പൊതു വിഭാഗം

എങ്ങനെയാണ് അപകടങ്ങൾ മരിക്കുന്നത്?

 കൊച്ചിൻ കപ്പൽശാലയിൽ അപകടത്തിൽ അഞ്ചുപേർ മരിച്ചു എന്ന വാർത്ത ഏറെ സങ്കടത്തോടെ കേൾക്കുന്നു. കുറച്ചുപേർക്ക് പരിക്കും പറ്റിയിട്ടുണ്ട്, അവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ഇന്നും നാളെയും ഇതിനെപ്പറ്റിയുള്ള വാർത്തകൾ ആയിരിക്കുമല്ലോ പത്രങ്ങളിലും ചാനലുകളിലും. അതുകൊണ്ട് മാധ്യമങ്ങൾക്ക് വേണ്ടിയുള്ള ചില വിവരങ്ങൾ ഇവിടെ എഴുതാം.
 
കൊച്ചിയിൽ നടന്ന അപകടത്തെക്കുറിച്ച് മാധ്യമങ്ങളിൽ വായിച്ചതല്ലാതെ എനിക്ക് യാതൊരു അറിവുമില്ല, അതുകൊണ്ട് ഈ പോസ്റ്റ് ആധികാരികമായോ ഊഹാപോഹമായോ എടുക്കരുത്. മറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ശരിയായ ചോദ്യങ്ങൾ ചോദിക്കാനുമുള്ള ഒരു ചൂണ്ടുപലകയായി മാത്രം എടുത്താൽ മതി.
 
1. ലഭ്യമായ വിവരമനുസരിച്ച് എൻ ജി സി യുടെ എണ്ണ കുഴിക്കുന്ന സാഗർ ഭൂഷൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഈ കപ്പലിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭ്യമാണ് (http://www.marinetraffic.com/…/imo:840…/vessel:SAGAR_BHUSHAN).
 
2. ലഭ്യമായ വിവരങ്ങൾ വെച്ച് ബാലസ്റ്റ് ടാങ്കിലുണ്ടായ പൊട്ടിത്തെറിയാണ് മരണകാരണം ആയത്. ബാലസ്റ്റ് ടാങ്ക് കപ്പലുകളുടെ ബാലൻസ് നിലനിർത്താനുള്ള വെള്ളം ശേഖരിച്ചു വെക്കുന്ന ഇടമാണ് (http://www.brighthubengineering.com/…/66722-what-is-ballas…/). സാധാരണഗതിയിൽ അതിനകത്ത് പൊട്ടിത്തെറിക്കുന്ന വാതകങ്ങളൊന്നും ഉണ്ടാവാറില്ല.
 
3. ബാലസ്റ് ടാങ്ക് മറ്റുള്ള എന്തെങ്കിലും ശേഖരിക്കാൻ ഉപയോഗിക്കുകയോ, ടാങ്കിൽ എണ്ണയോ മറ്റെന്തെങ്കിലും കലരുകയോ ചെയ്താൽ അവിടെ തീപിടിത്തവും പൊട്ടിത്തെറിയും ഉണ്ടാകാം. ഇത് പക്ഷെ സാധാരണമല്ല.
 
4. ബാലസ്റ് ടാങ്കിൽ കടൽ വെള്ളമാണ് പൊതുവെ ശേഖരിക്കുന്നത്, അത് കപ്പലിനെ തുരുമ്പു പിടിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഈ ടാങ്കുകൾ ഇടക്കിടക്ക് പെയിന്റ് ചെയ്യേണ്ടതാണ്. ഇടുങ്ങിയ, വായു സഞ്ചാരമില്ലാത്ത ഇടമാണ് (confined space) ബാലസ്റ് ടാങ്കുകൾ. അവിടെ പെയിന്റ് ചെയ്യുമ്പോൾ പെയിന്റിൽ നിന്നും വമിക്കുന്ന വാതകങ്ങൾ ടാങ്കിനുള്ളിൽ നിറഞ്ഞാണ് പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ടാകുന്നത്. ഇത്തരം അനവധി അപകടങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. (https://www.atsb.gov.au/media/24892/mair174_001.pdf)
 
5. ബാലസ്റ്റ് ടാങ്കിൽ ഇറങ്ങി വെൽഡിങ് ചെയ്യുന്ന സമയത്ത് വെൽഡിങ് ഗ്യാസ് ലീക്കായോ മറ്റേതെങ്കിലും തരത്തിൽ അവിടെയുണ്ടായിരുന്ന വാതകങ്ങൾക്ക് തീ പിടിച്ചോ അപകടമുണ്ടായിട്ടുണ്ട് (https://officerofthewatch.com/…/incident-information-on-ba…/).
 
ഇടുങ്ങിയ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നതിന് അന്താരാഷ്ട്രമായി ചില മാർഗ്ഗരേഖകളുണ്ട്. പ്രത്യേക പരിശീലനം നേടിയ തൊഴിലാളികളേ അവിടെ പണി ചെയ്യാവൂ, പണി ചെയ്യുന്നതിന് മുൻപ് ‘hot work permit’ എടുക്കണം. പണി തുടങ്ങുന്നതിന് മുൻപ് അവിടെ പൊട്ടിത്തെറിക്കുന്ന ഗ്യാസ് ഇല്ല എന്നും ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും ഉറപ്പു വരുത്തണം. (http://www.asse.org/guidelines-for-hot-work-in-confined-sp…/).
 
എനിക്കറിയാവുന്നിടത്തോളം സുരക്ഷയുടെ നല്ല മാതൃകകൾ പിൻതുടരുന്ന ഒരു കമ്പനിയാണ് ഷിപ്പ് യാർഡ്. എന്നിട്ടും അവിടെ അപകടമുണ്ടായത് ഖേദകരമാണ്. ഈ അപകടത്തെക്കുറിച്ച് പ്രൊഫഷണലായ Incident Investigation നടത്തി ഇനി അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞാൻ എപ്പോഴും പറയാറുള്ളതു പോലെ നമ്മുടെ അടുത്തുണ്ടാകുന്ന അപകടങ്ങളിൽ നിന്നും മാത്രമല്ല നാം പഠിക്കേണ്ടത്. ലോകത്ത് നടന്ന അനവധി അപകടങ്ങളിൽ നിന്ന് നമ്മൾ പാഠങ്ങൾ പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. കപ്പൽ ശാലയിലും റിഫൈനറിയിലും മാത്രമല്ല സീവറിലും സെപ്റ്റിക്ക് ടാങ്കിലും കിണറിലും ഉൾപ്പടെ ഇടുങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഈ അപകട സാധ്യതകളുണ്ട്. എന്താണെങ്കിലും കൊച്ചിയിലെ അപകടം ഇത്തരത്തിലുള്ള തൊഴിലുകൾ ചെയ്യുന്ന എല്ലാവർക്കും പാഠങ്ങൾ പഠിക്കാനുള്ള അവസരമാണ്. അങ്ങനെ ചെയ്യുമ്പോൾ ആണ് അപകടങ്ങൾ മരിക്കുന്നത്.
 
സുരക്ഷിതരായിരിക്കുക.
 
മുരളി തുമ്മാരുകുടി

Leave a Comment