പൊതു വിഭാഗം

എം ടി രണ്ടാമന് ഡിമാൻഡ് കൂടുന്നു…

കുറച്ച് ദിവസങ്ങളായി കാര്യമായി എന്തെങ്കിലും എഴുതിയിട്ട്. നാട്ടിൽ നിന്നും പോന്നതിൽ പിന്നെ യാത്ര തന്നെ ആയിരുന്നു. ജനീവയിൽ വന്നിട്ട് ഇരുപത്തി നാലു മണിക്കൂർ പോലും അവിടെ ഉണ്ടായില്ല. ഈ ആഴ്ച ഹെയ്തിയിൽ ആണ്. ജെറ്റ് ലാഗ് ആയി രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റും പകൽ ഉറക്കം തൂങ്ങിയും ഇരിക്കുന്നു. ഇനി അടുത്ത ഞായറാഴ്ച ജനീവയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞാലേ കാര്യങ്ങൾ പൂർവ്വസ്ഥിതി പ്രാപിക്കൂ. അതിനിടയിൽ നൈജീരിയയിലെ വെള്ളപ്പൊക്കത്തിന്റെ വാർത്ത ഉണ്ട്, ഒരു പക്ഷേ അങ്ങോട്ടും പോകേണ്ടി വരും.
 
എത്ര തിരക്കിലും കേരളത്തിലെ സാഹചര്യത്തിൽ നിന്നും കണ്ണെടുത്തിട്ടില്ല. ഇനിയുള്ള കാര്യങ്ങൾ അല്പം സമയം എടുത്തു ചെയ്യേണ്ടവയാണ്. സ്ഥല വിനിയോഗം തൊട്ടു കാലാവസ്ഥ വ്യതിയാനം വരെയുള്ള അനവധി വിഷയങ്ങളിൽ പുതിയ നയവും നിയമങ്ങളും ഉണ്ടായാലേ നവകേരളം സാധ്യമാകൂ. ലോകത്ത് മറ്റു വൻ ദുരന്തങ്ങൾ ഉണ്ടായില്ലെങ്കിൽ ഇതിനെപ്പറ്റി ഒക്ടോബർ ഒന്ന് മുതൽ തുടർച്ചയായി ഒരു സീരീസ് എഴുതുന്നുണ്ട്.
അതിനിടക്ക് തന്നെ ഓരോ ദിവസവും എഴുതാനും സംസാരിക്കാനും ഇന്റർവ്യൂവിനും ഒക്കെയായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും അനവധി റിക്വസ്റ്റ് വരുന്നുണ്ട്. സാധാരണ ഗതിയിൽ ഞാൻ എഴുത്തിനോ പ്രസംഗത്തിനോ ഒന്നും പണം വാങ്ങാറില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പക്ഷെ ഡിമാൻഡ് ഇങ്ങനെ കൂടി വരുന്ന സാഹചര്യത്തിൽ അത് മാറുകയാണ്.
 
ഒക്ടോബർ ഒന്നു മുതൽ ദുരന്തത്തെപ്പറ്റി സംസാരിക്കാൻ ഏതെങ്കിലും പ്രോഗ്രാമിന് എന്നെ വിളിക്കുന്നുണ്ടെങ്കിൽ ഉചിതമായ ഒരു തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം. എന്താണ് ഉചിതം എന്നൊന്നും ഞാൻ പറയുന്നില്ല, നിങ്ങളുടെ പ്രോഗ്രാമിന്റെ വലുപ്പവും പ്രസ്ഥാനത്തിന്റെ കഴിവും അനുസരിച്ചു ചെയ്‌താൽ മതി.
 
വ്യക്‌തിപരവും ഔദ്യോഗികവുമായ കാരണങ്ങളാൽ ഒക്ടോബർ മുതൽ ഡിസംബർ വരെ പല പ്രാവശ്യം ഗൾഫിലും കേരളത്തിലും ഡൽഹി, ചെന്നൈ, ബാംഗ്ളൂർ, എന്നിവിടങ്ങളിലും ഉണ്ടാകും. എന്തെങ്കിലും പ്രോഗ്രാം നടത്താൻ പ്ലാൻ ഉള്ളവർ +91 94471 24395 എന്ന നമ്പറിൽ വിളിച്ചു തീയതി നിശ്ചയിച്ചാൽ മതി.
(സർക്കാർ സംവിധാനങ്ങളിൽ സംസാരിക്കാൻ തീർച്ചയായും ഒരു ഡിമാൻഡും ഇല്ല. അതുപോലെ തന്നെ എം ടി രണ്ടാമന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾ നടത്തുന്ന പരിപാടിക്കും ഡിമാന്റുകൾ ഇല്ല).
 
മുരളി തുമ്മാരുകുടി
 

Leave a Comment