പൊതു വിഭാഗം

എങ്ങനെയാണ് ദുരന്തത്തിന്റെ പാഠങ്ങൾ പഠിക്കുന്നത്?

ആഫ്രിക്കയിലെ ഒരു വിസ്മയമാണ് കെനിയയിലും ടാൻസാനിയയിലുമായി പരന്നുകിടക്കുന്ന നാഷണൽ പാർക്കുകളിൽ കൂടി പച്ചപ്പുല്ല് തേടി ഓരോ വർഷവും മൃഗങ്ങൾ മൈഗ്രെഷൻ നടത്തുന്നത്. കെനിയയിലെ മാര നദി കടന്നു വേണം അവയ്ക്ക് പോകാൻ. ഓരോ വർഷവും ലക്ഷക്കണക്കിന് മൃഗങ്ങൾ കെനിയയിലെ മാര നദി നീന്തിക്കടക്കാൻ ശ്രമിക്കുന്നു. ആ സമയം നോക്കി അവയെ കൊല്ലാനും തിന്നാനും മുതലകൾ പുഴയിൽ തക്കം പാർത്തുകിടക്കുന്നു. നൂറുകണക്കിന് മൃഗങ്ങളെ അങ്ങനെ കാണാതാകുമ്പോഴും, എന്താണ് നമ്മുടെ കൂട്ടത്തിലുള്ളവർക്ക് സംഭവിച്ചത്? അടുത്ത തവണ ഇതെങ്ങനെ ഒഴിവാക്കാം? എന്നൊന്നും മറുപുറത്തെത്തുന്ന മറ്റു മൃഗങ്ങൾ ചിന്തിക്കാറില്ല. മൃഗങ്ങളും മാര നദിയും ഉള്ളിടത്തോളം കാലം ഈ പ്രയാണവും മരണങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നു..

മനുഷ്യന്റെ കാര്യം പക്ഷെ അങ്ങനെയല്ല. സമൂഹത്തിൽ ഒരപകടമോ ദുരന്തമോ ഉണ്ടായാൽ അതിന്റെ കാരണം മാത്രമല്ല പരിഹാരവും നാം തേടും. ചരിത്രമുണ്ടാകുന്ന കാലത്തിനു മുൻപേതന്നെ കാര്യങ്ങൾ ഇങ്ങനെയാണ്. അന്നൊന്നും അതിന് ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ല. വരൾച്ചയുണ്ടാകുന്നത് രാജാവിന്റെ കുറ്റമാണെന്നും, കടലിൽ പോകുന്ന മുക്കുവനുണ്ടാകുന്ന അപകടം കരയിലിരിയ്ക്കുന്ന ഭാര്യയുടെ ദുർന്നടപ്പു കൊണ്ടാണെന്നും സമൂഹം കണ്ടെത്തിയത് അങ്ങനെയാണ്. വരൾച്ച ഒഴിവാക്കാൻ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുകയോ, രാജകുടുംബത്തിലെ അംഗത്തെ ബലികൊടുക്കുകയോ ചെയ്യുന്നത് ഒരുകാലത്ത് നാട്ടുനടപ്പായിരുന്നു. കുട്ടികൾക്ക് രോഗമുണ്ടായാൽ ആ നാട്ടിലുള്ള ഏതെങ്കിലും വൃദ്ധയും വിധവയുമായ സ്ത്രീയുടെ മന്ത്രവാദം കൊണ്ടാണെന്ന് ചിന്തിച്ച് അവരെ ചുട്ടുകൊല്ലുന്നന്ന ദുരാചാരം ഇപ്പോൾ പോലും ലോകത്തുണ്ട്.

മതങ്ങളും ദൈവങ്ങളും രംഗത്ത് വന്നതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി. ഏതൊരു പ്രശ്നത്തെയും ദൈവകോപം എന്ന ഒറ്റ ഒറ്റക്കരണത്തിലേക്ക് ചുരുക്കിക്കെട്ടാം എന്നായി. വസൂരി പിടിപെട്ട് ആളുകൾ മരിയ്ക്കുമ്പോൾ ദേവീക്ഷേത്രത്തിൽ പൂജ നടത്താൻ തീരുമാനിക്കുന്നതും, ക്ഷേത്രമില്ലാത്തിടത്ത് ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിക്കപ്പെടുന്നതും ഇങ്ങനെയാണ്.

