വെങ്ങോലക്കവലയിൽ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് തുമ്മാരുകുടി. അന്നുമിന്നും അവിടേക്ക് ബസ് സംവിധാനമൊന്നുമില്ല. കവലയിൽ ബസിറങ്ങി ഈ ദൂരം നടക്കുക തന്നെ വേണം. പണ്ട് ഞങ്ങൾക്കും സ്വന്തം വാഹനം ഒന്നുമില്ല. പല കച്ചവടക്കാരും സാധനങ്ങളുമായി വീടുകളിൽ എത്തുകയാണ് അക്കാലത്ത് പതിവ്. എന്നും മീനുമായി വരുന്ന ആലി മാപ്പിളയെപ്പറ്റി ഞാൻ പണ്ടേ എഴുതിയിട്ടുണ്ടല്ലോ. “സോപ്പ്, ചീപ്പ്, കണ്ണാടി” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വരുന്ന സ്ഥിരം കച്ചവടക്കാരന്റെ ചെറിയ പെട്ടിയിൽ ഒരു വീട്ടിലെ സ്ത്രീകൾക്കാവശ്യമായ സകല സൗന്ദര്യവർദ്ധക വസ്തുക്കളും കാണും. തലയിൽ ഉപ്പുചാക്കുമായി വരുന്ന “ഉപ്പുകാരൻ മാപ്പിള” മറ്റൊരു കാഴ്ചയാണ്. നാട്ടിലൊന്നും കിട്ടാത്ത വലിപ്പത്തിലും വെണ്മയിലും ഉള്ള ഉപ്പുമായാണ് പുള്ളിയുടെ വരവ്. ഒരു ലിറ്റർ കല്ലുപ്പിന് അന്ന് പത്തു പൈസയായിരുന്നു വില. ഒരു ദിവസം ഒരാൾക്ക് ചുമക്കാൻ പറ്റുന്നതിന്റെ പരമാവധി ഉപ്പ് ചുമന്നുനടന്ന് വിറ്റാൽ പോലും ദിവസം രണ്ടുരൂപ കിട്ടിയാലായി. അതിൽ ഉപ്പിനു കൊടുക്കുന്ന വില കഴിഞ്ഞാൽ പിന്നെ വില്പനക്കാരന് എന്ത് വരുമാനം കിട്ടും? എന്തായാലും അദ്ദേഹവും മുടങ്ങാതെ വന്നിരുന്നു. വീട്ടിൽ സ്ഥിരമായി വരുന്ന ഭിക്ഷക്കാർ ഉൾപ്പടെയുളളവരെപ്പറ്റി എനിക്ക് നല്ല ഓർമ്മകൾ ഉണ്ട്, അവർ ഓരോരുത്തരും ഓരോ കഥാപാത്രങ്ങളാണ്. സമയം കിട്ടുമ്പോൾ എല്ലാവരെയും പറ്റി എഴുതണം.
ഇക്കൂട്ടത്തിൽ വ്യത്യസ്തനായ ഒരാളായിരുന്നു, ബ്ലാവേലി വായിക്കാൻ വന്നിരുന്ന ചേട്ടൻ. ഈ ബ്ലാവേലി എന്ന സാധനം പുതിയ തലമുറ കണ്ടിട്ടുകൂടി ഉണ്ടാവില്ല. വളരെ മാന്യമായി വസ്ത്രം ധരിച്ച്, വലിയൊരു ചാക്കും ഒരു കലണ്ടറുമായാണ് ആളുടെ വരവ്. വീട്ടിലെത്തിയാലുടൻ ചാക്ക് പുറത്തുവെച്ച് കലണ്ടർ ചുമരിലെ ആണിയിൽ തൂക്കും. അപ്പോഴേക്കും ഞങ്ങൾ കുട്ടികളെല്ലാം ചുറ്റും ചമ്രം പടിഞ്ഞിരിക്കും.
കലണ്ടർ എന്ന് പറഞ്ഞത് തുണിയിൽ പെയിന്റ് ചെയ്ത ഒന്നാണ്. ഒരു പശുവും കുറച്ചാളുകളും അറുക്കപ്പെട്ട ഒരു തലയും കുറച്ച് പാത്രങ്ങളും ഒക്കെയാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഹാജരായിക്കഴിഞ്ഞാൽ അദ്ദേഹം ബ്ലാവേലി വായന തുടങ്ങും. കൈയിലുള്ള വടികൊണ്ട് ഓരോ ചിത്രത്തിലേക്കും ചൂണ്ടി ഒരു പ്രത്യേക സ്റ്റൈലിലാണ് കഥ പറയുന്നത്. തെളിച്ചു വർത്തമാനം പറയാത്ത ആളുകളെ “ബ്ളാവേലി വായനക്കാരനെ പോലെ” എന്നാണ് തുമ്മാരുകുടിയിൽ പൊതുവെ പറയുന്നത്.
