റേഷന് പുറമെ അവർക്ക് അത്യാവശ്യമുള്ള കൃഷി ചെയ്യാനോ കോഴിയെയോ പന്നിയെയോ വളർത്താനോ അവർക്ക് അവകാശവും നൽകി.
യുദ്ധം കഴിഞ്ഞിട്ടും സ്വിറ്റ്സർലാന്റുകാർ ഈ ഐഡിയ കൈവിട്ടില്ല. ഇന്നും അവർ അവരുടെ ഒന്നര സെന്റ് തലമുറകളായി കൈമാറ്റം ചെയ്യുന്നു. കൃഷി ചെയ്തു കിട്ടുന്ന വിളവിന്റെ ആവശ്യത്തിനല്ല, കൃഷിയെപ്പറ്റി പുതിയ തലമുറയെ പഠിപ്പിക്കാനാണ് ഇപ്പോൾ സ്വിസ്സുകാർ ഈ ചെറിയ പ്ലോട്ടുകൾ ഉപയോഗിക്കുന്നത്. ഒരാൾ അയാളുടെ പ്ലോട്ട് വേണ്ട എന്ന് വച്ചാൽ അത് പുതിയ ആൾക്ക് കൊടുക്കും. പുതിയ അലോട്ട്മെന്റുകൾ ഉണ്ടാകാത്തതുകൊണ്ട് അപേക്ഷ നൽകി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.
കേരളത്തിൽ ആളുകൾ ഊഹക്കച്ചവടത്തിനായി വെറുതെ വാങ്ങിയിട്ട് കാടുപിടിച്ചു കിടക്കുന്ന ധാരാളം പ്ലോട്ടുകൾ ഉണ്ട്. അവിടെയെല്ലാം ഇപ്പോൾ അയൽക്കാർ മാലിന്യം നിക്ഷേപിക്കുകയും എലിയുടെയും പാന്പിന്റെയും പട്ടികളുടെയും വിഹാരരംഗവുമാണ്. ഗ്രാമങ്ങളിൽ ആണെങ്കിൽ കൃഷിയില്ലാതെ കിടക്കുന്ന ഭൂമിക്ക് ഒരു പഞ്ഞവുമില്ല. ഈ സ്ഥലത്തെല്ലാം ഇത്തരത്തിൽ ഒന്നര സെന്റ് കൃഷി നടത്തുന്ന ഒരു ബിസിനസ്സ് മോഡൽ ഉണ്ടാക്കണം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. (ഉദാഹരണത്തിന് വെങ്ങോലയിലെ ഒന്നര ഏക്കർ സ്ഥലം നൂറു പ്ലോട്ടാക്കി വാർഷിക വാടകക്ക് കൊടുക്കുക. എന്നിട്ട് കാക്കനാട്ടിലെ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവർ ആഴ്ചയിലൊരിക്കൽ കുട്ടികളുമായി വന്ന് അവിടെ എന്തെങ്കിലും സീസണൽ കൃഷി ചെയ്തു പോകട്ടെ. അല്പംവ്യായാമവും അല്പം വിദ്യാഭ്യാസവുമാകുമല്ലോ, ബാംഗ്ലൂരിൽ ഇപ്പോഴേ ഈ പരിപാടി ഉണ്ട്). റിട്ടയർമെന്റ് പ്ലാൻ ആയിരുന്നു.
കൊറോണയുടെ സാഹചര്യത്തിൽ വീടിനടുത്തുള്ള പ്ലോട്ടുകളിൽ എന്തെങ്കിലും പച്ചക്കറികൾ നട്ടുവളർത്താൻ മുഖ്യമന്ത്രി പറഞ്ഞത് നമുക്ക് കാര്യമായിട്ടെടുക്കാം. ഇപ്പോഴത്തെ ലോക്ക് ഔട്ട് എല്ലാം മാറി സാധാരണജീവിതം എന്ന് വരുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റില്ല. അതുകൊണ്ട് അല്പം ദീർഘവീക്ഷണത്തോടെയുള്ള പ്ലാനിംഗ് നല്ലതാണ്. തൽക്കാലം സ്വന്തം സ്ഥലത്തേ ഇത് ചെയ്യാൻ പറ്റൂ. നഗരത്തിൽ ഉളളവർക്ക് റൂഫിലും ബാൽക്കണിയിലും ആകാം. കൊറോണക്കാലം കഴിഞ്ഞാൽ അലോട്ട്മെന്റ് പരിപാടി നഗരാതിർത്തിയിലേക്കും കൊണ്ടുപോകാമല്ലോ.
#weshallovercome
(സ്വിറ്റ്സർലണ്ടിൽ മാത്രമല്ല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഈ രീതിയുണ്ട്. ജപ്പാനിൽ ടോക്കിയോ നഗരത്തിൽ പോലും രണ്ടു ഫ്ളാറ്റുകൾക്കിടയിൽ അര സെന്റ് സ്ഥലമുണ്ടെങ്കിൽ അവിടെ നെൽകൃഷി കാണാം. ഇതൊന്നും സാധാരണ കാലത്ത് ഒട്ടും ആദായകരമല്ല. അല്പം ആഡംബരക്കൃഷി ആണുതാനും. എന്നാൽ അത് നൽകുന്ന സന്തോഷവും കൂടി പ്രതിഫലമായി എടുക്കണം).
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Leave a Comment