കുറേ നാളായി കേന്ദ്രഗവൺമെന്റിനെ പറ്റി ഒരു നല്ല അഭിപ്രായം പറഞ്ഞിട്ട്. ഒരുകാലത്ത് ഞാൻ സംഘിയാണെന്ന് വിചാരിച്ചവരെല്ലാം ഇപ്പോൾ ആ കാര്യവും കാലവും തന്നെ മറന്നുപോയ മട്ടാണ്.
2021 വരികയല്ലേ, ഇടതുപക്ഷത്തേക്ക് ചാഞ്ഞിരിക്കയാണെന്ന് ചിന്തിക്കുന്നവരുമുണ്ട്.
വാസ്തവത്തിൽ സത്യം അതല്ല. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾ ഞാൻ എല്ലാ ദിവസവും ശ്രദ്ധിക്കുന്നുണ്ട്. മറുനാടനും, മനോരമയും, മാതൃഭൂമിയും എല്ലാ ദിവസവും വായിക്കുന്നുമുണ്ട്. അത് കഴിഞ്ഞാൽ നേരെ ബി ബി സി മാത്രമാണ് വായിക്കുന്നത്. പഴയത് പോലെ ഇന്ത്യൻ എക്സ്പ്രസ്സോ ഹിന്ദുസ്ഥാൻ ടൈംസോ ഇന്ത്യ ടുഡേയോ ശ്രദ്ധിക്കാറു തന്നെയില്ല. ടെലിവിഷൻ പിന്നെ പണ്ടേ ഇല്ലല്ലോ. എൻറെ സാമൂഹ്യവും രാഷ്ട്രീയവുമായ താല്പര്യങ്ങൾ മുഴുവൻ കേരളത്തിലായത് തന്നെയാണ് ഇതിന് കാരണം.
ഇങ്ങനെയെല്ലാമാണെങ്കിലും കൊച്ചിൻ റിഫൈനറി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധിച്ചു. കേരളത്തിൽ രാഷ്ട്രീയ സ്പെക്ട്രത്തിന്റെ ഇടതും വലതും നിൽക്കുന്നവർക്ക് ഒന്നും തന്നെ ഈ റിഫൈനറി കച്ചവടം അങ്ങ് പിടിച്ചിട്ടില്ല. നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങൾ വിൽക്കുന്നത് മനസിലാക്കാം, എന്തിനാണ് ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങൾ വിൽക്കുന്നത്?
സംഗതി സിംപിൾ ആണ്. ഗവൺമെന്റിന്റെ ജോലി ഗവേർണിംഗ് ആണ്. കന്പനി നടത്തലല്ല, അത് ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും. ഇത്രയും മനസ്സിലാക്കിയാൽ പിന്നെ ഈ കന്പനി വിൽപ്പന ശരിയാണെന്ന് തോന്നും.
സർക്കാർ കന്പനി നടത്തുന്നതുകൊണ്ട് ധാരാളം കുഴപ്പങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്ത് നയവും നിയമങ്ങളും ഉണ്ടക്കേണ്ടവരുടെ സമയം മുഴുവൻ സ്ഥാപനത്തിന്റെ നടത്തിപ്പിന് പോകും. ഉദാഹരണത്തിന് ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയുടെ സമയം ചിലവാക്കേണ്ടത് ട്രാൻസ്‌പോർട്ട് നയങ്ങൾ ഉണ്ടാക്കാനാണ്, അല്ലാതെ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നടത്തിപ്പിനല്ല.
രണ്ടാമത്, സർക്കാരിലെ നേതൃത്വം, അത് രാഷ്ട്രീയക്കാരാണെങ്കിലും ഉദ്യോഗസ്ഥരാണെങ്കിലും കന്പനി നടത്തിപ്പിൽ പരിചയമുളളവരല്ല. അറിവില്ലാത്ത പണി ചെയ്താൽ പണി പാളും എന്നതിന് കേരളത്തിലും കേന്ദ്രത്തിലും നശിച്ചുപോയതും പോയിക്കൊണ്ടിരിക്കുന്നതുമായ ധാരാളം പൊതുമേഖലാ സ്ഥാപനങ്ങൾ ഉദാഹരണമായിട്ടുണ്ട്.
മൂന്നാമത് നയവും നിയമവും ഉണ്ടാക്കുന്നവർ തന്നെ കന്പനി നടത്തിപ്പിന് പോകുന്പോൾ ഒരു കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ഉണ്ട്. നമ്മുടെ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്ക് നഷ്ടം പറ്റാത്ത രീതിയിൽ നയങ്ങളുണ്ടാക്കാൻ ശ്രമിക്കും, മാനേജ്‌മെന്റിലെ പാളിച്ചകൾ സബ്സിഡി കൊണ്ടോ നിയമം കൊണ്ടോ പൊതിഞ്ഞുവെക്കാൻ ശ്രമിക്കും. ആ രംഗം മൊത്തം കുളമാകും.
പക്ഷെ ചേട്ടാ, റിഫൈനറി അങ്ങനെ അല്ലല്ലോ, ലാഭമല്ലേ? അപ്പോൾ അത് വിൽക്കേണ്ട കാര്യമുണ്ടോ?
