എന്റെ പേര് ബാലകൃഷ്ണൻ
മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ, “എന്താ നിന്റെ പ്രശ്നം” എന്ന ചോദ്യത്തിന് സായ് കുമാർ നൽകുന്ന ഉത്തരമാണ്
” എന്റെ പേര് ബാലകൃഷ്ണൻ”
” അതാ നിന്റെ പ്രശ്നം?”
പാലക്കാട് ഒരു ടൂറിസ്റ്റ് ബസ് ട്രാൻസ്പോർട്ട് ബസിൽ ഇടിച്ച് എറെപ്പേർ മരിക്കുന്നു.
ബസ് അമിതവേഗതയിൽ ആണെന്ന് പറയുന്നു. വേഗത പരിധി ലംഘിച്ചതായി ബസിലെ IVMS ബസുടമക്ക് സന്ദേശം അയച്ചതായി പറയുന്നു, ബസ് ഡ്രൈവർ ഇതിന് മുൻപ് നിന്ന് ബസോടിക്കുന്ന വീഡിയോ വരുന്നു.
കുട്ടികളാണ് മരിച്ചത്
സമൂഹത്തിന് ഏറെ ദേഷ്യമുണ്ട്
എവിടെയോ എന്തൊക്കെയോ കുഴപ്പമുണ്ട്
എന്നാൽ പിന്നെ ടൂറിസ്റ്റ് ബസുകളുടെ കളർ മാറ്റിയേക്കാം.
എന്റെ ബാലകൃഷ്ണാ, എന്താ ശരിക്കും നിന്റെ പ്രശ്നം?
ഒരു വർഷത്തിൽ നാല്പതിനായിരത്തോളം റോഡപകടങ്ങൾ ആണ് കേരളത്തിൽ നടക്കുന്നത്. അതിൽ നാലായിത്തോളം ആളുകൾ മരിക്കുന്നു.
കേരളത്തിൽ ജീവിക്കുന്ന ഒരാൾ റോഡപകടത്തിൽ മരിക്കാനുള്ള സാധ്യത ഒരു ലക്ഷത്തിൽ പത്തിനും മുകളിലാണ്.
ഇത് റോഡ് സുരക്ഷ നന്നായി നടപ്പിലാക്കുന്ന രാജ്യങ്ങളിലേതിലും ഇരട്ടിയാണ്.
അതായത് ഇന്നു ലഭ്യമായ സാങ്കേതിക വിദ്യയും നല്ല ഡ്രൈവിംഗ് സംസ്കാരവും ഉണ്ടെങ്കിൽ മരണ നിരക്ക് ഇന്നത്തേതിൽ പകുതിയാക്കാം.
അതായത് ഓരോ വർഷവും രണ്ടായിരം ആളുകളുടെ ജീവൻ രക്ഷിക്കാം.
ഒരു സർക്കാരിന്റെ കാലത്ത് പതിനായിരം ജീവൻ!
രണ്ടായിരത്തി പതിനെട്ടിലെ മഹാപ്രളയത്തിൽ പോയത് അഞ്ഞൂറിൽ താഴെ ജീവനാണ്.
അതിന്റെ നാലിരട്ടി ഓരോ വർഷവും രക്ഷിക്കാനാവുമെന്ന്!
പക്ഷെ അതിന് ടൂറിസ്റ്റ് ബസിന്റെ കളറുമാറ്റിയാൽ പോരാ
ബസിന്റെ കളറും അപകടവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല.
ഒരു ബസിന് അപകടം ഉണ്ടാകുമ്പോൾ എല്ലാ ബസും കളറുമാറ്റി റോഡിൽ ഇറങ്ങിയാൽ മതിയെന്ന് പറയുന്നത് കളക്ടീവ് പണിഷ്മെൻറ് ആണ്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ വെളിച്ചത്തിൽ ആർക്കും കുതിരകയറാൻ വിധിക്കപ്പെട്ടവരാണ് ടൂറിസ്റ്റ് ബസുകളും ലോങ്ങ് ഡിസ്റ്റൻസ് സ്വകാര്യ ബസുകളും
കോവിഡ് കാലത്ത് നടുവൊടിഞ്ഞു പോയ വ്യവസായമാണ് ടൂറിസം. അതിന്റെ ജീവനാഡിയാണ് ടൂറിസ്റ്റ് ബസുകൾ. അതിന് ജീവൻ വച്ചു വരുന്ന കാലത്ത് അവരെ വീണ്ടും ബുദ്ധിമുട്ടിക്കരുത്.
റോഡപകടങ്ങൾ കുറക്കണം
റോഡ് കുരുതിക്കളമാക്കരുത്
ഇതിന് ചെയ്യേണ്ട അനവധി കാര്യങ്ങൾ ഉണ്ട്’
ഇതൊക്കെ സർക്കാർ നിയമങ്ങളിലും സുപ്രീം കോടതി നിയമിച്ച കമ്മിറ്റി നിർദ്ദേശങ്ങളിലും ഉണ്ട്
പോരാത്തതിന് അന്തർദേശീയമായ നല്ല പാഠങ്ങൾ ഉണ്ട്
പല പ്രാവശ്യം ഞാൻ തന്നെ എഴുതിയിട്ടുണ്ട്. സുരക്ഷയുടെ പാഠങ്ങൾ എന്നൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ഇനിയും ആരെങ്കിലും ശ്രദ്ധിക്കുമെങ്കിൽ വീണ്ടും പറയാം, എഴുതാം.
അതൊക്കെ നടപ്പിലാക്കിയാൽ മതി. അടുത്ത അഞ്ചു വർഷത്തിനകം മരണം പകുതിയാകും
ഇല്ലെങ്കിൽ ബസിന്റെ കളറുമാറിയാലും റോഡ് കുരുതിക്കളമായി തുടരും
മുരളി തുമ്മാരുകുടി
Leave a Comment