പൊതു വിഭാഗം

ഒത്തൊരുമിക്കുന്ന സമൂഹം!

ഐക്യരാഷ്ട്ര സഭയിൽ പ്രപ്പോസലുകളും റിപ്പോർട്ടുകളും എഴുതുന്പോൾ സ്ഥിരം എഴുതുന്ന വാക്കുകളാണ് ‘whole of government’ approach അല്ലെങ്കിൽ ‘whole of society’ approach.
 
സർക്കാരാണെങ്കിലും സമൂഹമാണെങ്കിലും അതിൽ പല വകുപ്പുകളും വിഭാഗങ്ങളും ഉണ്ട്. അവയെല്ലാം ഒത്തൊരുമിച്ച് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന അർത്ഥത്തിലാണ് ഈ പ്രയോഗങ്ങൾ. പ്രത്യക്ഷത്തിൽ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെങ്കിലും പ്രയോഗത്തിൽ വരുന്പോൾ ഒരു രാജ്യത്തും ഒരു സർക്കാരും whole of government ആയി ചിന്തിക്കാറില്ല. ഓരോ വകുപ്പിനും അവരവരുടേതായ താല്പര്യങ്ങൾ കാണും. വകുപ്പ് മേധാവികൾക്കും വ്യക്തി താല്പര്യങ്ങൾ കാണും. അപ്പോൾ whole of government എന്നത് ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ ആയി റിപ്പോർട്ടുകളിൽ അവശേഷിക്കാറാണ് പതിവ്.
 
ഒരു വ്യക്തി നയിക്കുന്ന സർക്കാരിന്റെ വിവിധ വകുപ്പുകൾ തമ്മിൽ പോലും പൂർണ്ണമായി യോജിച്ച പ്രവർത്തനം സാധ്യമല്ലാത്ത സാഹചര്യത്തിൽ, അങ്ങനെ പ്രത്യേക നേതൃത്വമൊന്നുമില്ലാത്ത – ആർക്കും ആരോടും നിയമപരമായി വിധേയത്വമില്ലാത്ത ഒരു സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുമെന്നോ പെരുമാറുമെന്നോ ആഗ്രഹിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. എന്നിട്ടും വർഷാവർഷം ഇത്തരം റിപ്പോർട്ടുകൾ എഴുതി പോന്നിരുന്നു.
എന്നാൽ ഇന്നിപ്പോൾ കേരളത്തിലെ സമൂഹം പെരുമാറുന്നതു കാണുന്പോൾ whole of society approach എന്താണെന്ന് നേരിട്ട് കാണാൻ സാധിക്കുന്നുണ്ട്. ദുരന്തകാലത്തെങ്കിലും ഇത്തരം ഒത്തൊരുമ സാധ്യമാകുമെന്ന് ഇനി എനിക്ക് വിശ്വസിക്കാം, മറ്റുള്ളവരോട് ചൂണ്ടിക്കാട്ടാം.
 
ഏറ്റവും നല്ല ഉദാഹരണം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യമാണ്. കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളെല്ലാം കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി സർക്കാരിന് വിട്ടു നല്കാൻ തയ്യാറാണെന്ന് സഭാധ്യക്ഷൻ അദ്ദേഹത്തെ വിളിച്ചറിയിച്ചു. മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്യുകയും നന്ദിപറയുകയും ചെയ്തു. സഭയും, സർക്കാരും, സർക്കാരിനെ നയിക്കുന്ന പാർട്ടിയും, മുഖ്യമന്ത്രിയായിരിക്കുന്ന ആളും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ രീതി നോക്കിയാൽ അറിയാം എത്ര വലിയൊരു മാറ്റമാണിതെന്ന്.
 
