ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊർന്ന് വരികയോ ഒഴുകി വരികയോ ആണ്. അതിന്റെ രീതിയിലും രക്ഷാപ്രവർത്തനത്തിലും പ്രതിരോധത്തിലും ഉള്ള സാമ്യം കാരണം തൽക്കാലം ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുന്പോൾ ഉരുൾ പൊട്ടൽ എന്ന് പറയാം.
ഈ വർഷം കൂടുതൽ മരണം സംഭവിച്ചത് ഉരുൾപൊട്ടലിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് മറ്റു സ്ഥലങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ നോക്കുന്പോൾ സമാനമാണ്. ഉരുൾ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ പാതയിൽ പെട്ടാൽ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ് കാരണം;
1. പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ സംഭവിക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്താൽ ഓരോ തവണയും പുഴയിൽ വെള്ളം ഉയരുമെന്നത് കൃത്യമായ ശാസ്ത്രം ആകുന്പോൾ കുന്നിൻ മുകളിൽ മഴ പെയ്താൽ കുന്നിടിഞ്ഞു വരുമെന്നത് അത്ര സ്വാഭാവികമല്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകൾ നൽകുക എളുപ്പമല്ല. ഇതാണ് ഉരുൾ പൊട്ടലിൽ ഏറെ ആളുകൾ മരിക്കാൻ കാരണം. തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വർഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന മലയും ആയിരിക്കും. അതുകൊണ്ട് ഓരോ മഴക്കാലത്തും അവർ അവിടെ നിന്നും മാറി താമസിക്കില്ല. പക്ഷെ ചില വർഷങ്ങളിൽ ഒന്നിൽ കൂടുതൽ സാഹചര്യങ്ങൾ ഒരുമിച്ചു വരുന്പോൾ കുന്നിടിഞ്ഞു താഴേക്ക് വരും, ആളുകൾ അടിപ്പെടുകയും ചെയ്യും.
2. സാധാരണഗതിയിൽ ഉരുൾ പൊട്ടലിന്റെ വീഡിയോ ചിത്രങ്ങൾ ലഭ്യമാകാറില്ല, പക്ഷെ ലഭ്യമായ അപൂർവ്വം വീഡിയോകൾ കണ്ടൽ അറിയാം എത്ര ഭീതിതമായ വേഗത്തിലാണ് അത് സംഭവിക്കുന്നതെന്ന്. അതിൽ നിന്നും ഓടി രക്ഷപ്പെടുക എളുപ്പമല്ല. രാത്രിയിലാണെങ്കിൽ നമ്മൾ അറിയുക കൂടി ഇല്ലല്ലോ.
4. മണ്ണും വെള്ളവും ചിലപ്പോൾ കല്ലും കൂടിയാണ് കുത്തിയൊഴുകി വരുന്നത്. അതിനകത്ത് പെട്ടാൽ നമ്മൾ മരിക്കുന്നതിന് മുൻപ് തന്നെ നമുക്ക് നന്നായി പരിക്ക് പറ്റും. വെള്ളത്തിൽ പെടുന്നവർക്ക് നീന്തി രക്ഷപെടാനുള്ള ഒരു സാധ്യത എങ്കിലും ഉണ്ട്. മണ്ണൊലിപ്പിൽ പെടുന്നവർക്ക് അതിനുള്ള ആരോഗ്യമോ ബോധമോ പലപ്പോഴും ഉണ്ടാകില്ല.
5. ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലും പെടുന്ന ഭൂരിഭാഗം പേരും വേഗം തന്നെ മരിച്ചിരിക്കും, ഇനി അഥവാ ഏതെങ്കിലും പറയുടെയോ ഭിത്തിയുടെയോ മറവിൽ ജീവനോടെ ഉണ്ടെങ്കിലും ബോധം മറഞ്ഞിരിക്കാനാണ് കൂടുതൽ സാധ്യത. ഇത്തരം സാഹചര്യങ്ങൾ അപൂർവ്വമാണ്.
ഈ പറഞ്ഞ കാര്യങ്ങളാൽ ഉരുൾ പൊട്ടലിന്റെയും മണ്ണൊലിപ്പിന്റെയും സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്നത് രക്ഷാ പ്രവർത്തനത്തിൽ (റെസ്ക്യൂ) ഉപരി വീണ്ടെടുക്കൽ (റിക്കവറി) ആണ്. ഇത് മനസ്സിലാക്കി വേണം ഉരുൾ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാഹചര്യത്തിൽ നമ്മൾ ഇടപെടാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നു.
