2003 ലാണ് ഒമാനിൽ നിന്നും സ്വിറ്റ്സർലാൻഡിലേക്ക് താമസം മാറ്റിയത്. ഒമാനിൽ വേനൽക്കാലത്ത് ചൂട് വളരെ കൂടി അന്പത് ഡിഗ്രിയോടടുക്കും. (അന്പത് ഡിഗ്രിയിൽ കൂടിയാൽ എല്ലാ ജോലികളും നിറുത്തിവെക്കണം എന്ന നിർദ്ദേശമുള്ളതിനാൽ തെർമോമീറ്ററിൽ അന്പത് ഡിഗ്രിയുടെ മുകളിൽ മാർക്കിങ്ങ് ഇല്ല എന്ന് ഞങ്ങൾ തമാശയായി പറയാറുണ്ട്). ഓഫിസും വീടും എ സി ആയതിനാൽ അതിനകത്ത് കയറിയാൽ പിന്നെ വലിയ പ്രശ്നമില്ല. ഇടക്കെപ്പോഴെങ്കിലും പുറത്തിറങ്ങേണ്ടി വന്നാൽ മുഖത്തേക്ക് ചൂട് കാറ്റടിക്കും. കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചാൽ കൈ പൊള്ളും, സീറ്റിൽ ഇരിക്കുന്പോൾ ആസനവും!
യൂറോപ്പിൽ എത്തിയപ്പോൾ ‘ഈ കൊടും ചൂടിൽ നിന്നും രക്ഷപെട്ടു’ എന്നതായിരുന്നു ആദ്യത്തെ ചിന്ത. മാർച്ച് മുതൽ ജൂൺ വരെ സംഗതി സത്യവും ആയിരുന്നു. എന്നാൽ ആ വർഷം അപ്രതീക്ഷിതമായി യൂറോപ്പിൽ ചൂടങ്ങു കൂടി. സാധാരണ മുപ്പത് ഡിഗ്രിയുടെ മുകളിൽ ചൂട് പോകാത്ത ജനീവയിൽ തെർമോമീറ്റർ നാല്പതിലേക്ക് കുതിച്ചു.
തണുപ്പിനെ നേരിടാൻ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായി തയ്യാറെടുത്തിട്ടുണ്ടെങ്കിലും ചൂടിന്റെ കാര്യത്തിൽ അങ്ങനെയല്ല. വീടുകളിൽ എ സി ഇല്ല, കാറുകളിൽ തന്നെ സാധാരണമല്ല. ആളുകൾ മുപ്പതിന് മുകളിൽ ചൂടെത്തിയാൽ എന്ത് ചെയ്യണമെന്നറിയാതെ എരിപൊരി സഞ്ചാരമാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ അളവ് പടിപടിയായി കുറഞ്ഞു വരും. അവസാനം അല്പവസ്ത്രത്തോടെയോ വസ്ത്രം ഇല്ലാതെയോ പാർക്കിലെ ഫൗണ്ടൻ മുതൽ ജനീവ തടാകത്തിൽ വരെ എടുത്തു ചാടി അവിടെ കിടക്കും. വെള്ളം കൊണ്ട് ചൂടുകുറക്കുക എന്നതാണ് ബാക്കി ചെയ്യാനുള്ളത്.
അല്പവസ്ത്ര ധാരണം പരിചയമില്ലാത്ത ഞാൻ അന്ന് വളരെ കഷ്ടപ്പെട്ടു. കടയിൽ എ സി പോയിട്ട് ഒരു ഫാൻ പോലും കിട്ടാനില്ലായിരുന്നു. രാത്രി ആയാൽ അല്പം തണുപ്പുണ്ട്, പക്ഷെ രാത്രി ആകുന്നത് വൈകീട്ട് പത്തുമണി കഴിഞ്ഞാണ്. രാവിലെ അഞ്ചുമണിക്കേ സൂര്യൻ ഉദിച്ചു നിൽക്കുകയും ചെയ്യും.
നാഗ്‌പൂരിലും കാൺപൂരിലും മസ്കറ്റിലും കിട്ടിയ പരിശീലനം കൊണ്ട് 2003 ലെ വേനൽക്കാലം ഞാൻ പിടിച്ചു നിന്നു. പക്ഷെ യൂറോപ്പിലെ അനേകായിരം ആളുകൾക്ക് അത് സാധിച്ചില്ല. ചൂടുകൊണ്ട് ആളുകൾ വീണു മരിക്കുകയല്ല ചെയ്‌തത്. ചൂടുകാലം കഴിഞ്ഞ് ആ വർഷത്തെ മരണനിരക്ക് മുൻപത്തെ നിരക്കുമായി താരതമ്യം ചെയ്ത സർക്കാരുകൾ ഞെട്ടി. യൂറോപ്പിൽ മൊത്തം മുപ്പത്തയ്യായിരം ആളുകൾ അധികമായി മരിച്ചു. ഫ്രാൻസിൽ മാത്രം പതിനാലായിരത്തോളം ആളുകൾ. ഈ കാര്യം മുൻകൂട്ടി അറിഞ്ഞു കൈകാര്യം ചെയ്യാൻ പറ്റാത്തതിനെ ചൊല്ലി ഏറെ വിവാദമുണ്ടായി, ഫ്രാൻസിലെ ആരോഗ്യമന്ത്രിയുടെ പണി പോയി.
ഈ ആഴ്ച യൂറോപ്പിൽ വീണ്ടും അത്യുഷ്ണം ആണ് പ്രവചിച്ചിരിക്കുന്നത്. ജനീവയിൽ 38 ഡിഗ്രിയാണ് വ്യാഴാഴ്ച്ച പ്രവചിച്ചിരിക്കുന്നത്. ഫ്രാൻസിൽ ഇത്തവണ ചൂട് 40 കടക്കും. 2003 ൽ തന്നെ പാഠങ്ങൾ പഠിച്ചതിനാൽ യൂറോപ്പ് ഇപ്പോൾ കൂടുതൽ സജ്ജമാണെങ്കിലും വീട്ടിലും ഓഫിസിലും എ സി ഇപ്പോഴും ഇല്ല. അല്പവസ്ത്രധാരണവും വെള്ളത്തിൽ ചാടലും ഒക്കെത്തന്നെയാണ് ഭൂരിഭാഗം ആളുകളും ചെയ്യാൻ പോകുന്നത്. ഒന്നര പതിറ്റാണ്ടിന്റെ യൂറോപ്യൻ ജീവിതം കാരണം ആവശ്യമെങ്കിൽ വസ്ത്രമില്ലാതേയും തടാകത്തിൽ ചാടാനുള്ള മനക്കരുത്തൊക്കെ ഇപ്പോൾ എനിക്കുണ്ട്. ആയതിനാൽ വലിയ കുഴപ്പമുണ്ടാകില്ല എന്ന് കരുതാം. കാര്യങ്ങൾ മുന്നേറുന്ന നിലക്ക് സെൽഫി പോസ്റ്റ് ചെയ്യാം !
യൂറോപ്പിലുള്ള മലയാളികൾ സുരക്ഷിതരായിരിക്കുക. ‘ഈ നാല്പതൊക്കെ എന്ത്, ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു’ എന്ന ഭാവം വിടണം. വസ്ത്രധാരണത്തിലും അല്പം യൂറോപ്പ്യൻ ഭാവം ആകാം.
മുരളി തുമ്മാരുകുടി
Leave a Comment