എന്നാൽ ശാസ്ത്രം വളർന്നപ്പോൾ പ്രശ്നങ്ങൾ ദൈവകോപം എന്ന ഒറ്റക്കാരണത്തിൽ കെട്ടാൻ പറ്റാതായി. അപ്പോഴാണ് പരിഷ്കൃത സമൂഹം കമ്മിറ്റികൾ കണ്ടുപിടിച്ചത്. മനുഷ്യനിർമ്മിത ദുരന്തമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുക. ലഭ്യമായ ഏറ്റവും നല്ല ശാസ്ത്ര – സാങ്കേതിക വിദ്യയുടെയും, വിദഗ്ദ്ധരുടെയും സഹായത്തോടെ അടിസ്ഥാനകാരണം കണ്ടെത്തി അവ ഒഴിവാക്കാനുള്ള നടപടികളെടുക്കുക എന്നതാണ് ആധുനികലോകത്തെ ദുരന്തലഘൂകരണത്തിന്റെ രീതി.

മൂന്ന് ഉദാഹരണങ്ങൾ പറയാം.

  1. 1988 ൽ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള നോർത്ത് സീയിലെ ഒരു എണ്ണ പ്ലാറ്റ്‌ഫോമിന് തീപിടിച്ചു. പൈപ്പർ ആൽഫാ എന്നായിരുന്നു ആ പ്ലാറ്റ്‌ഫോമിന്റെ പേര്. നൂറ്റി അറുപത്തി ഏഴ് ആളുകൾ ആ അപകടത്തിൽ മരിച്ചു. അപകടത്തെക്കുറിച്ച് പഠിക്കാനും അത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനുമായി ബ്രിട്ടീഷ് ഗവണ്മെന്റ് കോടതി ജഡ്ജിയായിരുന്ന William Cullen (ജഡ്ജിയെ കുള്ളൻ എന്നോ കള്ളൻ എന്നോ വിളിക്കേണ്ട എന്ന് കരുതിയാണ് ഇംഗ്ലീഷ് ആക്കിയത്) അന്വേഷണക്കമ്മീഷനായി നിയമിച്ചു, പഠനം തീരാൻ രണ്ടു വർഷമെടുത്തു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കടലിലെ എണ്ണപര്യവേഷണത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ അപ്പാടെ മാറ്റിമറിച്ചു. ബ്രിട്ടനിൽ അതിനുശേഷം ഓഫ്‌ഷോറിൽ വൻ തീപിടുത്തം ഉണ്ടായില്ല.
  2. 1986 -ൽ അമേരിക്കയിലെ സ്‌പേസ് ഷട്ടിലായിരുന്ന ചലഞ്ചർ അപകടത്തിൽപ്പെട്ട് ഏഴു ബഹിരാകാശസഞ്ചാരികൾ മരിച്ചു. അമേരിക്കയിലെ മുൻ വിദേശകാര്യമന്ത്രിയായിരുന്ന വില്യം റോജേഴ്സിന്റെ നേതൃത്വത്തിൽ നോബൽ സമ്മാന ജേതാവായിരുന്ന ഫെയ്ൻമെൻ ഒക്കെ ഉൾപ്പെട്ട കമ്മിറ്റിയെയാണ് പ്രസിഡന്റ് റീഗൻ അന്വേഷണം ഏൽപ്പിച്ചത്. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങളും നാസയിലെ സുരക്ഷാസംസ്ക്കാരത്തിന്റെ അഭാവവും എല്ലാം കാരണങ്ങളായി കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
  3. 2011 ലെ ജപ്പാനിലെ സുനാമിയിൽ ഇരുപത്തിനായിരത്തിൽ അധികം ജപ്പാൻകാർ കൊല്ലപ്പെട്ടു. മുന്നൂറു ബില്യൺ ഡോളറിന് മുകളിൽ നാശനഷ്ടമുണ്ടായി. സുനാമിയുടെ മുന്നറിയിപ്പ് സംവിധാനങ്ങളെപ്പറ്റിയും സുനാമിയെ നേരിട്ട രീതിയെപ്പറ്റിയും പഠിക്കാൻ ജപ്പാനിലെ മീറ്റിരിയോളജിക്കൽ ഏജൻസി അന്വേഷണം നടത്തി. പൂർണ്ണമായും സാങ്കേതിക വിദഗ്ദ്ധരായിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. അവർ പഠിച്ച പാഠങ്ങൾ ജപ്പാനിൽ മാത്രമല്ല ലോകമെമ്പാടും സുനാമി പ്രവചനത്തിലും മുന്നറിയിപ്പ് ജനങ്ങളെ അറിയിക്കുന്നതിലും പ്രതിരോധ പ്രവർത്തനത്തിലും എല്ലാം ഇപ്പോൾ മാതൃകയാണ്.