1. ഉരുൾ പൊട്ടിയ പ്രദേശത്ത് ആളുകൾ ജീവനോടെ ബാക്കി ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കുറവാണെന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ ഏറ്റവും വേഗത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാൻ ചെയ്തു പ്രവർത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളേയും പറഞ്ഞു മനസിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.
2. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാൽ അവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാര്യം മനസ്സിലാക്കി വേണം വീണ്ടെടുക്കൽ പ്രവർത്തനം തുടങ്ങാൻ. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്പോഴോ വീണ്ടെടുക്കൽ പ്രവർത്തനം നടത്തുന്നത് എല്ലാവരുടെയും അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്. ആളുകളുടെ സമ്മർദ്ദം ഉണ്ടാകുമെങ്കിലും അത് ചെയ്യാതിരിക്കുന്നതാണ് ശരിയായ രീതി.
3. മണ്ണടിച്ചിലും ഉരുൾ പൊട്ടലും നടന്ന സ്ഥലം അസ്ഥിരമായതിനാൽ ഏറെ വാഹനങ്ങളും, പ്രത്യേകിച്ച് ജെ സി ബി യും ഹെവി വാഹനങ്ങളും എത്തിക്കുന്നത് അപകട സാധ്യത കൂട്ടുകയാണ്. ആളുകൾ മണ്ണിൽ പുതഞ്ഞു ജീവനോടെ കിടക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കലാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത്. അതിന് ഹെവി വാഹനങ്ങളല്ല, ശാസ്ത്രീയമായ ഉപകരണങ്ങളാണ് വേണ്ടത്.
4. ഏറ്റവും കുറച്ചാളുകൾ, അതും പരിശീലനം ലഭിച്ചവർ മാത്രമേ ആദ്യ ഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങാവൂ. മണ്ണിനടിയിൽ ആളുകൾ ഉണ്ടോ എന്നറിയാനുള്ള ചെറിയ റഡാർ ഉപകരണങ്ങൾ, മണ്ണിനടിയിൽ കിടക്കുന്ന ആൾ ജീവനോടെ ആണോ എന്ന് പരിശോധിക്കാൻ കഴിയുന്ന ഇൻഫ്രാ റെഡ് ഉപകരണങ്ങൾ, ചെറിയ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിയുന്ന പ്രോബ് മൈക്രോഫോൺ, ദുരന്തമുള്ള പ്രദേശത്തേക്ക് പോകാതെ സുരക്ഷിതമായി നിന്ന് ആകാശ വീക്ഷണം നടത്താൻ പറ്റിയ ഡ്രോണുകൾ എന്നിങ്ങനെ അനവധി ആധുനിക സംവിധാനങ്ങൾ രക്ഷാ സംവിധാനത്തിൽ ഉണ്ടാകണം.
5. ഫയർഫോഴ്‌സും നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി ജെ സി ബിയും മറ്റു വാഹനങ്ങളുമായി കൂട്ടമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. ദുരന്ത പ്രദേശത്ത് ആളുകൾ കൂടുന്നത് അവരുടെ ദുരന്ത സാധ്യത കൂട്ടുന്നു എന്നത് കൂടാതെ അസ്ഥിരമായ പ്രദേശം കൂടുതൽ അസ്ഥിരമാക്കി കൂടുതൽ അപകടം വിളിച്ചു വരുത്താനുള്ള സാധ്യത കൂടിയുണ്ട്.
6. രക്ഷാപ്രവർത്തനത്തിനോ റിക്കവറി പ്രവർത്തനത്തിനോ ആയിരം കാഴ്ചക്കാരുടെ ഒരാവശ്യവും ഇല്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. മാധ്യമങ്ങളും ഏറ്റവും സുരക്ഷിതമായ സ്ഥലത്തു നിന്നും ദൃശ്യങ്ങൾ പകർത്തുന്നതാണ് ശരി.
7. രക്ഷാ പ്രവർത്തനത്തിന്റെ സംയോജനവും പ്രഥമ ചികിൽസയും രക്ഷാപ്രവർത്തകർക്ക് ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളുമെല്ലാം ദുരന്ത പ്രദേശത്തു നിന്നും മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് മാത്രമേ സെറ്റ് ചെയ്യാവൂ (ഓൺ സൈറ്റ് കമാൻഡ് ആൻഡ് റെസ്ക്യൂ സെന്റർ). അവിടെ നിന്നും ദുരന്ത പ്രദേശത്തേക്ക് പോകുന്നത് പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ മാത്രം ആകണം. അവരുടെ കൃത്യമായ എണ്ണം വേണം, ഒരു ബഡി സംവിധാനത്തിൽ പ്രവർത്തിക്കുകയും വേണം (എപ്പോഴും രണ്ടു പേർ ഒരു ടീം ആയി).
8. മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനം നടക്കുന്നിടത്തേക്ക് വി ഐ പി കൾ വരുന്ന സാഹചര്യം ഉണ്ടാകരുത്. അവർ വന്നാൽ തന്നെ ദൂരെയുള്ള ഓൺ സൈറ്റ് കമാൻഡ് സെന്ററിൽ നിന്ന് കാര്യങ്ങൾ അറിയാമല്ലോ.
9. ദുരന്തന്തിൽ അകപ്പെട്ടവരുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ദുരന്തമുഖത്തു നിന്നും മാറ്റുന്നതാണ് അവരുടെ മാനസിക ആരോഗ്യത്തിനും രക്ഷാപ്രവർത്തനത്തിന് പ്രൊഫഷണലിസത്തിനും നല്ലത്. അല്ലെങ്കിൽ ഇരു കൂട്ടരും മാനസിക സമ്മർദ്ദത്തിൽ ആകും, അക്രമം വരെ ഉണ്ടാകാം.
10. ദുരന്തത്തിൽ എത്ര പേർ പെട്ടിട്ടുണ്ട് എന്നതിനെ പറ്റി ആദ്യമേ കിട്ടുന്ന വിവരങ്ങൾ പൊതുവെ തെറ്റും പെരുപ്പിച്ചതും ആയിരിക്കും. ഈ വിവരങ്ങൾ ഏറ്റവും കൃത്യമായി ശേഖരിക്കാൻ ആ നാട്ടിലെ പഞ്ചായത്ത് മെന്പറും പോലീസും ഉൾപ്പെട്ട ഒരു ചെറിയ ഗ്രൂപ്പ് വേണം. അപകടത്തിൽ പെടാത്ത ആളുകളെ തിരഞ്ഞു സമയം കളയുകയും ദുരന്ത സാധ്യത കൂട്ടുകയും ചെയ്യരുതല്ലോ.
11. രക്ഷാ പ്രവർത്തനത്തിനിടക്ക് മഴ കനക്കുകയോ അപകട സാധ്യത കൂടുകയോ ചെയ്യുന്നതായി തോന്നിയാൽ രക്ഷാ – റിക്കവറി പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കാൻ ഉന്നത ഉദ്യോഗസ്ഥൻ തീരുമാനിക്കണം. ഈ തീരുമാനം മറ്റുള്ളവർ, ജനപ്രതിനിധികൾ ഉൾപ്പടെ, അംഗീകരിക്കുകയും വേണം.
12. ആദ്യമേ പറഞ്ഞത് പോലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തിൽ ആളുകൾ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. പലപ്പോഴും മരിച്ച ആളുടെ മൃതശരീരം പോലും ലഭ്യമായില്ല എന്ന് വരാം. ഇക്കാര്യം എല്ലാവരും മനസ്സിലാക്കണം, നാട്ടുകാരേയും ബന്ധുക്കളേയും പറഞ്ഞു മനസ്സിലാക്കുകയും വേണം.
ഒരു വർഷത്തെ പ്രളയവും അടുത്ത വർഷത്തെ പ്രളയവും തമ്മിൽ പരസ്പര ബന്ധമില്ല. പക്ഷെ മണ്ണിടിച്ചിലിന്റെ കാര്യം അങ്ങനെയല്ല. ഒരു വർഷം മണ്ണിടിഞ്ഞ് അസ്ഥിരമായ സ്ഥലത്ത് അടുത്ത വർഷവും മണ്ണിടിയാനുള്ള സാധ്യതയുണ്ട്, പലപ്പോഴും കൂടുതലുമാണ്. കഴിഞ്ഞ വർഷത്തെ പെരുമഴ ഈ വർഷം മണ്ണിടിച്ചിലിന്റെയും ഉരുൾ പൊട്ടലിന്റെയും സാധ്യത വളരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ചെറിയ മഴയിൽ പോലും ഇനിയും വലിയ മണ്ണിടിച്ചിൽ ഉണ്ടാകാം, വരും വർഷങ്ങളിൽ ഇത് തുടരും. മുൻകരുതലുകൾ എടുക്കുക എന്നത് പ്രധാനമാണ്.
എങ്ങനെയാണ് മണ്ണിടിച്ചിൽ അല്ലെങ്കിൽ ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്? അത് എങ്ങനെ കുറക്കാം? എന്നൊക്കെ ഈ ദുരന്തകാലത്തിന് ശേഷം എഴുതാം.
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
പെരുന്പാവൂർ, ആഗസ്റ്റ് 11, 10 മണി
Leave a Comment