സത്യത്തിൽ റിഫൈനറിയുടെ ലാഭം എന്ന് പറയുന്നത് തികച്ചും കൃത്രിമമായ ഒന്നാണ്. ഈ വിഷയം ഞാൻ പണ്ടൊരിക്കൽ വിശദമായി എഴുതിയിട്ടുണ്ട് (പെട്രോളിൻറെ വില എന്നാണ് ലേഖനത്തിന്റെ പേര്). കാര്യം പെട്രോളിൻറെ വില ഒക്കെ ഇപ്പോൾ തുറന്ന കന്പോളത്തിന് വിട്ടു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആർക്ക് റിഫൈനറി സ്ഥാപിക്കാം എന്നത് മുതൽ പെട്രോൾ പന്പിലെ വില വരെയുള്ള വിഷയങ്ങളിൽ സർക്കാരിന് ഇപ്പോഴും കടുത്ത നിയന്ത്രണമുണ്ട്. അതുകൊണ്ടു തന്നെ ഉല്പാദനച്ചെലവും ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൊണ്ടല്ല ഈ വ്യവസായത്തിന്റെ ലാഭം അളക്കേണ്ടത്. മറിച്ച് ഈ സംരംഭത്തിൽ മുടക്കിയിരിക്കുന്ന മൂലധനത്തിന് അനുസരിച്ചുള്ള ലാഭം ഈ പ്രസ്ഥാനത്തിൽ നിന്നും കിട്ടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്. ഈ അളവുകോൽ വെച്ച് നോക്കിയാൽ ആഗോളമായി അധികം ലാഭമുള്ള രംഗമല്ല റിഫൈനറി.
അതുകൊണ്ടു തന്നെ ഇന്ത്യയിൽ നമ്മുടെ റിഫൈനറികൾ മേടിച്ച് ലാഭത്തിൽ നടത്താമെന്ന് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ മൂലധനം ഏറ്റവും വേഗത്തിൽ കൈക്കലാക്കുന്നതാണ് ബുദ്ധി. കൂടുതൽ കപ്പാസിറ്റി ഉണ്ടാക്കി, പുതിയ സാങ്കേതിക വിദ്യ കൊണ്ടുവന്ന്, തൊഴിലാളികളുടെ എണ്ണം നന്നായി കുറച്ചാൽ മാത്രമേ ഇനിയുള്ള കാലത്ത് വില നിയന്ത്രണങ്ങളുടെ പിന്തുണയില്ലാതെ റിഫൈനറി ലാഭത്തിൽ നടത്താൻ പറ്റൂ.
റിഫൈനറി ഒരു തന്ത്രപ്രധാന സ്ഥാപനമല്ലേ, അത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കില്ലേ?
ചുമ്മാ..
ലോകത്ത് സാന്പത്തികമായി മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളെല്ലാം തന്നെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള (യുദ്ധ) വിമാനക്കന്പനി തൊട്ട് റിഫൈനറികൾ വരെ വിറ്റുതുലച്ചവരാണ്. അവിടൊന്നും പെട്രോളിന് ഒരു ക്ഷാമവുമില്ല, യുദ്ധവിമാനം കിട്ടാതായിട്ടുമില്ല. ഒറ്റ റിഫൈനറി പോലും പാവം അമേരിക്കൻ സർക്കാരിന്റെ കയ്യിലില്ല. എന്നാലോ പെട്രോളിൻറെ വില രൂപ പൈസ കണക്കിൽ നാട്ടിലേക്കാളും കുറവാണ് (അറുപത് രൂപയിൽ താഴെ). മറ്റു രാജ്യങ്ങളുടെ ലിസ്റ്റും വേണമെങ്കിൽ കണ്ടുപിടിക്കാം.
യഥാർത്ഥ പ്രശ്നം റിഫൈനറികൾ വിൽക്കുന്നു എന്നതല്ല, വിറ്റു എന്ന് പറഞ്ഞു പറ്റിക്കുന്നു എന്നതാണ്. വാസ്തവത്തിൽ നമ്മുടെ റിഫൈനറികൾ നാം വിൽക്കുമെന്ന് പറയുന്പോൾ ഐ ടി ഡി സി യുടെ ഹോട്ടൽ വിറ്റതു പോലെ ഉടമസ്ഥാവകാശം മൊത്തമായി കൈമാറുകയല്ല. മൊത്തം ഓഹരിയുടെ പത്തോ പതിനഞ്ചോ ശതമാനം വിൽക്കും, സ്ഥാപനത്തിന്റെ നിയന്ത്രണം സർക്കാരിന്റെ കയ്യിൽത്തന്നെ ഇരിക്കും. ബ്യൂറോക്ക്രാറ്റുകളും രാഷ്ട്രീയക്കാരും റിഫൈനറി ഭരണത്തിന് സമയം ചിലവാക്കും, സ്ഥാപനം നഷ്ടത്തിലാകാതിരിക്കാൻ വേണ്ടി നയങ്ങളും നിയമങ്ങളും മാറ്റും. അപ്പോൾ സ്വകാര്യവൽക്കരണം കൊണ്ടുള്ള ഗുണങ്ങളൊന്നും ഉണ്ടാകില്ല. സർക്കാരിന്റെ കയ്യിൽ കുറച്ചു പണം വരും എന്നുമാത്രം. ഇതല്ല യഥാർത്ഥത്തിൽ ഇത്തരം വ്യവസായങ്ങൾ വിൽക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സർക്കാരുകൾ സർക്കാരിന് മാത്രം ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രം ചെയ്യുകയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർക്ക് വിടുകയും ചെയ്യുന്നതാണ് ബുദ്ധി. റിഫൈനറികളുടെ അന്പത്തൊന്ന് ശതമാനം ഓഹരികൾ മാത്രമല്ല, നൂറു ശതമാനം ഓഹരികളും സ്വകാര്യ വ്യക്തികളുടെ കയ്യിലിരിക്കുകയും അവർ അത് കാര്യക്ഷമമായി നടത്തുകയും ചെയ്യുന്ന സ്ഥലമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി.
മുരളി തുമ്മാരുകുടി
Leave a Comment