കുട്ടികളുണ്ടാകാതെ ദുഃഖിച്ചിരുന്ന ദമ്പതികളുടെ വീട്ടിൽ ഒരു പരദേശി വരുന്നതാണ് കഥ. അവരുടെ ദുഃഖം അറിഞ്ഞ പരദേശി തന്റെ അനുഗ്രഹം കൊണ്ട് അവർക്ക് കുട്ടിയുണ്ടാകുമെന്ന് അനുഗ്രഹിച്ചു, ഒരു വ്യവസ്ഥയിൽ. കുട്ടിയുടെ അഞ്ചാം പിറന്നാളിന് താൻ വീണ്ടും വരുമെന്നും അന്ന് കുട്ടിയെ കൊന്ന് കറിവെച്ചു കൊടുക്കണമെന്നുമായിരുന്നു വ്യവസ്ഥ. കുട്ടിയുണ്ടാകാനുള്ള അദമ്യമായ ആഗ്രഹത്തിൽ ഗത്യന്തരമില്ലാതെ ദമ്പതികൾ വ്യവസ്ഥ അംഗീകരിക്കുന്നു. കുട്ടിയുടെ അഞ്ചാമത്തെ പിറന്നാളിന് അവനെ ബലികൊടുത്ത് അതിൽ നിന്ന് കറിയുണ്ടാക്കി വെക്കും. അതിന്റെ പടമാണ് കലണ്ടറിൽ ഉള്ളത്. അങ്ങനെ “ഉണ്ടക്കറിയും ഉതിരക്കറിയും” ഉണ്ടാക്കി ദമ്പതികൾ പരദേശിയെ കാത്തിരുന്നു. പിറന്നാൾ ദിനത്തിൽ അവിടെയെത്തിയ പരദേശി സദ്യ കഴിക്കുന്നതിന് മുൻപ് അവരോട് കുട്ടി എവിടെ എന്ന് ചോദിക്കും, അവർ മറുപടി പറയുന്നില്ല. ‘കുട്ടിയും സന്തോഷവും ഇല്ലാത്ത വീട്ടിൽ എങ്ങനെ ഭക്ഷണം കഴിക്കും, നിങ്ങൾ അവനെ പേരെടുത്ത് നീട്ടി വിളിക്കൂ’ എന്ന് പരദേശി പറയും. അങ്ങനെ അമ്മ വിളിക്കുമ്പോൾ ബലി കൊടുത്ത കുട്ടി ചിരിച്ചോടി വരുന്ന ശുഭ പര്യവസായിയാണ് ബ്ളാവേലി കഥ.
ഇതുപോലെ നാട്ടിൽ പട്ടുപാടുന്ന പുള്ളുവന്മാരും പുള്ളുവത്തിമാരും വരാറുണ്ടെങ്കിലും അവർ ഓരോ തവണയും വേറെ പാട്ടാണ് പാടുന്നത്. പക്ഷെ ഈ ബ്ളാവേലിക്കാരന്റെ അടുത്ത് ഇങ്ങനെ ഒരു കഥയേ ഉള്ളൂ. ഈ കഥ ഞാൻ എത്രയോ പ്രാവശ്യം കേട്ടിട്ടുണ്ട്. എന്നാൽ എന്തിനാണ് ഒരേ ആൾ ഒരേ സ്ഥലത്ത് ഒരേ കഥ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എല്ലാ വീട്ടിലും വന്ന് പറഞ്ഞിരുന്നത്? എന്തിനാണ് പല തവണ കേട്ടിട്ടും ഒരേ കഥ കേൾക്കാൻ ആളുകൾ അയാൾക്ക് പണം കൊടുത്തിരുന്നത്? ആർക്കറിയാം !
ഈ ബ്ലാവേലി വായനയുടെ അവസാനഭാഗത്ത് ഒരു തമാശയുണ്ട്. ‘ഈ ബ്ലാവേലി ദാനം ചെയ്തത് ഇന്ന വീട്ടിലെ ഇന്ന വലിയപ്പൻ/വലിയമ്മ’ എന്നുകൂടി പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്. അതിനുശേഷം ഇടങ്ങഴി നെല്ല് അയാൾക്ക് കൊടുക്കും, അതാണ് കൂലി. അഞ്ചിടങ്ങഴി നെല്ല് കൊടുത്താൽ അതിന് “ബ്ളാവേലി ദാനം” എന്ന പേരായി. വായനക്കാരൻ പിന്നെ അടുത്ത വീട്ടിൽ ചെല്ലുമ്പോൾ “ബ്ളാവേലി ദാനം ചെയ്തത്ന തുമ്മാരുകുടിയിലെ രണ്ടാമൻ” എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും, വേറെ ആരെങ്കിലും ബ്ളാവേലി ദാനം ചെയ്യുന്നത് വരെ.
ഇനി വായനക്കാരോട് രണ്ടു ചോദ്യം.
1. നിങ്ങൾ ബ്ലാവേലി വായന കേട്ടിട്ടുണ്ടോ?
2. ഇപ്പോൾ കേരളത്തിൽ എവിടെയെങ്കിലും ഒരു ബ്ലാവേലി വായനക്കാരൻ ഉണ്ടെങ്കിൽ അറിയിക്കുമോ. എം ടി രണ്ടാമന്റെ മ്യൂസിയത്തിലേക്ക് ഒരു ബ്ളാവേലി കളക്റ്റ് ചെയ്തു വക്കണം, പിന്നെ വായന ഒരു ഡോകുമെന്ററി ആക്കിവെക്കുകയും വേണം.
This is a good article