പൊതു വിഭാഗം

ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന മാറ്റങ്ങൾ

ഇന്നലെ, ഫെബ്രുവരി 18, 2024, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ച് കേരള മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചീഫ് സെക്രട്ടറിയും മിക്ക യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർമാരും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.

നാല്പത് മിനുട്ടോളം മുഖ്യമന്ത്രി സംസാരിച്ചു. അതിന് ശേഷം അറുപത് വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിച്ചു. മൂന്നു മണിക്കൂറിൽ കൂടുതൽ നീണ്ട ചടങ്ങായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്താൻ പോകുന്ന വലിയ ചില മാറ്റങ്ങളെ പറ്റി അദ്ദേഹം സംസാരിച്ചിരുന്നു. നമ്മുടെ മാധ്യമങ്ങൾ ഒന്നും അത് റിപ്പോർട്ട് ചെയ്തതായി കണ്ടില്ല.

എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്.

  1. കേരളത്തിലെ ഏതൊരു യൂണിവേഴ്സിറ്റിയിൽ നിന്നും മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ലഭ്യമാകും.
  2. കേരളത്തിലെ ഏതൊരു കോളേജിൽ നിന്നും മറ്റൊരു കോളേജിലേക്കും ട്രാൻസ്ഫർ സാധ്യമാകും.
  3. ബിരുദ പഠനത്തിന് ഇപ്പോഴത്തെ പോലെ നിയന്ത്രിതമായ വിഷയങ്ങൾ അല്ല, കുട്ടികൾക്ക് ഇഷ്ടമുള്ള ഇലെക്റ്റീവുകൾ എടുക്കാനുള്ള അവസരം ഉണ്ടാകും. കണക്കും സംഗീതവും പഠിക്കാം, ഫിസിക്‌സും സൈക്കോളജിയും പഠിക്കാം.
  4. ബിരുദപഠനത്തോടൊപ്പം എന്തെങ്കിലും തൊഴിൽ പഠിക്കാം.
  5. ബിരുദ പഠനത്തിനിടെ പാർട്ട് ടൈം ജോലി ചെയ്യാം. വേണമെങ്കിൽ ഒരു സെമസ്റ്റർ മൊത്തമായി മാറി നിൽക്കാം.
  6. മിടുക്കരായ വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തെ ബിരുദം രണ്ടര വർഷത്തിൽ ചെയ്തു തീർക്കാം.
  7. പഠിച്ചു  കഴിഞ്ഞാൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും സമയബന്ധിതമായി ലഭിക്കും.
  8. മുൻ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാനായി Kerala  Resources for Educational Administration and Planning (K-REAP) എന്നൊരു സംവിധാനം ഉണ്ടാകും.

ഈ കാര്യങ്ങളെല്ലാം ഞാൻ ഉൾപ്പടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിയിൽ താല്പര്യമുള്ളവർ ഏറെ നാളുകളായി പറയുന്നതാണ്. പുതിയ വിദ്യാഭ്യാസ നയം ഇതിനുള്ള അവസരങ്ങൾ നൽകുന്നുമുണ്ട്. കേരളത്തിൽ ഉള്ള സംസ്ഥാന സർവ്വകലാശാലകൾ തമ്മിൽ മാത്രമല്ല കേന്ദ്ര യൂണിവേഴ്സിറ്റി, ഐ.ഐ.ടി, ഐ.ഐ.എം, ഗവേഷണ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ ഒക്കെ ഇതിന്റെ പരിധിയിൽ കൊണ്ടുവന്നാൽ തീർച്ചയായും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടവും ഗുണകരമായ മാറ്റങ്ങളും ഉണ്ടാകും. നമ്മുടെ യൂണിവേഴ്സിറ്റികൾക്കും ഓട്ടോണമസ് കോളേജുകൾക്കും  കേരളത്തിന് പുറത്തും വിദേശത്തും ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കാനുള്ള, സ്റ്റുഡന്റ്/ഫാക്കൽറ്റി എക്സ്ചേഞ്ച്  നടത്താനുള്ള സഹായവും കൂടി കൊടുത്താൽ തീർച്ചയായും അത് വലിയ പ്രയോജനം ചെയ്യും. ഈ മാറ്റങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനങ്ങൾ, നന്ദി.

ഇത്രയും അടിസ്ഥാനപരമായ മാറ്റങ്ങളെ പറ്റി മുഖ്യമന്ത്രി സംസാരിച്ചിട്ടും എന്തുകൊണ്ടാണ് ഇതൊന്നും വർത്തയാകാത്തത്? നല്ല വാർത്തകളിൽ വായനക്കാർക്ക് താല്പര്യം ഇല്ല എന്ന് മാധ്യമങ്ങൾ തീരുമാനിച്ചുറപ്പിച്ച മട്ടാണ്. ഇത് മാറണം.

മുരളി തുമ്മാരുകുടി 

May be an image of 7 people and text that says "cP Chief Minister's Office, Kerala was live. Yesterday at05:01 നവകേരള കാഴ്ുപ്പാടുകൾ മുഖാമുഖം പരിപാടി: മുഖ്യമന്ത്രി വിദ്യാർത... See more 'നവകേരള കാഴ്ചപ്പാടുകൾ' മുഖാമുഖം മുഖ്യമന്തരിയുമായ ിയുമായി മുഖാമുഖം വിജയൻ വിദ്യാർത്ഥി കളുമായി സംവദി ക്കുന്നു 2.9K 419 Like 114K 0 Comment Share Comments Hide Most relevant"

Leave a Comment