പൊതു വിഭാഗം

ഇവിടെ എന്തും എടുക്കും…

പുസ്തകം മുതൽ ചോക്കലേറ്റ് വരെ, യു ട്യൂബ് ചാനൽ മുതൽ ചായക്കട വരെ തുടങ്ങുന്ന സുഹൃത്തുക്കൾ അതെന്നെ അറിയിക്കാറുണ്ട്. വായിക്കുന്ന പുസ്തകം, കഴിക്കുന്ന ഭക്ഷണം, കാണുന്ന കാഴ്ചകൾ ഒക്കെ റിവ്യൂ ചെയ്ത് ഇവിടെ എഴുതാറുണ്ടല്ലോ.
 
അപ്പോഴാണ് Sukhesh Vadavil ന്റെ റിക്വസ്റ്റ്
“ചേട്ടാ, ഞാൻ ഒരു പുതിയ സ്പാ തുടങ്ങിയിട്ടുണ്ട്. ഒന്ന് വരണം”
ഈ സ്പാ എന്ന് വച്ചാൽ ലോകത്ത് പലതരം ഉണ്ടല്ലോ.
 
സ്വിറ്റ്സർലൻഡിലെ സോണ ഉൾപ്പെടെ സ്പായുടെ കഥ ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല, ജപ്പാനിലെ സോപ്പി സ്പായുടെ കഥ പറഞ്ഞിട്ടുമില്ല.
 
സാധാരണ ഇന്ത്യയിലെ മസ്സാജ് രണ്ടു തരം ആണ്. ഒന്ന് എണ്ണപ്പാത്തിയിൽ കിടത്തി ചവിട്ടി മെതിച്ചു പോകുന്ന തരത്തിലുള്ള ആയുർവേദ തിരുമ്മൽ. മസ്സാജ് കഴിഞ്ഞാൽ പിടിച്ചെഴുന്നേൽപ്പിക്കാൻ രണ്ടാളുകൾ വേണം. അറിയില്ലാത്ത ആളുകളാണ് ചെയ്യുന്നതെങ്കിൽ അങ്ങോട്ട് പോയതിനേക്കാൾ കുഴപ്പമായിട്ടായിരിക്കും ഇങ്ങോട്ട് വരുന്നത്. രണ്ടാമത്തേത്‌ ഹാപ്പി എൻഡിങ്ങ് മസ്സാജാണ്. ഇവിടെ മസ്സാജ് ചെയ്യുന്നതൊക്കെ ഒരു ചടങ്ങാണ്. വരുന്ന ആളെ ഏറ്റവും വേഗത്തിൽ കാര്യം സാധിപ്പിച്ചു വിടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
 
നാട്ടിലെ സുഖചികിൽസക്ക് പോയി അരപ്പു പുരട്ടിയ ചാളയെപ്പോലായ കഥ ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. അല്പം കടുപ്പമാണ് കാര്യം. ഹാപ്പി എൻഡിങ്ങിന് പോയിട്ടില്ല. എന്താണെങ്കിലും ഇത് രണ്ടുമല്ല എന്നുറപ്പ് കിട്ടിയത് കൊണ്ട് ഞാൻ പുതിയ Protone Day Spa യിൽ പോയി.
ഇടപ്പള്ളിയിൽ ഗ്രാൻഡ് മാളിന്റെ മൂന്നാമത്തെ നിലയിലാണ് സംഭവം (ലുലുമാളിന് എതിർ വശത്ത്, പണ്ട് ഇമ്മാനുവൽ സിൽക്ക് ആയിരുന്ന കെട്ടിടം).
 
അകത്തേക്ക് കാലെടുത്തു വക്കുന്നതേ ഒരു കാര്യം മനസ്സിലാകും. മറ്റു രാജ്യങ്ങളിൽ സ്പായിൽ പോയി പരിചയമുള്ള ആളാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നിറയെ വെളിച്ചം, നല്ല ലേ ഔട്ട്, പിന്നെ ഏറ്റവും പ്രധാനമായ വൃത്തിയുള്ള സംവിധാനങ്ങൾ.
 