കേരളസംസ്ഥാനം ഉണ്ടായതിനു ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ മൂന്നു മാസങ്ങളിൽ നമ്മൾ കണ്ടത്. ജൂണിൽ തുടങ്ങിയ കുട്ടനാട്ടിലെ വെള്ളപ്പൊക്കം, ഏറ്റവുമധികം ആൾനാശമുണ്ടാക്കിയ ഹൈറേഞ്ചിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലും, കഴിഞ്ഞ നൂറുവർഷത്തിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം ഇതെല്ലാം കൂടിയതായിരുന്നു ഈ ദുരന്തം. അഞ്ഞൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പത്തു ലക്ഷത്തിലധികം പേർക്ക് വീടുപേക്ഷിച്ചു പോകേണ്ടിവന്നു. ആകെ അന്പത്തിയഞ്ചു ലക്ഷം പേരെ ദുരന്തം ബാധിച്ചുവെന്നാണ് സർക്കാർ കണക്കുകൾ. ദുരന്തത്തിന്റെ സാമ്പത്തികനാശം 25000 കോടി രൂപയാണെന്നാണ് ലോകബാങ്കിന്റെ പ്രാഥമികകണക്കുകൾ.

ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിക്കഴിയുമ്പോൾ അത് എങ്ങനെയാണ് ഉണ്ടായത്? ദുരന്തത്തെ നേരിടാനുള്ള നമ്മുടെ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലായോ? മുന്നറിയിപ്പ് സംവിധാനങ്ങൾ ആവശ്യത്തിനുണ്ടായിരുന്നോ? ദുരന്തം എങ്ങനെയാണ് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ബാധിച്ചത്? നമ്മുടെ പരിസ്ഥിതി സ്ഥലവിനിയോഗ നിയമങ്ങൾ ദുരന്തത്തിന്റെ ആഘാതം കൂട്ടിയോ? നമ്മുടെ അണക്കെട്ടുകൾ ദുരന്തസമയത്ത് വേണ്ടവിധത്തിലാണോ പ്രവർത്തിപ്പിച്ചത്? എന്നിങ്ങനെയുള്ള അനവധി കാര്യങ്ങൾ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മനസ്സിലാക്കിയേ തീരൂ. ഇതെല്ലാം പ്രകൃതിദുരന്തമായിരുന്നു, അതിനാൽത്തന്നെ ആർക്കും പ്രവചിക്കാൻ സാധ്യമല്ലായിരുന്നു എന്നൊക്കെയുള്ള വാദങ്ങൾക്ക് പ്രസക്തിയില്ല. ദുരന്തകാരണം പ്രകൃതിയാണെങ്കിലും മനുഷ്യനാണെങ്കിലും ഇനി അത്തരം ദുരന്തങ്ങളുണ്ടാകാതെയിരിയ്ക്കേണ്ടത് മനുഷ്യന്റെ ആവശ്യവും, അടുത്ത തലമുറയോടുള്ള നമ്മുടെ കടമയുമാണ്. നൂറുവർഷം മുന്പ് നമ്മുടെ രാജ്യം ഭരിച്ചിരുന്നവർ ഇത്തരത്തിലുള്ള അന്വേഷണമൊന്നും നടത്താതിരുന്നതിനാലാണ് വീണ്ടും നമ്മൾ അപകടത്തിൽപെട്ടത്. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാത്ത ഒരു തലമുറയായി ചരിത്രം നമ്മെ വിലയിരുത്താൻ ഇടയാകരുത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പഠനങ്ങൾ വേണമെന്നത് തർക്കമില്ലാത്ത കാര്യമാണ്.

ദുരന്തമുണ്ടായ ആദ്യ ദിവസങ്ങളിൽ തന്നെ ‘തെറ്റുകാരെ’ കണ്ടുപിടിക്കാൻ ‘ജുഡീഷ്യൽ അന്വേഷണം’ വേണം എന്ന തരത്തിലൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. കേരളത്തിൽ ഇതിന് മുൻപ് എത്രയോ ജുഡീഷ്യൽ അന്വേഷണങ്ങൾ നടന്നിരിക്കുന്നു, പക്ഷെ അതിന്റെയൊക്കെ റിപ്പോർട്ടുകൾ ഒരിക്കലും അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് കാരണമാകാറില്ല. അന്വേഷണത്തെ നയിക്കുന്നത് രാഷ്ട്രീയക്കാരാണോ, ജഡ്ജിമാരാണോ, സാങ്കേതിക വിദഗ്ദ്ധരാണോ എന്നത് പ്രധാനമല്ല. അന്വേഷണം എന്ന പേര് പോലും പ്രധാനമല്ല. പാഠങ്ങൾ പഠിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ ഇതിന് നേതൃത്വം നൽകുന്നത് ആരാണെങ്കിലും പാഠങ്ങൾ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അടിസ്ഥാനമാക്കിയാകണം. ഏതൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടത്, അവ പല സാങ്കേതിക കമ്മിറ്റികൾ ആണോ പഠിക്കേണ്ടത് എന്നൊക്കെ നമുക്ക് തീരുമാനിക്കാം. പക്ഷെ,

പ്രധാനമായുള്ളത് ഇനിപ്പറയുന്ന കാര്യങ്ങളാണ്.

