പൊതു വിഭാഗം

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…

കേരളത്തിൽ വലിയ കാറ്റൊക്കെ കഴിഞ്ഞു കാണുമെന്ന് കരുതുന്നു. പ്രതീക്ഷിച്ചതുപോലെ കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി. ശാസ്ത്ര സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാതിരുന്നത്?, മുന്നറിയിപ്പുകൾ ജനങ്ങളെ അറിയിക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ പിഴവ് വരുത്തിയോ?, മാധ്യമങ്ങൾ വേണ്ടത്ര സംയമനത്തോടെയാണോ കാര്യങ്ങൾ കൈകാര്യം ചെയ്തത്? അതോ ആളുകളുടെ ആശങ്ക കൂട്ടിയോ?

പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ചോദിക്കേണ്ടതുമാണ്. പക്ഷെ ഇന്നത്തെ പ്രധാന ശ്രദ്ധ മറ്റു മൂന്നു കാര്യങ്ങളിലായിരിക്കണം.

1. ലക്ഷദ്വീപിൽ കാര്യങ്ങൾ എങ്ങനെ പോകുന്നു?: കടലിന്റെ നടുക്ക് ഒട്ടും ഉയരമില്ലാത്ത സ്ഥലമാണല്ലോ ലക്ഷദ്വീപ്. കാറ്റിന്റെ ഫലമായി ഉണ്ടാകുന്ന കടലിന്റെ തള്ളിക്കയറ്റം (Storm Surge) ദ്വീപുകളിൽ വലിയ പ്രശ്നമുണ്ടാക്കും. വീടുകളുടെ ഉറപ്പ്, ചുറ്റും നിൽക്കുന്ന മരങ്ങളുടെ ബലം എന്നിവ കാരണം മറ്റപകടങ്ങളും ഉണ്ടാകാം. ഞാൻ ലക്ഷദ്വീപിൽ പോയിട്ടില്ലാത്തതിനാൽ ആധികാരികമായി ഒന്നും പറയുന്നില്ല. പക്ഷെ ഏറ്റവും ശ്രദ്ധ വേണ്ടത് അവിടെയാണ്. നമ്മുടെ മാധ്യമങ്ങൾ അവിടെയും ഒന്ന് പോയിരുന്നെങ്കിൽ.

2. കടലിലുള്ള ആളുകളുടെ രക്ഷയും സുരക്ഷയും: ഓരോ ദിവസവും കേരള തീരത്തു നിന്നും എത്ര ആളുകൾ കടലിൽ പോകുന്നു എന്നതിന് തൽക്കാലം കൃത്യമായ കണക്കുകളില്ലാത്തതിനാൽ ആളുകൾ ഇരുന്നൂറാണോ രണ്ടായിരമാണോ കടലിലുള്ളത് എന്നതിന് കണക്കില്ല. ഇവരുടെ എണ്ണവും ഇപ്പോഴത്തെ സ്ഥിതിയും കണ്ടുപിടിക്കുക, അവർക്ക് നിർദേശങ്ങളും സഹായവും നൽകുക എന്നതാണ് പ്രധാന വെല്ലുവിളി.

3. കരയിൽ കാര്യങ്ങൾ സാധാരണഗതിയിലാക്കുക: മരം വീണും വൈദ്യുതി ബന്ധം തകരാറിലായും ധാരാളം കുഴപ്പങ്ങൾ പലയിടത്തുമുണ്ട്. ട്രെയിൻ ഉൾപ്പടെ ഗതാഗതം ഇന്നലെ തടസ്സപ്പെട്ടിരുന്നു. ഇതൊക്കെ ശരിയാക്കി എടുക്കണം. ആളുകൾക്ക് ഏതെങ്കിലും അടിയന്തിര സഹായമോ വീട് നഷ്ടപ്പെട്ടവർക്ക് താമസ സൗകര്യമോ നഷ്ടപരിഹാരമോ എല്ലാം നൽകണം.