ഷിയാസു മസ്സാജ് തൊട്ട് അരോമാറ്റിക് മസ്സാജ് വരെ തിരഞ്ഞെടുക്കാൻ പറ്റുന്ന മെനു ആണ്. ഇന്ത്യയിലെ മറ്റു വൻ നഗരങ്ങളിൽ നല്ല സ്പാകളിൽ ജോലി ചെയ്തിട്ടുള്ള ആളുകളാണ് സ്പായിൽ തൊഴിൽ ചെയ്യുന്നത്, പ്രൊഫഷണലായ പെരുമാറ്റം.
വിമാനയാത്രകൾ ചെയ്യുന്പോൾ ജെറ്റ് ലാഗ് മാറാൻ സഹായിക്കാനായി മിക്കവാറും വലിയ വിമാനത്താവളങ്ങളിൽ സ്പാ ഉണ്ട്. ട്രെക്കിങ്ങ് നടത്തിയ ക്ഷീണം മാറാനോ, എന്തെങ്കിലും സന്തോഷം ആഘോഷിക്കാനോ ഒക്കെയാണ് യൂറോപ്പിൽ സ്പായിൽ പോകുന്നത്. പിറന്നാളിനോ വിവാഹവാർഷികത്തിനോ പങ്കാളിക്ക് ഒരു ട്രീറ്റ് ആയി ആളുകൾ സ്പാ സെഷൻ കൊടുക്കാറുണ്ട്. ‘ഇന്ന് ഞാൻ എനിക്ക് തന്നെ ഒരു ട്രീറ്റ് ചെയ്യാൻ പോവുകയാണ്’ എന്ന് ചിലപ്പോൾ തോന്നുന്പോൾ സ്വയവും സ്പായിൽ എത്താറുണ്ട്.
കാരണം എന്തായാലും പ്രൊഫഷണൽ ആയുള്ള സ്പായിൽ പോകുന്നത് തീർച്ചയായും റിഫ്രഷിങ്ങ് ആയിട്ടുള്ള അനുഭവമാണ്.
 
മുൻപ് പറഞ്ഞത് പോലെ പൊതുബോധത്തിൽ ഇപ്പോഴും മസ്സാജ് എന്നാൽ ഒന്നുകിൽ രോഗം ഉണ്ടാകുന്പോൾ വേണ്ടത് അല്ലെങ്കിൽ ‘സന്തോഷത്തിന്’ ഒക്കെയാണ്.
 
Protone Spa ഇത് രണ്ടുമല്ല. വളരെ പ്രൊഫഷണലും വൃത്തിയുള്ളതും നിയമവിധേയവും റിഫ്രഷിങ്ങും ആണ്. സ്പായിൽ പോയിട്ടുളളവരും ഇതുവരെ പോകാത്തവരും ട്രൈ ചെയ്തു നോക്കണം. മുൻ‌കൂർ വിളിച്ചു റേറ്റ് ചോദിച്ചിട്ടു ബുക്ക് ചെയ്ത് പോകണം. നല്ല നിലവാരത്തിൽ കാര്യങ്ങൾ ചെയ്തിരിക്കുന്നതിനാൽ അത്യാവശ്യം ചിലവുള്ള പരിപാടിയാണ്.
 
(ആത്മഗതം: ചോക്കലേറ്റ്, ഓൾഡ് ഏജ് ഹോം, സ്പാ ഒക്കെ ഉൽഘാടനം ചെയ്യാനും പരീക്ഷിക്കാനും ക്ഷണമായി. ഇനി പബ് മുതൽ എന്തൊക്കെ വരാനിരിക്കുന്നു. എന്താണെങ്കിലും ഞാൻ എപ്പഴേ റെഡി !).
 
https://www.protonespa.in/
 
മുരളി തുമ്മാരുകുടി

Leave a Comment