  1. ദുരന്തത്തിന് ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കലല്ല പഠനത്തിന്റെ ഉദ്ദേശ്യം. കേരളത്തിനകത്തോ പുറത്തോ ഉള്ള ഒരു വ്യക്തിയോ സ്ഥാപനമോ കേരളത്തിൽ ദുരന്തമുണ്ടാക്കണം എന്നാഗ്രഹിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. അപ്പോൾപിന്നെ കുറ്റവാളിയെ കണ്ടെത്താനുള്ള അന്വേഷണം തെറ്റാണെന്ന് മാത്രമല്ല, ശരിയായ വിവരങ്ങൾ കിട്ടാൻ തടസ്സവുമാകും.
  2. ദുരന്തത്തിന്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുക, ദുരന്ത നിവാരണത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് തീരുമാനിയ്ക്കുക എന്നതൊക്കെയായിരിക്കണം പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം.
  3. തെറ്റുകൾ മാത്രമല്ല, എന്താണ് നമ്മൾ ശരിയായി ചെയ്തതെന്നതും പഠന വിഷയമാക്കണം. ശരിയായി ചെയ്ത കാര്യങ്ങൾ തുടരണം. മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മാതൃകയാവുകയും വേണം.
  4. പഠന രീതികളും റിപ്പോർട്ടും സുതാര്യമായിരിക്കണം. നമ്മുടെ സമൂഹമാണ് ദുരന്തമനുഭവിച്ചത്. അതുകൊണ്ട് അവരിൽ നിന്നും മറച്ചുവെക്കേണ്ട ഒന്നും നമുക്കുണ്ടാകരുത്.
  5. പഠനത്തിന്റെ ഫലമായുണ്ടാകുന്ന നിർദ്ദേശങ്ങൾ പാലിക്കാമെന്ന് സർക്കാരിന് ഉത്തമബോധ്യം ഉണ്ടായിരിക്കണം. രാഷ്ട്രീയകാരണങ്ങളാൽ അന്വേഷണം ആവശ്യപ്പെടുന്നത് പോലെതന്നെ തെറ്റാണ്, രാഷ്ട്രീയകരണങ്ങളാൽ അന്വേഷണ റിപ്പോർട്ട് അലമാരയിൽ വെക്കുന്നതും.
  6. നാളത്തെ ദുരന്തങ്ങൾക്കാണ് തയ്യാറെടുക്കേണ്ടത്: കേരളത്തിലെ ദുരന്ത ലഘൂകരണത്തെ മുൻനിർത്തി നടത്തുന്ന ഏതു പഠനത്തിന്റെയും അടിസ്ഥാനം ദുരന്തങ്ങൾ കുറഞ്ഞ ഒരു കേരളം ഉണ്ടാക്കുക എന്നത് തന്നെ ആകണം. ഇന്നലെ നാം കണ്ട ദുരന്തങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല. മറ്റെന്തൊക്കെ ദുരന്ത സാധ്യതകൾ ഉണ്ട്, അവ നേരിടാൻ നമുക്ക് എന്ത് തയ്യാറെടുപ്പുകളുണ്ട്, എന്നെല്ലാം നാം പഠിക്കണം. കൊടുങ്കാറ്റുകൾ മുതൽ അണക്കെട്ടുകൾ പൊട്ടുന്നത് വരെ, ഓയിൽ സ്പിൽ മുതൽ ഫാക്ടറികളിലെ പൊട്ടിത്തെറി വരെ സാധ്യതകൾ പലതുണ്ട്. കാലാവസ്ഥ വ്യതിയാനം ഇതിൽ പലതിനേയും കൂടുതൽ രൂക്ഷമാക്കുകയാണ്. നാം തയ്യാറാണോ ?
  7. ചെറിയ അപകടങ്ങളാണ് കൂടുതൽ ആളെ കൊല്ലുന്നത്: അഞ്ഞൂറോളം ആളുകളെ കൊന്ന പ്രളയവും മണ്ണിടിച്ചിലും ഒക്കെയാണ് കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായത് എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ കേരളത്തിൽ ഓരോ വർഷവും പതിനായിരത്തിനടുത്ത് ആളുകളാണ് ഒറ്റക്കൊറ്റക്കായി അപകടങ്ങളിൽ മരിക്കുന്നത്. നാലായിരത്തിലധികം പേർ ഓരോ വർഷവും റോഡപകടത്തിൽ മരിച്ചു കഴിഞ്ഞു, അതായത് ഓരോ മാസവും മുന്നൂറിലധികം പേർ. വെള്ളപ്പൊക്കത്തിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും നിപ്പയിൽ നിന്നും ഒക്കെ സുരക്ഷിതമായാലും ഓരോ മാസവും എണ്ണൂറോളം പേർ റോഡിലും വെള്ളത്തിലും റെയിൽ പാളത്തിലും ഷോക്കടിച്ചും ഒക്കെ മരിക്കുകയാണെങ്കിൽ അതെന്ത് സുരക്ഷയാണ്?.  കേരളത്തിന്റെ സുരക്ഷാ പാഠങ്ങൾ ദുരന്ത ലഘൂകരണത്തിൽ മാത്രം കേന്ദ്രീകരിച്ചുള്ള ഒന്നാകരുത്, പുതിയ സുരക്ഷാ സംസ്കാരമുള്ള ഒന്നായിരിക്കണം.