ഇതിനൊക്കെ കുറച്ചു സമയമെടുക്കും. അവിടെയാണ് എല്ലാവരുടെയും ശ്രദ്ധ വേണ്ടത്. ഇതിനിടക്ക് പരസ്പരം പഴിചാരുകയും ന്യായീകരിക്കുകയും ചെയ്തതുകൊണ്ട് ആർക്കും ഒരു ഗുണവുമുണ്ടാകില്ല.

എന്നുവെച്ച് പാഠങ്ങൾ പഠിക്കാനില്ല എന്നല്ല. ഇതാദ്യമായിട്ടല്ല കുട്ടികൾ സ്‌കൂളിൽ പോയതിന് ശേഷം പെട്ടെന്ന് കാറ്റും മഴയും വന്നു കാര്യങ്ങൾ കുഴഞ്ഞു മറിയുന്നത്. കഴിഞ്ഞ വർഷമാണെന്ന് തോന്നുന്നു ഇത് തന്നെ ചെന്നൈയിലും സംഭവിച്ചു. ഉപഗ്രഹങ്ങളും സൂപ്പർ കമ്പ്യൂട്ടറുമുള്ള രാജ്യത്ത് എന്തുകൊണ്ടാണ് ഹൃസ്വകാല കാലാവസ്ഥ മാറ്റം പോലും കൃത്യമായി പ്രവചിക്കാൻ പറ്റാത്തതെന്ന് ആളുകൾക്ക് തോന്നുന്നത് സ്വാഭാവികമാണ്. ഇതിന് ശാസ്ത്രീയമായ ന്യായീകരണം ഉണ്ടാകാം.

എനിക്ക് അറിയാവുന്നിടത്തോളം വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ദുരന്ത നിവാരണ അതോറിറ്റിയാണ് നമുക്ക് ഉള്ളത്. ഇന്നലെ തന്നെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുന്നറിയിപ്പ് കിട്ടി മണിക്കൂറുകൾക്കകം അവർ പല നടപടികൾ എടുത്തു. മുഖ്യമന്ത്രി തന്നെ നേരിട്ട് കാര്യത്തിൽ ഇടപെടുകയും ചെയ്തു. ദുരന്തത്തിന്റെ തീവ്രത കുറക്കാൻ അത് സഹായിക്കുകയും ചെയ്തു. പക്ഷെ ഇപ്പോഴത്തെ അവരുടെ സെറ്റ് അപ്പ് അനുസരിച്ച് ഏത് സമയത്താണ് ദുരന്ത സമയത്തെടുക്കേണ്ട അടിയന്തിര നടപടികൾ തുടങ്ങേണ്ടത് എന്നതിന് അവർക്ക് ചില മാനദണ്ഡങ്ങൾ ഉണ്ടാകും. അത് മിക്കവാറും ദുരന്ത സാധ്യതയെപ്പറ്റി ഒരുവിധം കൃത്യമായ വിവരം കിട്ടുന്നതിന് ശേഷമായിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം ലഭിക്കുമ്പോൾ ആണ് മറ്റു വകുപ്പുകൾ അവരുടെ ദുരന്തനിവാരണ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങുന്നത്. അപ്പോൾ ഏതു സമയത്താണ് ഈ ദുരന്ത സാഹചര്യം പ്രഖ്യാപിക്കപ്പെടുക എന്നത് പ്രധാനമാണ്.