ഇതൊരുദാഹരണം മാത്രമാണ്. സർക്കാരിനോട് ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന എല്ലാവരും ഇപ്പോൾ സർക്കാർ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണക്കുകയാണ്. ബിവറേജസ് അടച്ചില്ല എന്ന വിഷയത്തിൽ മൊത്തമായി കടിച്ചു തൂങ്ങിയിരുന്ന മാധ്യമങ്ങളും ഇപ്പോൾ സർക്കാരിന്റെ കൂടെയുണ്ട്. കാറ്ററിങ് കന്പനികൾ, മൊത്തവ്യാപാരികൾ, സ്വകാര്യ സ്‌കൂളുകൾ, സമുദായാധ്യക്ഷർ തുടങ്ങി നമ്മുടെ സമൂഹം ഒന്നാകെ ഇപ്പോൾ ഒറ്റ ലക്ഷ്യത്തിലാണ്.
കുറച്ചു ദിവസം മുൻപ് വരെ രാഷ്ട്രീയമായ വ്യത്യസ്ത ശബ്ദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അതും നേർത്തുവരികയാണ്. അടുത്ത പത്തു ദിവസങ്ങളിൽ കൊറോണ സുനാമി നമ്മുടെ രാജ്യത്തിനടുത്തെത്തുന്പോഴേക്ക് രാഷ്ട്രീയമായ വ്യത്യാസങ്ങൾ പോലും മാറ്റിവെച്ച് നമ്മുടെ സമൂഹം ഒരുമിച്ചായിരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള ആ ആഴ്ചകളെ നേരിടാൻ പോകുന്നത്.
 
ഇതെന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. നമ്മെ വേർതിരിക്കുന്ന രാഷ്ട്രീയം, ജാതി, മതം, പണം, നാടൻ, മറുനാടൻ, തുടങ്ങി പലതിന്റെയും പേരിൽ എത്ര രൂക്ഷമായാണ് നമ്മൾ പരസ്പരം പോരാടാറുള്ളതെന്ന് അറിയണമെങ്കിൽ നമ്മുടെ ടൈംലൈൻ എടുത്തു നോക്കിയാൽ മതി.
യഥാർത്ഥത്തിൽ നമ്മളെ ചേർത്ത് നിർത്തുന്ന കാര്യങ്ങളാണ് നമ്മളെ വേർതിരിക്കുന്നതിലും കൂടുതൽ എന്നുള്ള തിരിച്ചറിവാണ് ഈ കൊറോണക്കാലം നമുക്ക് നൽകുന്നത്. ഓർമ്മകൾ ഉണ്ടായിരുന്നാൽ മതി.
 
ഇത് പ്രധാനമായ കാര്യമാണ്. കാരണം പല തലമുറക്കുള്ളിൽ ഒരിക്കൽ മാത്രം സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയാണിത്. ഈ സമയത്താണ് നമ്മൾ നമ്മുടെ യഥാർത്ഥമായ സംസ്കാരം പുറത്തെടുക്കുന്നത്, യഥാർത്ഥ മിത്രങ്ങളെ തിരിച്ചറിയുന്നതും. വ്യക്തികളുടെ രക്ഷപെടലല്ല, സമൂഹമെന്ന രീതിയിൽ നമ്മുടെ തുടർച്ചയും വളർച്ചയുമാണ് ഈ സമയത്ത് നാം ലക്ഷ്യമാക്കേണ്ടത്.
 
ഈ കൊറോണക്കാലം കഴിഞ്ഞും കേരളം ഉണ്ടാകും. അന്ന് പിറകോട്ട് നോക്കുന്പോൾ ഒരു സമൂഹമെന്ന രീതിയിൽ നമുക്ക് അഭിമാനം തോന്നണം. ദുരന്തത്തിന്റെ ഉച്ഛസ്ഥായിയിലും, നിരാശയുടെ പടുകുഴിയിലും ആയിരുന്ന സമയത്തും നമ്മൾ ഒറ്റക്കെട്ടായിരുന്നു, പരസ്പരം ചേർത്ത് പിടിച്ചിരുന്നു, ഒരുമിച്ചു പോരാടിയിരുന്നു എന്ന് നമ്മുടെ കൊച്ചുമക്കളോട് നമുക്ക് പറയാൻ പറ്റണം. ഇന്നിപ്പോൾ നാം ആർജ്ജിച്ചു വരുന്ന ഒരുമ അടുത്ത മൂന്നുമാസം നിലനിർത്തിയാൽ നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു ഘട്ടമായിരിക്കും അത്. അതിനുള്ള സാമൂഹ്യമൂലധനം ഉള്ള സമൂഹമാണ് കേരളത്തിന്റേത്. അത് ഓരോ മലയാളിയെയും അഭിമാനിപ്പിക്കുന്നതുമാണ്. ഇനി വരുന്നത് അത് പരീക്ഷിക്കപ്പെടുന്ന നാളുകളാണ്. ഒരു സമൂഹമെന്ന രീതിയിൽ നമുക്കതിനെ ഒറ്റക്കെട്ടായി നേരിടാം.
 
സുരക്ഷിതരായിരിക്കുക
 
#weshallovercome
 
മുരളി തുമ്മാരുകുടി

Leave a Comment