പാഠങ്ങൾ എല്ലാവരും പഠിക്കണം: ദുരന്തങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ സർക്കാർ വകുപ്പുകളുടെ ഉത്തരവാദിത്തവും പരാജയവും ഒക്കെ ചർച്ച ചെയ്യാനാണ് എല്ലാവർക്കും ഇഷ്ടം. ഒരു വ്യക്തി, കുടുംബം, വാർഡ്, പഞ്ചായത്ത് (മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) എന്നിങ്ങനെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങളിൽ ദുരന്ത സമയത്ത് നാം എന്ത് ചെയ്തു എന്നതും പ്രധാനമല്ലേ?. സുരക്ഷിതമായ ഒരു കേരളം തിരുവനന്തപുരത്തു നിന്നും കെട്ടിയിറക്കാൻ പോകുന്നതല്ല. കേരളത്തിലെ മൂന്നു കോടി മുപ്പത്തി മൂന്നു ലക്ഷം ജനങ്ങളും കൂടി മുകളിലേക്ക് നിർമ്മിക്കേണ്ട ഒന്നാണ്. അതിനാൽ നിങ്ങൾ സ്വയം ഒരു ആത്മ പരിശോധന നടത്തണം. നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ നിങ്ങൾ വേണ്ടതെല്ലാം ചെയ്തിരുന്നോ?, എന്ത് തരം വിവരങ്ങളാണ് നിങ്ങൾക്ക് ലഭിച്ചത്, ആ വിവരങ്ങൾ അനുസരിച്ചു നിങ്ങൾ വേണ്ട തീരുമാനങ്ങൾ എടുത്തോ?, ഇനി എന്തൊക്കെ ദുരന്ത സാധ്യതയാണ് നിങ്ങൾക്ക് ചുറ്റും ഉള്ളത് ?, അതിൽ നിന്നും നിങ്ങൾക്ക് എങ്ങനെ രക്ഷപെടാം? ഇത്രയും ചോദ്യങ്ങൾ വ്യക്തിപരമായി ചോദിച്ചു കഴിഞ്ഞാൽ പിന്നെ അത് നിങ്ങളുടെ കുടുംബത്തിലും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലും നിങ്ങൾ താമസിക്കുന്ന റെസിഡന്റ് അസോസിയേഷനിലും ചർച്ച ചെയ്യുക. അതിന് വേണ്ടി ഒരു മീറ്റിംഗ് വിളിക്കുക.

എങ്ങനെയാണ് വ്യക്തികളും കുടുംബവും റെസിഡന്റ് അസോസിയേഷനും സ്‌കൂളും ഓഫീസും ഒക്കെ സുരക്ഷക്ക് തയ്യാറെടുക്കേണ്ടത് എന്ന് ഞാൻ വരും ദിവസങ്ങളിൽ എഴുതാം.

അത് വരെ സുരക്ഷിതമായിരിക്കുക. നിങ്ങളുടെ സുരക്ഷയുടെ ഉത്തരവാദി നിങ്ങളാണ്, ഫയർ ഡിപ്പാർട്ട്മെന്റോ ദുരന്ത നിവാരണ അതോറിറ്റിയോ അല്ല എന്ന വിശ്വാസം ഇപ്പോൾ തന്നെ ഉറപ്പിക്കുക.

മുരളി തുമ്മാരുകുടി

 

Leave a Comment