ഇത് ലോകത്ത് നമ്മൾ മാത്രം നേരിടുന്ന പ്രശ്നമല്ല. പല സ്ഥലത്തും ‘പൂർണ്ണമായ’ അല്ലെങ്കിൽ ‘കൂടുതൽ കൃത്യമായ’ വിവരം കിട്ടാനായി ഔദ്യോഗിക സംവിധാനം നോക്കിയിരിക്കും. ഒന്നുകിൽ ഉറപ്പായ പ്രവചനങ്ങൾ കിട്ടുക അല്ലെങ്കിൽ ദുരന്തം ഉണ്ടാവുക. അതിനു ശേഷമാണ് രക്ഷാസംവിധാനങ്ങൾ നിയോഗിക്കപ്പെടാറ്. ഇതുപോലെ ചില സംഭവങ്ങൾക്ക് ശേഷം ഒരു ദുരന്ത സാധ്യത കണ്ടാൽ ‘ആദ്യം നടപടികൾ എടുക്കുക, അതിനു ശേഷം കാര്യങ്ങൾ കുഴപ്പമല്ലെങ്കിൽ പിൻവാങ്ങുക’ എന്ന തത്വമാണ് ഇപ്പോൾ ആഗോളമായി സ്വീകരിക്കപ്പെടുന്നത്. ഇവിടെയാണ് നമുക്ക് പഠിക്കാനുള്ളത്. നമ്മുടെ Standard Operating Procedure ഇത്തരത്തിൽ കൂടുതൽ സെൻസിറ്റിവ് ആക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിന് കൂടുതൽ പണം ചിലവാകും, കുറച്ചൊക്കെ ‘ഫാൾസ് അലാം’ വരും. എന്നാലും അതാണ് കൂടുതൽ സമൂഹത്തിന് സുരക്ഷ നൽകുന്നത് എന്നാണ് ഇപ്പോഴത്തെ ചിന്ത.

സർക്കാരിനോടും മാധ്യമങ്ങളോടും എന്റെ നിർദ്ദേശം ഇതാണ്. ഇപ്പോൾ രക്ഷാ പ്രവർത്തനത്തിലും ദുരന്ത നിവാരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അതിന് ശേഷം ഈ സംഭവത്തിന്റെ ചൂടൊക്കെ ഒന്നാറിക്കഴിയുമ്പോൾ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ കേന്ദ്രവും മാധ്യമങ്ങളും ഒക്കെ കൂടി പാഠങ്ങൾ പഠിക്കാൻ ഒരു ദിവസം ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്യുക (lessons learning brainstorming). അതിൽ ഉരുത്തിരിഞ്ഞു വരുന്ന പാഠങ്ങൾ അനുസരിച്ച് എല്ലാവരും അവരുടെ Standard Operating Procedure മാറ്റം വരുത്തുക.

ഡിസംബർ ഇരുപത്തി ഒന്നിനും ഇരുപത്തി രണ്ടിനും ഞാൻ തിരുവനതപുരത്ത് ഉണ്ട്. നമ്മുടെ ദുരന്ത നിവാരണ അതോറിറ്റി മുൻകൈ എടുത്താൽ ഇത്തരം ഒരു മീറ്റിങ്ങിൽ പങ്കെടുക്കാനോ നയിക്കാനോ എനിക്ക് സന്തോഷമേ ഉള്ളൂ. നമ്മുടെ ആളുകൾക്കും മാധ്യമങ്ങൾക്കും ഒക്കെ അത്ര കാലം ഈ വിഷയത്തിൽ താല്പര്യം ഉണ്ടാകുമോ അതോ അപ്പോഴേക്കും വേറെന്തെകിലും സെൻസേഷണൽ വാർത്ത വന്ന് നമ്മൾ അതിന്റെ പുറകേ പോകുമോ എന്ന് മാത്രമാണ് എന്റെ ചിന്ത.

മുരളി തുമ്മാരുകുടി.

2 Comments

  • The general condition of each person formed from the set circumstances, among which the most important. Types well-being presented complex system, on which not only common mood depend, but also ability to work of the organism.

    No chance unravel and explore health, types well-being, and additionally others components of the healthy strong organism, if thoroughly not go into the next concept. So, the health of a person, to date, is called standard and durable psychosomatic state of the individual.
    is heartburn a symptom of early pregnancy

Leave a Comment